(ഭാഗം ഒന്ന്)

നരേന്ദർ തന്റെ ഓഫീസിലിരുന്ന് കേസ് ഡയറി വീണ്ടും റിവ്യൂ ചെയ്തു. ഏതെങ്കിലും കണ്ണി താൻ വിട്ടു പോയിട്ടുണ്ടോ? കേസിന്റെ തുടക്കത്തിലേ പുരോഗതി നിലനിർത്താൻ പറ്റാത്തതിൽ, പ്രത്യേകിച്ച് ഡിജിപി അങ്ങിനെ കമന്റ് ചെയ്യുക കൂടി ചെയ്തപ്പോൾ, അയാൾക്ക് തന്നോടുതന്നെ അമർഷം തോന്നി.

തലേ ദിവസത്തെ സംഭവങ്ങൾ നരേന്ദറിന്റെ ഓർമ്മയിലേക്കെത്തി.

നരേന്ദർ കമ്മീഷണറുമൊത്ത് ഡിജിപി യുടെ സൂം റിവ്യൂ മീറ്റിങ്ങ് അറ്റൻഡ് ചെയ്തു. നരേന്ദർ പ്രിപ്പേർ ചെയ്ത ബ്രീഫിങ് നോട്ട് കമ്മീഷണർ വഴി ഒരു ദിവസം മുമ്പേ തന്നെ ഡിജിപി ക്ക് സമർപ്പിച്ചിരുന്നു.

കമ്മീഷണർ ഡിജിപിയെ ഗ്രീറ്റ് ചെയ്തതിനു ശേഷം, നരേന്ദറിന്റെ സ്ട്രാറ്റജീസ് പൊതുവെ സപ്പോർട്ട് ചെയ്തുകൊണ്ട് കേസിന്റെ ഒരു ബ്രീഫ് കൊടുത്തു.

മീറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ഡിജിപി അദ്ദേഹത്തിന്റെ അതൃപ്‌തി വളച്ചുകെട്ടില്ലാതെ പറഞ്ഞു.

“നാഗ്പൂർ കേസിൽ ആദ്യമുണ്ടായിരുന്ന പുരോഗതി പിന്നെ ഇല്ലാതായിരിക്കുന്നു. മോഷ്ടാക്കളുടെ എസ്ക്കേപ് റൂട്ടും സംഭവ ശേഷം അവർ തങ്ങിയതെന്നു സംശയിക്കാവുന്ന സ്ഥലവും കണ്ടെത്തിയെങ്കിലും പിന്നീടുള്ള പുരോഗതി ഒട്ടും തൃപ്തി കാര്യമല്ല. നൗ യൂ പ്രൊസീഡ് വിത്ത് യുവർ പ്രെസെന്റേഷൻ “.

നരേന്ദർ പത്തു സ്ലൈഡുകളിൽ അതുവരെയുള്ള എല്ലാ സംഭവങ്ങളും, കേസിന്റെ പുരോഗതിയും പ്രസന്റ് ചെയ്തിട്ട് ഇങ്ങിനെ കൺക്ലൂഡ് ചെയ്തു.

“താനെയിലെയും നാഗ്പൂരിലെയും മോഷണങ്ങൾ നടത്തിയത് ഒരേ സംഘം തന്നെയാണെന്ന് തീർച്ചയാണെങ്കിലും മോഷ്ടിച്ച വസ്തുക്കൾ ഇത്രയും നാളുകൾ കഴിഞ്ഞിട്ടും എവിടെയെങ്കിലും വിറ്റഴിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ പലയിടങ്ങളിൽ നിന്നും കണ്ടെത്തിയ വാഹനങ്ങളിൽ നിന്നും കാര്യമായ തുമ്പുകളൊന്നും കിട്ടിയില്ല. അവയെല്ലാം മോഷ്ടിക്കപ്പെട്ട വാഹനങ്ങളാണെന്ന് പിന്നീട് കണ്ടെത്തി.

മോഷ്ടാക്കൾ പണത്തിനു തിടുക്കമുള്ള സാധാരണ മോഷ്ടാക്കളല്ല. അസാധാരണമായ ആസൂത്രണ പാടവമാണ് മോഷ്ടാക്കൾ പ്രകടമാക്കിയത്. അതവരുടെ പ്രഫഷണൽ സ്വഭാവം വെളിവാക്കുന്നു.

കൊള്ളയടിക്കപെട്ടവർ പ്രത്യേകിച്ച് നാഗ്പൂരിൽ, അതി സമ്പന്നരും സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ളവരുമാണ്. ബാങ്കിൽ കൊടുത്ത സ്റ്റേറ്റുമെന്റിൽ നൽകിയതല്ലാതെ കൂടുതലായി എന്തെങ്കിലും മോഷ്ടിക്കപ്പെട്ടതായി ആരും അഭിമുഖത്തിൽ വെളിപ്പെടിത്തിയിട്ടില്ല.

പക്ഷെ അവരിൽ പലരുടെയും അഴിമതികളുടെയും, സംശയകരമായ ബിസിനസ് ബന്ധങ്ങളുടെയും ചില വാർത്തകൾ അടുത്ത കാലത്തായി മീഡിയകളിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയിരിക്കുന്നു. അവർ അതിൽ വളരെ ഉത്കണ്ഠകുലരാണെന്ന് രഹസ്യ വിവരം കിട്ടിയിരിക്കുന്നു. നിർണായകമായ ചില ഡോക്യൂമെന്റുകൾ നഷ്ടപ്പെട്ടതായി സംശയമുണ്ട്. അപ്പോൾ ബ്ലാക് മെയിലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അടുത്തടുത്തു നടന്ന സംഭവങ്ങൾ അവലോകനം ചെയ്യുമ്പോൾ ഇനിയും ധനകാര്യ സ്ഥാപങ്ങൾ ടാർഗെറ്റു ചെയ്യാനുള്ള സാധ്യത കാണുന്നു. വേണ്ട അലെർട്ടുകൾ ബന്ധപ്പെട്ടവർക്കെല്ലാം കൊടുത്തു കഴിഞ്ഞിരിക്കുന്നു.

സങ്കീർണമായ സിഗ്നൽ ജാമർ പോലുമുള്ള ഉപകരണങ്ങളുടെ സാന്നിധ്യം മോഷ്ടാക്കളുടെ അന്താരാഷ്ട്ര ബന്ധങ്ങളിലേക്കും സംശയ മുന നീട്ടുന്നു. ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയോ, ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുകയാ ലക്ഷ്യമായിരിക്കാം.

ഈ അങ്കിളുകളിലെല്ലാം ഊർജിതമായ അന്വേഷണം മുറക്ക് നടക്കുന്നുണ്ട്. പല റെയ്ഡുകളും നടത്തി. സ്ഥിരം കുറ്റവാളികളെയും ഇട നിലക്കാരെയും കസ്റ്റഡിയി എടുത്തു ചോദ്യം ചെയ്തു. ബാങ്ക് ഔട്ട് സോഴ്സ് ചെയ്തിരുന്ന സേവന ദാതാക്കളെയെല്ലാം ചോദ്യം ചെയ്തു. റിലയബിൾ ആയ ലീഡുകൾ പക്ഷെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

CDR ഇൽ നിന്നും ഫിൽറ്റർ ചെയ്തെടുത്ത പത്തു നമ്പറുകളാണ് ഇപ്പോൾ ട്രാക്കിങ്ങിൽ ഉള്ളത്. A1, A 2……അപ്പ് ടു A10.  A1 ഇൽ നിന്നും A2, A3, A4, A7, നമ്പറുകളിലേക്ക് ധാരാളം കോളുകൾ പോയിട്ടുണ്ട്. A7 ഒഴികെ ബാക്കി നമ്പറുകളിൽ നിന്നും കുറച്ചു കോളുകൾ തിരിച്ചും. പക്ഷെ A7 ഇൽ നിന്നും A4 ലേക്ക് മാത്രമേ കോളുകൾ പോയിട്ടുള്ളൂ. A2, A3 നമ്പറുകളിൽ നിന്നും A1 ലേക്ക് മാത്രവും. A1, A4, ഫോണുകളിൽ പുതിയ സിം നമ്പർ അടുത്ത കാലത്തായി ഒരു തവണ ഉപയോച്ചിട്ടുണ്ട്. ഇതിൽ നിന്നും ഒരുകാര്യം ഞങ്ങൾ മനസിലാക്കുന്നു. A1 ഫോണിന്റെ ഉടമ ആയിരിക്കണം സംഘ നേതാവ്. A1 കോയമ്പത്തൂരിനടുത്തും A 4 എറണാകുളത്തുമാണ് ആക്റ്റീവ് ആയിരിക്കുന്നത്.

മോഷണശേഷം ഇപ്പോൾ മാത്രമാണ് ആ നമ്പരുകൾ വീണ്ടും ആക്റ്റീവ് ആകുന്നത്. ഒന്നുകിൽ മോഷണശേഷം അവർ വിദേശത്തേക്ക് കടന്നിട്ടുണ്ടാകാം,, അല്ലെങ്കിൽ ഇത്രയും നാളുകൾ കഴിഞ്ഞതുകൊണ്ട് ഇപ്പോൾ ജാഗ്രത കുറവ് മൂലം അവർ മിസ്റ്റേക്കുകൾ വരുത്തുവാൻ ആരംഭിച്ചിരിക്കുന്നു. ഒരു പക്ഷെ മിക്കവാറും അവർ പുതിയ മോഷണം ചെയ്യാനുള്ള ആസൂത്രണം ആരംഭിച്ചിരിക്കാൻ ആണ് സാധ്യത. ഇത്തരം സംഘങ്ങൾക്ക് അധിക കാലം അടങ്ങിയിരിക്കാൻ പറ്റില്ല. അവർ അടുത്ത ഓപ്പറേഷൻ ഉടനെ നടത്തും. അതു നമ്മൾ കൃത്യമായി ട്രാക്ക് ചെയും.

അങ്ങിനെ അവർ ഉടനെ തന്നെ നമ്മുടെ പിടിയിലാകും. ഉറപ്പാണ്.

നമ്മൾ പ്രതീക്ഷിച്ചത് മഹാരാഷ്ട്രയിൽ ആണെങ്കിലും ഫോണുകൾ പക്ഷെ ആക്റ്റീവ് ആയിരിക്കുന്നത് തമിഴ് നാട്ടിലും കേരളത്തിലുമാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലെയും പോലീസിനെ ഇതിനോടകം അലേർട്ട് ചെയ്തു കഴിഞ്ഞു”.

നരേന്ദർ ഒരു നിമിഷം നിർത്തി.

“അപ്പോൾ മോഷ്ടാക്കൾ നിങ്ങളുടെ വലയിൽ വന്നു കയറുന്നതു വരെ കാത്തിരിക്കാനാണോ ഭാവം. മോഷ്ടാക്കൾ വിദേശത്തായിരുന്നെങ്കിൽ ഇന്റർപോളിനെ അലേർട്ട് ചെയ്തിരുന്നോ?

പൊളിറ്റിക്കൽ ആങ്കിൾ, അഴിമതി ആരോപണം, ബ്ലാക് മെയിൽ , രാജ്യത്തിന്റെ പൊളിറ്റിക്കൽ സുസ്ഥിരത, എക്കൊണോമിക് സുസ്ഥിരത, തീവ്ര വാദ അങ്കിളുകൾ , ഇവയെല്ലാം അന്വേഷണ പരിധിയിൽ ഉടനെ കൊണ്ടുവരുക.

ഗവണ്മെന്റ് ഈസ് കൺസേൺഡ്, മീഡിയ ഈസ് ആഫ്റ്റർ അസ്. യു ഹാവ് ഒൺലി ടു വീക്സ് മോർ ടൈം” .

ഡിജിപി മീറ്റിങ്ങ് ഡിസ്‌ബേഴ്‌സ് ചെയ്തു കൊണ്ട് പറഞ്ഞു.

കമ്മീഷണർ രൂക്ഷമായി നരേന്ദറിന്റെ നേരെ നോക്കി.

പുറത്ത് അകാലത്തിൽ പെയ്യുന്ന മഴയുടെ ശബ്ദം നരേന്ദറിന്റെ കാതുകളിലെത്തി. ഒരു തീവ്രമായ മിന്നലും ഒപ്പം വന്ന കാതടപ്പിക്കുന്ന ഇടിയുടെ ശബ്ദവും അയാളെ ചിന്തകളിൽ നിന്നുണർത്തി. നരേന്ദർ വാച്ചിൽ നോക്കി സമയം രാത്രി പത്തു മണി ആയിരിക്കുന്നു. ഓഫിസിൽ പാറാവുകാരൊഴിച്ചാൽ അയാൾ മിക്കവാറും ഏകനായിരുന്നു. നരേന്ദറിന് ഒരുതരം നിസ്സഹായാവസ്ഥ മനസ്സിൽ തോന്നി.

താൻ കുഞ്ഞായിരിക്കുമ്പോൾ, ഇതുപോലെ മഴയുള്ള ഒരു രാത്രിയിൽ ഒരു വാർഷിക പരീക്ഷയുടെ തലേന്ന് തന്നെ ചേർത്ത് കിടത്തി ‘അമ്മ പറഞ്ഞു തന്ന രാമായണത്തിലെ കഥ പെട്ടെന്ന് അയാളുടെ മനസ്സിലേക്കെത്തി.

രാവണൻ അപഹരിച്ച സീതയെ തേടി ഹനുമാന്റെ നേതൃത്വത്തിൽ വാനര സംഘം പുറപ്പെട്ടു. അവർ ദക്ഷിണ തീരത്ത് കടൽക്കരയിലെത്തി. മുന്നിൽ വിശാലമായ കടൽ, മറുകരയിൽ ലങ്ക. കടൽ താണ്ടി എങ്ങിനെ മാറുകരയിലെത്തും. എന്താണ് മാർഗം. ഹനുമാൻ പരിക്ഷീണിതനായി.

അപ്പോൾ ജാംബ്ബവാൻ ഉപദേശിച്ചു.

“നിന്റെ യഥാർത്ഥ പ്രശനം കടലിന്റെ വിസ്‌തൃതിയല്ല, മറിച്ച് നീ ചെറുതാണെന്നുള്ള നിന്റെ തോന്നലാണ് “.

കടൽ ആഴമുള്ളതോ, കോളുകൾ നിറഞ്ഞതോ വിസ്തൃതമോ ആകട്ടെ, അത് താണ്ടാനുള്ള നിൻറ്റെ കെൽപ് നീ മറക്കരുത്. അമ്മ തന്നോട് പറയുന്നതായി നരേന്ദ്രനു തോന്നി.

നരേന്ദറിന് പുതിയ ഒരു ഉന്മേഷം ലഭിച്ചു. നരേന്ദർ നിമിഷാർദ്ധത്തിൽ പഴയ വേട്ടക്കാരനായി മാറി.

അയാൾ കേസ് ഡയറി വീണ്ടും വായിക്കാൻ തുടങ്ങി, ഒപ്പം തന്നെ എവിഡൻസ് ബോർഡിൽ രേഖപ്പെടുത്തിയിരുന്നതും. സിഗ്നൽ ജാമർ എന്ന് രേഖപ്പെടുത്തിയിരുന്നതിൽ നരേന്ദറിന്റെ കണ്ണുകൾ ഉടക്കി നിന്നു.

യെസ്,

അയാൾ മനസ്സിൽ ആവേശത്തോടെ പറഞ്ഞു. ആ ജാമർ മോഷ്ടാക്കൾ ഉപയോഗിച്ച ഒരു ടൂൾ മാത്രമല്ല. അത് തനിക്കൊരു താക്കോൽ കൂടിയാണ്. കുറ്റവാളികൾ ഒളിച്ചിരിക്കുന്ന മുറിയുടെ താക്കോൽ.

നരേന്ദർ തന്റെ സേഫിൽ നിന്നും BPR &D റിപ്പോർട്ട് പുറത്തെടുത്തു വീണ്ടും വായിക്കാൻ തുടങ്ങി. റിപ്പോർട്ടിൽ ജാമറിന്റെ സ്പെസിഫിക്കേഷൻ പാർട്ടിൽ എഴുതിയിരുന്ന കുറച്ചു വരികൾ നരേന്ദറിന്റെ ശ്രദ്ധയാകർഷിച്ചു.

RF ഔട്ട്പുട്ട് ബീയോണ്ട് പെർമിറ്റഡ് സിവിലിയൻ ലിമിറ്റ്സ്

RF ആംപ്ലിഫയർ സ്റ്റേജ് അപ്‍ഗ്രെഡഡ്

പ്രൊഫെഷണൽ ബെഞ്ച് ട്യൂണിങ്

ഹാൻഡ് അസ്സെംബ്ൾഡ് മോഡിഫിക്കേഷൻസ്

ട്രെയിസസ് ഓഫ് ഫ്രഷ് സോൾഡറിങ് ഡിറ്റക്ടഡ്

ചിപ് സെറ്റ് ട്രെയ്‌സ്ഡ് ടു ഷെൻഷെൻ മാനുഫാക്‌ചറർ

മഴ അപ്പോഴും തോർന്നിരുന്നില്ല. മറന്ന കുട എടുക്കുവാനായി സുധീർ അപ്പോൾ ഓഫീസിലേക്ക് തിരിച്ചുവന്നു.

“സാർ ഇനിയും ഇറങ്ങിയില്ലേ”

സുധീർ ചോദിച്ചു.

നരേന്ദർ അത് ശ്രദ്ധിക്കാതെ അത്യധികം ഉത്സാഹത്തോടെ പറഞ്ഞു.

“ഈ സങ്കീർണമായ ഇമ്പോർട്ടഡ് ജാമറിൽ കസ്റ്റമൈസേഷൻ നടത്തിയിട്ടുണ്ട്.

അതത്ര എളുപ്പമല്ല. പ്രത്യേക വൈദഗ്‌ധ്യമുള്ളവർക്കേ അതു ചെയ്യാൻ പറ്റൂ. നാളെ രാവിലെ തന്നെ ഡിപ്പാർട്മെൻറിൽ നിന്നും ഇന്ത്യയിൽ ഇത് ചെയ്യാൻ കേപ്പബിലിറ്റി ഉള്ളവരെ കണ്ടു പിടിക്കണം”.

പിറ്റേന്ന് വൈകുന്നേരത്തിനുള്ളിൽ സുധീർ മുംബൈ ദാദറിലും, ഡൽഹി ചാന്ദ്നി ചൗക്കിലുമുള്ള രണ്ട് സ്ഥാപനങ്ങളുടെ വിവരങ്ങൾ കൈമാറി. അപ്പോഴേയ്ക്കും ജാമർ പരിശോധനയിൽ നിന്നും നിർണനായകമായ കുറെ വിവരങ്ങൾകൂടെ നരേന്ദർ കണ്ടെത്തിയിരുന്നു. RF ചിപ്സെറ്റിന്റെ സൂക്ഷ്മമായ പരിശോധനയിൽ പകുതി മായിച്ച രീതിയിൽ ബാച്ച് കോഡ് കണ്ടെത്തി. ഫോറൻസിക് വിഭാഗം അതിന്റെ പൂർണ കോഡ് കണ്ടെത്തി. അതിൽ നിന്നും നരേന്ദർ അതിന്റെ കസ്റ്റംസ് ഡേറ്റാ കണ്ടെത്തി. വയർലെസ് സിഗ്നൽ ബൂസ്റ്റെർസ് എന്ന ലേബലിൽ ചാന്ദ്നി ചൗക്കിലെ ഒരു സ്ഥാപനം ഇറക്കുമതി ചെയ്തതായിരുന്നു അത്. സുധീർ കണ്ടെത്തിയ അതെ സ്ഥാപനം.

രാത്രി ഫ്‌ളൈറ്റിൽ നരേന്ദറും സുധീറും ഡൽഹിയിലെത്തി. നരേന്ദറിന്റെ സുഹൃത്തായിരുന്നു ചാന്ദ്നി ചൗക്കിലെ ACP. സ്ഥാപന ഉടമ കിശോരി ലാൽ എത്തുന്നത് വരെ അവർ മഫ്തിയിൽ വെയിറ്റ് ചെയ്തു. ചാന്ദ്നി ചൗക്ക് മാർക്കറ്റിലെ തിരക്കിനിടയിൽ ആരും അവരെ ശ്രദ്ധിച്ചില്ല.

കിശോരി ലാൽ ആദ്യം ഒന്നും സമ്മതിച്ചില്ല. ഇമ്പോർട്ട് ചെയ്യാറുണ്ടെന്നു പോലും.

“സാർ, ചാന്ദ്നി ചൗക്കിൽ എല്ലാരും കാഷ് ഡീലിംഗ് ആണ് സാർ നടത്തുന്നത്. ഏജന്റിന് പണം കൊടുത്താൽ എന്റെ കടയിൽ സാധനം ഡെലിവറി ചെയ്യും. എത്രയോ കസ്റ്റമേഴ്‌സ് കടയിൽ വരുന്നു, പണം തരുന്നു, സാധനം വാങ്ങി പോകുന്നു. ഇതെല്ലം ആര് ഓർത്തിരിക്കുന്നു, സാർ”.

സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അയാൾ അധികം വൈകാതെ സത്യം പറയാൻ തുടങ്ങി.

“നോയിഡയിലുള്ള ഒരു വർക്ക് ഷോപ് ഉടമയാണ് സാർ സിഗ്നൽ ബൂസ്റ്റർ പണം തന്ന് വാങ്ങിക്കൊണ്ട് പോയത്. സ്ഥിരം കസ്റ്റമർ, നല്ല ആളാണ് സാർ “.

നരേന്ദറും സംഘവും നോയിഡയിലെ വർക്ക് ഷോപ്പിൽ എത്തുമ്പോൾ വിക്രം സിങ്ങ് അവിടെ ഉണ്ടായിരുന്നു. പല കമ്പനികൾക്കും സബ് കോൺട്രാക്ട് ചെയ്തു കൊടുക്കുന്ന ഒരു ടെക്‌നീഷ്യൻ. അയാളുടെ വർക് ഷോപ്പ് നിറയെ ഓസ്സിലോസ്കോപ്, സ്പെക്ട്രം അനലൈസർ, RF കാലിബറേഷൻ മീറ്റർ തുടങ്ങി പഴയതും പുതിയതുമായ അനവധി എക്യുപ്മെന്റ്സ് ഉണ്ടായിരുന്നു. സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്‌തെങ്കിലും അയാൾ ഒരു കാര്യവും സമ്മതിച്ചില്ല. അറ്റകൈ പ്രയോഗത്തിൽ അയാൾ പിറ്റേ ദിവസം പാടാൻ തുടങ്ങി.

താൻ അനവധി കമ്പനികളുമായി ഡീൽ ചെയ്യുന്ന ഒരു ഏജന്റ് ആണ്. ഓർഡർ അനുസരിച്ച വാങ്ങുകയും വിൽക്കുകയും ചെയ്യും. പഴയ എക്യുപ്മെന്റുകൾ റിപ്പയർ ചെയ്യുന്നതല്ലാതെ മറ്റെന്തെങ്കിലും മാനിപ്പുലേഷൻ പുതിയ മെഷിനിൽ ചെയ്തിട്ടുണ്ടെന്ന് അയാൾ സമ്മതിച്ചില്ല. തങ്ങളുടെ ബിസിനസ്സിൽ മുഖം കണ്ടുള്ള ഇടപാടുകളില്ല. കമ്പനിയുടെ റെപ്രസെന്ററ്റീവ് വരും പണം തന്നിട്ട് സാധനം വാങ്ങിക്കൊണ്ടു പോകും അല്ലെങ്കിൽ സാധനം തന്നിട്ട് പണം വാങ്ങിക്കൊണ്ട് പോകും. അത്ര തന്നെ. ജാമർ തന്നിൽ നിന്നും വാങ്ങിയത് ഒരു ലോജിസ്റ്റിക് കമ്പനി ആണെന്ന് അയാൾ സമ്മതിച്ചു. ഒരു ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആ കമ്പനി പല ഡീലുകളും അയാളുമായി ചെയ്തിട്ടുണ്ട്. പക്ഷെ വിറ്റ സാധനങ്ങൾ എല്ലാം പുതിയതായിരുന്നെന്നും താൻ ഒരു മാനിപ്പുലേഷനും ചെയ്തിട്ടില്ലെന്നും അയാൾ പറഞ്ഞു. ട്രസ്റ്റിന്റെ അഡ്രസ് അയാൾ കൊടുത്തു. ആ അഡ്രസ്സിൽ ബില്ല് ചെയ്തതിന്റെ കാർബൺ കോപ്പിയും അയാൾ കാണിച്ചു. അതല്ലാതെ ഫോൺ നമ്പറുൾപ്പടെ ഒരു രേഖയും അയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല.

ട്രസ്റ്റിന്റെ അഡ്രസ്സ് വ്യാജമായിരുന്നെന്ന് പിറ്റേ ദിവസം കൺഫേർമ് ചെയ്തു.

രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്തു പക്ഷെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഫോറൻസിക് ക്സാമിനേഷൻ വഴി ജാമറിലേതുമായി കമ്പയർ ചെയ്യാനായി സോൾഡർ ഫ്ലക്സ് റെസിഡ്യൂ സാമ്പിൾ അയാളുടെ വർക്ക് ഷോപ്പിൽ നിന്നും സുധീർ കളക്ട് ചെയ്തു.

ഡൽഹിയിൽ നിന്നും മടങ്ങുന്നതിനു മുൻപ് കമ്മീഷണറെ ബ്രീഫ് ചെയ്തപ്പോൾ അദ്ദേഹം ഒരു അനുഭാവവും പ്രകടിപ്പിച്ചില്ല.

വീട്ടിലെത്തി ഉറങ്ങാൻ കിടക്കുമ്പോൾ സമയം വെളുപ്പിനെ മൂന്നു മണിയായിരുന്നു. ഒന്ന് മയങ്ങിയപ്പോൾ കടലിൽ മുങ്ങുന്ന പൂജമോളെ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു. പാവം കുട്ടി. കുവൈറ്റിൽ നിന്നും അന്ന് തൻ മടങ്ങിയതിനു ശേഷം അവളെ കണ്ടിട്ടില്ല. IAS ഇന്റർവ്യൂ, പിന്നെ ട്രെയിനിങ്, ജോലിയിൽ പ്രവേശനം, താൻ തിരക്കിലായി പോയി. എത്രയോ നാളുകളായി അവൾ തന്നെ കാണണമെന്നു പറയുന്നു. ഈ ഇടെയായി അവളുടെ വീഡിയോ കോൾ പോലും എടുക്കാൻ പറ്റുന്നില്ല. എന്തു വന്നാലും അടുത്ത വീക്ക് എൻഡ് അവളെ കാണണം. നരേന്ദർ പൂജ മോൾക്ക് ഒരു ലവ് മെസ്സേജ് അയച്ചു.

അയാൾക്ക് പിന്നെ ഉറക്കം വന്നില്ല. രാവിലെ എട്ടു മണിക്ക് നരേന്ദർ തന്റെ ഓഫീസിലെത്തി.

(തുടരും)

Posted in

3 responses to “ഗ്രീൻ മെഡോസ് -IX”

  1. LEELU JOSE Avatar

    വായിച്ചു 👍👍 തുടരുക 😊

  2. Bala Avatar
    Bala

    Read both viii & IX, quite interesting.

    1. Jarard Thomas Avatar

      Thank you very much

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading