(ഭാഗം ഒന്ന്)

രാവിലെ നരേന്ദർ എറണാകുളം പോലീസ് കമ്മീഷണറുടെ ഓഫീസിൽ ജില്ലയിലെ പ്രധാന പോലീസുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ധനകാര്യ ഓഫീസുകളുടെയും മുഖ്യ കാര്യാലയങ്ങളിലേക്കും അലേർട്ട് മെസ്സേജ് പോയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. പോലീസ് പെട്രോളിങ്ങിൽ ധനകാര്യ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കമ്മീഷണർ ഓഫീസിൽ നിന്ന് നിർദ്ദേശം പോയി. പോലീസിന്റെ വാഹന പരിശോധന കർശനമാക്കാനുള്ള നിർദ്ദേശവും നൽകപ്പെട്ടു.

xxx

ഗണേശൻ ഉച്ച കഴിഞ്ഞാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനം ഇറങ്ങിയത്. എയർപോർട്ടിൽ നിന്നു തന്നെ ഭക്ഷണം കഴിച്ചു. മധുവിനായി കുറച്ചു സാധനങ്ങൾ കൂടി വാങ്ങിയിട്ട് ഊബറിൽ അവളുടെ ലൊക്കേഷനിലേക്ക് യാത്രയായി. UC കോളേജ് ജംങ്ഷനിൽ നിന്നും മെഡോസിലേക്കു പോകുന്ന വഴിയിലായിരുന്നു മധുവിന്റെ ഫ്ലാറ്റ്. എട്ടാം നിലയിൽ ഒരു സ്റ്റുഡിയോ അപാർട്മെന്റ്. ഗണേശൻ അവിടെ ഏതാണ്ട് വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോൾ എത്തി. അപ്പോൾ തന്നെ മധുവും എത്തി. അധികം ആൾ താമസം ഇല്ലാതെ തിരക്കു കുറഞ്ഞ ഒരു പഴയ ബിൽഡിംഗ് ആയിരുന്നു അത്. കൂടുതൽ ഓണേഴ്സും ഇൻവെസ്റ്റ്മെന്റിനായി വാങ്ങിയത്. എട്ടു നിലകളിലായി നാലു വീതം മുപ്പത്തി രണ്ട് അപ്പാർട്മെന്റുകൾ മാത്രം. മധുവിന്റെ എട്ടാമത്തെ ഫ്ലോറിൽ വേറെ താമസക്കാർ ഉണ്ടായിരുന്നില്ല. ലാൻഡ് ഏരിയ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ട് റോഡിൽ നിന്നും കുറച്ചകത്തേക്കു കയറി ആയിരുന്നു. ബിൽഡിങ്.

xxx

ഫോൺ A 7 ഉം എറണാകുളത്ത് ആക്റ്റീവ് ആയിട്ടുണ്ടെന്നുള്ള മെസ്സേജ് നരേന്ദറിന് SIT യിൽ നിന്നും ലഭിച്ചു.

xxx

ആറു മണിയായപ്പോൾ മെഡോസിന്റെ രാത്രി നിരീക്ഷണത്തിന് മനു പുറപ്പെട്ടു. അപ്പോൾ ഭയ്യായുടെ ഓഫീസിൽ നിന്നും മനുവിന് ഒരു മെസ്സേജ് വന്നു. SIT യും നരേന്ദറും എറണാകുളത്ത് എത്തിയിരിക്കുന്നു. നിന്റെ ഓപ്പറേഷൻ എന്തായാലും അത് കാൻസൽ ചെയ്യുക. പക്ഷെ അത് വകവെക്കാതെ മനു മെഡോസിലേക്ക് യാത്ര തുടർന്നു.

xxx

എല്ലാ ഫോണുകളും ആലുവ ഭാഗത്താണ് ആക്റ്റിവ് ആയിട്ടുള്ളതെന്ന മെസ്സേജ് സന്ധ്യയാവുമ്പോഴേക്കും നരേന്ദറിനു ലഭിച്ചു. ഉടനെ തന്നെ ആ ഭാഗത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിരീക്ഷിക്കാനുള്ള ഏർപ്പാടുകൾ കേരളാ പോലീസുവഴി  ഏർപ്പാടാക്കി, നരേന്ദറും സുധീറും ആലുവക്ക് തിരിച്ചു.

xxx

സന്ധ്യക്ക് കുളി കഴിഞ്ഞു സ്റ്റുഡിയോ അപ്പാർട്മെന്റിൽ മധുവും ഗണേശനും സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ പെട്ടെന്ന് കോളിങ് ബെല്ലടിച്ചു. അങ്ങിനെ പതിവില്ലാത്തതാണ്, മധു അതിശയവും, സംശയവും കലർന്ന മുഖത്തോടെ വാതിലിലേക്ക് നോക്കി. അവൾ  മുറി മുഴുവൻ  കണ്ണോടിച്ചിട്ട് വാതിൽ തുറക്കുവാൻ പോയി. ഗണേശന് അതിന്റെ അർഥം മനസിലായി. അപ്പാ പഠിപ്പിച്ച പ്രോട്ടോക്കോൾ. സ്വയ രക്ഷക്ക് വേണ്ട ആയുധങ്ങൾ അതാതു സ്ഥലത്തുണ്ടെന്ന ഉറപ്പാക്കൽ.

മധു പീപിങ് ഹോളിലൂടെ നോക്കിയപ്പോൾ കണ്ടത് രണ്ടു ചെറുപ്പക്കാരെ. അവൾ വാതിൽ തുറന്നു. അനുവാദം ചോദിക്കാതെ തന്നെ അവർ ബലമായി അകത്തേക്കു കയറി. സോഫയിലിരുന്ന ഗണേശനെ കണ്ട് അവർ പരസ്പരം നോക്കി. അവർ തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗണേശന് മനസ്സിലായി. പാണ്ഡെയ്ക്കും ധീരജിനും അവരെ രണ്ടു പേരെയും അറിയാമായിരുന്നു, മധുവിനും ഗണേശനും അവരെ അറിയില്ലെങ്കിലും.

പെട്ടെന്ന് അതിലൊരുവൻ ഒരു കത്തിയെടുത്ത് മധുവിന്റെ കഴുത്തിൽ അമർത്തി, അവളെ വാതിലിന്റെ നേരെ തിരിച്ചു നിർത്തി മുന്നോട്ട് സാവധാനം നടത്തി. അപരൻ പറഞ്ഞു.

“ഞങ്ങൾ ഇവളെ കൊണ്ടുപോകുന്നു. നിന്നെ ഞങ്ങൾക്ക് ഉപദ്രവിക്കണമെന്നില്ല, നീ നല്ല കുട്ടി ആണെങ്കിൽ മാത്രം. അയാൾ ഗണേശനെ ശ്രദ്ധിച്ചുകൊണ്ട് പിറകോട്ട് സാവധാനം ചുവടുകൾ വെച്ചു. പെട്ടെന്ന് തിരിഞ്ഞു അയാൾ വാതിലിലേക്കൊന്നു നോക്കി. ആ ഒരു നിമിഷത്തേക്ക് അയാളുടെ ശ്രദ്ധ മാറിയപ്പോൾ ഗണേശനൊരു മിന്നൽ പിണരായി.  ആയുധം എവിടെയുണ്ടാവുമെന്ന് അവന് കൃത്യമായി അറിയാമായിരുന്നു. അവൻ സോഫയുടെ ഉരുളൻ കൈത്താങ്ങേടുത്ത് അക്രമിയുടെ തലയുടെ പിൻഭാഗത്ത് ആഞ്ഞടിച്ചു. നിമിഷത്തിനുള്ളിൽ മുന്നോട്ടു വീണ അയാളുടെ മേൽ ചാടിയിരുന്ന് ഇടതു കൈ കൊണ്ട് അയാളുടെ താടി പിടിച്ചുയർത്തി. എവിടെ നിന്നെന്ന് അറിയില്ല പെട്ടെന്ന് ഗണേശന്റെ കൈയിൽ ഒരു സയനൈഡ് കാപ്സ്യൂൾ പ്രത്യക്ഷപ്പെട്ടു. ഗണേശനത് രണ്ടു വിരലുകൾക്കിടയിൽ അമർത്തിയിട്ട് വേദനയിൽ തുറന്നു പോയ അക്രമിയുടെ വായിലേക്കിട്ടിട്ട് താടിയിൽ ഇടിച്ചു. ഒരു നിമിഷത്തിൽ അയാളുടെ വായിൽ നിന്നും നുരയും പതയും പുറത്തു ചാടി.

മറ്റേ അക്രമി വിശ്വസിക്കാനാകാതെ ഒരു നിമിഷം പകച്ചു. കഴുത്തിലെ കത്തി മുന അയഞ്ഞു. ആ പിഴവ് മധുവിന് ധാരാളമായിരുന്നു. നിന്ന നില്പിൽപിൽ അവൾ ഒരു റിവേഴ്‌സ് സമ്മർ സാൾട്ട് ചെയ്തു. പിൻ കാലുകൊണ്ട് മധു അതിനിടയിൽ അയാളെ  ചവിട്ടി. പക്ഷെ അയാൾ ഒഴിഞ്ഞു മാറി. അയാൾ കുനിഞ്ഞു നിവർന്നപ്പോൾ പൊടുന്നനെ അയാളുടെ കൈയിൽ ഒരു തോക്ക് പ്രത്യക്ഷപെട്ടു. അയാൾ അത് മധുവിന്റെ നേരെ ചൂണ്ടി നിറയൊഴിച്ചു. ഭാഗ്യത്തിന്  അയാൾ കുനിയുന്നത് കണ്ട മധു കതകിന്റെ മറവിലേക്ക് മാറിയിരുന്നു. അയാൾ തിരിച്ചു ഗണേശന്റെ നേരെ തോക്കു ചൂണ്ടി.

പക്ഷെ നൊടിയിടയിൽ മധു താഴെ കിടന്ന കത്തിയെടുത്ത് അവന്റെ പിന്നിൽ വീശി. വേദനയിൽ  അവൻ അറിയാതെ വായ പൊളിച്ചു പോയി. അവന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് അവന്റെ വായിലേക്ക് തുറന്ന സയനൈഡ് കാപ്സ്യൂൾ ഗണേശൻ ഇട്ടു. പക്ഷെ അപ്പോഴേക്കും ഗണേശന്റെ മാറിലേക്ക് പാണ്ടെ നിറയൊഴിച്ചിരുന്നു. വായിൽ നിന്ന് നുരയും പതയുമായി പാണ്ടേയും, നെഞ്ചിൽ നിന്ന് ചീറ്റിയ രക്തവുമായി ഗണേശനും നിലത്തേക്ക് വീണു.

“നീ ഡോകുമെന്റ്സും എടുത്ത് വേഗം രക്ഷപെടൂ”

ബോധം മറയുന്നതിന് മുൻപ് ഗണേശൻ മധുവിനോട്സർവ ശക്തിയും സംഭരിച്ചു വിളിച്ചു പറഞ്ഞു. അപ്പാക്കു കൊടുത്ത വാക്കു പാലിച്ചതിന്റെ സന്തോഷം മരിക്കുന്നതിന് മുൻപ് അവന്റെ മുഖത്ത് ഒരു പുഞ്ചിരിയായി വിരിഞ്ഞു. മധു ഓടി പോയി വെള്ളം കൊണ്ടുവന്ന് അവന്റെ വായിലേക്ക് ഒഴിച്ചു കൊടുത്തു . അത് ഇറങ്ങിയോ എന്ന് അവൾക്ക് തീർച്ച ഇല്ലായിരുന്നു. അവൾ ഗണേശന്റെ തല സ്വന്തം മടിയിൽ വെച്ച് നിലവിളിച്ചു.

പെട്ടെന്ന് മധു പരിസര ബോധം വീണ്ടെടുത്തു. ആരാണ് തങ്ങളെ ആക്രമിച്ചതെന്ന് അവൾക്ക് ഒരു പിടിയും കിട്ടിയില്ല. കൂടുതൽ ആൾക്കാരെത്തുന്നതിനു മുൻപ് പുറത്തു പോകേണ്ടിയിരിക്കുന്നു. അവളുടെ മനസ്സു പറഞ്ഞു. മധു ഹാൻഡ് ബാഗ് കൈയിലെടുത്തു. കുനിഞ്ഞു ഗണേശന്റെ നെറ്റിയിൽ ചുംബിച്ചിട്ട് വേഗം പുറത്തേക്കോടി ലിഫ്റ്റിന്റെ മുമ്പിലെത്തി . ഭാഗ്യം, ലിഫ്റ്റ് അവിടെയുണ്ടായിരുന്നു. അവൾ താഴെയെത്തി റോഡിലെ ഇരുൾ പറ്റി ഒരു നിമിഷം നിന്നു. മനു സന്ധ്യക്ക് മെഡോസിലേക്ക് പോകുമെന്ന് പറഞ്ഞത് അവൾ ഓർത്തു. അവൾ ആ ദിശയിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൾ മനുവിനെ വിളിച്ചു ഒരു പതർച്ചയുമില്ലാത്ത സ്വരത്തിൽ സംഭവം ചുരുക്കി പറഞ്ഞു.

“ഞാൻ ഉടനെ എത്താം അടുത്തു തന്നെയുണ്ട്’”.

അവൻ പറഞ്ഞു. പിന്നെ മനു ഭയ്യയുടെ ഓഫീസിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന രഹസ്യ നമ്പറിൽ ഭയ്യയെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു.

“മധുവിനെയും ഗണേശനെയും ആരോ രണ്ടു പേർ ആക്രമിച്ചു. അക്രമികൾ രണ്ടു പേരും ഗണേശനും കൊല്ലപ്പെട്ടു. മധു രക്ഷപെട്ടു. ഞങ്ങൾ രണ്ടുപേരും അര മണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എത്തും. ഇനി ഞങ്ങളുടെ രണ്ടു പേരുടെയും ഫോണുകൾ ഓഫായിരിക്കും. ഉടനെ വേണ്ടത് ചെയ്യുക”.

അഞ്ചു മിനിറ്റിനുള്ളിൽ അവൻ മധുവിന്റെ അടുത്തെത്തി. ഉടനെ രണ്ടു പേരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. രണ്ടുപേരും ബൈക്കിൽ എയർ പോർട്ടിലേക്ക് പുറപ്പെട്ടു.

xxx

നരേന്ദറിന്റെ വാഹനം അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനടുത്ത് എത്തിയപ്പോൾ SIT യുടെ മെസ്സേജ് നരേന്ദറിന് കിട്ടി. രണ്ടു ഫോണുകൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു. മൂന്നു ഫോണുകൾ കുറച്ചു സമയമായി ഒരേ സ്ഥലത്താണ്. അതുകൊണ്ട് ആ ഫോണുകൾ ഇപ്പോൾ ലൈവ് ട്രാക്കിങ്ങിൽ ആണ്. ലൈവ് ലൊക്കേഷൻ അയക്കുന്നു. അപ്പോൾ തന്നെ നരേന്ദറിന്റെയും സുധീറിന്റെയും ഫോണുകളിൽ ലൈവ് ലൊക്കേഷനെത്തി. അവരത് കേരളാ പൊലീസിന് കൈ മാറിയിട്ട് അങ്ങോട്ട് ഉടനെ ഫോഴ്സിനെ അങ്ങോട്ട് അയക്കുവാൻ ആവശ്യപ്പെട്ടു.

നരേന്ദറിന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് ലൊക്കേഷൻ അനുസരിച്ചു അവർ എത്തിച്ചേർന്നത് ധനകാര്യ സ്ഥാപനത്തിന് പകരം ഒരു പഴയ ഫ്ലാറ്റിന്റെ മുന്നിലായിരുന്നു. അപ്പോഴേക്കും കേരളാ പോലീസിന്റെ ടീമും എത്തി. അവർ ആ കെട്ടിടം വളഞ്ഞു.  ധാരാളം ആളുകൾ അവിടെ തടിച്ചു കൂടി.  തിരച്ചിലിനൊടുവിൽ, സർവ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ട് എട്ടാം നിലയിലെ ഫ്ലാറ്റിനുള്ളിൽ മൂന്നു മൃത ദേഹങ്ങൾ കണ്ട് നരേന്ദർ അമ്പരന്നു.

xxx

ഭയ്യയും മിത്രാജിയും അടുത്ത നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലായിരുന്നു. ഭയ്യയ്ക്ക് മനുവിന്റെ വാക്കുകൾ അവിശ്വസനീയം ആയിരുന്നു. തന്റെ രണ്ടു ചുണക്കുട്ടികളെ തീർത്തിട്ട് മധു രക്ഷപെട്ടിരിക്കുന്നു. താൻ അവളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിരുന്നുവെന്ന് അയാൾക്ക് മനസ്സിലായി. തന്റെ സാമ്രജ്യത്തിന് അവളൊരു മുതൽ കൂട്ടാണ്. കഴിവുള്ളവരെ പ്രോത്സാസാഹിപ്പിച്ചു അവരെ വേണ്ട വിധം ഉപയോഗപ്പെടുത്തുകയാണ് ഭയ്യയുടെ രീതി.

അവരോട് ഒരിക്കലും ദേഷ്യമില്ല. തന്റെ താടി രോമങ്ങളെ, പകുതി ചിരിച്ചുകൊണ്ട് അരുമയായി തലോടി, ഭയ്യ വേണ്ട നിർദ്ദേശങ്ങൾ മിത്രജിക്ക് കൊടുത്തു.

സന്തോഷം വരുമ്പോൾ അതായിരുന്നു ഭയ്യയുടെ രീതിയെന്ന് മിത്രജിക്കറിയാം.

“ധീരജ്ജും പാണ്ടെയും”? മിത്രജി അർദ്ധോക്തിയിൽ നിർത്തി.

“കൊലാറ്ററൽ ഡാമേജ്”, അവരുടെ കുടുംബങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യൂ.

ഫോണിലേക്ക് നോക്കികൊണ്ട് ഭയ്യ പറഞ്ഞു.

xxx

മനുവും മധുവും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി ബൈക്ക് പാർക്ക് ചെയ്തിട്ട് അവിടെ തന്നെ വെയിറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ ഗസ്റ്റ് ഹൗസിന്റെ കെയർ ടേക്കർ അവിടെയെത്തി. രണ്ടു മണിക്കൂർ കഴിഞ്ഞുള്ള ഫ്‌ളൈറ്റിൽ രണ്ടു പേരുടെയും മുംബൈക്കുള്ള ടിക്കറ്റ്സ് മനുവിന്റെ കയ്യിൽ കൊടുത്തു. ഒപ്പം രണ്ട് i ഫോണുകളും, മനുവിന്റെ ബാഗും. ബൈക്കിന്റെ ചാവി കെയർ ടേക്കർന് കൈ മാറി.

മനു ഫോണുകൾ ഓൺ ചെയ്തു. അപ്പോൾ ഭയ്യയുടെ ഓഫീസിൽ നിന്നുള്ള മെസ്സേജ് എത്തി.

“വെൽകം ബാക് ടു ദുബായ് ബൈ ഏർളി മോർണിങ് ഫ്‌ളൈറ്റ്. നിങ്ങൾ ബോംബെയിൽ എത്തുമ്പോൾ നമ്മുടെ ആൾ അവിടെ ഉണ്ടാവും.എല്ലാ ഡോക്സ്ഉം നിങ്ങൾ ബോംബെയിൽ എത്തുമ്പോഴേക്കും ഈ ഫോണിൽ വന്നിരിക്കും”.

ഫ്ളൈറ്റിലിരിക്കുമ്പോൾ ഗണേശൻ ഒരു നൊമ്പരമായി മധുവിന്റെ ഉള്ളിൽ നീറി. അവൾ കണ്ണുകൾ തുടച്ചുകൊണ്ട് മനുവിന്റെ ഇടതു തോളിലേക്ക് ചാരി. മനു തന്റെ ഇടതു കയ്യിൽ അവളുടെ കൈ പത്തി സ്വാന്തന പൂർവം അമർത്തി.  

(End of Part I. Wait for Part II,

After a Break)

Posted in

3 responses to “ഗ്രീൻ മെഡോസ് – XI”

  1. LEELU JOSE Avatar
    LEELU JOSE

    വായിച്ചു 👍👍👌തുടരുക

  2. AMBI PONODATH Avatar
    AMBI PONODATH

    Surprise turn

    1. Jarard Thomas Avatar

      thanks for reading

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading