ഞായറാഴ്ച്ച രാവിലെ പള്ളി കഴിഞ്ഞു വന്നതാണ് അയാൾ. കാപ്പി കുടിച്ചിട്ട് പത്രവുമായി അയാൾ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു. ഒരു ഇടവഴിയിലാണ് അയാളുടെ വീട്. മുൻ വശം മുറ്റം കഴിഞ്ഞാൽ റോഡ് ആണ്. മുറ്റത്തിന്റെ അതിരിൽ അര മതിലും അതിനു മുകളിൽ ഭംഗിയായി ഗ്രില്ലും ഇട്ടിരിക്കുന്നു. റോഡിൽ നിൽക്കുന്നവർക്ക് വീടിന്റെ മുറ്റത്തെ ഭംഗിയുള്ള ചെടികളും തിണ്ണയും കാണാം.
പെട്ടെന്ന് മുൻപിലെ റോഡിൽനിന്നും ആരോ വിളിക്കുന്നതു കേട്ട് അയാൾ പത്രത്തിൽ നിന്നും തല ഉയർത്തി നോക്കി.
“ചേട്ടാ ഇവിടെ അടുത്ത് കട വല്ലതും ഉണ്ടോ “
ഏതാണ്ട് പതിനാറു വയസ്സു തോന്നിക്കുന്ന ഒരു മെലിഞ്ഞ പെൺകുട്ടിയാണ് അയാളോട് ചോദിച്ചത്. അവളുടെ ഒപ്പം ഒന്നോ രണ്ടു വയസ്സിനു വീതം താഴെയുള്ള രണ്ടു പെൺകുട്ടികൾ കൂടെയുണ്ട്.
അവർ സഹോദരങ്ങളോ അല്ലെങ്കിൽ കൂട്ടുകാരോ ആവാം. മൂന്നുപേരും ക്ഷീണിതരാണെന്ന് അയാൾക്കു തോന്നി. ഏതായാലും ആ കുട്ടികളെ അവിടെങ്ങും കണ്ട ഒരു പരിചയം അയാൾക്കില്ല.
തെല്ലൊരു അതിശയത്തോടെ അയാൾ ചോദിച്ചു.
“എന്തു തരം കടയാണ് നിങ്ങൾ അന്വേഷിക്കുന്നത് “?
“ഞങ്ങൾക്ക് പഴം വാങ്ങിച്ചു കഴിക്കാനാണ് “
ആ പെൺകുട്ടി മറുപടി പറഞ്ഞു .
“നിങ്ങൾ ഇപ്പോൾ വന്ന വഴിയിൽ തന്നെ കട ഉണ്ടല്ലോ, തൊട്ടപ്പുറത്ത് “
അയാൾ പറഞ്ഞു.
“അതു തുറന്നിട്ടില്ല ചേട്ടാ “
പെൺ കുട്ടി പറഞ്ഞു.
“ഇന്ന് ഞായറാഴ്ച്ച ആയതു കൊണ്ടായിരിക്കും. എങ്കിൽ ഒരു കാര്യം ചെയ്യ്, നിങ്ങൾ കടന്നു വന്ന ആ ടി ജംങ്ഷനിലെ മറ്റേ റോഡിലും കടയുണ്ട് , അവിടെ കിട്ടുമായിരിക്കും”
അയാളുടെ മറുപടി കേട്ട് കുട്ടികൾ തെല്ലൊരു സംശയത്തോടെ തിരിഞ്ഞു നടന്നു.
അയാൾ പത്രം വായന തുടർന്നു. പെട്ടെന്നാണ് അയാൾക്ക് ഓർമ്മ വന്നത് . അകത്തെ ഡൈനിങ്ങ് ടേബിളിൽ ഒരു പടല ഞാലി പൂവൻ പഴം ഇരിപ്പുണ്ടല്ലോ അയൽപക്കത്തുള്ള വീട്ടുകാരൻ സമ്മാനിച്ച പഴമാണ്.
അയാൾ വല്ലപ്പോഴും ഒരു പഴം കഴിച്ചാലായി. അയാളുടെ ഭാര്യ ഒരിക്കലും പഴം കഴിക്കാറുമില്ല.
അയാൾ വേഗം അകത്തു കയറി ഡൈനിങ്ങ് ടേബിളിൽ പഴം ഇരിപ്പുണ്ടോ എന്നു നോക്കി. പഴം അവിടെത്തന്നെ ഇരിപ്പുണ്ട്. അയാൾ വേഗം പഴങ്ങളുമെടുത്ത് കുട്ടികൾ പോയ വഴിയെ നടന്നു. പക്ഷെ കുട്ടികളെ അവിടെ എങ്ങും കണ്ടില്ല. അയാൾ ചുറ്റും നോക്കി.
കുട്ടികൾ പറഞ്ഞതുപോലെ കടകൾ തുറന്നിട്ടുമില്ല.
അയാൾ തിരിച്ചു വീട്ടിലേക്ക് നടന്നു, ചാരുകസേരയിൽ ഇരുന്നു. അയാൾക്ക് ഒരു വിഷമം തോന്നി. ആ പഴം അപ്പോൾ തന്നെ കുട്ടികൾക്ക് എടുത്തു കൊടുക്കേണ്ടതായിരുന്നു. പാവങ്ങൾ വിശന്നു വലഞ്ഞിട്ടായിരിക്കും തന്നോട് കട അന്വേഷിച്ചത്.
എന്തുകൊണ്ടോ അയാൾക്ക് പിന്നെ പത്രത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അയാൾ റോഡിലേക്ക് നോക്കി വിഷമത്തോടെ ഇരുന്നു.
പിന്നെ അയാൾ കസേരയിൽ നിന്നും എണീറ്റു. മുറിയിൽനിന്നും ഒരു പ്ലാസ്റ്റിക് ചരട് എടുത്ത് പഴത്തിന്റെ പടലയിൽ കെട്ടി. എന്നിട്ട് പ്ലാസ്റ്റിക് ചരട് ഗ്രില്ലിൽ റോഡിന് അഭിമുഖമായി കെട്ടി ഇട്ടു. പഴങ്ങൾ റോഡരികിൽ തൂങ്ങി കിടന്നു.
അത് മഴക്കാലം ആയിരുന്നു. മൂടികെട്ടിയിരുന്ന മാനത്തു നിന്നും മഴ പെയ്യുവാൻ തുടങ്ങി.
വൈകുന്നേരവും ആ പഴങ്ങൾ ഗ്രില്ലിൽ തൂങ്ങി കിടന്നു. മഴ ആയതുകൊണ്ടായിരിക്കണം ഒരു കാക്കയോ കിളിയോ പോലും വന്ന് ആ പഴം തിന്നില്ല.
പിറ്റേന്ന് രാവിലെ അയാൾ പതിവുപോലെ പത്രവുമായി ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു.
അപ്പോഴും പഴങ്ങൾ ഗ്രില്ലിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു.
പക്ഷെ പഴത്തിന്റെ തൊലി കറുത്ത് വല്ലാതായിരുന്നു.
ഒരു നെടുവീർപ്പോടെ അയാൾ പത്രം വായിക്കാൻ തുടങ്ങി.
Jarard Thomas.
10/07/26
Leave a Reply