സമരക്കാരെ സ്വാന്തനിപ്പിക്കുവാൻ സർക്കാർ പുതിയ കമ്മിറ്റിയെ നിയോഗിച്ചു.
പരിസ്ഥിതി ശാസ്ത്ര വിദഗ്ധനു പകരം, സ്പേസ് സയന്റിസ്റ്റ് കസ്തൂരി രംഗന്റെ നേതൃത്വത്തിൽ പുതിയ പഠനങ്ങൾ നടത്താൻ തീരുമാനമായി. പുതിയ സമിതിയുടെ പഠനങ്ങൾക്കു ശേഷം സമർപ്പിച്ച കസ്തുരി രംഗന്റെ റിപ്പോർട്ടിൽ, ഗാഡ്ഗിലിന്റെ പഴയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന പശ്ചിമ ഘട്ടത്തിലെ ഭൂരിഭാഗം സോണുകളും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കപ്പെട്ടു.
രോഗി ഇച്ചിച്ചതും, വൈദ്യൻ കല്പിച്ചതും പാൽ.
കർഷകരും, അവർക്കുവേണ്ടി മുതല കണ്ണീരൊഴുക്കിയ രാഷ്ട്രീയക്കാരും, മത നേതാക്കളും ആശ്വസിച്ചു. അതോടെ പ്രകൃതിയുടെ ചൂഷണം ക്വാറി മാഫിയയും, മണൽ മാഫിയയും, കയ്യേറ്റക്കാരും, പൂർവാധികം ശക്തിയോടെ നിർബാധം തുടർന്നു.
ഇനിയും നന്മ വാറ്റാത്ത ചുരുക്കം ചില പരിസ്ഥിതി പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം ഒരു നെടുവീർപ്പിൽ ഒതുക്കി.
മാധവ് ഗാഡ്ഗി ലോ അതോ കസ്തൂരി രംഗനോ ?
ആരാണു ശരി എന്നറിയാതെ ജീവിതത്തിൽ ആദ്യമായി ചാക്കോച്ചൻ ആശങ്കപ്പെട്ടു.
പെട്ടിമുടിയും, വയനാട് ദുരന്തവും പോലെയുള്ള ദുരന്തങ്ങൾ മുറ തെറ്റാതെ വിവിധ മേഖലകളിൽ വർഷാവർഷം അരങ്ങു തകർത്തു.
“ഇത് എന്ത് ഇരിപ്പാണ് ചാക്കൊച്ചായാ , ഈ ചായ കുടിക്ക് “
മറിയാമ്മ ഒരു കപ്പ് ചായയുമായി വന്നു പറഞ്ഞു .
അപ്പോൾ മഴ വീണ്ടും കനക്കുവാൻ തുടങ്ങിയിരുന്നു.
ചൂടു ചായ ഊതി കുടിക്കുന്നതിനിടയിൽ ചാക്കോച്ചൻ തകർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി. ചാക്കോച്ചന്റെ മനസ്സിലേക്ക് അറുപത്തിമൂന്ന് വർഷം മുൻപ് ചങ്ങനാശ്ശേരിയിൽ നിന്നും ഭാഗ്യം തേടി മലബാറിലേക്ക് പുറപ്പെട്ടത് മുതലുള്ള സംഭവങ്ങൾ ഒരു സിനിമായിലെ റീലുകൾ കണക്കു തെളിഞ്ഞു വന്നു.
വേറെ വഴി ഇല്ലാതെ അപ്പൻ വസ്തു വിറ്റു പണം തന്നതും, മണ്ണിൽ പൊന്നു വിളയിക്കാൻ മൂന്നു ദിവസം ട്രെയിനിലും ലോറിയിലും യാത്ര ചെയ്ത് മലബാറിലെത്തിയതും , ചാക്കപ്പൻ വസ്തു വാങ്ങി തന്നതും, വർഷങ്ങൾ മരത്തിനു മുകളിലെ ഏറു മാടത്തിൽ ഉറങ്ങിയതും , പ്രകൃതിയോടും, കാലാവസ്ഥയോടും, കാട്ടുമൃഗങ്ങളോടും, മലമ്പനിയോടും പടവെട്ടിയതും, കറിയാച്ചന്റെ ജനനവും, പുലിയുടെ ചാവും, വള്ളിയുടെ മരണവും, കൊക്കയിലേക്കുള്ള ചന്തുവിന്റെ പതനവും, സണ്ണിച്ചന്റെ താന്തോന്നി പ്രകൃതവും, മറ്റു മക്കളെല്ലാവരും തന്നെയും മറിയാമ്മയെയും വിട്ട് സ്വന്തം കാര്യം നോക്കി പോയതും, തങ്ങൾ പിടിച്ചു നിന്നതും, കൃഷിയിലെ നൂറായിരം പ്രതിസന്ധികൾ നേരിട്ടതും, സമൂഹത്തിന്റെ അവസരത്തിനൊത്തുള്ള നിലപാടുകളും , ഇപ്പോൾ തങ്ങൾ എത്തി നിൽക്കുന്ന ഗുരുതര പ്രതിസന്ധിയുമെല്ലാം ഒരു തിരശ്ശീലയിൽ എന്നപോലെ ചാക്കോച്ചന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
സാധാരണക്കാരായ കർഷകരിപ്പോൾ താൻ മൂന്നാമതായി പരിചയപ്പെട്ട സാന്റിയാഗോയുടെ അവസ്ഥയിലാണെന്ന് ചാക്കോച്ചന് തോന്നി.
നൊബേൽ പ്രൈസ് ജേതാവായ ഗബ്രിയേല ഗാർഷ്യ മാർക്യുവേസിന്റെ ദി ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ് എന്ന ചെറിയ പുസ്തകത്തിലെ നായകൻ സാന്റിയാഗോയുടെ ദുരന്ത കഥ പോലെ .
കൊളമ്പിയായിലെ ഒരു കരീബിയൻ പട്ടണത്തിലാണ് ഈ കഥ നടക്കുന്നത്. ആഞ്ചല വികാരിയോ എന്ന സുന്ദരിയുടെ വിവാഹമായിരുന്നു അന്ന്. വരൻ ബയാർഡോ സാൻ റോമൻ എന്ന ധനിക യുവാവ്. എന്നാൽ ആദ്യ രാത്രിയിൽ തന്നെ ആഞ്ചല കന്യക അല്ലെന്ന് മനസ്സിലാക്കിയ ബയാർഡോ, അവളെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. അപമാനിതരായ അവളുടെ ഇരട്ട സഹോദരന്മാരും അമ്മയും ആരാണ് അവളെ ചതിച്ചതെന്നു പറയാൻ നിർബന്ധിക്കുന്നു. ഗത്യന്തരമില്ലാതെ അവൾ പറഞ്ഞു,
“സാന്റിയാഗോ എന്ന അറേബ്യൻ വംശജനായ യുവാവ്. മുഴുവൻ പേര് – സാന്റിയാഗോ നാസ്സർ”.
കുടുംബത്തിന്റെ പേര് സംരക്ഷിക്കാൻ, സാന്റിയാഗോയെ കൊല്ലുമെന്ന് അവളുടെ ഇരട്ട സഹോദരന്മാർ – വിക്കാറിയോ സഹോദരന്മാർ – പരസ്യമായി പ്രതിജ്ഞ ചെയ്തു. ദുരഭിമാന കൊല. അതിനായി ചന്തയിൽ അവർ പരസ്യമായി തങ്ങളുടെ കത്തി തേച്ചു മിനുക്കി മൂർച്ച കൂട്ടി.
സാന്റിയാഗോ വളരെ ധനികനും, സ്ത്രീലമ്പടനും എന്നാൽ സാധുവും ആയിരുന്നു. നാട്ടിൽ അറിയപ്പെടുന്ന യുവാവ്. ആഞ്ചലയുടെയും ബയാർഡോയുടെയും വിവാഹ വിരുന്നിൽ സാന്റിയാഗോയും പങ്കെടുത്തിരുന്നു. വിരുന്നിനു ശേഷം വീട്ടിൽ കിടന്നുറങ്ങിയ സാന്റിയാഗോ പിന്നെയുണ്ടായ പുകിലുകളൊന്നും അറിഞ്ഞില്ല. പട്ടണത്തിലെ ആരും അയാളോടൊന്നും പറഞ്ഞതുമില്ല. എല്ലാവരും കരുതി മറ്റാരെങ്കിലും പറഞ്ഞു സാന്റിയാഗോ വിവരം അറിഞ്ഞിട്ടുണ്ടാവും എന്ന്. രാവിലെ ഉറക്കമുണർന്ന് പതിവ് ജോലികളെല്ലാം കഴിഞ്ഞു വൈകിയാണ് വൈകിട്ട് സാന്റിയാഗോ വീട്ടിലെത്തിയത്. അയാൾ വീട്ടിൽ എത്തിയിട്ടുണ്ടാവും എന്നു കരുതി സാന്റിയാഗോയുടെ ‘അമ്മ വീടിന്റെ പടിപ്പുര വാതിൽ അകത്തു നിന്നും കൊട്ടി അടച്ച് പൂട്ടി. വീടിനകത്തു പ്രവേശിക്കാനാവാതെ പുറത്തുനിന്ന സാന്റിയാഗോയെ വിക്കാറിയോ സഹോദരന്മാർ വധിച്ചു.
സാന്റിയാഗോക്ക് ആഞ്ചലയുമായി ബന്ധം ഉണ്ടെന്ന് അതുവരെ നാട്ടുകാർ ആരും കേട്ടിട്ടു പോലും ഇല്ല. എന്നു മാത്രമല്ല അയാൾക്ക് മറ്റു സുന്ദരികളും ആയി ഉള്ള അടുപ്പം അവർക്കു അറിയുകയും ചെയ്യാം.
തടിതപ്പാൻ അപ്പോൾ ആഞ്ചല ഒരു പേര് പറഞ്ഞതാണോ?, ശെരിക്കും ആഞ്ചലയും സാന്റിയാഗോയും തമ്മിൽ ബന്ധമുണ്ടായിരുന്നോ? ആർക്കും അറിയില്ല.
ആർക്കു വേണമെങ്കിലും സാന്റിയാഗോയോട് കാര്യങ്ങൾ പറഞ്ഞു ദുരഭിമാന കൊലയിൽ നിന്നും അയാളെ രക്ഷിക്കാമായിരുന്നു, പക്ഷെ അതുണ്ടായില്ല, പക്ഷെ ആരും മനഃപൂർവം പറയാതിരുന്നതുമല്ല. വിക്കാറിയോ സഹോദരന്മാർക്കു പോലും സാന്റിയാഗോയെ കൊന്നേ തീരൂ എന്ന വാശി ഒന്നും ഉണ്ടായിരുന്നില്ല. തങ്ങൾ അയാളുടെ വീടിനു മുൻപിൽ കാത്തു നിന്നപ്പോൾ ആരെങ്കിലും വന്നു തടയുമെന്നാണ് വിക്കാറിയോ സഹോദരന്മാർ കരുതിയത്. അതുവഴി ആ സമയം വന്ന മേയർ അവരുടെ കയ്യിൽ നിന്നും കത്തി വാങ്ങിയതുമാണ്. പക്ഷെ മേയർ കത്തി അവർക്കു തന്നെ തിരികെ കൊടുത്തു.
മാർക്യുവേസിന്റെ നോവൽ തുടങ്ങുന്നത് തന്നെ താൻ കൊല്ലപ്പെടുന്ന ദിവസം രാവിലെ അഞ്ചര മണിക്ക് സാന്റിയാഗോ ഉണർന്നു എന്ന വാചകത്തോടെ ആണ്.
എല്ലാം മുൻകൂട്ടി പ്രവചിക്കപ്പെട്ടതുപോലെ നടന്നു. സാന്റിയാഗോ കൊല്ലപ്പെട്ടു. എല്ലാവരും അയാളുടെ വിധി എന്ന് കരുതി.
ഇവിടെ ഈ പ്രകൃതി ദുരന്തത്തിനുള്ള കാരണം എല്ലാവർക്കും അറിയാം. പരിസ്ഥിതി പ്രവർത്തകർക്കും, രാഷ്ട്രീയ പ്രവർത്തകർക്കും, ഗാഡ്ഗിലിനും, കസ്തൂരി രംഗനും, എന്തിന് ക്വാറി ലോബിക്കും, മണൽ ലോബിക്കും വരെ അറിയാം. തടയാൻ ആരുമില്ല. ആർക്കും തടുക്കുവാനാവാത്ത വിധിപോലെ എല്ലാ വർഷവും ദുരന്തങ്ങൾ ആവർത്തിക്കുന്നു.
ഒരു വിധത്തിൽ നോക്കിയാൽ എല്ലാ മനുഷ്യരുടെയും ജീവിതവും സാന്റിയാഗോയുടെ കഥ പോലെ തന്നെയാണെന്ന് ചാക്കോച്ചന് തോന്നി. ജനിക്കുമ്പോൾ മുതൽ മനുഷ്യൻ തിരിഞ്ഞു നടക്കുകയാണ്, കാലം എഴുതി വെച്ചിട്ടുള്ള അനിവാര്യമായ വിധിയിലേക്ക്.
മഴ ഇപ്പോഴും തിമിർത്തു പെയ്യുകയാണ്. അതിനിടയിലും ചാക്കോച്ചൻ വലിയ ഒരു മുഴക്കം കേട്ടു. ചാക്കോച്ചൻ മഫ്ളർ അഴിച്ച് തലയിൽ ഒന്നുകൂടെ മുറുക്കി കെട്ടി. പതിവുപോലെ രണ്ടു തുമ്പുകളും കൊമ്പുകൾ പോലെ, തലയിലെ കെട്ടിൽ നിന്നും ഉയർന്നു നിന്നു.
മഴ വക വെക്കാതെ കുടയും എടുത്ത് ചാക്കോച്ചൻ മുറ്റത്തേക്ക് നടന്നു. പറമ്പിന്റെ അതിരിലെ തോട്ടിലെ വെള്ളത്തിന്റെ നിറവും പ്രകൃതവും നോക്കാൻ. അതുകണ്ടാൽ മലയിൽ എന്തു സംഭവിച്ചെന്ന് ചാക്കോച്ചന് അറിയാം . അറുപത്തി മൂന്നു വർഷത്തെ അനുഭവ സമ്പത്ത്.
അപ്പോൾ ഒരാൾ ഗേറ്റ് കടന്ന് ചാക്കോച്ചന്റെ വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള വരവ്. അയാളുടെ തലയിലും ഒരു കെട്ട് ഉണ്ടായിരുന്നു. അതിന്റെ തുമ്പുകൾ കെട്ടിൽ നിന്നും ഉയർന്നു നിന്നിരുന്നു.
“സണ്ണിച്ചൻ , അല്ല , മനോലിൻ”
ചാക്കോച്ചൻ മനസ്സിൽ പറഞ്ഞു.
(അവസാനിച്ചു)
Leave a Reply