“ചാക്കൊച്ചായാ പുലി “
മുന്നിൽ പുലിയെ കണ്ട് ഭയന്ന് മറിയാമ്മ അലറി വിളിച്ചുകൊണ്ട് പറഞ്ഞു. ടൈഗർ പുലിയുടെ നേരെ മുന്നോട്ട് കുതിച്ചു ചാടിയപ്പോൾ അത് പിറകിലേക്ക് വലിഞ്ഞു.
ചാക്കോച്ചൻ ഓടിച്ചെന്ന് മറിയാമ്മയെ കോരി എടുത്ത് മുറിയിലാക്കി. മറിയാമ്മ കിലുകിലാ വിറക്കുന്നുണ്ടായിരുന്നു. വള്ളി മറിയാമ്മയെ ആശ്വസിപ്പിച്ചു.
ടൈഗർ അപ്പോഴും കുരക്കുന്നുണ്ടായിരുന്നു. ചാക്കോച്ചൻ തോക്കുമെടുത്ത് മുറ്റത്തേക്കോടി. ടൈഗർ നോക്കി കുരച്ച ദിക്കിൽ നോക്കി. ആട്ടിൻ കൂടിന്റെ നേരെയാണ് ടൈഗറിന്റെ ശ്രദ്ധ. പെട്ടെന്ന് രണ്ടു തിളങ്ങുന്ന കണ്ണുകൾ ചാക്കോച്ചൻ കണ്ടു. അതു തന്റെ നേരെ ഇപ്പോൾ കുതിക്കുമെന്ന് ചാക്കോച്ചനു തോന്നി. നിമിഷാർദ്ധത്തിൽ ഉന്നം പിടിച്ചു ചാക്കോച്ചൻ വെടിവെച്ചു. ഒരലർച്ചയോടെ പുലി ചാടുന്ന ശബ്ദം ചാക്കോച്ചൻ കേട്ടു.
ടൈഗർ വീണ്ടും ഉച്ചത്തിൽ കുരച്ചുകൊണ്ട് മുന്നോട്ട് ചാടി. ചാക്കോച്ചൻ പിറകെ ഓടി എത്തി. ഇത്തവണ പുലിയുടെ പിൻ ഭാഗം ചാക്കോച്ചൻ കണ്ടു. വീണ്ടും ചാക്കോച്ചൻ നിറ ഒഴിച്ചു.
പെട്ടെന്ന് വീട്ടിൽനിന്നും നിലവിളിക്കുന്നതു പോലെയുള്ള മറിയാമ്മയുടെ ശബ്ദം ചാക്കോച്ചൻ കേട്ടു. ചാക്കോച്ചൻ ഓടി വീട്ടിലെത്തി.
മറിയാമ്മക്ക് പ്രസവത്തിന്റെ വിഷമം തുടങ്ങിയിരിക്കുന്നു. അപ്പോഴേക്കും ബഹളം കേട്ട് നാരായണയും ഭാര്യയും ഓടി എത്തി. നാരായണൻ പള്ളിയുടെ അടുത്തുള്ള ഡിസ്പെൻസറിയിലെ നേഴ്‌സിനെ വീട്ടിൽ പോയി വേഗം കൂട്ടികൊണ്ടു വന്നു. നേഴ്സ് എത്തിയപ്പോൾ ചാക്കോച്ചൻ തിണ്ണയിലേക്ക് വന്നു. പുലർച്ചെ മൂന്നുമണി കഴിഞ്ഞപ്പോൾ ചാക്കോച്ചന്റെ കാതുകളെ കുളിർപ്പിച്ചുകൊണ്ട് ആദ്യജാതന്റെ കരച്ചിൽ മുഴങ്ങി.
ടൈഗർ അപ്പോഴും ഉച്ചത്തിൽ കുരക്കുന്നുണ്ടായിരുന്നു.
നേരം നന്നായി പുലരും മുമ്പേ വരാന്തയിലെ ചാരുകസേരയിൽ മയങ്ങുക ആയിരുന്ന ചാക്കോച്ചൻ കണ്ണുകൾ തുറന്നു. കുര നിർത്തി ഓടി വന്ന ടൈഗർ ചാക്കോച്ചനെ പറമ്പിന്റെ അതിരിലേക്ക് കൂട്ടികൊണ്ടു പോയി. ചാക്കോച്ചൻ നോക്കുമ്പോൾ വെടികൊണ്ട കൂറ്റൻ പുലി അതിരിലെ കയ്യാല ചാടിക്കടക്കാൻ കെല്പില്ലാതെ തന്റെ പറമ്പിൽ തന്നെ ചത്തു കിടക്കുന്നു. നേരം പുലർന്നപ്പോൾ വിവരമറിഞ്ഞു ധാരാളം ആളുകൾ ഓടിക്കൂടി. ചാക്കോച്ചന്റെ ആദ്യ ജാതന്റെ ജനനവും പുലിയുടെ ചാവും അവർ ആഘോഷമാക്കി. ചാക്കോച്ചന് നാട്ടിൽ ഒരു വീര പരിവേഷം കിട്ടി. നാട്ടുകാർ തന്നെ പുലിയുടെ തോലുരിഞ്ഞു ഉണക്കി എടുത്തു. ഏറെക്കാലം അതു ചാക്കോച്ചന്റെ സ്വീകരണ മുറിയുടെ ഭിത്തിയെ അലങ്കരിച്ചിരുന്നു. മക്കൾ മുതിർന്നപ്പോൾ അവർ അതു സുരക്ഷിതമായ ഇടത്തിൽ സൂക്ഷിച്ചു.
മറിയാമ്മയുടെ പ്രസവം കഴിഞ്ഞിട്ട് ആറു മാസമായിരുന്നു. കുഞ്ഞിനെ ചാക്കോച്ചന്റെ അപ്പന്റെ പേര് തന്നെ വിളിച്ചു. കറിയാച്ചൻ. വള്ളി സഹായത്തിന് മിക്കവാറും രാത്രിയും പകലും ചന്തുവിന്റെ വിലക്കിനെ മറികടന്ന് മറിയാമ്മയുടെ കൂടെ നിന്നു. ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായി ആ വാർത്ത പണിക്കാരിൽ നിന്നും ചാക്കോച്ചന്റേയും മറിയാമ്മയുടെയും ചെവിയിലെത്തി, വള്ളിയെ പുലി പിടിച്ചിരിക്കുന്നു. ചാക്കോച്ചൻ തോക്കുമായി വള്ളി മരിച്ചു കിടന്ന സ്ഥലത്തേക്ക് ഓടി ചെന്നു.
വള്ളിയെ ഒരു കുറ്റിക്കാടിനോട് ചേർന്ന് ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്. കൈകളിലും നെഞ്ചത്തും മാന്തികീറിയ പോലുള്ള പാടുകൾ. തലയിൽ വലിയ മുറിവുണ്ട്. പുലി പിടിച്ചതല്ലെന്ന് ചാക്കോച്ചന് മനസ്സിലായയി. വള്ളിയുടെ കുടിലിൽ നിന്നും ആളുവന്ന് വള്ളിയുടെ ശരീരം എടുത്തുകൊണ്ടു പോയി. കൂടി നിന്നവരും കൂടെ പോയി. പണിയരെ പുലി പിടിച്ചാലൊന്നും അക്കാലത്തു പോലീസ് വന്ന് ഉടനെ നോക്കാറില്ല. ചാക്കോച്ചൻ ചുറ്റും നോക്കി. അപ്പോൾ കുറച്ചകലെ ഒരു വലിയ പാറയുടെ മുകളിൽ നിന്നും, രണ്ടു ചുവന്നു കലങ്ങിയ കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നത് ചാക്കോച്ചൻ കണ്ടു.
ചന്തു !
അവൻ മുഖം കോട്ടി തന്നെ നോക്കി ഇളിക്കുന്നുണ്ടെന്ന് ചാക്കോച്ചന് തോന്നി. അവൻ തന്നെയാണ് വള്ളിയെ കൊന്നതെന്ന് ചാക്കോച്ചന് മനസ്സിലായി . ചാക്കോച്ചൻ അങ്ങോട്ട് ചെന്നു. പാറയുടെ മറുവശത്ത് ആഴമുള്ള താഴ്ചയാണ്. ചന്തുവിന്റെ കയ്യിൽ ഒരു വലിയ ഉരുളൻ കല്ലുണ്ട്. അവൻ കഞ്ചാവിന്റെ ലഹരിയിലാണ്. ചാക്കോച്ചൻ അടുത്തെത്തിയതും അവൻ കയ്യിലിരുന്ന കല്ലുകൊണ്ട് ചാക്കോച്ചനെ ഇടിക്കുവാൻ ഓങ്ങി. ചാക്കോച്ചൻ പിറകോട്ടാഞ്ഞു വലതുകാൽ ഉയർത്തി അവന്റെ നാഭിയിൽ ഊക്കനൊരു ചവിട്ടു കൊടുത്തു. ബാലൻസ് തെറ്റി ചന്തു പിറകിയിലെ കൊക്കയിലേക്ക് മറിഞ്ഞു വീണു. ചാക്കോച്ചൻ തിരിച്ചു നടന്നു.
പിന്നെ ആരും ചന്തുവിനെ ആ നാട്ടിൽ കണ്ടിട്ടില്ല.
കറിയാച്ചനെ സ്‌കൂളിൽ ചേർത്തത് കാഞ്ഞിരപ്പള്ളിയിലാണ് . മറിയാമ്മയുടെ സഹോദരന്റെ വീട്ടിൽ താമസിച്ചു. അവിടുത്തെ കുട്ടികളോടൊപ്പം സ്‌കൂളിൽ പോയി. കാലാന്തരത്തിൽ, അവൻ ഡോക്ടർ ആയി. മലബാറിൽ താമസിക്കുവാൻ ഒരിക്കലും ഇഷ്ടപ്പെട്ടില്ല.
കർഷകരുടെ ജീവിതം എൺപതുകളുടെ ഒടുക്കംവരെ വലിയ പ്രത്യേകതകളൊന്നുമിയില്ലാതെ മുന്നോട്ടു പോയി. അപ്പോഴേക്കും ചാക്കോച്ചനും മറിയാമ്മക്കും ആറു മക്കളായി.
രണ്ടാമൻ സണ്ണിച്ചൻ നാട്ടിൽ തന്നെയാണ് പഠിച്ചത്. ചാക്കോച്ചന്റെ വായനാശീലം ഉണ്ടായിരുന്നെങ്കിലും പഠിത്തത്തിൽ വലിയ ഉത്സാഹമൊന്നും കാട്ടിയില്ല. കോളേജ് പഠനകാലത്ത് കൂട്ടുകാരുമായി നല്ല ഉഴപ്പുമായി. ലോഡ്ജിലായിരുന്നു മിക്കവാറും താമസം. മറിയാമ്മയുടെ കൈയിൽനിന്നും ആവശ്യത്തിന് പണം വാങ്ങും. ഒരു പണിയത്തി പെണ്ണുമായി പിന്നെ പ്രണയമായി. പറമ്പിന്റെ ദൂരെയുള്ള അതിരിൽ പഴയ മോട്ടർ പുര നന്നാക്കിയെടുത്ത് അവൻ പിന്നെ അവളുമായി അവിടെയായി താമസം. ചാക്കോച്ചന് ഒന്നും പറയുവാൻ കഴിയുമായിരുന്നില്ല.
പിന്നീട് നാരായണൻ പറഞ്ഞാണ് ആ കുട്ടി വള്ളിയുടെ അനിയത്തിയുടെ മകളാണെന്ന് ചാക്കോച്ചൻ അറിയുന്നത്. ചാക്കോച്ചൻ സണ്ണിച്ചന്റെ വീടിനു ചുറ്റുമുള്ള അഞ്ചേക്കർ സ്ഥലം അവന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തു. മറ്റു നാലു മക്കളെയും ചാക്കോച്ചൻ ദൂരെ ഹോസ്റ്റലിൽ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. എല്ലാവരും നന്നായി പഠിച്ചു.
തൊണ്ണൂറുകളുടെ ആരംഭത്തോടെ ലോകമാകെ വലിയ മാറ്റങ്ങൾ ഉണ്ടായി. സോവിയറ്റ് റഷ്യയുടെ പതനവും, മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് അപചയവും, ജർമ്മനിയുടെ ഏകീകരണവും, അതിനു തൊട്ടു മുൻപു സംഭവിച്ച ബെർലിൻ മതിലിന്റെ പൊളിക്കലും, വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ഗ്ലാസ്‌നോസ്തും , പെരിസ്ത്രോയിക്കയും സാധാരണക്കാരുടെ സംഭാഷണങ്ങളിലും നിറഞ്ഞു നിന്നു. ഉദാരവൽക്കരണ നടപടികളും മറ്റും നമ്മുടെ രാജ്യത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി.
അപ്പോഴേക്കും നാട്ടിലെങ്ങും കർഷകരുടെ ചർച്ചയും ഉത്കണ്ഠയും ഡെങ്കൽ ഡ്രാഫ്റ്റിനെയും, ഗാട്ട് കരാറിനെയും കുറിച്ചായി. WTO നിലവിൽ വന്നതോടെ ഇന്തോനേഷ്യയിൽ നിന്നും , ലങ്കയിൽ നിന്നും , മലേഷ്യയിൽ നിന്നും നാണ്യ വിളകളുടെ വില കുറഞ്ഞ ഇറക്കുമതികൾ നാട്ടിലെങ്ങും നിറഞ്ഞു. നാട്ടിലെ റബ്ബറിനും, കുരുമുളകിനും, നാളികേരത്തിനും, കശുവണ്ടിക്കും വിലയില്ലാതായി. കേരളത്തിലെ മലയോര മേഖലയിൽ കൂട്ട കർഷക ആത്മഹത്യകൾ നടന്നു. കേരളത്തിലെ കർഷകരിൽ അരക്ഷിതാവസ്ഥയും ഉത്കണ്ഠയും നിറഞ്ഞു നിന്നു. മുൻപുണ്ടായ ഇന്ദിര ഗാന്ധിയുടെ വധമോ , ബാബ്‌റി മസ്ജിദ് തകർത്തതോ , മണ്ഡൽ കമ്മീഷൻ റിപ്പോർട്ടോ ഉണ്ടാക്കാത്ത ഒരുതരം അരക്ഷിതാവസ്ഥ. കർഷകരുടെ പ്രതിക്ഷേധങ്ങൾ കാര്യമായ പ്രയോജനങ്ങൾ ചെയ്തില്ല. പ്രത്യേകിച്ച് ചെറുകിട കർഷകർക്ക്. റബ്ബർ ഷീറ്റു വിറ്റാൽ കിട്ടുന്ന പണം ടാപ്പിംഗ് കൂലിക്ക് പോലും തികയാത്ത അവസ്‌ഥ. പലരും ടാപ്പിംഗ് നിർത്തി. കൂടാതെ അമിതമായ ചൂഷണത്തിലൂടെ മനുഷ്യർ ഭൂമിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നത് കൃഷിയെ തകർക്കുകയും കർഷകരെ വലിയ കടക്കെണിയിലാക്കുകയും ചെയ്തു .
നാലു കുട്ടികളുടെ ഹോസ്റ്റൽ ഫീസും പഠന ചിലവും കുഴക്കി എങ്കിലും കൃഷിയിൽ വൈവിധ്യം പുലർത്തിയിരുന്ന ചാക്കോച്ചൻ ഒരു വിധം പിടിച്ചു നിന്നു.
പക്ഷെ, മറിയാമ്മക്ക് വലിയ ആധി ആയിരുന്നു. മക്കൾ തങ്ങളിൽ നിന്നും അകന്നു പോകുന്നതായി മറിയാമ്മക്ക് തോന്നി. കുട്ടികൾ വല്ലപ്പോഴും വീട്ടിൽ വരുമ്പോൾ ഡോട്ട് കോമിനെപ്പറ്റിയും വൈ-ടൂ-കെ പ്രോബ്ളത്തെ പറ്റിയും മാത്രമായി സംസാരം. അവർ ഓരോരുത്തരായി പതിയെ വിദേശത്തേക്ക് ചേക്കേറുവാൻ തുടങ്ങി.
അതുവരെ ദൂര ദർശൻ പരിപാടികൾ മാത്രം കണ്ടു ശീലിച്ചിരുന്ന നാട്ടുകാർ കേബിൾ ടീവീയിലൂടെയും ഡിഷിലൂടെയും അനേകം ചാനലുകൾ കണ്ടു തുടങ്ങി. ചെറുപ്പക്കാർക്ക് എങ്ങിനെയും വിദേശത്തേക്ക് ചേക്കേറിയാൽ മതിയെന്നായി. കേരളത്തിലെ സമ്പത് വ്യവസ്ഥയെ താങ്ങി നിർത്തിയ പ്രധാന ഘടകം, നഴ്സിംഗ് പഠിച്ചു വിദേശ ജോലി നേടിയ പെൺ കുട്ടികളിലൂടെയും , അവർ വിദേശത്തേക്ക് കൂട്ടികൊണ്ടുപോയ കുടുംബക്കാരിലൂടെയും കേരളത്തിലേക്ക് ഒഴുകിയ വിദേശ നിക്ഷേപമായിരുന്നു . കൃഷിയുടെ അപചയത്തോടെ സ്റ്റോക് മാർക്കറ്റും കംപ്യൂട്ടർ അധിഷ്ഠിത പുതിയ വ്യവസായങ്ങളും ധന സമ്പാദന മാർഗങ്ങളായി. ഹർഷദ് മേത്തയെക്കുറിച്ചുള്ള പത്രവാർത്തയിലൂടെ മാത്രം സ്റ്റോക് മാർക്കറ്റിനെ കുറിച്ചു കേട്ടിട്ടുള്ളവർ അതിലെ നിക്ഷേപകരായി.
മറിയാമ്മക്ക് ഒരു സമാധാനവും ഇല്ലാതായി. മറിയാമ്മയെ സമാധാനിപ്പിക്കാൻ ചാക്കോച്ചൻ മറിയാമ്മയോട് മറ്റൊരു സാന്റിയാഗോയുടെ കഥ പറഞ്ഞു. പൗലോ കൊയിലോയുടെ ആൽക്കമിസ്റ്റിലെ വിഖ്യാതനായ നായകൻ സാന്റിയോഗ ആയിരുന്നു അത്.
“സ്പെയിനിൽ ജീവിച്ചിരുന്ന ഒരു ഇടയ ബാലൻ ആയിരുന്നു സാന്റിയാഗോ. ഒരുദിവസം പള്ളിയുടെ അടുത്ത മരത്തണലിൽ വിശ്രമിക്കുമ്പോൾ സാന്റിയാഗോ ഒരു സ്വപ്നം കണ്ടു. ഈജിപ്തിലെ പിരമിടുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു സ്വർണ കുംഭമായിരുന്നു അവൻ കണ്ട സ്വപ്നത്തിൽ. ഒരു മന്ത്രവാദിനി സ്വപ്നം വിശകലനം ചെയ്ത് അതു സത്യമാണെന്ന് പറഞ്ഞു. സാന്റിയാഗോ അത് തേടി കണ്ടെടുക്കുവാൻ തീരുമാനിച്ചു. അവൻ തന്റെ ആടുകളെ മുഴുവൻ വിറ്റ് യാത്രക്കുള്ള പണം സമ്പാദിച്ചു. പക്ഷെ അവന്റെ പണം മുഴുവൻ യാത്രാ മദ്ധ്യേ നഷ്ടപ്പെട്ടു. അവൻ ഒരു പാത്രക്കടയിൽ ജോലി ചെയ്ത് ബിസിനസ് വർദ്ധിപ്പിച്ചു വീണ്ടും പണം സമ്പാദിച്ചു. ഒരു യാത്രാ സംഘത്തിന്റെ കൂടെ സഹാറ മരുഭൂമി കടന്ന് ഈജിപ്തിലെത്താൻ വീണ്ടും യാത്ര തിരിച്ചു. കൂ ട്ടത്തിലുണ്ടായിരുന്ന ഒരു ഇംഗ്ലീഷ്കാരനിൽ നിന്നും അവൻ ഈയത്തെ സ്വർണമാക്കുവാൻ കഴിവുള്ള ആൽക്കമിസ്റ്റിനെ കുറിച്ച് അറിയുന്നു, അയാളെ കണ്ടെത്തുന്നു. ആൽക്കമിസ്റ്റ് പകർന്നു കൊടുത്ത അറിവിലൂടെ അവൻ മരുഭൂമിയിലെ വലിയ അപകടങ്ങൾ തരണം ചെയ്യുന്നു. പിന്നെ അവൻ അവിടെ ഒരു മരു പച്ചയിൽ കണ്ടെത്തിയ ഫാത്തിമയുമായി പ്രണയത്തിലാവുന്നു. അവസാനം വളരെ കഷ്ടപ്പാടുകൾക്ക് ശേഷം അവൻ സ്വപ്നം കണ്ട ഈജിപ്തിലെ പിരമിഡിൽ എത്തിച്ചേരുന്നു. പക്ഷെ നിർഭാഗ്യവശാൽ വീണ്ടും കള്ളന്മാരുടെ പിടിയിൽപ്പെടുകയും അവർ അവനെ അടിച്ചു അവശനാക്കുകയും, അവന്റെ കഥ കേട്ട് അവഹേളിക്കുകയും ചെയ്യുന്നു. അതിൽ ഒരു കള്ളൻ, അവൻ സ്പെയിനിലെ ഒരു പള്ളിയുടെ അടുത്തു നിധിയുണ്ടെന്ന് സ്വപ്നം കണ്ടതും എന്നാൽ ഇത്ര ദൂരം ഒരു സ്വപ്നത്തിന്റെ പിറകെ പോകാനുള്ള വിഡ്ഢിയല്ലെന്നും പറയുന്നു. ആൽക്കമിസ്റ്റിന്റെ വാക്കുകളിലൂടെ പ്രപഞ്ച ഭാഷ വശമാക്കിയിരുന്ന സാന്റിയാഗോ ആ സത്യം തിരിച്ചറിയുന്നു. നിധി യഥാർത്ഥത്തിൽ താൻ യാത്ര പുറപ്പെട്ട പള്ളി മുറ്റത്തു തന്നെയുണ്ട്. അവൻ മടങ്ങി പോയി ആ നിധി കണ്ടെടുത്തു.
ഒരാൾ ഒരു കാര്യത്തിനായി തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്താൽ ഈ പ്രപഞ്ച ശക്തികൾ മുഴുവൻ കൂടെ നിന്ന് അയാളുടെ ആഗ്രഹം സാധിച്ചു കൊടുക്കും, ഇതാണ് പൗലോ കൊയിലോ പറയുന്നത് “.
ചാക്കോച്ചൻ തുടർന്നു പറഞ്ഞു.
“ഇടയനായ സാന്റിയോഗയും തന്നെപോലെ നിധി തേടി ദൂര ദിക്കിലേക്ക് പോയതാണ്. സാന്റിയാഗോ സ്വപ്നത്തിൽ കണ്ട ഈജിപ്തിലേക്കും, താൻ, ചാക്കോച്ചൻ, ചാക്കപ്പൻ പറഞ്ഞ മലബാറിലേക്കും. രണ്ടുപേർക്കും ഒടുങ്ങാത്ത അഭിലാഷവും കഠിനമായ പരിശ്രമവും ഉണ്ടായിരുന്നു. രണ്ടു പേരും ലക്ഷ്യം കൈവരിക്കാൻ എന്തെല്ലാം വിഷമങ്ങൾ തരണം ചെയ്തില്ല!
രണ്ടുപേരും നിധി കണ്ടെത്തുക തന്നെ ചെയ്തു. ചാക്കോച്ചൻ അന്വേഷിച്ചുപോയ സ്ഥലത്തു തന്നെ, മലബാറിലെ പൊന്നു വിളയുന്ന മണ്ണിൽ”.
“പക്ഷെ പ്രകൃതി ശക്തികൾ ചാക്കോച്ചനെ തുണച്ചോ” ?
മറിയാമ്മ ചാക്കോച്ചന്റെ കണ്ണുകളിലേക്ക് നോക്കി.
വന്യ മൃഗങ്ങളുടെ രൂപത്തിലും , പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിലും പ്രകൃതി ഇപ്പോഴും ചാക്കോച്ചനെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
കൊയിലോ പറയുന്നത് തീവ്രമായ അഭിലാഷവും പരിശ്രമവും ഉണ്ടെങ്കിൽ ഭാഗ്യം ഉറപ്പായും കൂടെ ഉണ്ടാവും, അങ്ങിനെ ഈ പ്രപഞ്ച ശക്തികൾ ഒരാളുടെ ആഗ്രഹം നടപ്പാക്കി തരും, എന്നാണ്.
പക്ഷെ ചാക്കോച്ചന്റെ അനുഭവവും വിശ്വാസവും ഹെമിങ്‌വേയുടെ സാന്റിയാഗോക്ക് ഒപ്പമാണ്. ഭാഗ്യം തനിയെ സംഭവിക്കുന്നതല്ല. അതിന് തക്ക സമയത്തുള്ള, ശരിയായ ദിശയിലുള്ള, കഠിനാധ്വാനവും ശരിയായ കഴിവും വേണം. പ്രകൃതിക്ക് ആരോടും പ്രത്യേകമായ പ്രതിപത്തി ഇല്ല. അതൊകൊണ്ട് കേവലമായ ഒരു ഭാഗ്യം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.
മറിയാമ്മ മനസ്സിലായെന്നു തലയാട്ടി. യഥാർത്ഥ ജീവിതം കഥകളിൽ കാണുന്നതു പോലെ തന്നെ ആകണമെന്നില്ല.
ഇന്ന് മനുഷ്യന് പ്രകൃതിയിൽ നിന്നും തിരിച്ചടി നേരിടുന്നതിന്റെ പ്രധാന കാരണം അവന്റെ പ്രവൃത്തികൾ തന്നെയാണ്. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിലൂടെ ഉണ്ടായ പ്രവചനാതീതമായ കാലാവസ്ഥയും, ഉഗ്രമായ പ്രകൃതി ക്ഷോഭങ്ങളും, പ്രകൃതി ഘടനയിലുണ്ടായ മാറ്റവും, മഴയുടെ രീതിയിലുണ്ടായ മാറ്റവും, വന്യ ജീവികളുടെ ആവാസ വ്യവഥയിൽ കടന്നു കയറിയതിലൂടെ ഉണ്ടായ സംഘർഷവും എല്ലാം ചേർന്ന് കർഷകന്റെ ജീവിതം ദുരിതപൂർണമായി.
ഇതിനെ കുറിച്ച് പഠിക്കാൻ സർക്കാർ പരിസ്ഥിതി വിദഗ്ദനായ മാധവ് ഗാഡ്ഗിലിനെ നിയോഗിച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. റിപ്പോർട്ടിൽ, മുഴുവൻ പശ്ചിമഘട്ടവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു. അതിൽ ഭൂരി ഭാഗവും ഉൾപ്പെട്ട സോണുകളിൽ എല്ലാവിധ നോൺഫോറെസ്റ്ററി പ്രവർത്തനങ്ങളും നിർത്തി വെക്കുവാൻ ശുപാർശ ചെയ്തു.
ജനങ്ങൾ ഇളകി വശായി . തങ്ങളുടെ കൃഷി പ്രവൃത്തികൾ നിർത്തേണ്ടി വരുമെന്നും ഭൂമി നഷ്ടപ്പെടുമെന്നും കർഷകർ ഭയന്നു . തല്പര കക്ഷികൾ ഉണർന്നു. കുടിയേറ്റ കർഷകരെ രക്ഷിക്കാൻ പഴയ വിമോചന സമരത്തിന്റെ സ്മരണകൾ ഉണർത്തി ക്രിസ്ത്യൻ സഭകളും മറ്റുള്ളവരും സമരത്തിന് എല്ലാ പിന്തുണയും നൽകി. സമരം ആളി കത്തി. യഥാർത്ഥ ചൂഷകരായ ക്വാറി ലോബ്ബിയും , മണൽ ലോബ്ബിയും, ആളും അർത്ഥവും നൽകി സമരം ആളി കത്തിച്ചു. രാഷ്ട്രീയക്കാർ ഒളിഞ്ഞും തെളിഞ്ഞും രണ്ടു പക്ഷത്തും നിന്നു.
ചാക്കോച്ചന്റെ കണ്മുന്നിൽ വീണ്ടും അശാന്തിയുടെ കാർ മേഘങ്ങൾ ഉരുണ്ടു കൂടുകയായിരുന്നു.
(തുടരും)
26.06.26
Leave a Reply