വിവാഹ ചടങ്ങുകൾ  കഴിഞ്ഞു കറിയാച്ചൻ ചങ്ങനാശ്ശേരിക്ക് ട്രെയിൻ കയറാൻ സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു. വിമോചന സമരക്കാർ അന്ന് അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് ഒരു പ്രതിഷേധ മാർച്ച് നടത്തുന്നുണ്ടായിരുന്നു. സമരക്കാർ ആവേശപൂർവം സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. പോലീസ് അവരെ തടഞ്ഞു. പോലീസ് സ്റ്റേഷന് അരികിലേക്ക് പോകാൻ സമരക്കാരെ അനുവദിച്ചില്ല.  സമരക്കാർ എതിർത്തു. ആവേശത്തള്ളലിൽ പോലീസുമായി ഉന്തും തള്ളുമായി.

കറിയാച്ചൻ കുറച്ചു ദൂരേക്ക് ഒഴിഞ്ഞു മാറി നിന്നു.

പെട്ടെന്ന് പോലീസ് ലാത്തി ചാർജ് ആരംഭിച്ചു. പക്ഷെ സമരക്കാരുടെ ആവേശത്തിന് ഒരു കുറവും ഉണ്ടായില്ല.  അവർ കൂടുതൽ  ആവേശത്തോടെ മുദ്രാവാക്യങ്ങൾ മുഴക്കി ചെറുത്തു നിന്നു. അതിനിടയിൽ ആരോ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ്‌കാർക്ക് പരിക്കേറ്റു. അതോടെ പോലീസ് വെടിവെച്ചു.  അങ്കമാലി ഒരു കുരുതി കളമായി . സമരക്കാർ തലങ്ങും വിലങ്ങും ഓടി. വീണു കിടന്നവരുടെ മേൽ ചവിട്ടി പിറകെ വന്നവർ ഓടി. അവരുടെ ദയനീയ വിലാപം കറിയാച്ചൻ ദൂരെ നിന്നു കേട്ടു.

അന്നത്തെ വെടിവെപ്പിൽ ഏഴു സമരക്കാരാണ് അങ്കമാലിയിൽ മരിച്ചു വീണത്.  ഭാഗ്യം കൊണ്ട് മാത്രമാണ് കറിയാച്ചൻ രക്ഷ പെട്ടത്. വെടി വെയ്പ് നേരിൽ കണ്ട കറിയാച്ചൻ രോഷം കൊണ്ടു.

അക്കാലത്തുതന്നെ ചേർത്തലയിൽ ഉണ്ടായ മറ്റൊരു വെടിവയ്പ്പിൽ പൂർണ ഗർഭിണിയായിരുന്ന ഫ്ലോറി എന്ന പാവം മൽസ്യ തൊഴിലാളിയും മരിച്ചു. അതോടെ പള്ളികളിൽ നിന്നും കരയോഗങ്ങളിൽ നിന്നും സമര കാഹളം കൂടുതൽ ഉച്ചത്തിൽ മുഴങ്ങി.

കാഞ്ഞിരപ്പള്ളിയിലെ കുടുംബ സ്വത്തും ചങ്ങനാശ്ശേരിയിലെ ഭൂ സ്വത്തും മിച്ചഭൂമിയായി മുദ്രകുത്തി നഷ്ടപ്പെടുമോ എന്ന ആകുലത കറിയാച്ചനെ വലച്ചു. പിന്നെ കറിയാച്ചൻ അറച്ചു നിന്നില്ല.  കറിയാച്ചൻ ക്രിസ്റ്റഫർ വോളന്റീർ സ്‌ക്വാഡിൽ അംഗമായി. സമരത്തിൽ അണി ചേർന്നു. കുറച്ചുനാൾ ജയിലിൽ കിടന്നു. ചാക്കോച്ചനാണ് തന്നാലാവും വിധം അക്കാലത്തു കറിയാച്ചന്റെ കൃഷിയും ബിസിനസ്സും നോക്കി നടത്തിയത്.

1959 ജൂലൈ അവസാനം, കേന്ദ്ര സർക്കാർ EMS   മന്ത്രിസഭയെ പുറത്താക്കി.

പിന്നെയുള്ള മൂന്നാലു വർഷം കറിയാച്ചൻ സാമ്പത്തികമായി തകർച്ചയിലായിരുന്നു. ചാക്കോച്ചന്റെ പഠനം പ്രീ ഡിഗ്രി പാസ്സായതോടെ നിലച്ചു.  പിന്നെ  മാനസികവും  ശാരീരികവുമായി  തളർന്ന അപ്പനെ സഹായിക്കലായിരുന്നു പ്രധാന ജോലി.  ലൈബ്രറിയിൽ നിന്നും എടുക്കുന്ന പുസ്തകങ്ങൾ വായിക്കുക ആയിരുന്നു ചാക്കോച്ചന്റെ പ്രധാന ഹോബി. ചാക്കോച്ചന്റെ താഴെയുള്ള രണ്ട് ഇരട്ട പെണ്മക്കളുടെ പഠനം അഭിമാനിയായ കറിയാച്ചൻ നിർത്തിയില്ല. അവരെ നഴ്സിങ്ങിന് ചേർത്തു. മറ്റു രണ്ടു പേരും സ്കൂൾ പഠനം തുടർന്നു.

അക്കാലത്താണ് മലബാറിലേക്ക് കുടിയേറിയിരുന്ന കറിയാച്ചന്റെ  അടുത്ത ബന്ധുവായ വക്കച്ചൻ കറിയാച്ചനെ കാണാനെത്തിയത്.  അധ്വാനിക്കാനുള്ള മനസ്സും, ചങ്കൂറ്റവുമുണ്ടെങ്കിൽ  മലബാറിൽ  പൊന്നു വിളയിക്കാമെന്ന് ചാക്കപ്പൻ സ്വന്തം അനുഭവം  സാക്ഷ്യമാക്കി  പറഞ്ഞു.

ചാക്കോച്ചന്  അതു രണ്ടും  വേണ്ടുവോളം  ഉണ്ടായിരുന്നു.

പക്ഷെ പണം…

കറിയാച്ചൻ  തന്റെ  ഭൂമിയുടെ നല്ല ഒരു  ഭാഗം വിറ്റ് ഒരു തുക  ചാക്കോച്ചന്റെ കൈയിൽ  കൊടുത്തു. ചാക്കോച്ചൻ അതുമായി ചങ്ങനാശ്ശേരിയിൽ നിന്നും തീവണ്ടി കയറി.  മലബാറിലേക്ക്. കൂടെ നാരായണനെയും കൂട്ടി.  കറിയാച്ചന്റെ സഹായി  ചെല്ലപ്പന്റെ  മകനാണ്  നാരായണൻ. ചാക്കോച്ചന്റെ  സമ പ്രായക്കാരനും  സുഹൃത്തും.   എന്തിനും പോന്ന തന്റേടി.

ചാക്കോച്ചനും നാരായണനും ഷൊർണ്ണൂരെത്തി. അവിടെനിന്നും തലശ്ശേരിക്ക് ട്രെയിൻ മാറിക്കയറണം. ആ തീവണ്ടി പിറ്റേന്നാണ് ഇനി ഉള്ളത്. അതിൽ കയറി അടുത്ത ദിവസം പാതിരാവായപ്പോൾ അവർ തലശ്ശേരിയിലെത്തി. ഇനി ഇരിട്ടിക്ക് പോകണം. അതി രാവിലെ തലശ്ശേരിയിൽ നിന്നും വിരാജ്പേട്ടക്കു പോകുന്ന ബെഡ്ഫോർഡ് ലോറിയിൽ അവർക്ക് ഒരിടം കിട്ടി. യുദ്ധമുഖത്ത് ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നതാണ് ബെഡ്ഫോർഡ് ട്രെക്കുകൾ. അതു കണ്ടം ചെയ്യുമ്പോൾ നാട്ടുകാർക്ക് ലേലത്തിൽ വിൽക്കും.

അങ്ങിനെ മൂന്നാം നാൾ വൈകിട്ട് ചാക്കോച്ചൻ ഇരിട്ടിക്കടുത്തുള്ള വക്കച്ചന്റെ വീട്ടിലെത്തി.

രണ്ടു ദിവസം കഴിഞ്ഞു വക്കച്ചൻ ചാക്കോച്ചനെ വാഴുന്നോരുടെ കാര്യസ്ഥന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. വക്കച്ചൻ വേണ്ടും വണ്ണം കാര്യസ്ഥനെ കണ്ടു. അടുത്താഴ്ചത്തേക്ക് വാഴുന്നോരുമായി കൂടിക്കാഴ്ച്ച തരപ്പെടുത്തി. ചാക്കോച്ചൻ വാഴുന്നോർക്ക് വാസന പുകയിലയും 3X റമ്മും പണത്തോടൊപ്പം കാഴ്ചവെച്ചു. വാഴുന്നോരും കാര്യസ്ഥനുമായി കൂടിയാലോചിച്ചു. ഭഗവതി കാവിന് തെക്ക് വശത്ത് അര കാതം മാറിയുള്ള കുന്നും നാട്ടുവഴി വരെ ഭൂമിയും ചാക്കോച്ചന് കച്ചവടമായി.

പിറ്റേന്ന് ചാക്കോച്ചനും വക്കച്ചനും കാര്യസ്ഥനെയും കൂട്ടി നാരായണനോടൊപ്പം പോയി സ്ഥലം കണ്ടു. വയനാടൻ മലകളിൽ നിന്നും ഒഴുകി എത്തി വളപട്ടണം പുഴയിൽ ചേരുന്ന ബവാലി പുഴക്ക് ഇരിട്ടിയിൽ എത്തുമ്പോൾ ഇരിട്ടി പുഴയെന്നാണ് പേര്. പുഴയിൽ നിന്നും ഒരു കാതം ദൂരമുണ്ട് ചാക്കോച്ചന്റെ പുരയിടത്തിലേക്ക്.  ഇരിട്ടി പുഴയിൽ നിന്നും ഒഴുകി എത്തുന്ന ഒരു കൈത്തോട് പറമ്പിന്റെ അതിരിലൂടെ ചെറിയ ദൂരം ഒഴുകുന്നുണ്ട്. കുന്നിൻ ചെരിവ് കാടു പിടിച്ചു കിടന്നു. കൂടുതലും പാഴ് മരങ്ങൾ. തീർച്ചയായും വന്യ മൃഗങ്ങളുടെ ശല്യം ഉണ്ടാവും. തൊട്ട് അടുത്തെങ്ങും വേറെ വീടുകൾ ഒന്നും കണ്ടില്ല. പറമ്പിന്റെ അതിരിൽ നാട്ടുവഴി ഉണ്ടെന്നതാണ് മറ്റൊരു  മെച്ചം.

വക്കച്ചൻ വഴി നാട്ടുകാരായ ആദിവാസികളെ പണിക്കു കിട്ടി. മുളവെട്ടിച്ച് ഏറ്റവും ഉറപ്പുള്ള മരങ്ങളിൽ രണ്ട് ഏറുമാടം കെട്ടി. ഒന്ന് ചാക്കോച്ചനും, ഒന്ന് നാരായണനും. അവരുടെ സഹായത്തോടെ ഒരു കിണർ കുഴിച്ചു . കാടു വെട്ടി തെളിച്ചു ഇഞ്ചിപ്പുൽ കൃഷി തുടങ്ങി. ഏറ്റവും എളുപ്പം പണമാക്കാൻ പറ്റുന്ന കാർഷിക ഉല്പന്നമായിരുന്നു അത്. പുൽ തൈലത്തിനും നല്ല ഡിമാൻഡ്. അതിന്റെ ചണ്ടി പുകച്ചായിരുന്നു കൊതുകുകളെ അകറ്റിയിരുന്നത്. കൂട്ടത്തിൽ കപ്പയും ചേനയും, ചേമ്പും, നെല്ലും ഭക്ഷണാവശ്യത്തിന്.

ജീവിതം ശരിക്കും  ഒരുസമരം തന്നെ ആയിരുന്നു. പകലന്തിയോളം കൃഷി പണി. രാത്രിയിൽ കൃഷി നശിപ്പിക്കാനെത്തുന്ന പന്നികൾക്കും ആനക്കും കാവൽ. ആറളം ഭാഗത്തെ കൊടും കാട്ടിൽ നിന്നെത്തുന്ന പുലിയെയും , കരടിയെയും ഭയന്നു കഴിഞ്ഞ രാത്രികൾ. മലമ്പനിയും മഞ്ഞപ്പിത്തവും ആയിരുന്നു നാട്ടിലെ പ്രധാന അസുഖങ്ങൾ. ധാരാളം ആളുകൾ അത് ബാധിച്ചു മരിച്ചിരുന്നു. രണ്ടു മൂന്നു വർഷം അങ്ങിനെ കഴിഞ്ഞു. അപ്പോഴേക്കും നാരായണന്റെ രണ്ട് അനിയന്മാരും എത്തി. അപ്പോൾ കൃഷിപ്പണി കുറച്ചുകൂടി ഉഷാറായി. ചാക്കോച്ചൻ തന്റെ ഭൂമിയിൽ നിന്നും നാല് ഏക്കർ നാരായണനും അനിയന്മാർക്കും നൽകി.

ചെറിയ ആദായം ലഭിച്ചു തുടങ്ങിയതോടെ ചാക്കോച്ചന് കൂടുതൽ ഉത്സാഹമായി. കുന്നിൻ മുകളിലെ കാടു വെട്ടിയപ്പോഴാണ് ചാക്കോച്ചൻ അവിടെ ഒരു ഉറവ കണ്ടെത്തിയത്. കൂടുതൽ തെളിച്ചപ്പോൾ അതു ജലസമൃദ്ധമാണെന്നു മനസ്സിലായി. ചാക്കോച്ചൻ ഇരിട്ടിയിൽ നിന്നും പൈപ്പ് വാങ്ങി ഉറവയിൽ ഘടിപ്പിച്ചു. വെള്ളം ഉറവയിൽ നിന്നും പൈപ്പു വഴി താഴേക്കെത്തി. ചാക്കോച്ചൻ അനുയോജ്യമായ സ്ഥലത്ത് ഒരു ടാങ്ക് പണിതു. ഉറവയിലെ വെള്ളം ടാങ്കിൽ ശേഖരിച്ചു. ടാങ്കിൽ നിന്നും പൈപ്പ് വഴി മുഴുവൻ പറമ്പിലും വെള്ളമെത്തി. വൈദ്യുതി  അന്ന് ആ പ്രദേശത്ത് എത്തിയിട്ടുണ്ടായിരുന്നില്ല. ചാക്കോച്ചന്റെ കൃഷി രീതി കാണാൻ ധാരാളം ആളുകൾ ദൂര സ്ഥലങ്ങളിൽ നിന്നുപോലും എത്തി. ചാക്കോച്ചൻ പുതിയ കൃഷികളിലേക്കു തിരിഞ്ഞു. റബ്ബറും, കുരുമുളകും, തെങ്ങും, കശുമാവും പ്രധാന കൃഷികളായി പറമ്പിൽ തല ഉയർത്താൻ തുടങ്ങി.

ചാക്കോച്ചന്റെ കാഞ്ഞിരപ്പള്ളിയിലെ കുടുംബത്തിന് മഞ്ഞപിത്തത്തിനുള്ള പാരമ്പര്യ ഒറ്റമൂലി ചികിത്സ അറിയാമായിരുന്നു. അത് അപ്പനിൽ നിന്നും ചാക്കോച്ചനും പഠിച്ചിരുന്നു. ചാക്കോച്ചൻ സൗജന്യമായി മഞ്ഞപിത്ത ചികിത്സ ആരംഭിച്ചു. അതോടെ ചാക്കോച്ചൻ നാട്ടിലെങ്ങും അറിയപ്പെടുന്ന ആളായി മാറി.

അടുത്ത നാലഞ്ചു വർഷത്തിൽ ചാക്കോച്ചൻ അടച്ചുറപ്പുള്ള ഓടിട്ട ഒരു വീടു പണിതു. കരുവീട്ടിയിൽ ചാരു കസേര പണിയിച്ചു ഉമ്മറത്തിട്ടു. നഴ്സുമാരായ രണ്ടു സഹോദരിമാരുടെയും വിവാഹം മാന്യമായി നടത്തി. ആ  ചാരു കസേരയിലാണ് ചാക്കോച്ചൻ ഇപ്പോൾ ഇരിക്കുന്നത്. ചാക്കോച്ചന്റെ സ്വകാര്യ അഭിമാനം. ഏറ്റവും മൂല്യമേറിയ സമ്പത്ത്. ആ ചാര് കസേരയിൽ ഇരുന്നാണ് ചാക്കോച്ചൻ പണിക്കർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയും മലമ്പനിക്ക് ചികിത്സ നടത്തുകയും ചെയ്തിരുന്നത്. ചാക്കോച്ചന്റെ മുറ്റത്തെ പൈപ്പു വെള്ളം വീട്ടിൽ വന്നവർക്കൊക്കെ ഒരു അതിശയമായിരുന്നു.

പിന്നെയും രണ്ടു മൂന്നു വർഷം മുന്നോട്ടു പോയപ്പോൾ വീട്ടിൽ കറൻറ് വന്നു. വീടിന്റെ മുൻപിലെ റോഡിലൂടെ ബസ് സർവിസ് ആയി. ആ റോഡ് അപ്പോഴേക്കും ഇരിട്ടി വഴി വിരാജ്പെറ്റക്കുള്ള ഒരു പ്രധാന വഴി ആയി മാറിയിരുന്നു. ബസിൽ കൊണ്ടുവരുന്ന മനോരമ പത്രം ചാക്കോച്ചന്  രാവിലെ പത്തു മണിക്ക്  ലഭിച്ചു  തുടങ്ങി. ചാക്കോച്ചന്റെ പുതിയ ട്രാൻസിസ്റ്റർ റേഡിയോ പാടാനും, വാർത്ത വായിക്കാനും, കൃഷി രംഗത്തിൽ വയലും വീടും പരിപാടി കേൾപ്പിക്കാനും തുടങ്ങി. ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ പള്ളിയും, ഡിസ്പെൻസറിയും, സ്‌കൂളും, അങ്ങാടിയും വന്നു. ഞായറാഴ്ചകളിൽ പള്ളി മൈതാനത്തു  സിനിമയും , നാടക സംഘങ്ങൾ കളിയും തുടങ്ങി. ചാക്കോച്ചൻ ചാക്കപ്പന്റെ കൂടെ കണ്ണൂർ പോയി ഒരു ഇരട്ടക്കുഴൽ തോക്ക് വാങ്ങി. നാരായണനും അനിയന്മാരുംകൂടി അടച്ചുറപ്പുള്ള ഒരു കൂര അവരുടെ പറമ്പിലും ഉയർത്തി. നാരായണൻ ചങ്ങനാശ്ശേറിയിൽ പോയി മുറപ്പെണ്ണിനെ കല്യാണം കഴിച്ചുകൊണ്ടുവന്നു.

അക്കാലത്ത് നാട്ടിലെ ജന്മിമാർക്കും , സമ്പന്നരായ കുടിയേറ്റ കർഷകർക്കും, കാട്ടുമൃഗങ്ങളെയും, മലമ്പനിയെയും, മഴക്കെടുതികളെയുംകാൾ  ഭയം നെക്സലൈറ്റുകളെ ആയിരുന്നു. രാത്രിയിൽ  വീട്ടിൽ  അതിക്രമിച്ചു കയറി നടത്തിയ ക്രൂരമായ  ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ  അവരെ ഭയ ചകിതരാക്കി.

പോലിസ് സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. കേരളത്തിലെ നെക്സലൈറ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ കേന്ദ്രം മലബാറിലെ തലശ്ശേരിയും, വയനാട്ടിലെ പുൽപ്പള്ളിയും , തിരുനെല്ലിയും കേന്ദ്രീകരിച്ചായിരുന്നു.  കേരളത്തിന്റെ ചെഗുവേര എന്നറിയപ്പെട്ടിരുന്ന അരീക്കാട് വർഗീസിനെ  തിരുനെല്ലി കാടുകളിലെ ഏറ്റുമുട്ടലിൽ പോലീസ് കൊലപ്പെടുത്തിയെങ്കിലും നെക്സലൈറ്റ് ആക്രമണങ്ങൾ  തുടർന്നു കൊണ്ടിരുന്നു.  അടിയന്താവസ്ഥ കാലത്ത് കരുണാകരന്റെ പോലീസ് ഉരുക്കു മുഷ്ടിയോടെ അടിച്ചമർത്തുന്നതു വരെ ജന്മിമാരുടെ  ഉറക്കം  കെടുത്തി  നെക്സലുകൾ  കളം  വാണു.

തന്റെ അടുത്തു ചികിത്സ തേടി എത്തുന്നവരിൽ നെക്സലുകളും ഉണ്ടെന്ന് ചാക്കോച്ചൻ അറിഞ്ഞിരുന്നു.

പള്ളിയിൽ പോകുകയും, ക്രിസ്തീയ  പ്രമാണങ്ങൾ  അനുസരിച്ചു ജീവിക്കുകയും ചെയ്തിരുന്നെങ്കിലും ക്രിസ്തുവിനെ ഒരു റവല്യൂഷണറി ആയും അതിനുവേണ്ടി സ്വന്തം ജീവിതം ബലി കഴിച്ച ആളുമായി ചാക്കോച്ചൻ ഉള്ളിൽ കണ്ടിരുന്നു. രണ്ട്  ഉടുപ്പുള്ളവൻ  ഒന്ന്  അപരന്  കൊടുക്കാനും , ആഹാരം  ഉള്ളവനും  അങ്ങിനെ തന്നെ  ചെയ്യട്ടെ  എന്നു  ക്രിസ്തു  പറഞ്ഞതും, അധികാര സ്ഥാനങ്ങളെ  വെള്ള  തേച്ച  കുഴിമാടങ്ങൾ  എന്ന്  വിളിച്ചതും , സോഷ്യലിസത്തിന്റെ  ഉദാത്ത  മാതൃകയായി  ചാക്കോച്ചൻ  കണ്ടു.  ചാക്കോച്ചൻ തെളിഞ്ഞുകണ്ട  ബൈബിൾ  വാക്യങ്ങൾ

മത്തായി 22:21, ” അവൻ അവരോട് സീസർക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ ” എന്ന് പറഞ്ഞതും,

മാർക്കോസ് 11:15 സാക്ഷ്യപ്പെടുത്തിയതുപോലെ, കച്ചവടക്കാരെ പള്ളിയിൽനിന്നും അടിച്ചിറക്കിയതും,

ലൂക്കോസ് 1:52  സാക്ഷ്യപ്പെടിത്തിയതുപോലെ  പ്രഭുക്കന്മാരെ  സിംഹാസങ്ങളിൽ  നിന്നും  ഇറക്കി,  താണവരെ  ഉയർത്തിയതും  പോലെയുള്ള അനവധി  ബൈബിൾ  സാക്ഷ്യങ്ങളായിരുന്നു.

 ഏതു  മാർഗവും  ലക്ഷ്യത്തെ  സാധൂകരിക്കുമെന്നുള്ള  നക്സൽ തത്വം  പക്ഷെ ചാക്കോച്ചന്  അംഗീകരിക്കാൻ  കഴിഞ്ഞില്ല.  

അടുത്ത വർഷം കാഞ്ഞിരപ്പള്ളിയിലെ പുരാതന കുടുംബത്തിൽ നിന്നും അതി സുന്ദരി ആയിരുന്ന മറിയാമ്മയുടെ ആലോചന ചാക്കോച്ചനു വന്നു.  മൂന്നു മാസത്തിനുള്ളിൽ  മൂന്നു  വിളിച്ചുചൊല്ലി  കല്യാണവും  കഴിഞ്ഞു  മറിയാമ്മ ചാക്കോച്ചന്റെ  കൂടെ  മലബാറിലെത്തി.

മറിയാമ്മ നല്ല കാര്യപ്രാപ്തിയുള്ള ഒരുകൊച്ചു മിടുക്കത്തി ആയിരുന്നു. ആദ്യമൊക്കെ ഈ ഓണംകേറാ മൂലയിലെ ജീവിതം ദുസ്സഹമായി തോന്നിയിരുന്നെങ്കിലും അവൾ വേഗം തന്നെ പുതിയ ജീവിതസാഹചര്യവുമായി പൊരുത്തപ്പെട്ടു. നാട്ടിലുണ്ടായിരുന്ന സൗകര്യങ്ങളോർത്ത് ഇവിടെ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്ന് മറിയാമ്മ സ്വയം പറഞ്ഞു. മറിയാമ്മയുടെ സഹായത്തിന് ചാക്കോച്ചൻ ഒരു പണിയത്തി കുട്ടിയെ ഏർപ്പാടാക്കി. വള്ളി. നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു കുട്ടി. മറിയാമ്മക്ക് വള്ളിയെ നല്ല ഇഷ്ടമായി.

“എനിക്ക് പത്ത് അച്ചരം എളുതാനറിയാം, പള്ളിയിലെ ചിറ്റർ ആണ്ടി ചൊല്ലി തന്നതാണ്”

ഒരു ദിവസം വള്ളി അഭിമാനത്തോടെ മറിയാമ്മയോട് പറഞ്ഞു.

“ഇങ്ങഡെ തമ്പ്രാൻ ഡാക്കിട്ടർ ആണോ, നല്ല കൈപുണ്യാ, ദീനം വെക്കം മാറണ്. “

മറിയാമ്മ ചിരിച്ചുകൊണ്ട് അല്ലെന്ന് തലയാട്ടി.

“പിന്നെ ആ മുറീലെ പുത്തകം മുഴുവൻ വൈത്യമാണോ” ?

വള്ളി ചോദിച്ചു . ചാക്കോച്ചന്റെ തോക്കിലും പുസ്തകങ്ങളിലും വള്ളി ആരാധനയോടെ നോക്കുന്നതും, തൊട്ട് കണ്ണിൽ വെക്കുന്നതും മറിയാമ്മ കണ്ടിട്ടുണ്ട്.

ചാക്കോച്ചന്റെ പുസ്തകം വായനയിൽ മറിയാമ്മക്ക് വലിയ അഭിമാനം ആയിരുന്നു. ഡിഗ്രിക്ക് പഠിക്കാത്ത ചാക്കോച്ചനിൽ അവൾ ഒരു വായനക്കാരനെ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ചും ഈ കുഗ്രാമത്തിലെ സാഹചര്യത്തിൽ.

“അച്ചായൻ ഈ പുസ്തകം പല പ്രാവശ്യം വായിക്കുന്നതു കണ്ടല്ലോ, അത്ര നല്ലപുസ്തകമാണോ”?

ചാക്കോച്ചന്റെ കൈയിൽ ഇരുന്ന ഹെമിങ്‌വേയ്‌യുടെ ഓൾഡ്മാൻ ആൻഡ് സീ എന്ന പുസ്തകത്തിലേക്ക് നോക്കി മറിയാമ്മ ചോദിച്ചു. 127 പേജുകൾ മാത്രമുള്ള ഒരു ചെറിയ ബുക്കായിരുന്നു അത്.

അന്ന് രാത്രി മറിയാമ്മ ചാക്കോച്ചന്റെ നെഞ്ചോട് ഒട്ടി കിടന്ന് ആ കഥ കേട്ടു. സാന്റിയാഗോ  എന്ന  വയസ്സൻ മുക്കുവന്റെ  കഥ.

ആ വയസ്സനെ ഗ്രാമ വാസികൾ ഒരു പരാജയമായാണ് കണ്ടിരുന്നത്.  അയാൾക്ക്  ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല. മനോലിൻ എന്ന പേരുള്ള ഒരു കൊച്ചു കുട്ടി മാത്രം അയാളുടെ കൂടെ  കടലിൽ പോയി.  കഴിഞ്ഞ എൺപത്തി  നാലു ദിവസമായി  സാന്റിയാഗോക്ക് ഒരു  മീനും  കിട്ടിയില്ല. അയാളെ എല്ലാവരും കളിയാക്കി.  മനോലിന്റെ അച്ഛൻ അവനെ അയാളുടെ കൂടെ കടലിൽ പോകുന്നതിൽ നിന്നും വിലക്കി. എൺപത്തി അഞ്ചാമത്തെ ദിവസം സാന്റിയാഗോ വളരെ ദൂരം തുഴഞ്ഞു ഒറ്റക്ക് ആഴ കടലിലേക്കുപോയി. അന്നയാളുടെ ചൂണ്ടയിൽ ഒരു മർലിൻ മീൻ കൊത്തി.  വളരെ വലിയ  മീൻ. അതുവരെ അയാൾ പിടിച്ചിട്ടില്ലാത്ത അത്ര വലുത്. മീൻ രക്ഷ പെടാൻ പൊരുതി . സർവ ശക്തിയുമെടുത്തു പൊരുതി. സാന്റിയാഗോക്ക് വളരെ പരിക്കുകൾ പറ്റി. മൂന്നു ദിവസം കടലിൽ അവരുടെ പോരാട്ടം തുടർന്നു.  മൂന്ന് ദിവസവും വൃദ്ധൻ മർലിനോട് സംസാരിച്ചു കൊണ്ടിരുന്നു.

“എനിക്ക് നിന്നോടു സ്നേഹമുണ്ട്, വിരോധമില്ല.  പക്ഷെ ഞാൻ നിന്നെ കൊല്ലും. ഈ പോരാട്ടത്തിൽ നീ എത്ര വേണമെങ്കിലും  എന്നെ വേദനിപ്പിച്ചോളൂ ,  പക്ഷെ ഒരു പുരുഷന് പോരാട്ടത്തിൽ  വേദന തോന്നില്ല “.

മൂന്നാം ദിവസം വൃദ്ധൻ ആ വലിയ മീനിനെ കീഴ്‌പ്പെടുത്തി ബോട്ടിൽ ബന്ധിച്ചു. കരയെ ലക്ഷ്യമാക്കി തുഴഞ്ഞു. പക്ഷെ ആഴ കടലിലെ  സ്രാവുകൾ ചോരയുടെ മണം പിടിച്ചു ബോട്ടിന്റെ പിറകെ എത്തി. വൃദ്ധൻ  അവകളോടും  പൊരുതി. കുറെ എണ്ണത്തിനെ കൊല്ലുകയും ചെയ്തു.  അവസാനം  വൃദ്ധൻ കരയിലേക്ക് മീനിനെ വലിച്ചു കയറ്റി . അപ്പോഴേക്കും,  പക്ഷെ  സ്രാവുകൾ തിന്നു തീർത്ത മീനിന്റെ അസ്ഥികൂടം മാത്രമേ  അവശേഷിച്ചിരുന്നുള്ളൂ.

 മനോലിൻ ഓടി എത്തി. മറ്റുള്ളവർ കളിയാക്കിയപ്പോൾ അവന് വൃദ്ധന്റെ അവസ്ഥ കണ്ട് വിഷമമായി. അവൻ  മീനിന്റെ അസ്ഥികൂടത്തിന്റെ അളവെടുത്തു, അതിന് പതിനെട്ട് അടി നീളമുണ്ടായിരുന്നു. കുട്ടി അയാൾക്ക് കാപ്പി കൊടുത്തു. ആരെതിർത്താലും അയാളുടെ ബോട്ടിൽ കൂടെ വരുമെന്ന് അവൻ പറഞ്ഞു.  അന്ന് രാത്രി വൃദ്ധൻ ഉറങ്ങിയപ്പോൾ കടൽക്കരയിൽ സിംഹങ്ങളെ സ്വപ്നം കണ്ടു.

“അതെന്നതാണെന്നറിയാമോ”.?

 ചാക്കോച്ചൻ ചോദിച്ചു.

“അടുത്ത തലമുറയുടെ ഏറ്റെടുക്കൽ , മനോലിനിലൂടെ”.

 “പുരുഷനെ  നശിപ്പിക്കാൻ പറ്റുമായിരിക്കും, പക്ഷെ പരാജയപെടുത്താൻ പറ്റില്ല. അവൻ എന്നും നിഗൂഢതകളിലേക്ക് ഇറങ്ങി ചെന്ന് പോരാടും, വിദ്വെഷമില്ലാതെ.  അവന്റെ വിജയം കേവലം ഭാഗ്യമല്ല,  അവന്റെ അധ്വാനത്തിന്റെ ഫലമാണത്.  ഭാഗ്യം വരണമെങ്കിൽ,  അവൻ  വിജയത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകളിലൂടെ  അതിന് ഒരുങ്ങി ഇരിക്കണം.

“ഇവിടെ, ഈ കാട്ടിൽ, എല്ലാ പ്രതിസന്ധികളോടും ഞാൻ പോരാടിയത് ഈ കഥയുടെ അന്തസത്തയിലാണ്.  എന്റെ അപ്പനിൽ നിന്നുള്ള ഏറ്റെടുപ്പ്.”

ചാക്കോച്ചൻ മറിയാമ്മയോട് പറഞു.

 “ഈ ചെറിയ കഥക്ക് പുലിറ്സർ പ്രൈസും , നോബൽ പ്രൈസും കിട്ടിയിട്ടുണ്ട്” .

മറിയാമ്മ വന്നതിനു ശേഷം പണിക്കാരുടെ ഭക്ഷണ കാര്യത്തിലും മറിയാമ്മയുടെ മേൽനോട്ടമായി. അതോടെ പത്തു മണി കഞ്ഞിക്കും പുഴുക്കിനും രുചി കൂടി. ചാക്കോച്ചൻ രൊക്കം കൂലി കൃത്യമായി പണിക്കർക്ക്  കൊടുക്കും. ഇതെല്ലം കേട്ടറിഞ്ഞു കൂടുതൽ പണിക്കാർ എത്തി തുടങ്ങി. മറിയാമ്മയുടെ മേൽനോട്ടത്തിൽ ധാരാളം ചെടികളും ഫല വൃക്ഷങ്ങളും മുറ്റത്തും തൊടിയിലും ആർത്തു വളർന്നു.

“വള്ളി ഇവിടെ വരുന്നത് അവളുടെ  മുറച്ചെറുക്കൻ ചന്തുവിന് ഇഷ്ടമല്ല, പറമ്പിലെ പണി ചെയ്യാം,  പക്ഷെ വീട്ടിൽ പണി ചെയ്യാൻ പാടില്ലത്രേ.”.

 ഒരു ദിവസം മറിയാമ്മ ചാക്കോച്ചനോട് പറഞ്ഞു.

“അതെന്താ “?

ചാക്കോച്ചൻ ചോദിച്ചു. ചാക്കോച്ചനും അവളോട് വാത്സല്യമായിരുന്നു. അവൾ തന്റെ പുസ്തകങ്ങളെയും തോക്കിനെയും ആരാധനയോടെ നോക്കുന്നത് ചാക്കോച്ചൻ കണ്ടിട്ടുണ്ട്.

“അവന് അവളെ സംശയമാണ്. അവൻ എപ്പോഴും റാക്കും കഞ്ചാവും അടിച്ചു നടപ്പാണ്. വള്ളിയുടെ പൈസ മുഴുവനും അവൻ പിടിച്ചു വാങ്ങും, കിറുക്കനാണവൻ”.

മറിയാമ്മ അപ്പോൾ മൂന്നു മാസം ഗർഭിണി ആയിരുന്നു. ഇരിട്ടിയിലെ ആശുപത്രിയിൽ പോയി അവർ പരിശോധന നടത്തി. ചാക്കോച്ചന്റെ ഒരു ബന്ധുവിനെ കല്യാണം കഴിച്ചു  നാട്ടിൽനിന്നും വന്ന ഒരു ലേഡി ഡോക്ടർ ആ ആശുപത്രിയിൽ ഉണ്ടായിരുന്നു.

“ഏതായാലും വള്ളിയെ വിടേണ്ട , വൃത്തിയും വെടിപ്പുമുള്ള വേറൊരാളെ ഇവിടെ വീട്ടു ജോലിക്ക് കിട്ടില്ല”

 മറിയാമ്മ പറഞ്ഞു.

നാട്ടിലെ ജനം പെരുകി, കാടിന്റെ വിസ്തൃതി കുറഞ്ഞു കൊണ്ടിരുന്നു. കൂടാതെ ധാരാളം പാറ മടകളും പൊടുന്നനെ കാണാൻ തുടങ്ങി. ബവാലി പുഴയിൽ നിന്നും വാരിയെടുത്തുണ്ടായ മണൽ കൂനകൾ പുഴയുടെ തീരം ഉട നീളം കാണാൻ തുടങ്ങി. കാലം തെറ്റി പെയ്യുന്ന മഴ കൃഷിക്കാരെ വലക്കാൻ തുടങ്ങി.

സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങളുടെ എണ്ണം കൂടി. ചാക്കോച്ചൻ മിക്കവാറും ഏറു മാടത്തിലായി രാത്രി താമസം. നാരായണനോ  അനിയന്മാർ  ആരെങ്കിലുമോ  ഒപ്പം  ഉണ്ടാവും. നാരായണന്റെ  ഭാര്യയാവും  മിക്കവാറും മറിയാമ്മക്ക് രാത്രി കൂട്ട്. അവൾക്ക് അസൗകര്യമെങ്കിൽ വള്ളി കൂട്ടു കിടക്കും. അതേ ചൊല്ലി  ചന്തു  വലിയ വഴക്കുണ്ടാക്കി.

പ്രസവ  തീയതിക്ക്  മാസങ്ങൾക്കു  മുൻപേ  മറിയാമ്മ  ഒരു സിംഗർ തയ്യൽ മെഷിൻ വാങ്ങിയിരുന്നു. മറിയാമ്മക്ക് നന്നായി തയ്ക്കാനും അറിയാം. ചാക്കോച്ചൻ  ഇരിട്ടിയിൽ നിന്നും  വെളുത്ത  ഓയിൽ  തുണി വാങ്ങികൊണ്ടുവന്നു.  മറിയാമ്മ അതു വെട്ടി കുഞ്ഞുടുപ്പുകൾ തയ്യാറാക്കി. ചാക്കോച്ചന്റെ  പഴയ നേർത്ത ഡബിൾ  മുണ്ടുകൾ തുണ്ടുകളാക്കി അരികു തയ്ച്ചു  ഒരുക്കിവെച്ചു.

ഒരു ദിവസം സന്ധ്യക്ക് വിളക്കുമായി മറിയാമ്മ മുറ്റത്തേക്കിറങ്ങി. ചാക്കോച്ചൻ തിണ്ണയിൽ തന്നെ ഉണ്ടായിരുന്നു. ചാക്കോച്ചന്റെ വളർത്തു നായ ടൈഗർ മറിയാമ്മയോട് ഒപ്പമുണ്ട്.  പെട്ടെന്ന്

 “ചാക്കോച്ചായാ….”

 മറിയാമ്മയുടെ ഉച്ചത്തിലുള്ള നിലവിളി ചാക്കോച്ചന്റെ കാതിൽ മുഴങ്ങി. അതിനൊപ്പം അത്യുച്ചത്തിൽ കുരച്ചുകൊണ്ട് ടൈഗർ മുന്നോട്ട് ചാടിയതും ചാക്കോച്ചൻ  കണ്ടു.

(തുടരും)

26.06.26

Posted in

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading