ചാക്കോച്ചൻ വീടിന്റെ മുൻവശത്തെ തിണ്ണയിൽ ഇട്ടിരുന്ന ചാരു കസേരയിൽ കണ്ണുമടച്ചു കിടന്നു.  പുറത്തു ചന്നം പിന്നം മഴ പെയ്യുന്നുണ്ട്.  തലേന്നു രാത്രിയിൽ തുടങ്ങിയ മഴയുടെ ശക്തി അല്പം കുറഞ്ഞിരിക്കുന്നു.  പക്ഷെ ആരോടോ കെറുവിച്ചിട്ടെന്നപോലെ മാനം മൂടി കെട്ടിതന്നെ ഇരുന്നു ,  മഴയുടെ രൗദ്ര ഭാവം വീണ്ടും പ്രകടിപ്പിക്കാൻ ഒരു നിമിത്തത്തിനായി കാത്തിരിക്കുന്ന പോലെ. അതിനെ സ്വാന്തനിപ്പിക്കാനെന്നവണ്ണം ഒരു തണുത്ത കാറ്റു വീശി. പറമ്പിന്റെ അതിരിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ വെള്ളം കുത്തി ഒഴുകുന്ന ശബ്ദം തിണ്ണയിൽ കേൾക്കാം. കോഴിക്കൂടിന് അടുത്തു നിന്നിരുന്ന മുരിങ്ങയും കപ്പളവും ഒടിഞ്ഞു വീണിരിക്കുന്നു. പറമ്പിലെ കുറെ വാഴകളും നിലം പൊത്തിയിരിക്കുന്നത് വരാന്തയിൽ ഇരുന്നാൽ കാണാം. മറ്റു നഷ്ടങ്ങൾ എന്തൊക്കെയെന്ന് പണിക്കാർ വരുമ്പോൾ അറിയാം. മുറ്റത്ത് അങ്ങിങ്ങായി മഴവെള്ളം തളം കെട്ടി നിന്നു. കാറ്റടിച്ചു ധൂളിയായി മഴ വെള്ളം തിണ്ണയിലേക്ക് വന്നു. ചാക്കോച്ചൻ കഴുത്തിൽ ചുറ്റിയിരുന്ന മഫ്ലർ അഴിച്ചെടുത്തു തലയിൽ കെട്ടി.

മറിയാമ്മയുടെ ചൂടുംപറ്റി സോഫയിൽ വിശ്രമിക്കുക ആയിരുന്ന കിറ്റി പൂച്ച പെട്ടെന്ന് തിണ്ണയിലേക്കുവന്നു.  അവൾ തന്റെ മാസ്റ്ററിന്റെ അടുത്തേക്ക് വന്നത് സോയിക്ക് ഇഷ്ടപ്പെട്ടില്ല. അവൾ  റോട്ടുവീലറിന്റെ  തനതായ  രൗദ്രത്തോടെ  തല ഉയർത്തി കിറ്റിയെ രൂക്ഷമായി ഒന്നു നോക്കി.  കിറ്റി നിസ്സംഗ ഭാവത്തിൽ, വന്നപോലെതന്നെ  മറിയാമ്മയുടെ  അടുത്തേക്കു മടങ്ങി പോയി  സോഫയിൽ കിടന്നു .

അകത്തെ മുറിയിൽ മറിയാമ്മ ടീവി വെച്ചിട്ടുണ്ട്. അതിൽനിന്നു കേൾക്കുന്ന വയനാട്ടിലെ ദുരന്ത വാർത്ത ചാക്കോച്ചനെ അസ്വസ്ഥനാക്കി. പല പ്രാവശ്യം മറിയാമ്മ വിളിച്ചെങ്കിലും ആ ദൃശ്യങ്ങൾ കാണാൻ ചാക്കോച്ചൻ മുറിയിലേക്ക് പോയില്ല. ചാരു കസേരയിൽ കണ്ണടച്ചു കിടന്ന് ന്യൂസ് ശ്രദ്ധാപൂർവം കേൾക്കുക മാത്രം ചെയ്തു.

രണ്ടു വർഷം മുൻപ് ഏതാണ്ട് മൂന്നു കിലോമീറ്റർ മാത്രം ദൂരെ കുന്നിൻ ചെരിവിലെ ഗ്രാമത്തിൽ ഉണ്ടായ ഭയാനകമായ സംഭവം ചാക്കോച്ചന്റെ ഓർമയിലെത്തി. അന്നും ശക്തമായ മഴ ഉണ്ടായിരുന്നു. തുള്ളിക്കൊരു കുടം പോലെ പെയ്ത മേഘ വിസ്ഫോടനം. പെട്ടെന്നാണ് ഇടിമുഴക്കം പോലെ ഒരു ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയവർ കണ്ടത്,  ഒരു മല കലങ്ങി മറിഞ്ഞ വെള്ളത്തിൽ തങ്ങളുടെ നേരെ ഒഴുകി വരുന്നതാണ്.പാറകളും, മരങ്ങളും, മൃഗങ്ങളും എല്ലാം ആ പ്രവാഹത്തിൽ ഉണ്ടായിരുന്നു.

നേരം പുലർന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ആ ഗ്രാമം ഭൂമുഖത്തുനിന്നു തന്നെ അപ്രത്യക്ഷമായിരുന്നു. ചെളിയും പാറകളും മൂടിയ ഒരു മലഞ്ചെരിവു മാത്രം അവശേഷിച്ചു. എത്ര ആളുകളും അവരുടെ സമ്പത്തും ഒരു നിമിഷംകൊണ്ട് ഇല്ലാതായി. അറിയപ്പെടാതെ എത്ര ആളുകൾ എന്നന്നേക്കുമായി ആ മണ്ണിനടിയിൽ മൂടപ്പെട്ടിട്ടുണ്ടാവാം. എത്ര  സ്വപ്നങ്ങളാണ് ഒരു  നിമിഷത്തിൽ പൊലിഞ്ഞിട്ടുണ്ടാവുക. വർഷാ വർഷം  മുറ  തെറ്റാതെ എത്തുന്ന മഴക്കെടുതി ഒരു ഭാഗത്തല്ലെങ്കിൽ മറ്റൊരു ഭാഗത്തുള്ള കർഷകരെ ദുരിത കയത്തിൽ ആഴ്ത്തുന്നു.

പരിസ്ഥിതി  പ്രവത്തകർ  കർഷകന്റെ  അത്യാഗ്രഹം കൊണ്ട് വരുത്തി വെക്കുന്ന ദുരവസ്ഥ എന്നു പഴിക്കും,  രാഷ്ട്രീയക്കാർ  പൊള്ള വാഗ്ദാനങ്ങൾ കർഷകർക്കും ആദിവാസികൾക്കും നൽകും ,  പക്ഷെ വേണ്ട ഒത്താശകൾ ചൂഷണക്കാർക്കു  നൽകും.  മാറ്റമില്ലാത്ത  ദുരന്ത നാടകം എല്ലാ വർഷവും  അരങ്ങു  തകർക്കും.

ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഭാഗ്യവാന്മാർ തങ്ങളുടെ കദന കഥകൾ ടീവിയിൽ പറയുന്നുണ്ടായിരുന്നു. ചിലർ രാത്രിയിൽ ഇടിമുഴക്കം പോലെ ഒരു ശബ്ദം കേട്ടു വീടിനു വെളിയിലേക്കു വന്നു.  അതി ശക്തമായ മഴ.  ഉരുൾ പൊട്ടിയതാവാമെന്ന് അവർ സംശയിച്ചു.  മുഴക്കം കേട്ട നിമിഴം തന്നെ വൈദ്യുതി പോയിരുന്നു. വെളിയിലേക്കിറങ്ങിയവർ കുറ്റാക്കുറ്റിരുട്ടിൽ എങ്ങോട്ടു പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ ഉഴറി.

ശക്തമായ മഴ പെയ്തിരുന്നതിനാൽ ചിലർക്ക് ആ മുഴക്കം കേൾക്കാനോ തിരിച്ചറിയാനോ കഴിഞ്ഞില്ല. ചിലർ കൂകി വിളിച്ചു ആ വീട്ടുകാരെകൂടെ ഉണർത്താൻ ശ്രമിച്ചു.  

പള്ളിയിലേക്ക് ഓടിക്കോ അതാണ് സേഫ്. ടോർച്ചു മിന്നിച്ചുകൊണ്ട് ആരോ മുന്നിലോടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു . കുറേപ്പേർ കുട്ടികളെ ഒക്കത്തെടുത്ത് അയാളുടെ പിറകെ ഓടി. ചിലർ വിലപടിപ്പുള്ളത് കയ്യിലെടുക്കാമെന്ന് കരുതി തിരികെ വീട്ടിലിലേക്ക് കയറി. ചിലർ വൃദ്ധരായ മാതാപിതാക്കളെ  താങ്ങി പിടിച്ചു കൂടെ കൂട്ടാൻ വെമ്പി. ചിലർ ഓടുന്നതിനു മുൻപ് ആടുകളുടെയും പശുക്കളുടെയും കെട്ടഴിച്ചു വിട്ടു. കോഴിക്കൂടുകൾ തുറന്നിട്ടു.

നേരം പുലർന്നപ്പോഴാണ് തങ്ങൾ നേരിട്ട വിപത്തിന്റെ തീവ്രത രക്ഷപ്പെട്ടവർ മനസ്സിലാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ടവരും, വീടും, കൃഷിയും, വളർത്തുമൃഗങ്ങളും , എല്ലാം ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കരിങ്ങാച്ചിറ പാലം പൂർണമായും ഒലിച്ചു പോയിരിക്കുന്നു.പാലത്തിനും റോഡിനും മേലെ മഴ വെള്ളം കുത്തി ഒഴുകുന്നു. തലയിൽ കൈ വെച്ചവർ പള്ളി മുറ്റത്തു രക്ഷാ പ്രവർത്തകരെയും കാത്തിരുന്നു.

മറിയാമ്മ ടീവി ഓഫ് ചെയ്തിട്ട് അടുക്കളയിലേക്ക് പോയി.

ചാക്കോച്ചന് പ്രായം എൺപത്തി രണ്ട് കഴിഞ്ഞിരുന്നു. അങ്ങിനെ കാര്യമായ വലിയ അസുഖങ്ങൾ ഒന്നുമില്ല. വർഷങ്ങളായി മണ്ണിനോടും, പ്രതികൂല കാലാവസ്ഥയോടും, കാട്ടു മൃഗങ്ങളോടും പോരടിച്ചു നേടിയ മനക്കരുത്തുണ്ട്, വേണ്ടുവോളം. സാധാരണ കർഷകരിൽ കാണാത്ത വായനാ ശീലവും ചാക്കോച്ചനുണ്ട്. അതുകൊണ്ടു തന്നെ ആരെയും കൂസാത്ത പ്രകൃതവും, ഉറച്ച നിലപാടുകളും,  ചാക്കോച്ചനുണ്ട്. .

രണ്ടാം ലോക മഹായുദ്ധത്തിന്റെ മൂർദ്ധന്യതയിലായിരുന്നു ചാക്കോച്ചന്റെ ജനനം, കാഞ്ഞിരപള്ളിയിൽ.  ആറ്റം ബോംബിൽ തകർന്നടിഞ്ഞ ജപ്പാൻ കീഴടങ്ങുന്നതിന് മൂന്നു വർഷം മുൻപ്. ക്വിറ്റ് ഇന്ത്യ സമരകാലത്ത്.

തിരുവിതാംകൂർ ആകെ പട്ടിണിയിൽ പൊറുതി മുട്ടിയിരുന്ന കാലം. യുദ്ധത്തിന് മുൻപുതന്നെ തിരുവിതാംകൂറിൽ  നെല്ലിന് കുറവുണ്ടായിരുന്നു.  ബ്രിട്ടീഷുകാർ ബർമയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന താഴ്ന്നതരം റേഷൻ  അരി  വാങ്ങിയാണ് ആളുകൾ ഒരുവിധം കഴിഞ്ഞിരുന്നത്. ആളൊന്നുക്ക് വെറും മൂന്ന് ഔൺസ് അരിയായിരുന്നു ബ്രിട്ടീഷ് സർക്കാർ വക പ്രതി ദിന റേഷൻ.  എന്നാൽ ജപ്പാൻ ബർമ്മ കീഴടക്കിയതോടെ ആ അരിയുടെ വരവു നിന്നു.  

കണ്ണിൽ ചോരയില്ലാത്ത ബ്രിട്ടീഷുകാർ നാട്ടിൽ വിളഞ്ഞിരുന്ന അരി മാത്രമല്ല മറ്റു കാർഷിക വിളകൾ കൂടി യുദ്ധ മുഖത്തേക്ക് അയക്കാൻ തുടങ്ങി.  ഫലം,  നാട്ടിൽ കൊടും പട്ടിണി. അതിന്റെ കൂടെ അതി ഭയങ്കരമായ വില കയറ്റവും. അരിയാഹാരം ശീലിച്ചിരുന്ന നാട്ടുകാർക്ക് ഒന്നും ഭക്ഷിക്കുവാൻ ഇല്ലാത്ത അവസ്ഥ. എല്ലാവരും തങ്ങളുടെ തുണ്ട്  ഭൂമികളിൽ  കപ്പ  കൃഷി  ചെയ്യുവാൻ തുടങ്ങി. അക്കാലത്തു കപ്പയാണ് തിരുവതാം കൂറിനെ ബംഗാളിൽ സംഭവിച്ചത് പോലെയുള്ള കൊടിയ പട്ടിണി മരണങ്ങളിൽ  നിന്നും രക്ഷിച്ചത്.

വലിയ കുടുംബം ആയിരുന്നു ചാക്കോച്ചന്റെ അപ്പൻ കറിയാച്ചന്റെ. എല്ലാവർക്കും കൂടെ കാഞ്ഞിരപ്പള്ളിയിലെ തറവാട്ടിൽ കഴിയാൻ ആ ക്ഷാമ കാലത്തു ബുദ്ധിമുട്ടായപ്പോൾ, തന്റെ ഭാര്യയും മകനുമായി കറിയാച്ചൻ ചങ്ങനാശ്ശേരിക്ക് താമസം മാറി. കുടുംബക്കാരിൽ തന്റേടികളായ ചിലർ മലബാറിലേക്ക് കുടിയേറി.  അക്കാലത്തു മലബാർ  മദ്രാസ് പ്രെസിഡെൻസിയുടെ  ഭാഗമായിരുന്നു.  മിക്കവാറും സ്ഥലങ്ങൾ ജന്മിയുടെയോ വാഴുന്നോരുടെയോ അധീനതയിലുള്ള കൊടും കാട്. ഭൂമിക്ക് വിലയും വളരെ കുറവായിരുന്നു.

കറിയാച്ചൻ സ്വതന്ത്ര ഇന്ത്യയിൽ സാവധാനം ജീവിതം കരുപിടിപ്പിച്ചു. അധ്വാനിയായ നല്ല കർഷകനായിരുന്നു അയാൾ . കൃഷിയുടെ കൂടെ കുറി കമ്പനിയും ചെറിയ കച്ചവടവും. കാലക്രമത്തിൽ ചാക്കോച്ചന് രണ്ട് അനിയത്തിമാരെയും മൂന്ന് അനിയന്മാരെയും കിട്ടി.

1956ലെ കേരള  പിറവിയിലൂടെ   മലബാർ കേരളാ സംസ്ഥാനത്തിന്റെ ഭാഗമായി. ചട്ടമ്പി സ്വാമികളുടെയും ,  ശ്രീ നാരായണഗുരുവിന്റെയും , അയ്യങ്കാളിയുടെയും, വക്കം മൗലവിയുടെയും ,  കേളപ്പന്റെയും, വി ടി ഭട്ടതിരിപ്പാടിന്റെയും , എല്ലാം സാമൂഹിക പ്രവർത്തങ്ങളിലൂടെയും ക്രിസ്ത്യൻ മിഷനറി മാരുടെ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തങ്ങളിലൂടെയും കേരളം ഇന്ത്യ യിലെ മറ്റു സംസ്ഥാനങ്ങളെയുംകാൾ വളരെ പുരോഗതി നേടിയിരുന്നു.

അതോടൊപ്പം സ്വതന്ത്ര ചിന്താഗതിയും കമ്മ്യൂണിസവും കേരളത്തിൽ ആഴത്തിൽ വേരോടി . ജനങ്ങൾ അവരുടെ അവകാശങ്ങളെ കുറിച്ചു ബോധവാൻമാർ ആയിരുന്നു . കൃഷിയുടെ കൂലി ചെലവ് കുത്തനെ വർദ്ധിച്ചു. നല്ല വിത്തുകളുടെയും, ജലസേചനത്തിന്റെയും  അഭാവത്തിൽ മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയും, വളത്തിന്റെ  ഉയർന്ന  വിലയും കൃഷി നഷ്ടത്തിലാക്കി. യുദ്ധം അവസാനിച്ചതോടെ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത വർദ്ധിച്ചപ്പോൾ കാർഷിക ഉത്പന്നങ്ങളുടെ വില കുറഞ്ഞു , കർഷകർ കടക്കെണിയിലായി.

ആറു  മക്കളുടെ പഠന ചിലവും വീട്ടു ചിലവും താങ്ങാനാവാതെ കറിയാച്ചൻ കുഴങ്ങി.

1957ൽ  ലോകത്താദ്യമായി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട  ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ  കേരളത്തിൽ EMS ന്റെ നേതൃത്ത്വത്തിൽ അധികാരത്തിൽ വന്നു. കേരളം ലോകത്തിന്റെ  ശ്രദ്ധാകേന്ദ്രമായി. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് പുതിയ ഒരു ആത്മ വിശ്വാസം കൈവന്നതുപോലെയായി. കുടിയന്മാർക്ക് ഭൂമിയിലുള്ള തങ്ങളുടെ അവകാശങ്ങൾക്കും, കൂലി വാർദ്ധനവിനും, ചൂഷണത്തിനും എതിരെ പൊരുതുവാൻ ആത്മവിശ്വാസം വന്നു. തൊഴിൽ സമരങ്ങളിൽ ഇടപെടുവാൻ സർക്കാർ പോലീസിനെ വിലക്കി.   

സർക്കാർ കൊണ്ടുവന്ന രണ്ടു ബില്ലുകൾ വ്യാപകമായ പ്രതിഷേധം മുന്നോക്ക സമുദായങ്ങളിൽ ഉണ്ടാക്കി.  മുണ്ടശ്ശേരി മാഷിന്റെ വിദ്യാഭ്യാസ   ബിൽ ക്രിസ്ത്യൻ സഭകളെയും, NSS നെയും, മുസ്ലിം ലീഗിനെയും സർക്കാരിന്റെ  ശത്രു പക്ഷത്താക്കി. വിദ്യാഭ്യാസ മേഖലയിലുള്ള തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമെന്നും സർക്കാർ തങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കുമെന്നും അവർ ഭയന്നു.  ലാൻഡ് റീഫോം ബിൽ    ജാതിമത ഭേദമില്ലാതെ എല്ലാ വലിയ ഭൂ ഉടമകളെയും ബാധിക്കുന്ന ഒന്നായിരുന്നു .  തങ്ങളുടെ ഭൂമി മിച്ച ഭൂമിയായി മുദ്രകുത്തി സർക്കാർ പിടിച്ചെടുക്കുമെന്ന് അവർ ഭയന്നു.  മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ കേരളം ഒരു വലിയ സമര ഭൂമിയായി. സർക്കാർ ഉരുക്കു മുഷ്ടിയോടെ സമരത്തെ നേരിട്ടു.

തന്റെ കുടുംബം മാന്യമായി പുലർത്താൻ രാപകലില്ലാതെ അധ്വാനിച്ചിരുന്ന അഭിമാനിയായ കറിയാച്ചന് ഈ സമരങ്ങളിലൊന്നും വലിയ താല്പര്യം ഇല്ലായിരുന്നു. പള്ളിയിൽ നിന്നും വലിയ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും കറിയാച്ചൻ സമരത്തിൽനിന്നും ഒഴിഞ്ഞു നിന്നു.

ഒരു അടുത്ത ബന്ധുവിന്റെ വിവാഹത്തിന് അങ്കമാലിയിൽ പോയ ഒരു ദിവസമാണ് കറിയാച്ചൻ ആ ഭീകര ദുരന്തം നേരിൽ കണ്ടത്.

(തുടരും

26.06.26

Posted in

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading