ഒരു ദിവസം വൈകുന്നേരം അയാൾ ഒരു തീരുമാനം എടുത്തു. തനിക്ക് ഏറ്റവും സംതൃപ്‌തി കിട്ടിയെന്നു സ്വയം  തോന്നുന്ന ഒരു ദിവസം തന്റെ  ഈ ജീവിതം അങ്ങ് അവസാനിപ്പിക്കണം. മരിക്കുമ്പോൾ തൃപ്തിയോടെ മരിക്കാം, എന്നയാൾ കരുതിയെന്നേയുള്ളൂ.

ആ തീരുമാനം എടുക്കുമ്പോൾ അയാൾ മൂന്നു ലാർജ് കഴിച്ചിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷെ അയാളുടെ  ഈ തീരുമാനത്തെ അത് ഒരു വിധത്തിലും  സ്വാധീനിച്ചിട്ടില്ല.

അല്ലെങ്കിലും മദ്യപിച്ചതുകൊണ്ട് ആരെങ്കിലും ആത്മഹത്യചെയ്യാം എന്നു കരുതുമോ.

ആ തീരുമാനം, പൊടുന്നനെ ഉണ്ടായ എന്തെങ്കിലും വികാര വിക്ഷോഭത്തിൽ നിന്നോ  അല്ലെങ്കിൽ ഒരു ജീവിത നൈരാശ്യത്തിൽനിന്നോ ഉണ്ടായതുമല്ല. വാസ്തവത്തിൽ അയാളുടെ അക്ഷമയായിരുന്നു അങ്ങനെ ഒരു തീരുമാനത്തിൽ എത്താനുള്ള കാരണം.

ലോകത്തിന്റെ ദൃഷ്ടിയിൽ അയാൾ ജീവിതത്തിൽ വിജയം നേടിയ ആളാണ്. മറ്റുള്ളവർ നേടുവാൻ ആഗ്രഹിക്കുന്ന മിക്കവാറും സൗഭാഗ്യങ്ങൾ ഇന്നയാൾക്കുണ്ട്. സാധാരണ ആളുകൾക്ക് എത്ര നേടിയാലും വീണ്ടും വീണ്ടും കൂടുതലായി നേടണമെന്ന് തോന്നും. ആദ്യമൊക്കെ അയാളും അങ്ങിനെതന്നെ ആയിരുന്നു താനും.  ജീവിതത്തിന്റെയും  പ്രകൃതിയുടെയും നിഗൂഢമായതകൾ അയാളുടെ മുന്നിൽ ചുരുൾ അഴിയുംതോറും,  പക്ഷെ ഭൗതികമായി കൂടുതൽ നേടണമെന്നുള്ള ആ  മോഹം കുറഞ്ഞു കുറഞ്ഞു  മിക്കവാറും ഇല്ലാതായി.

മാത്രമല്ല കടലിലെ ഓളവും കരളിലെ മോഹവും ഒരിക്കലും അടങ്ങുകില്ലെന്ന വയലാറിന്റെ കാഴ്ചപ്പാട് അയാളെ വല്ലാതെ സ്വാധീനിക്കുകയും ചെയ്തിരുന്നു.

 കുടുംബക്കാരും സുഹൃത്തുക്കളുമായി ഒരു അകലം പാലിച്ചിരുന്നതുകൊണ്ട് അയാളുടെ വ്യക്തി ജീവിതത്തിലെ അസ്വാരസ്യങ്ങൾ പുറം ലോകം അറിഞ്ഞിരുന്നതുമില്ല .

അല്ലെങ്കിലും അസ്വാരസ്യങ്ങൾ ഇല്ലാത്ത കുടുംബ ജീവിതം ആർക്കാണ് ഉള്ളത്.

മനുഷ്യർ ജീവിക്കുന്നത് ഭൂത കാലത്തിൽ മാത്രമാണ്. ഇന്നു നടക്കാൻ പോകുന്ന കാര്യങ്ങളെ പോലും മനുഷ്യർക്ക് അറിയുവാനും സ്വാധീനിക്കുവാനും കഴിയുന്നില്ല. പിന്നല്ലേ നാളത്തെ കാര്യം. എങ്കിലും ഭാവി അറിയുവാനുള്ള ത്വര കൊണ്ടും, അതെപ്പോഴും നല്ലതായിരിക്കും എന്ന പ്രതീക്ഷ കൊണ്ടും, മനുഷ്യൻ ചിരഞ്ജീവിയായി ഇരിക്കുവാൻ  മോഹിക്കുന്നു.

ഇത് മനുഷ്യരാശിയോടുള്ള  പ്രകൃതിയുടെ ഒരു തരം അനീതി ആണെന്ന് അയാൾക്കു തോന്നുന്നു. പ്രകൃതിയുടെ നിയമങ്ങൾ അനുസരിച്ചു ജീവിക്കുവാൻ തക്കവണ്ണം മാത്രം ബുദ്ധിയും പ്രാപ്തിയും  തന്ന് ഭ്രമിപ്പിച്ചു, ഇവിടെ ജീവിക്കാൻ മനുഷ്യനെ നിർബന്ധിക്കുക. എന്നാൽ അതിന്റെ ഉള്ളു കളികൾ മനുഷ്യനിൽ നിന്നും മറച്ചു പിടിക്കുക.

“ഇത് മനുഷ്യനെ അജ്ഞതയുടെ ചരടിൽ കെട്ടിയിട്ടു രസിക്കുന്ന പ്രകൃതിയുടെ ഒരു തരം ക്രൂരവിനോദം അല്ലേ”?

അയാൾ സ്വയം ചോദിച്ചു.

മതങ്ങൾ പറയുന്ന തരത്തിലുള്ള ദൈവവും ദൈവ നീതികളും അയാളിൽ ഒരിക്കലും താല്പര്യം സൃഷ്ടിച്ചിട്ടില്ല.

പ്രകൃതിയുടെ നിഗൂഢതകൾ  തേടിയുള്ള ഒരു യാത്രയിലായയിരുന്നു അയാൾ ഇത്രയും കാലം. അതിൽ അയാൾ വളരെ മുന്നേറുകയും ചെയ്തിരുന്നു. നൂതനമായിരുന്നു അയാളുടെ ചിന്തകൾ. വിപ്ലവകരമായിരുന്നു അയാളുടെ കണ്ടെത്തലുകൾ.

പക്ഷെ  ഒച്ചിഴയുന്ന വേഗത്തിലുള്ള ശാസ്ത്രത്തിന്റെ പുരോഗതിയിൽ അയാൾക്ക് അക്ഷമ തോന്നി. ഇനിയും എത്ര ജന്മങ്ങൾ കഴിഞ്ഞാവും മനുഷ്യന് എന്തെങ്കിലും ഒരു ധാരണ ഇതിൽ   ഇതിലുണ്ടാവുക.

പ്രകൃതിയുടെ നിഗൂഡ്ഡതകൾ മുഴുവൻ എന്നെങ്കിലും മനുഷ്യർ മനസ്സിലാക്കും  എന്നൊരു ഉറപ്പൊട്ടില്ല താനും.

ഭൂതവും  വർത്തമാനവും ഭാവിയുമെല്ലാം മനുഷ്യന്റെ പരിമിതമായ ഇന്ദ്രിയങ്ങൾ സൃഷ്ടിക്കുന്ന വ്യാമോഹം മാത്രമാണെന്ന് അയാൾ ഓർത്തു. പ്രകൃതി സമയത്തിന്റെ തടവറയിലാണ് മനുഷ്യനെ  ഇട്ടിരിക്കുന്നത്. ആ തടവറയുടെ വാതിൽ പൊളിക്കാനുള്ള ഒരേയൊരു താക്കോൽ മരണമാണ്.പ്രകൃതി അടിച്ചേൽപ്പിക്കുന്ന കർശന നിയമങ്ങളിൽ നിന്നും മോചിതനായി അതിന്റെ രഹസ്യം മനസ്സിലാക്കണം. അങ്ങിനെ മനുഷ്യനെ ഭ്രമിപ്പിച്ച് വരുതിയിലാക്കി രസിക്കുന്ന പ്രകൃതിയെ തോൽപിക്കണം. മരണമാണ് അതിനുള്ള ഏക മാർഗം. ആ ബോധ്യം അയാളിൽ പൊട്ടി മുളച്ചു.  

“ഇന്നത്തെ ദിവസം എങ്ങിനെ ഉണ്ടായിരുന്നു”.

അന്നത്തെ തന്റെ ദിവസത്തെ വിശകലനം ചെയ്തിട്ട്  അയാൾ സ്വയം ചോദിച്ചു.

“നന്നായിരുന്നു”

അയാൾ സ്വയം മറുപടിയും പറഞ്ഞു.

പിന്നെ എന്തിനു കാക്കണം. അയാൾ അക്ഷമനായി.

പാതി പൂർത്തിയാക്കി തന്റെ സ്റ്റഡി ടേബിളിൽ വെച്ചിരുന്ന പ്രബന്ധത്തിലേക്ക് അയാൾ നോക്കി. വർഷങ്ങളുടെ ഗവേഷണം കൊണ്ട് പ്രകൃതിയുടെ ഒരു ചെറിയ താൾ മാത്രമാണ് തനിക്ക് മറിച്ചുനോക്കാൻ കഴിഞ്ഞത്. ശാസ്ത്രത്തിന്റെ മൊത്തത്തിലുള്ള നേട്ടവും അങ്ങിനെയൊക്കെ തന്നെ. ബാക്കി താളുകൾ വായിച്ചുതീർക്കാൻ ശാസ്ത്രത്തിന്റെ ഒച്ചിഴയുന്ന വേഗത പോരാ.

ഐൻസ്റ്റീൻ പറഞ്ഞതുപോലെ, “സമയം എന്നത് വെറുമൊരു തോന്നൽ മാത്രമാണെങ്കിൽ”,

ആ തോന്നലിന് അപ്പുറമുള്ള നിത്യതയിലേക്ക് കടന്നുചെല്ലാൻ ഇനി കാത്തിരുന്നിട്ട് കാര്യമില്ല.

നിരീക്ഷണത്തിലൂടെ മാത്രമേ സാദ്ധ്യതകൾ സാക്ഷാത്കരിക്കപ്പെടൂ  എന്ന് ശാസ്ത്രം പറയുന്നു. എങ്കിൽ നിരീക്ഷകൻ  ഇല്ലാത്ത ലോകം എങ്ങിനെയായിരിക്കും ? മിഥ്യ ? അതിന് ഒരു നിരീക്ഷകൻ അല്ലാതാവണം. അതിനുള്ള മാർഗവും മരണം തന്നെ.

അയാൾ അലമാര തുറന്നു. കുപ്പിയിലുണ്ടായിരുന്ന ഉറക്ക ഗുളികൾ പൊടിച്ച് ഡ്രിങ്കിലേക്കിട്ടു.  ഗ്ലാസിലെ ലഹരിയിലേക്ക് ഉറക്ക ഗുളികകളുടെ ധൂളികൾ  അലിഞ്ഞുചേരുമ്പോൾ അയാളിൽ ഭയമല്ല, മറിച്ച് പ്രകൃതിയുടെ അവസാനത്തെ രഹസ്യം അറിയാൻ പോകുന്ന ഒരു കൊച്ചുകുട്ടിയുടെ ആകാംക്ഷയായിരുന്നു.

പിന്നെ ഒറ്റ വലിക്ക് ഡ്രിങ്ക് അകത്താക്കിയിട്ട്,   അയാൾ കട്ടിലിൽ പോയി കിടന്നു.

പ്രശസ്ത ശാസ്ത്രജ്ഞന്റെ  ആത്മഹത്യ ആയിരുന്നു  പിറ്റേന്ന് രാവിലെ ചാനലുകൾ ആഘോഷിച്ചത്. നിഗൂഡ്ഡമായ ആ ആത്മഹത്യയുടെ ചുരുളഴിക്കുവാൻ അവർ പരസ്പരം മത്സരിച്ചു. പക്ഷേ അതൊരു സമസ്യയായി തന്നെ അവശേഷിച്ചു.

Author: Jarard Thomas

Date: 21.08.26.

Posted in

One response to “നീഗൂഢമായ ഒരു ആത്മഹത്യ”

  1. smith pulikkal Avatar
    smith pulikkal

    Well written, studying the scientific role of human life, philosophically.
    Smith

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading