കുട്ടി കിടന്നിരുന്ന മുറിയുടെ ജനാല പാതി തുറന്നിരുന്നു. ആ ജനാലപാളി  പാതി തുറന്നിരിക്കുന്ന വിധം അതിൽ കുറ്റിയും കൊളുത്തും പിടിപ്പിച്ചിരുന്നത് കൊണ്ടാണ് അത് എപ്പോഴും അങ്ങിനെതന്നെ ഇരുന്നിരുന്നത്. അത് പുറം കാഴ്ചയെ പാതി മറച്ചിരുന്നെങ്കിലും , കാറ്റിലും, മഴയിലും, വെയിലിലും അത് കുട്ടിക്ക് കുറച്ചൊരു ആശ്വാസം ആയിരുന്നു.

മഴക്കാലം ആയിരുന്നതുകൊണ്ട് പ്രഭാതത്തിൽ തന്നെ മാനത്ത് കാർമേഘങ്ങൾ  നിറഞ്ഞിരുന്നു. ജനാലയിൽകൂടെ കടന്നു വന്ന ഇടി മിന്നൽ കുട്ടിയെ അലോസരപ്പെടുത്തി. അവൾ ഉറക്കത്തിൽ നിന്നും ഉണർന്നു. എങ്കിലും കുട്ടി കണ്ണുകളടച്ചു തെല്ലൊരു ഭയത്തോടെ കിടക്കയിൽ തന്നെ കിടന്നു.

അതൊരു ഇലക്ഷൻ കാലമായിരുന്നു.

ഒരു പ്രചാരണ വാഹനത്തിൽനിന്നും വന്ന പ്രഭാഷണം അവളുടെ ചെവിയിൽ എത്തി. വരാൻ പോകുന്ന നല്ല കാലത്തെ കുറിച്ചുള്ള മധുരതരമായ വിവരണം ആയിരുന്നു അത്. അതിൽ പ്രകൃതിയുടെയും അതിലെ സർവ ചരാചരങ്ങളുടെയും, മനുഷ്യന്റെയും , ദൈവങ്ങളുടെയും രക്ഷാ മാർഗങ്ങൾ ഉണ്ടായിരുന്നു. അതവളെ സന്തോഷിപ്പിച്ചു.

ദയാഭായി ഉറക്കമുണർന്ന് തന്റെ മുറിയിൽനിന്നും കുട്ടിയുടെ മുറിയിലേക്ക് നടന്നു.

കഴിഞ്ഞ തവണ അയാൾ വന്നപ്പോൾ ദയാഭായി അയാളോട് തീർത്തു പറഞ്ഞതാണ്,

“കുട്ടികളോട് ഇങ്ങിനെ ചെയ്യുന്നത് ക്രൂരതയാണ്, ഇനി എന്നെക്കൊണ്ട്  ഈ പണി ചെയ്യാൻപറ്റില്ല”.

അയാൾ ദയാഭായിയെ നോക്കി ചിരിച്ചു. ആ ചിരിയിൽ സ്വാർത്ഥത ഒളിപ്പിച്ചുവെച്ച ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു. അയാൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.

” അവൾക്കിവിടെ എന്താണൊരു കുറവ്? അവളുടെ രക്ഷ ശക്തമായ നിന്റെ കരങ്ങളിൽ സുരക്ഷിതമല്ലേ ? നിന്റെ സുരക്ഷ എൻറെ കരങ്ങളിലും”.

സെക്യൂരിറ്റി ഗാർഡ് തുറന്ന് പിടിച്ച വാതിലിലൂടെ കാറിലേക്ക് കയറുമ്പോഴും അയാളുടെ മുഖത്തെ നിഗൂഡ്ഡമായ ചിരി മാഞ്ഞിരുന്നില്ല.

കുട്ടിയുടെ മുറിയിലെത്തിയ ദയാഭായി അവളെയും കൂട്ടി ബാത്റൂമിലേക്ക് നടന്നു. കുട്ടി മടിച്ചു നിന്നപ്പോൾ അവളുടെ തലയിൽ നല്ല കിഴുക്കു കൊടുത്തു .കുട്ടിയെ കുളിപ്പിച്ച് വില കൂടിയതല്ലെങ്കിലും ഭംഗിയുള്ള ഉടുപ്പ് അണിയിച്ചു. കുട്ടിയുടെ ശരീരത്തിലും മുഖത്തും വാസന തൈലങ്ങളും പൗഡറും പൂശി, ചാന്തുപൊട്ട് തൊടുവിച്ചു. വാൽ  കണ്ണാടിയിൽ അവളുടെ മുഖം കാണിച്ചു കൊടുത്തിട്ട് ദയാഭായി അവളോടു പറഞ്ഞു

“നോക്കൂ നീ എത്ര സുന്ദരി ആയിരിക്കുന്നു. ഈ ഉടുപ്പും, ചാന്തു പൊട്ടുമൊക്കെ നിന്റെ മാമൻ കൊടുത്തയച്ചതാണ്, നീ സന്തോഷമായിരിക്കണം, അതു മാത്രമാണ് നിന്റെ മാമന് വേണ്ടത്. ചിലപ്പോൾ ഇത്തവണ വേറൊരു മാമനെ അയക്കുമത്രേ, അങ്ങിനെയെങ്കിൽ തീർച്ചയായും അടുത്ത തെരഞ്ഞെടുപ്പ് ഉത്സവത്തിന് മാമൻ തന്നെ വരുമെന്നും പറഞ്ഞു “

കുട്ടി വാൽ കണ്ണാടിയിൽ തന്റെ മുഖം നോക്കി.

“താനെത്ര സുന്ദരിയായിരിക്കുന്നു”.

അവൾ തന്നോടുതന്നെ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ യാതനകൾ കുട്ടി മറന്നു. കഴിഞ്ഞ തവണ മാമൻ തന്റെ ശരീരത്തിൽ നടത്തിയ പരാക്രമങ്ങളുടെ വേദന കുട്ടി മറന്നു.

അവൾ ദയാഭായി കൊടുത്ത കാപ്പിയും കുടിച്ച് മാമനെയും കാത്തിരിപ്പായി. അപ്പോൾ അവളുടെ ചിന്ത മാമൻ തനിക്കു തരാൻ പോകുന്ന സമ്മാനങ്ങളെ കുറിച്ചായിരുന്നു.

Jarard Thomas

23.07.26.

Posted in

3 responses to “കുട്ടികൾ”

  1. Ramesh Krishnan Avatar
    Ramesh Krishnan

    Power

  2. Ramesh Krishnan Avatar
    Ramesh Krishnan

    Powerful, brevity used effectively

  3. LEELU JOSE Avatar
    LEELU JOSE

    Continue👍👍

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading