Please play the audio for an enhanced reading experience.

“ഞാൻ പോകട്ടെ വിജയ്”, എന്നു വ്യസനത്തോടെ യാത്ര ചോദിച്ചിട്ട് ഷേർളി അന്ന് റെസ്റ്റാറ്റാന്റിൽ നിന്നും ഇറങ്ങിയതാണ്, അയാളുടെ മറുപടിക്കു കാത്തു നിൽക്കാതെ.

അയാൾ കുറെ സമയം കൂടി അന്ന് റസ്റ്ററന്റിൽ ഇരുന്നു, എന്ത് ചെയ്യണമെന്ന് അറിയാതെ, നിസ്സഹായതയോടെ, കായലിലേക്ക്, അതിന്റെ മുകളിലെ  ആകാശത്തേക്ക്, കണ്ണും നട്ട്.

അന്ന് നല്ല നിലാവുള്ള രാത്രിയായിരുന്നു. പൂർണ്ണ ചന്ദ്രബിംബം  ഒരു മേഘത്തിന്റെ മറവിൽനിന്നും പുറത്തു വരുവാൻ വെമ്പൽ കൊള്ളുന്നതുപോലെ  അയാൾക്ക് തോന്നി. ഒരു നിമിഷം കൂടെ ഭൂമിയുടെ കാണാമറയാതിരിക്കാൻ ചന്ദ്രനു കഴിയാത്തതു പോലെ…

ഒരിക്കൽ ചന്ദ്രൻ ഭൂമിയുടെ ഭാഗമായിരുന്നുവെന്ന് അയാൾ വായിച്ചിട്ടുണ്ട്. നാനൂറ്റമ്പതു കോടി വർഷം മുൻപ് തീയാ എന്ന് പേരുള്ള ഒരു ഭീമൻ ഗ്രഹം ഭൂമിയെ ചീന്തി കടന്ന് പോയത്രേ. ചീന്തി എറിയപ്പെട്ട ആ കഷണം ചന്ദ്രനായി ഭൂമിയെ ചുറ്റി തിരിയുകയാണത്രെ.

 ആരാണ്, എന്തിനാണ് സുജയെ തന്നിൽനിന്നും അകാലത്തിൽ ചീന്തിയെറിഞ്ഞത്?

 അയാൾ വീണ്ടും കായൽ പരപ്പിന് മുകളിലെ ആകാശത്തേക്ക് നോക്കി. ചന്ദ്രൻ അപ്പോൾ കാർമേഘത്തിൽ നിന്നും പുറത്തു കടന്നിരുന്നു. അവിടവിടെയായി മാനത്തു കുറെ  നക്ഷത്രങ്ങളെയും  കാണായി. അതിൽ ഏതിലായിരിക്കും സുജ, അയാൾ വെറുതെ ഓരോ നക്ഷത്രത്തിലേക്കും മാറി മാറി നോക്കി.

“ആ കുട്ടിയെ എന്തെങ്കിലും പറഞ്ഞു ഒന്നാശ്വസിപ്പിക്കാൻ വയ്യായിരുന്നോ”? സുജ അയാളോട് ചോദിക്കുന്നതുപോലെ അയാൾക്കു തോന്നി.

പിറ്റേ ദിവസം അയാൾക്ക് ഒരു ഡൽഹി യാത്ര ഉണ്ടായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് മടങ്ങി എത്തിയത്. സന്ധ്യ ആയപ്പോൾ ഷേർളിയെ  ഒന്ന് വിളിക്കാമെന്ന് അയാൾക്ക് തോന്നി. ഷേർളിയെ ആദ്യം ഫോണിൽ കിട്ടിയില്ല. പിന്നീട് തിരിച്ചുവിളിച്ചു. താൻ ഒരു മീറ്റിംഗിൽ ആയിരുന്നുവെന്നു ഒരു  ക്ഷമാപണത്തോടെ അവൾ പറഞ്ഞു. നല്ല സുഖമില്ലാതിരുന്നത് കൊണ്ട് രണ്ടു ദിവസം ലീവ് ആയിരുന്നെന്നും, ഇപ്പോൾ ബെറ്റർ ആയെന്നും ഷേർളി പറഞ്ഞു. തന്റെ ഡൽഹി യാത്രയെ പറ്റി അയാളും പറഞ്ഞു.

അടുത്ത ആഴ്ച അയാൾ വിളിച്ചപ്പോൾ ഷേർളി പഴയതുപോലെ പ്രസന്നയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഡിന്നറിനു  കാണാമെന്ന് അവർ തീരുമാനിച്ചു.

“എനിക്കൊരു   പിസാ മതി.” അവർ റെസ്റ്റോറന്റിൽ കണ്ടുമുട്ടിയപ്പോൾ  അയാൾ ആദ്യമേ പറഞ്ഞു.

“എങ്കിൽ ഞാനും പിസാ കഴിക്കാം. ഷേർലി വെയ്റ്ററിനു ഒരു ലാർജ് പിസാ ക്കു ഓർഡർ കൊടുത്തു.

“വൈഷ്ണവി സുഖമായിരിക്കുന്നോ? അവർ കാലിഫോർണിയയിൽ തന്നെയല്ലേ?” ഷേർലി  അയാളുടെ മകളുടെ വിവരങ്ങൾ തിരക്കി.

“മോളും മാത്യുവും സുഖമായിരിക്കുന്നു. അവരുടെ ഭാഷയിൽ പറഞ്ഞാൽ അടിച്ചു പൊളിക്കുന്നു.”

“അവർ രണ്ടാളും IIT യിൽ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു അല്ലേ?”

മുരളി പറഞ്ഞു വൈഷ്ണവിയുടെ വിവാഹ കാര്യം ഷേർളി അറിഞ്ഞിരുന്നു.

വിജയ് മറുപടിയൊന്നും പറഞ്ഞില്ല.

വൈഷ്ണവിയുടെ പരാമർശം അയാളെ പൂർവ കാല സ്മരണകളിലേക്കു കൊണ്ടുപോയി .

സുജയുടെ അസുഖം കൺഫേം  ചെയ്ത സമയം. അയാൾ പ്രതീക്ഷിച്ചതിലും വളരെയധികം സമചിത്തതയോടെയാണ് സുജ അസുഖ വിവരം ഉൾക്കൊണ്ടത്. പക്ഷെ വൈഷ്ണവിയുടെ കാര്യത്തിലെ  ഉത്കണ്ഠ അവൾ മറച്ചുവെച്ചില്ല. USA യിലുള്ള മകളെ എങ്ങിനെ പെട്ടെന്നൊരു വിവാഹത്തിനു സമ്മതിപ്പിക്കും. എന്നാൽ അവളുടെ കല്യാണം നടന്നു കാണണമെന്ന് വലിയ ആശയും. വൈഷ്ണവിയെ അവർ വിവരമൊന്നും അറിയിച്ചിരുന്നില്ല. സാവധാനം അറിയിക്കാമെന്ന് കരുതി. അധികം വൈകിയ്ക്കേണ്ടെന്ന് അയാൾക്ക് മനസ്സിൽ തോന്നിയിരുന്നെങ്കിലും.

 അപ്പോഴാണ് സുജക്ക് ഏറെ ആശ്വാസകരമായി ആ ഫോൺ കാൾ എത്തിയത്.

പതിവുപോലെ വൈഷ്ണവി അമ്മയെ വിളിച്ചതായിരുന്നു. സംസാരത്തിനിടയിൽ അവൾ പറഞ്ഞു.

“അമ്മക്ക് എന്റെകൂടെ IIT യിൽ ഉണ്ടായിരുന്ന മാത്യുവിനെ അറിയാമല്ലൊ. മാത്യു ഇപ്പോൾ ഇവിടെ അടുത്തുതന്നെയുണ്ട്. അമ്മേ ഞങ്ങൾ വിവാഹം കഴിക്കാമെന്നു വിചാരിക്കുന്നു. അമ്മയ്ക്കും പപ്പക്കും വിരോധമുണ്ടാവില്ലല്ലോ?”

സുജ ഒരു നിമിഷം സ്തബ്ധയായി. തന്റെ മകൾ ഇത്രയും ബോൾഡ് ആയതു അവളെ  അതിശയിപ്പിച്ചു.

“ഞാൻ വിജയിനോട്‌ പറയാം. നാളെ വിളിക്കുമ്പോൾ നമുക്ക് സംസാരിക്കാം.” അവൾ  ഫോൺ കട്ട് ചെയ്തിട്ട് ഓടി അയാളുടെ  അരികിലെത്തി.

“എന്താ ഒരു വെപ്രാളം? എന്തുണ്ടായി?” വിജയ് ഒരു പേടിയോടെ ചോദിച്ചു.

“വൈഷ്ണവിയും മാത്യുവും ചെറിയ ഇഷ്ടത്തിലാണെന്നു തോന്നുന്നു. അവർ കല്യാണം കഴിച്ചാലോ എന്ന് എന്നോട് മടിച്ചു മടിച്ചു ചോദിച്ചു. വിജയിനോട്‌ പറയാൻ പേടിയാണത്രെ. ഇത്രയും നാളും അച്ഛന്റെ മോളായിരുന്നെങ്കിലും ഒരു കാര്യം വന്നപ്പോൾ അമ്മയെ ഉള്ളൂ. പാവം കുട്ടി.”

സുജ വളരെ മയപ്പെടുത്തിയാണ്  പറഞ്ഞത് അയാൾ മൗനമായിരുന്നു.

“മാത്യു നല്ല പയ്യനാണ്. വെരി ബ്രില്ലിയൻറ്, ഗോൾഡ്മെഡൽ വിന്നർ, ഒറ്റമകൻ.,പ്രശസ്തമായ കുടുംബം, വൈഷ്ണവിയെ ഭയങ്കര ഇഷ്ടമാണവന് “

ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട്, മറുപടിക്കായി കുറച്ചു കാത്തിരുന്ന ശേഷം സുജ ഉറച്ച സ്വരത്തിൽ പറഞ്ഞു.

“നമുക്കിത് ഉടൻ തന്നെ നടത്തിക്കൊടുക്കാം”

അയാൾക്കും വിരോധമൊന്നും തോന്നിയില്ല. എന്നാലും വാക്കുകൾ പുറത്തുവന്നത് വേറെ മാതിരിയാണ്

“അവരെക്കാൾ തിരക്ക് സുജക്കാണെന്ന് തോന്നുന്നല്ലോ. നമുക്കും ചില പ്ലാനുകൾ ഉണ്ടായിരുന്നതല്ലേ? നീ പെട്ടെന്നെല്ലാം മറന്നുപോയോ?”

” അത് ശരിയാ. പക്ഷെ ഇതിനും എന്താണ് കുഴപ്പം? സാമ്പത്തികമായിട്ടും മാത്യുവിന്റെ കുടുംബം വളരെ ഉയർന്ന നിലയിലാണ്.”വലിയ ആദർശം പറഞ്ഞിരുന്ന ആൾക്കിതെന്തു പറ്റി.” സുജയുടെ സ്വരം ആർദ്രമായി.

“നമുക്കും ഇതിലേതിനെങ്കിലും കുറവുണ്ടോ? ആദ്യകാലത്തു നമ്മൾ നുള്ളിപ്പെറുക്കി സ്വരുക്കൂട്ടിയതും, പിന്നെ വാരിക്കൂട്ടിയതും,  നമ്മുടെ  കുടുംബ സ്വത്തുമെല്ലാം വൈഷ്ണവിക്ക്‌ വേണ്ടിയല്ലേ? .” ആത്‌മഗതമെന്നവണ്ണം അയാൾ പറഞ്ഞു.

“രണ്ടു വീട്ടുകാരുടെയും സപ്പോർട്ട് ഇല്ലെങ്കിലും അവർക്കൊന്നുമില്ല. അവർക്കാവശ്യമുള്ളതിലേറെ അവര് തന്നെ ഉണ്ടാക്കുന്നുണ്ടല്ലോ. നമ്മളുണ്ടാക്കിയത് നമുക്ക് കൊണ്ട് പോകാൻ പറ്റാത്തതുകൊണ്ട് അവരെടുക്കുന്നു എന്ന് കരുതിയാൽ മതി, നമ്മുടെ കാലശേഷം. അല്ല അതുതന്നെയല്ലേ അതിന്റെ ശരിയും.”

 അയാൾക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. അയാൾ ഓർത്തു, ഒരു പക്ഷെ വിഷയത്തേക്കാൾ വിഷയമവതരിപ്പിച്ച രീതിയായിരിക്കണം തന്റെ പ്രശ്നം. താനൊരിക്കലും എതിരു പറയില്ലെന്ന് സുജക്കറിയാം. അല്ലെങ്കിലും അവളുടെ ഏതാവശ്യത്തിനാണ് താൻ  എതിരു പറഞ്ഞിട്ടുള്ളത് . അങ്ങിനെയുള്ള ഒരു കാര്യവും സുജ ഒരിക്കലും ആവശ്യപെട്ടിട്ടില്ല. തങ്ങളുടെ അടുപ്പവും സ്നേഹവും ആരാണ് അറിയാതിരുന്നിട്ടുള്ളത് .സുജയായിരുന്നു തന്റെ എല്ലാമെല്ലാം. അച്ഛന്റെ മോളെന്ന് എല്ലാവരും പറഞ്ഞിരുന്ന വൈഷ്ണവിയെക്കാളും മേലെ .

അധികം വൈകാതെതന്നെ വൈഷ്ണവിയുടെയും, മാത്യുവിന്റെയും വിവാഹം നടത്തി.മാത്യൂവിന്റെ വീട്ടുകാർ ആഡംബരത്തിനു ഒരു കുറവും വരുത്തിയില്ല.

“വിജയ് എന്താണ് ആലോചിക്കുന്നത്? പിസ്സ തണുത്തു.”ഷേർളിയുടെ ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി. അവർ പലതും സംസാരിച്ചുകൊണ്ടു ഡിന്നർ പൂർത്തിയാക്കി.

“മോൾക്ക് പ്ലേസ്മെന്റ് ആയോ?” അടുത്ത തവണ കണ്ടപ്പോൾ അയാൾ ഷേർളിയോട് ചോദിച്ചു.

” ഡെലോയിറ്റിൽ ആയിട്ടുണ്ടെന്നാണ്റിയ പറഞ്ഞത്. ടോറോൻറ്റോയിൽ. അടുത്ത മാസം ജോയിൻ ചെയ്യണം. മാത്രമല്ല PR രണ്ടുമാസത്തിനുള്ളിൽ റെഡി ആകുമത്രേ.” ഷേർലി സന്തോഷത്തോടെ പറഞ്ഞു.

“കൺഗ്രാറ്റ്സ് ” അയാളും സന്തോഷത്തോടെ പറഞ്ഞു.

അടുത്ത ശനിയാഴ്ച ഉച്ചക്കാണ് ഷേർളിയുടെ കാൾ  വന്നത്.

“നമുക്കൊരു ചെറിയ യാത്ര പോയാലോ? “വലിയ മുഖവുരയൊന്നും കൂടാതെ ഷേർലി ചോദിച്ചു.

ആദ്യം അയാൾ ഒരു നിമിഷം അമ്പരന്നു. പിന്നെ അയാൾക്കും അതൊരു നല്ല കാര്യമായി തോന്നി.

“ഓക്കേ നല്ല കാര്യം. എങ്ങോട്ട് ?” അയാൾ ചോദിച്ചു.

“ഗോവ  ?”

” ഫൈൻ . പക്ഷെ വീക്കെൻഡ് നല്ല തിരക്കായിരിക്കും. ലീവ് കിട്ടുമെങ്കിൽ മിഡ് വീക്ക് ആവും നല്ലത് .” അയാൾ പറഞ്ഞു.

“ഡൺ” . ഷേർളിക്കും അത് നന്നായെന്ന് തോന്നി.

അയാൾ ഗോവ ITC ഹോട്ടലിൽ വിളിച്ചു രണ്ട് സ്യൂട്ട് റൂമുകൾ ബുക്ക് ചെയ്തു. രണ്ടുപേർക്കുമുള്ള ഫ്ലൈറ്റ് ടിക്കറ്റ്സും അയാൾ തന്നെ ബുക്ക് ചെയ്തു.

 ഹോട്ടൽ റിസപ്ഷനിൽ ഷേർലി തന്റെ ID കാർഡ് കൊടുത്തു.വിജയ് തന്റെ ID കാർഡ് നോക്കിയപ്പോൾ വാലെറ്റിൽ ൽ  കണ്ടില്ല.എയർപോർട്ടിൽ വച്ച് ട്രാവൽ ബാഗിൽ വച്ചുകാണും. അയാൾ അതിൽനിന്നും എന്തൊക്കെയോ പേപ്പറുകൾ പുറത്തെടുത്തു.

“ഷേർലി ഈ പേപ്പേഴ്സ് ഒന്ന് പിടിക്കൂ.ഞാൻ ID  കാർഡ് ബാഗിൽ എവിടെയോ വച്ചു.” ബാഗിൽ  നിന്നും പുറത്തെടുത്ത പേപ്പേഴ്സ് നീട്ടിക്കൊണ്ടു അയാൾ ഷേർളിയോട് പറഞ്ഞു. ഷേർലി അതുമായി റിസെപ്ഷനിലെ സോഫയിൽ  ഇരുന്നു.

“ബാഗിന്റെ പുറത്തെ പോക്കറ്റിൽ തന്നെയുണ്ടായിരുന്നു. വെറുതെ പേപ്പേഴ്സ് എല്ലാം പുറത്തെടുത്തു. ഷേർലി അതെല്ലാം ഈ ബാഗിൽ തന്നെ വച്ചോളൂ .”ട്രാവൽ ബാഗ് ഷേർളിയുടെ നേരെ നീട്ടികൊണ്ടയാൾ പറഞ്ഞു.

“ഞാൻ മുൻപും ഇവിടെ വന്നിട്ടുണ്ട്, വിവേകിനൊപ്പം”  സന്ധ്യാസമയത്തെ അരണ്ടവെളിച്ചത്തിൽ ഹോട്ടലിന്റെ പ്രൈവറ്റ് ബീച്ചിലിരിക്കുമ്പോൾ ഷേർലി അയാളോട് പറഞ്ഞു.

“അന്ന് ഞങ്ങൾ ഹോട്ടൽ റിസപ്ഷനിൽ എത്തിയപ്പോൾ റിസെപ്ഷനിസ്റിന്റെ വിവേകിനോടുള്ള പരിചയ ഭാവവും, ഞങ്ങളെ രണ്ടുപേരെയും നോക്കിയുള്ള ചിരിയും കണ്ടപ്പോൾ ഞാൻ സംശയിക്കേണ്ടതായിരുന്നു.”

ഷേർലി ആത്മഗതമെന്നവണ്ണം തുടർന്നു. അയാൾക്കു ഒന്നും മനസ്സിലായില്ല . എങ്കിലും ഷേർളിയോട് ഒന്നും ചോദിച്ചില്ല.

ഷേർളിയുടെ ചിന്തയിൽ വീണ്ടും അന്നത്തെ രംഗങ്ങൾ തെളിഞ്ഞു വന്നു.   

 “വൈഫുമായുള്ള ഷോർട് ട്രിപ്പ്, സീ ഫേസിങ് സ്യൂട്ട്  തന്നെയാണല്ലോ ബുക്ക് ച്യ്തിരിക്കുന്നതു? ” വിവേക് റിസെപ്ഷനിസ്റ്റിനോട് ചോദിച്ചു.

“അതെ സർ, സാറിന്റെ പതിവ് റൂം തന്നെ .

“വെൽകം മാഡം, ഹാവ് എ നൈസ് ടൈം .”

റിസെപ്ഷനിസ്റ് ഷേർളിയെ നോക്കി ഭവ്യതയോടെ പറഞ്ഞു.

കമ്പനിയുടെ മാർക്കറ്റിംഗ് ഡയറക്ടർ ആയ വിവേക് എത്രയോ ബിസിനസ് ട്രിപ്പുകൾ നടത്തുന്ന ആളാണ്. താമസം എപ്പോഴും മുന്തിയ ഹോട്ടലുകളിൽ മാത്രം . മിക്ക ഹോട്ടൽ സ്റ്റാഫ്‌നും വിവേകിനെ അറിയാം ഷേർലി തെല്ലൊരഭിമാനത്തോടെ മനസ്സിലോർത്തു.

“എന്താ ഇവിടെ ബോറടിച്ചോ?” ഷേർളി ചിന്തയിലാണ്ടിരിക്കുന്നതു കണ്ട് ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു. ഷേർലി ചിന്തയിൽ നിന്നുണർന്നു.

“നമുക്ക് റൂമിലേക്ക് പോയാലോ? “എണീൽക്കാൻ ശ്രമിച്ചുകൊണ്ട് ഷേർലി ചോദിച്ചു.

“പോകാം “. അയാൾ ആദ്യം എഴുന്നേറ്റിട്ടു കൈ പിടിച്ചു ഷേർളിയെ എഴുന്നേൽക്കാൻ സഹായിച്ചു.

“താങ്ക്സ് ” വസ്ത്രത്തിൽ പറ്റിയിരുന്ന മണൽ തരികൾ കുടഞ്ഞു കളഞ്ഞുകൊണ്ടു ഷേർളി  പറഞ്ഞു. “വിജയ് എന്തിനാണ് ഹെൽത്ത് ചെക്ക് റിപ്പോർട്ട്  ബാഗിൽ കൊണ്ടുനടക്കുന്നത്? രാവിലെ ട്രാവൽ ബാഗിൽ കണ്ടല്ലോ. ഏതായാലും ആള് ഫിറ്റ്  ആണ്.”

അയാൾ ജാള്യതയോടെ ഷേർളിയെ നോക്കി ചിരിച്ചു. പദ്യ ശകലം തെറ്റിച്ചുചൊല്ലിയ കുട്ടി ക്ലാസ്സ്ടീച്ചറെ നോക്കി ചിരിക്കുന്നതുപോലെ. “ഒന്നുമില്ല, ഹോസ്പിറ്റലിൽ നിന്നും കിട്ടിയപ്പോൾ അത് ബാഗിൽ വെച്ചെന്നേയുള്ളു. പിന്നെ എടുത്തു വെക്കുവാൻ മറന്നു.”

“എന്റെ റൂമിലിരിക്കാം, ഡിന്നർ റൂമിൽ കഴിക്കാം.” ഷേർളി പറഞ്ഞു.

അവർ ഷേർളിയുടെ സ്യൂട്ടിന്റെ ലിവിങ്  റൂമിലെ സോഫയിൽ ഇരുന്നു. അയാൾ ചോദിച്ചു.

” സം ഡ്രിങ്ക്സ് ? ബോട്ടിൽ ഓഫ് ഷാംപെയ്ൻ ?”

“എന്താഘോഷിക്കാനാണ് ഷാംപെയ്ൻ ?” ഷേർലി ചിരിച്ചുകൊണ്ട് ചോദിച്ചു.

“നമുക്ക് വൈൻ ഓർഡർ ചെയ്യാം.”

അയാൾ മെനു കാർഡ് നോക്കി വൈൻ ഓർഡർ ചെയ്തു. അരമണിക്കൂറിൽ വൈൻ എത്തുന്നതുവരെ ഷേർലി റിയയുടെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു, കൂടെ വൈഷ്ണവിയുടെ വിവരങ്ങളും അന്വേഷിച്ചു.

അയാൾ വൈൻ  രണ്ടു ഗ്ലാസ്സുകളിലായി പകർന്നു.

“ചീയേർസ് ” അവർ വൈൻ നുകർന്നുകൊണ്ടു പലതും സംസാരിച്ചിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഷേർളിയുടെ സംസാരം കുറഞ്ഞതും, മുഖത്തൊരു ശോകഭാവം നിറഞ്ഞതും അയാൾ ശ്രദ്ധിച്ചു.

“എങ്കിലും വിവേക് എന്തിന് എന്നോടിത് ചെയ്തു. അതും എന്നോട് മാത്രമല്ലല്ലോ.” അത്യധികം വ്യസനത്തോടെയെന്നവണ്ണം ഷേർലി പറഞ്ഞു.

“വിവേക് എന്തു ചെയ്തു ?”  പെട്ടെന്നയാൾ  അബോധാവസ്ഥയിലെന്നപോലെ ചോദിച്ചു. ഉടനെ തന്നെ അങ്ങിനെ ചോദിച്ചതിൽ ഖേദിക്കുകയും ചെയ്തു.

അതിശയവും,ദേഷ്യവും, ദുഃഖവും എല്ലാംകൂടി കലർന്ന ഭാവത്തോടെ ഷേർലി അയാളെ നോക്കി. അവളുടെ വിടർന്ന കണ്ണുകൾ നിറഞ്ഞു തുളുമ്പി, മുഖം ദയനീയമായി.

“അപ്പോൾ വിജയിന് എന്നെപ്പറ്റി ഒന്നുമറിയില്ല? അറിയാൻ ശ്രമിച്ചിട്ടില്ല ? ഞാൻ വിചാരിച്ചു എന്തെങ്കിലും ഒരു കൺസേൺ  ഉണ്ടാവുമെന്ന്. ഒരു സമയത്തു സോഷ്യൽ മീഡിയയിൽ വിവേക്  താരമായിരുന്നല്ലോ. കൂടെ പലപ്പോഴും ഒരു തെറ്റും ചെയ്യാത്ത ഞാനും വിചാരണ ചെയ്യപ്പെട്ടു.”

അയാളുടെ  കുറ്റബോധം വർദ്ധിച്ചു. തന്റെ നാവുപിഴയോർത്ത് അയാൾക്ക് വേദന തോന്നി .

സുജയുടെ അസുഖത്തോടെ  അയാൾ സോഷ്യൽ മീഡിയ ഒന്നും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ അതൊന്നും ഷേർളിക്ക് അറിയില്ലല്ലോ. അടുത്തകാലത്താണ് അയാൾ മുരളിയിൽനിന്നും വിവേകിന്റെ കാര്യങ്ങളെല്ലാം വിശദമായി അറിഞ്ഞത്. അക്കാലത്തെ കുറെ മീഡിയ പോസ്റ്റുകളും മുരളി അയാളെ കാണിച്ചിരുന്നു.

മുരളി പറഞ്ഞ സംഭവങ്ങൾ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.

വിവേക് എന്ന മാർക്കറ്റിംഗ് രംഗത്തെ മാന്ത്രികൻ. നാല്പതുകളിലുള്ള സുന്ദരനും, ആരോഗ്യധൃഢഗാത്രനുമായ യുവാവ്.

ഈ ചെറുപ്രായത്തിൽ തന്റെ കമ്പനിയുടെ ബ്രാൻഡിനെ മുൻ നിരയിലെത്തിച്ച അസാമാന്യ ബിസിനസ്  പ്രതിഭ. TV യിൽ ഇന്റർവ്യൂകൾ .ബിസിനസ് മാഗസിനുകളിലും ഫിനാൻഷ്യൽ ഡേയ്‌ലീസിലും കൊളംനിസ്റ്റ് ,   അറിയപ്പെടുന്ന ടെന്നീസ് പ്ലെയർ. യുവ തലമുറയുടെ റോൾ മോഡലും, ആരാധനാ പാത്രവും.

ഒരു ദിവസം മീഡിയയിൽ ഒരു പ്രശസ്ത കമ്പനിയിലെ യുവതിയായ ജീവനക്കാരിയുടെ ആത്മഹത്യാ വാർത്ത വന്നു.

കൈഞരമ്പുമുറിച്ചനിലയിൽ, രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ കൂട്ടുകാരികൾ കണ്ടപ്പോഴേക്കും വൈകി പോയിരുന്നു.

പിറ്റേ ദിവസം യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തെന്ന വാർത്ത വന്നു. അതിൽ വിവേകിന്റെ പേര്. വിവാഹവാഗ്ദാനം നൽകി തന്നെ വഞ്ചിച്ചുവെന്ന കുറിപ്പ് വലിയ കോളിളക്കമുണ്ടാക്കി.

ഇത് തന്റെ ബിസിനസ് എതിരാളികളുടെ ചതിയാണെന്ന വിവേകിന്റെ മറുപടിയും മീഡിയയിൽ പ്രചരിച്ചു. പക്ഷെ യുവതിയുടെ മൊബൈലിൽനിന്നും പോലീസ് കണ്ടെടുത്ത ഫോട്ടോകൾ വിവേകിന്റെ വാദങ്ങൾ പൊളിച്ചു. പോലീസ് വിവേകിനെ അറസ്റ്റ് ചെയ്തു.

പിന്നീട് മൂന്നു യുവതികൾ വിവേകിനെതിരെ me too സ്റ്റെട് മെന്റുമായെത്തി. വിവേകിനെതിരെ ആത്മഹത്യാപ്രേരണക്കു കേസെടുത്തു.

അയാൾ ഷേർളിയെ നോക്കി. പാവം, മേശപ്പുറത്തിരിക്കുന്ന വൈൻ ഗ്ലാസ്സിൽ പിടിച്ചെന്തോ ആലോചനയിലാണ്. മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു. സങ്കട ഭാവമല്ല, നിരാശയും ക്രോധവും കലർന്ന രൂക്ഷ ഭാവം.

“രണ്ടു വർഷത്തെ ഡേറ്റിംഗിന് ശേഷം വിവേകിനെ വിവാഹം കഴിച്ച ഞാൻ വിവേകിനെ  സ്നേഹിക്കുക മാത്രമല്ല, ആരാധിക്കുകകൂടിയായിരുന്നു.” ഉറക്കത്തിൽനിന്നും ഉണർന്നിട്ടെന്നപോലെ ഷേർലി പറഞ്ഞു തുടങ്ങി.

“വിവേകിന് എപ്പോഴാണ് ഞാൻ പോരെന്നു തോന്നി തുടങ്ങിയത്? എനിക്കതു മനസ്സിലാക്കാൻ സാധില്ല. വിവേകിന്റെ, അത്ര നല്ല അഭിനയമായിരുന്നു. എനിക്കും റിയക്കും വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്ന് തോന്നും, പെരുമാറ്റം കണ്ടാൽ. അതുകൊണ്ടുതന്നെ ഞാൻ എല്ലാം മറന്ന് വിവേകിനെ സ്നേഹിച്ചു. ഒരു ഇഷ്ടത്തിനും ഒരിക്കലും എതിരുനിന്നില്ല. വിവേകിന്റെ ഇരട്ട വ്യക്തിത്വം ഞാനൊരിക്കലും അറിഞ്ഞില്ല, യുവതിയുടെ മരണ വിവരം ന്യൂസ് ആകുന്നതുവരെ. ഞാനന്നൊരു തീകുണ്ഠത്തിലേക്കാണ് ഓർക്കാപുറത്തു വീണത്.

വിവേക്  എന്റെ മാത്രമല്ല മറ്റു കുട്ടികളുടെയും ജീവിതം ഇല്ലാതാക്കിയില്ലേ.  പക്ഷെ എന്നെ തകർക്കാൻ അയാൾക്ക് പറ്റിയില്ല. എത്ര കഷ്ടപെട്ടിട്ടായാലും എന്റെ കരിയർ ഞാൻ തിരിച്ചുപിടിച്ചു. എന്റേതായ സ്പേസ് ഞാൻ എന്റെ കമ്പനിയിൽ ഉണ്ടാക്കി. റിയയെ ഞാൻ നല്ല നിലയിലാക്കി.”

ഷേർലി വൈൻ കുപ്പിയെടുത്തു തന്റെ ഗ്ലാസ് വീണ്ടും നിറച്ചു.

“വിജയ് ഞാൻഅൽപനേരം തനിയെയിരിക്കട്ടെ”, എന്നുപറഞ്ഞു ഷേർളി ബെഡ് റൂമിലേക്ക് പോയി.

അയാൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.തന്റെ വൈൻ ഗ്ലാസ് വീണ്ടും നിറച്ഛ്  അയാൾ സോഫയിൽ ചാരിയിരുന്നു.

ഷേർളിയെ എങ്ങിനെ അഭിമുഖീകരിക്കണമെന്നു അയാൾക്കറിയില്ലായിരുന്നു. അതുകൊണ്ടു വിളിക്കേണ്ടെന്നു കരുതി. പാവം ഉറങ്ങുന്നെങ്കിൽ ഉറങ്ങട്ടെ.

തനിയെ ഇരുന്നപ്പോൾ കടലിന്റെ ഇരമ്പൽ അയാളുടെ ചെവിയിൽ മുഴങ്ങി. അയാൾ സോഫയിൽ നിന്നും എണീറ്റ് വൈൻ ഗ്ലാസ്സുമായി ബാൽക്കണിയിൽ ചെന്നിരുന്നു. 

അത് നിലാവുള്ള ഒരു രാത്രി ആയിരുന്നു. അയാൾക്കു മുമ്പിൽ വിശാലമായ കടൽ. തിരകൾ ഒന്നിന് പിറകെ ഒന്നായി കരയിലേക്ക് കയയറുവാൻ ശ്രമിക്കുന്നു.പ്കഷെ എല്ലാ തിരകളുടെയും വിധി ഒന്നു തന്നെ. ഓരോ തിരക്കും അവ വന്നിടത്തേക്കു തന്നെ നിസ്സഹായരായി മടങ്ങേണ്ടി വരുന്നു. പക്ഷെ അവ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു.

എന്തൊരു വിധിയാണിത്. എല്ലാ തിരകൾക്കും വന്നിടത്തേക്കു തന്നെ മടങ്ങേണ്ടി വരുക.  ഇതറിഞ്ഞിട്ടും വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ട് ഇരിക്കുക.

ഒരു പക്ഷെ തിരകൾ ഈ വൃഥാ വ്യായാമം ആഗ്രഹിക്കുന്നുണ്ടാവുമോ? അവ പ്രകൃതിയുടെ   കൈയിലെ കളിപ്പാട്ടം മാത്രമല്ലെ? എന്നുമെനും ഇങ്ങിനെ ചെയ്തുകൊണ്ടിരിക്കാൻ  വിധിക്കപ്പെട്ടവർ.

തന്റെയും സുജയുടെയും ഷെർലിയുടെയും, എല്ലാ മനുഷ്യരുടെയും  അവസ്ഥ ഇതു തന്നെയല്ലേ?.

ശാന്തമായ പുഴയിലിലൂടെ വഞ്ചി തുഴയുന്നതുപോലെയാണ് ജീവിതം എന്നു നാം പലപ്പോഴും തെറ്റിദ്ധരിക്കും. അതോടെ നമ്മുടെ കൈയിലെ തുഴയിൽ നമുക്ക് അമിത വിശ്വാസം ജനിക്കും. നമ്മുടെ ഇഷ്ടത്തിന് എങ്ങോട്ടു വേണമെങ്കിലും തുഴയാമെന്ന് തോന്നും. ചിലപ്പോൾ പെട്ടെന്നാവും ഒരു കാറ്റു വരികയോ, പുഴയിലെ ഒഴുക്ക് കൂടുകയോ ചെയ്യുക. അതോടെ,   അതുവരെ നമ്മൾ വിശ്വാസം അർപ്പിച്ചിരുന്ന  തുഴ ചിലപ്പോൾ നിഷ്പ്രയോജനകരമായി  തോന്നും .

അയാൾ അവസാന തുള്ളി വൈനും നുകർന്നിട്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു. മെല്ലെ മെല്ലെ ഉറക്കം അയാളുടെ കൺപോളകളെ തഴുകി അടച്ചു.

“ഇതെന്തൊരുറക്കമാണ്. എണീക്കൂ.”ഷേർളിയുടെ ചിരിക്കുന്ന മുഖം കണ്ടാണ് അയാൾ ഉണർന്നത്. ഷേർളി  മുഖം കഴുകി ഫ്രഷ് ആയിരിക്കുന്നു.നിഷ്കളങ്കമായ മുഖത്തു തലേദിവസത്തെ വ്യാകുലതകളൊന്നും നിഴലിച്ചിരുന്നില്ല.

“വേഗം ഫ്രഷ് ആയി വരൂ. ആ നേരത്തു ഞാനൊരു കാപ്പിയുണ്ടാക്കാം . എന്നിട്ട് നമുക്ക്  ബീച്ചിൽ പോകാം.” ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ ഷേർളി പറഞ്ഞു.

അവർ ബീച്ചിലെത്തിയപ്പോൾ നേരം പരപരാ വെളുക്കുന്നതേയുള്ളൂ .ബീച്ചിൽ കുറച്ചാളുകൾ മാത്രം.അവർ സെക്യൂരിറ്റി ഗാർഡിന്റെ അരികിലുള്ള സ്റ്റാൻഡിൽ ഷൂകൾ വച്ചിട്ട് ബീച്ചിലേക്കിറങ്ങി.ഷേർളി അയാളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. ഒരു കൊച്ചുകുട്ടിയെപോലെ,. അത് വിട്ടുകളയാൻ അവൾക്കു ഭയമുള്ളതുപോലെ തോന്നി.

അവർ കിലോമീറ്ററുകളോളം ബീച്ചിൽ നടന്നു,  ഇടയ്ക്കിടെ കടലിലിറങ്ങി തിരകളുടെ പാദസ്പർശത്തിന്റെ അനുഭൂതി നുകർന്നുകൊണ്ട്. രണ്ടു പേരുടെയും മനസ്സിന് ഒരു ലാഘവത്വം  കിട്ടിയതുപോലെ.

“നമുക്ക് ബ്രേക്‌ഫാസ്റ് കഴിക്കണ്ട? ഇന്നലെ വൈകിട്ട് ഞാൻ വിജയുടെ അത്താഴം മുടക്കിയതാണ് ” കുറേദൂരം നടന്നു കഴിഞ്ഞപ്പോൾ ഷേർളി അയാളോട് പറഞ്ഞു .

“ശരിയാണ്. നന്നായി വിശക്കുന്നുണ്ട്. ഇപ്പോൾ കഴിച്ചില്ലെങ്കിൽ പിന്നെ കാശു കൊടുത്തു് എയർപോർട്ടിൽ നിന്നും കഴിക്കേണ്ടി വരും” .

അവർ ഹോട്ടലിലേക്ക് തിരിച്ചു നടന്നു.

ബ്രേക്‌ഫാസ്റ് കഴിഞ്ഞു പതിനൊന്നരയോടെ അവർ എയർപോർട്ടിലേക്ക്  തിരിച്ചു.

പിന്നെ തിരക്ക് മൂലം ഒന്നര മാസത്തോളം അവർ തമ്മിൽ കണ്ടില്ല.  ഇടക്കിടെ ഫോണിൽ വിളിച്ചിരുന്നു.

മൊബൈലിന്റെ റിങ്ടോൺ അയാളെ വർത്തമാന കാലത്തേക്ക് തിരികെ എത്തിച്ചു.

                                                                                                                                                                                                                   (തുടരും)

Audio credits : Kanner Poovinte, Kireedam Movie and Oru Rathri Koodi, Summer in Bethlehem Movie

Posted in

14 responses to “ഷേർലി II”

  1. Sudhir M Das Avatar
    Sudhir M Das

    Very nice

  2. Smith Avatar
    Smith

    Creates more suspense. Good flow of writing 👍

  3. Ramesh.D Avatar
    Ramesh.D

    One word mis spelt. Otherwise Good.

      1. Arathy R Avatar

        Good writing

      2. Jarard Thomas Avatar

        Thanks, Arathy

      3. Jarard Thomas Avatar

        Thank you Madam

  4. THRESIAMMA JOSEPH Avatar
    THRESIAMMA JOSEPH

    ശാന്തമായ പുഴയിലിലൂടെ വഞ്ചി തുഴയുന്നതുപോലെയാണ് ജീവിതം എന്നു നാം പലപ്പോഴും തെറ്റിദ്ധരിക്കും. അതോടെ നമ്മുടെ കൈയിലെ തുഴയിൽ നമുക്ക് അമിത വിശ്വാസം ജനിക്കും. നമ്മുടെ ഇഷ്ടത്തിന് എങ്ങോട്ടു വേണമെങ്കിലും തുഴയാമെന്ന് തോന്നും. ചിലപ്പോൾ പെട്ടെന്നാവും ഒരു കാറ്റു വരികയോ, പുഴയിലെ ഒഴുക്ക് കൂടുകയോ ചെയ്യുക. അതോടെ, അതുവരെ നമ്മൾ വിശ്വാസം അർപ്പിച്ചിരുന്ന തുഴ ചിലപ്പോൾ നിഷ്പ്രയോജനകരമായി തോന്നും .👌👌👌
    പിന്നെ വിജയ് ആൻഡ് ഷെർലി.. ജീവിതം എങ്ങനെ…..? തുടർന്നും എഴുതുക..

    1. Jarard Thomas Avatar

      thank you very much

  5. Manisha Jayson Avatar
    Manisha Jayson

    Can feel the emotions rise. Waiting for the next part..

    1. Jarard Thomas Avatar

      thanks dear

  6. Bimol Avatar
    Bimol

    Good writing..keep it up👍

    1. Jarard Thomas Avatar

      Thanks, Bimol.

  7. Lucy Avatar
    Lucy

    Nice

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading