Please play the audio for an enhanced reading experience
ഇടി മുഴങ്ങുന്ന ശബ്ദം കേട്ടയാൾ കണ്ണുകൾ തുറന്നു. സാവധാനം കിടക്കയിൽ നേരേയിരുന്നു മൊബൈലിലേക്ക് നോക്കി. സമയം രാത്രി ഒൻപതര ആയിരിക്കുന്നു. അപ്പോൾ രണ്ടു മണിക്കൂർ താൻ മയങ്ങിപോയോ. അയാൾ തെല്ലൊന്ന് അമ്പരന്നു. തന്റെ ഇഷ്ട ഡ്രിങ്കായ ഷിവാസുമായ് കട്ടിലിൽ ചാരിയിരുന്നതെ ഓർമമയുള്ളു.
കുറച്ചുനാളായി അയാളൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് . രാവിലെ മുതൽ എഴുതാനിരുന്നിട്ടും എന്തുകൊണ്ടോ മുന്നോട്ടു പോകുന്നില്ല. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ചിന്തകൾ മനസ്സിലേക്ക് വരുന്നു. ഒന്നിനും ഒരു പൂർണ രൂപമില്ലാത്തതു പോലെ. എത്ര ശ്രമിച്ചിട്ടും ഒന്നും ഒഴുക്കോടെ എഴുതുവാൻ പറ്റുന്നില്ല . അവസാനം ബോറടിച്ചിട്ടു കട്ടിലിൽ ചാരി ഇരുന്നതാണ്, പാട്ടും കേട്ടുകൊണ്ട് .
പുറത്തു മഴപെയ്യുന്ന നേർത്ത ശബ്ദം കേൾക്കാം. അയാൾ എസി ഓഫ് ചെയ്തു. കർട്ടൻ മാറ്റി ബാൽക്കണിയിലേക്കുള്ള ഗ്ലാസ് വാതിൽ തുറന്നിട്ടു. ബാൽക്കണിയുടെ അഴിയിൽ പിടിച്ചു താഴേക്കു നോക്കി. മഴ അധികം കനത്തിട്ടില്ല. കാറ്റ് ചെറുതായി വീശുന്നുണ്ട്, അധികം ശക്തിയില്ല. ഇരുപത്തിമൂന്നാം നിലയിലാണ് അയാളുടെ പെൻറ്റ് ഹൗസ് ഫ്ലാറ്റ്. താഴേക്ക്നോക്കിയപ്പോൾ മഴയല്ല, അവ്യക്തമായ ഒരു മൂടൽ മഞ്ഞുപോലെയാണ് കണ്ടത്.
പകൽ മഴ പെയ്യുമ്പോൾ, മഴയുടെ മുകളിൽകൂടി ബാൽക്കണിയിൽനിന്നു താഴേക്കു നോക്കിയാൽ, ഏതോ മായാലോകത്താണെന്നു തോന്നും. വെണ്മയാർന്ന നേർത്ത പട്ടുതുണിയിലെ നൂലിഴകൾ പോലെ മഴത്തുള്ളികൾ കാണപ്പെടും. അങ്ങ് താഴെ വയൽക്കരയിലെ തെങ്ങിൻ തലപ്പുകൾ, വെണ്മയാർന്ന പട്ടു നൂലുകളുടെ പശ്ചാത്തലത്തിൽ, അപ്പൂപ്പന്താടി പോലെ തോന്നും. തെങ്ങിന്റെ തടി അവയെ ഭൂമിയിൽ ബന്ധിച്ചു നിർത്തുന്ന ചരട് പോലെയും. ആ ചരടു പൊട്ടിയാൽ അപ്പൂപ്പൻ താടിപോലെ തെങ്ങിൻ തലപ്പുകൾ നമ്മുടെ അടുത്തേക്ക് വരുമെന്ന് അയാൾ കളിയായി സുജയോട് പറയും. അവൾ വെറുതെ ചിരിച്ചുകൊണ്ട് മൂളും. പകൽ മഴ പെയ്യുമ്പോൾ ബാൽക്കണി യിൽ നിന്ന് ആസ്വദിക്കുക അയൾക്കും സുജക്കും ഏറെ ഇഷ്ടമായിരുന്നു.
സുജയുടെ ഓർമ്മകൾ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.
ഫിസിക്സ് പോസ്റ്റഗ്രാജുവേറ്റ് ആയിരുന്ന സുജ, നല്ല അറിവും സ്വന്തമായ കാഴ്ചപ്പാടുകളും ഉള്ളയൊരു ആളായിരുന്നു. കുറച്ചൊരു ഫിലാസൊഫിക്കൽ. അന്നവൾ തന്നോട് ചോദിച്ചു.
“മനുഷ്യർക്കു അമരത്വം കിട്ടുന്നത് എപ്പോഴാണെന്ന് വിജയിനറിയാമോ?”
അറിയില്ലെന്ന മട്ടിൽ അയാൾ അവളെ നോക്കി.
“മരണശേഷം,” അവൾ ചിരിച്ചുകൊണ് പറഞ്ഞു. “മനുഷ്യൻ മരിച്ച ശേഷം പഞ്ച ഭൂതങ്ങളിലേക്കു ലയിക്കും. മനുഷ്യ രൂപം മാറി പ്രപഞ്ചത്തിന്റെ ഭാഗമായി കഴിഞ്ഞ ആ മനുഷ്യൻ അതോടെ അമരനായി തീരുന്നു. അങ്ങിനെ ഒരർത്ഥത്തിൽ അയാൾ സൃഷ്ടാവിന്റെ കൂടി ഭാഗമാകുന്നു. ഞാൻ മരിച്ചുകഴിഞ്ഞാൽ പ്രപഞ്ചിന്റെ ഏതു ഭാഗമായിരിക്കുമെന്ന് പറയട്ടെ”
അകലെ ആകാശത്തിന്റെ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി, സുജ തുടർന്നു.
“ദാ അവിടെ മിന്നുന്ന ഒരു നക്ഷത്രത്തിന്റെ ഭാഗമായി ഞാനുണ്ടാകും. എനിക്ക് വിജയിനെ കാണാൻ പറ്റും, വിജയ് എന്നെ കാണുന്നത് ഒരു നക്ഷത്രമായിട്ടാണെങ്കിലും.”
“അപ്പോൾ, മരിച്ചു കഴിഞ്ഞാലും അവർക്ക് ഒരു സ്വാധീനം ഉണ്ടെന്നാണോ സുജ പറയുന്നത്.” അയാൾ ചോദിച്ചു.
“അത്രയധികം പരസ്പരം സ്നേഹിച്ചവരാണെങ്കിൽ, മരിച്ചയാളുടെ കരുതൽ ജീവിച്ചിരിക്കുന്ന ആളുടെ ജീവിതാവസാനം വരെ ഉണ്ടാകും.”
സുജ അയാളുടെ കരം ഗ്രഹിച്ചു, അയാളോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
അയാൾ അന്ന് സുജ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് കണ്ണുകളുയർത്തി. മേഘാവൃതമായ മാനത്തു ഒരു നക്ഷത്രം പോലും അയാൾ കണ്ടില്ല. പക്ഷെ പെട്ടെന്ന് ഒരു കുളിർമയുള്ള ഇളം തെന്നൽ അയാളെ പൊതിഞ്ഞു. ആ തലോടൽ ഒരു നിമിഷം കൂടുതൽ തന്നെ പൊതിഞ് നിന്നോ എന്നയാൾ സംശയിച്ചു.
ഒരു പക്ഷെ കാണാമറയത്തായി പോയ സുജ ഇളം തെന്നലായി വന്നതാണോ, തന്നെ ആശ്വസിപ്പിക്കാൻ ?
എത്ര തവണ സുജയുമൊത്തു മഴകണ്ട് മതിമറന്ന് ഈ ബാൽക്കണിയിൽ നിന്നിട്ടുണ്ട്. വെറുതെ പനി പിടിക്കണ്ട, മിന്നലടിക്കും എന്നെല്ലാം പറഞ്ഞു കുറെ കഴിയുമ്പോൾ സുജ തന്നെ റൂമിൽ കയറ്റി ബാൽക്കണിയുടെ വാതിൽ അടക്കും. തങ്ങളുടെ ബന്ധം എത്ര അഗാധമായിരുന്നുവെന്നു ഇപ്പോൾ ഓരോ നിമിഷവും അയാൾ തിരിച്ചറിയുന്നു.
മൊബൈലിന്റെ റിങ്ടോൺ അയാളെ ചിന്തയിൽനിന്നുണർത്തി.
ആരാണ് ഈ നേരത്തു വിളിക്കുന്നതെന്ന് അയാൾ നോക്കി.
ഷേർളിയോ! അയാൾ അതിശയത്തോടെ മനസ്സിൽ പറഞ്ഞു
ഹലോ വിജയ്,,…..ഹൌ ആർ യു
ഷേർളിയുടെ ചടുലമായ ശബ്ദം മുഴങ്ങി.
ഹായ് ഷെർളി, എവിടുന്നാണ് പെട്ടെന്ന്, അയാൾ മറുപടിയായി ചോദിച്ചു
വിജയ്, ആർ യു ഫ്രീ ഓൺ 28ത് ആൻഡ് 29ത് ഓഫ് ദിസ് മന്ത് ?
അപ്രതീക്ഷിതമായ ചോദ്യം കേട്ട് അയാൾ ഒരു നിമിഷം ആലോചിച്ചു നിന്നു.
ഷേർളി അങ്ങിനെയാണ്, സ്ട്രൈറ്ഫോവാർഡ്, ഓൾവേസ്
വിജയ്? വീണ്ടും ഷേർളിയുടെ ശബ്ദം
“എനിക്കെന്തു തിരക്ക്”, അയാൾ മറുപടി പറഞ്ഞു.
“എങ്കിൽ ഞാൻ വീണ്ടുമൊരു യാത്ര പ്ലാൻ ചെയ്യട്ടെ? “
എങ്ങോട്ട്?
ലോണാവാല?
ഓക്കേ, കൂടുതലാലോചിക്കാതെ അയാൾ മറുപടി പറഞ്ഞു.
ഞാൻ എല്ലാം പ്ലാൻ ചെയ്തിട്ട് ഡീറ്റെയിൽസ് അറിയിക്കാം, ഗുഡ് നൈറ്റ് .
ഷേർളി ഫോൺ കട്ട് ചെയ്തു.
മഴയിപ്പോൾ കുറച്ചു ശക്തമായിട്ടുണ്ട്, അയാൾ പോയി ബാൽക്കണിയുടെ വാതിൽ അടച്ചു .ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിൾ എടുത്ത് കഴിക്കുവാൻ തുടങ്ങി.
പതിവനുസരിച്ചാണെങ്കിൽ ഉറങ്ങാൻ പതിനൊന്നെങ്കിലും കഴിയണം. ഇന്നതിലും വൈകുമെന്ന് കരുതിയപ്പോളാണ് ഷേർളിയുടെ ഫോൺ വന്നത്
അയാൾ എണീറ്റ് ഒരു പെഗ്ഒരു കൂടെ കഴിച്ചു. അധികം മദ്യപിക്കാൻ അയാൾക്കിഷ്ടമല്ല . മിക്കവാറും രണ്ടു പെഗ് .അതിൽ കൂടുതൽ കഴിക്കാൻ എന്തുകൊണ്ടോ തോന്നാറില്ല. ഓഫീസിലെ ഇന്ഫോര്മൽ പാർട്ടിയിലാണെങ്കിൽ പോലും!.പാർട്ടിയിൽ, രണ്ട് പെഗ്ഗിന്റെ ഉണ്മെഷത്തിൽ മറ്റുള്ളവരുടെ ഭാവമാറ്റം കാണുവാൻ അയാൾക്കിഷ്ടമാണ്. വലിയ ഗൗരവക്കാരുടെയും , ആദർശവാദികളുടെയും മുഖം മൂടി അഴിഞ്ഞു കാണുന്നത് ഒരു രസം. അഴിഞ്ഞ മുഖംമൂടി പിറ്റേന്നു കാലത്തെ വീണ്ടും എടുത്തണിയുന്നതു കാണുന്നത് മറ്റൊരു രസം.
അയാളുടെ ചിന്തകൾ വീണ്ടും ഷെർലിയിലേക്കു തിരിഞ്ഞു .
ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാഞ്ച് ഇനഗരഷൻ ആയി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് ഷേർളിയെ ആദ്യമായി കാണുന്നത്. അവൾ ആ കമ്പനിയുടെ ബാംഗ്ലൂർ സോണൽ ഹെഡ് ആയിരുന്നു. വളരെ ആകർഷകത്വമുള്ള വ്യക്തിത്വം. ഭംഗിയായി സാരിയും ബ്ലൗസും ധരിച്ച പ്രൗഢയായ സുന്ദരി. ഷേർളിയുടെ വെൽക്കം സ്പീച് വളരെ ഹൃദ്യമായിരുന്നു.
അയാൾ അന്ന് ബാങ്കിന്റെ ബാംഗ്ലൂർ സൗത്ത് സോൺ ജി.എം. ആയിരുന്നു. ചീഫ് ഗസ്റ്റ് ആയാണ് അയാൾ ആ ചടങ്ങിനെത്തിയത്. ആ മൾട്ടിനാഷണൽ കമ്പനിയുടെ അക്കൗണ്ടുകൾ അയാളുടെ ബാങ്കിൽ ആയിരുന്നതുകൊണ്ട്, കമ്പനിയുടെ എംഡി യുമായി അയാൾക്ക് അടുത്ത പരിചയമുണ്ടായിരുന്നു.
ചടങ്ങിനുശേഷം അയാളെ തന്റെ ഓഫീസിൽ ഡ്രോപ്പ് ചെയ്യാൻ എംഡി ഷേർളിയെ ചുമതലപ്പെടുത്തി.
”ഷേർളിയുടെ വെൽക്കം സ്പീച് വളരെ നന്നായിരുന്നു, പ്രത്യേകിച്ച് നിങ്ങളുടെ കമ്പനി പിയർ ഗ്രൂപ്പിൽ നിന്നും എങ്ങിനെ ഡിഫറെൻറ് ആയിരിക്കുന്നുവെന്ന് വിവരിച്ചത്. വെൽഡൺ!”.
ഓഫീസിലേക്കുള്ള മടക്കയാത്രയിൽ അയാൾ ഷേർളിയോട് പറഞ്ഞു, തികച്ചും ആത്മാർഥമായി. അയാൾ ശെരിക്കും ഇമ്പ്രെസ്സ്ഡ് ആയിരുന്നു.
“താങ്ക്യൂ സർ, സാറിനെ പോലെ ഒരാളുടെ അപ്പ്രീസിയേഷൻ വളരെ വളരെ വാല്യൂബിൾ ആണ്”. ഷേർളി പറഞ്ഞു.
“സാറിനെ കാണുന്നത് ആദ്യമായാണെങ്കിലും ധാരാളം കേട്ടിട്ടുണ്ട്. ഞങ്ങളുടെ എംഡിക്ക് സാറിനെ വലിയ റെസ്പെക്ട് ആണ്. മിക്ക മീറ്റിംഗിലും സാറിനെപറ്റി പറയാറുണ്ട്. ഉടനെത്തന്നെ ഇ ഡി ആകുമെന്നും പിന്നെ വൈകാതെ എം ഡി ആകുമെന്നും പറയും. മെറിറ്റോക്രസി ഇപ്പോൾ നന്നായി ഫോളോ ചെയ്യുന്നുണ്ടല്ലോ.”
ഷേർളി പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ചു. ബാംഗ്ലൂർ ഐഐഎം ലാണ് എംബിഎ ചെയ്തത്. ക്യാമ്പസ് ഇന്റർവ്യൂ വഴി ഈ മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയും കിട്ടി. ഹസ്ബൻഡ്, വിവേക്, മറ്റൊരു പ്രശസ്ത മൾട്ടി നാഷണൽ കമ്പനിയിൽ നല്ല ജോലിയിൽ. ഒരേഒരു മകൾ, റിയ US ഇൽ എംബിഎ ക്കു പഠിക്കുന്നു. അച്ഛൻ നാട്ടിൽ പ്ലാന്റർ ആണ്.
ഇശ്വരാനുഗ്രഹമുള്ള ജന്മം , അയാൾ മനസ്സിൽ പറഞ്ഞു. കുലീനത്വമുള്ള അവളുടെ പെരുമാറ്റം അയാളെ വളരെയധികം ആകർഷിച്ചു.
“ഷേർളി ഭാഗ്യമുള്ള കുട്ടിയാണ്,” അയാൾ അവളോട് പറഞ്ഞു.
“അയ്യോ സാറിന്റെ റെപ്പ്യുറ്റേഷൻ പറയാനുണ്ടോ. ഒരു ബാലൻസ്ഷീറ് കണ്ടാൽ ആ കമ്പനിയുടെ ജാതകം മുഴുവൻ സർ പറയുമെന്നാണ് ഞങ്ങളുടെ എംഡി പറയുന്നത്. സാറിന്റെ അടുത്ത് ഒന്നും ഹൈഡ് ചെയ്യാൻ പാടില്ലത്രേ. പിന്നെ ഡിജിറ്റൽ, ഫിൻറ്റെക് ഏരിയ കളിൽ ഇൻഡസ്ടറി എക്സ്പെർട്ട് , ഓവർസീസ് ജോലി പരിചയം…”
“മതി, മതി നിങ്ങളുടെ എംഡി ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്”. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു ദിവസം വീട്ടിലേക്കു വരൂ, സുജയെ പരിചയപ്പെടാം. ഷേർളി തീർച്ചയായും സുജയെ ഇഷ്ടപെടും. കാറിൽനിന്നും ഇറങ്ങുമ്പോൾ അയാൾ പറഞ്ഞു.
തീർച്ചയായും വരാം സർ. ഷേർളി പറഞ്ഞു.
ഷേർളി പിന്നെ പലപ്പോഴും വീട്ടിൽ വരികയും, സുജയുമായി പെട്ടെന്ന് അടുപ്പത്തിലാകുകയും ചെയ്തു.
“എനിക്ക് ഷേർളി എന്റെ സ്വന്തം അനുജത്തി പോലെയാണ്,” സുജ പലപ്പോഴും അയാളോട് പറഞ്ഞിട്ടുണ്ട്.
പിന്നീട് അയാളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ വളരെ ചടുലമായിരുന്നു. ED ആയി പ്രൊമോഷൻ കിട്ടിയ അയാൾ മറ്റൊരു ബാങ്കിന്റെ ഡൽഹിയിലെ ഹെഡ്ഓഫീസിലേക്കു സ്ഥലം മാറ്റപ്പെട്ടു, ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന ഖ്യാതിയോടെ.
അതോടെ അയാളുടെ തിരക്കുകൾ കൂടുതൽ വർദ്ധിച്ചു.
ഡൽഹിയിലെത്തി ആദ്യനാളുകളിൽ സുജയും ഷേർളിയും തമ്മിൽ മിക്കവാറും ദിവസങ്ങളിൽ ഫോൺ സംസാരമുണ്ടായിരുന്നു. പിന്നെപ്പിന്നെ ഷേർളിയുടെ വിളികൾ കുറയുകയും തീരെ ഇല്ലാതാകുകയും ചെയ്തു. ആ നാളുകളിൽ സുജക്ക് എന്തൊരു ഉത്കണ്ഠ ആയിരുന്നു. ബാംഗ്ലൂർ വരെ ഒന്ന് പോയി അന്വേഷിക്കണമെന്ന് സുജ പലപ്പോഴും പറഞ്ഞിരുന്നു.
പക്ഷെ വിധി മറ്റൊന്നായിരുന്നു കരുതി വെച്ചിരുന്നത്.
സുജയുടെ ഇടതു കൈയുടെ മുകള്ഭാഗത്തായി ഒരു തടിപ്പ് കണ്ടതായിരുന്നു തുടക്കം. ആദ്യം സുജ അയാളോട് ഒന്നും പറഞ്ഞില്ല. ഒരാഴ്ചക്കുള്ളിൽ വലതു കൈയിലും തടിപ്പ് കണ്ടപ്പോൾ സുജ അയാളോട് പറഞ്ഞു. പിറ്റേന്ന് തന്നെ അപ്പോളോ ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് എടുത്തു . ബാങ്കിന്റ ഒരു പരിഗണന അയാൾക്കു കിട്ടിയതുകൊണ്ട് ഒന്നിനും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.
ഒന്നും പേടിക്കാനില്ല, സീനിയർ ഡോക്ടർ അവരെ ധൈര്യപെടുത്തി. എന്നാലും ഒന്ന് ബയോപ്സി ചെയ്തുകളയാം.
അടുത്ത അപ്പോയ്ന്റ്മെന്റ് ദിവസം അവർ നേരത്തെതന്നെ ഹോസ്പിറ്റലിൽ എത്തി . സീനിയർ ഡോക്ടർ അവരെ കാത്തിരിക്കുക ആയിരുന്നു എന്ന് തോന്നി . ബാങ്കിന്റെ എംഡി കൂടെ ഹോസ്പിറ്റലിൽ പറഞ്ഞിട്ടുണ്ടാവും , അയാൾ മനസ്സിൽ വിചാരിച്ചു. കുശലാന്വേഷണങ്ങൾക്കു ശേഷം ഡോക്ടർ പറഞ്ഞു , നമുക്കൊരു ചെറിയ പ്രശനം ഉണ്ട് , പക്ഷെ പേടിക്കാനൊന്നുമില്ല .
സുജയെ എന്തോ ടെസ്റ്റിന് ജൂനിയർ ഡോക്ടർ കൂട്ടികൊണ്ടു പോയി .
അപ്പോൾ സീനിയർ ഡോക്ടർ അയാളോട് പറഞ്ഞു, നമുക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ട്രീറ്റ്മെന്റ് കൊടുക്കാം. ദൈവം വലിയവനാണ്. എന്തെല്ലാം അതിശയങ്ങൾ നടക്കുന്നു. സർ ധൈര്യമായിരുന്നു , സുജക്ക് ധൈര്യം കൊടുക്കണം. ഇത് ഫോർത് സ്റ്റേജ് ആണ്, നമുക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യാം. പക്ഷെ മെഡിക്കൽ സയൻസിന് കാര്യമായി എന്തെങ്കിലും ചെയാനുണ്ടെന്നു തോന്നുന്നില്ല എന്ന സത്യം സർ അംഗീകരിക്കണം.
തലക്ക് അടിയേറ്റതുപോലെ അയാൾ തരിച്ചിരുന്നു.
ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ , സുജ യാത്രയായി .
എറണാകുളത്തെ തറവാട്ടിൽ ശവദാഹം നടത്തി . എന്തുകൊണ്ടോ സഹോദരിയുടെ കുടുംബത്തോടൊപ്പം അയാൾക്കു താമസിക്കാൻ തോന്നിയില്ല എല്ലാ അവകാശങ്ങളും ഉണ്ടായിട്ടും. ഫ്ലാറ്റിലേക്ക് താമസം മാറ്റി . അല്ലെങ്കിലും നാട്ടിൽ വരുമ്പോഴൊക്കെ അയാളും സുജയും താമസിക്കാറുള്ളത് ഫ്ലാറ്റിൽ ആയിരുന്നല്ലോ.
സുജ മരിച്ചിട്ട് രണ്ടു മാസം അയാൾ ലീവ് എക് സ്റ്റണ്ട് ചെയ്തുകൊണ്ടിരുന്നു . സുജയുടെ വേർപാടിനുശേഷം എന്തുകൊണ്ടോ അയാൾക്ക് ജോലിയിൽ ഫോക്കസ് ചെയ്യുവാൻ സാധിച്ചിരുന്നില്ല.
ശ്രമിക്കാതിരുന്നിട്ടല്ല. ഇടക്കൊക്കെ അയാൾ ഒരാഴ്ച ജോലി ചെയ്തു നോക്കിയിരുന്നു . ഔദ്യോഗിക ജീവിതത്തിൽ ആദ്യമായി ഒരു അർത്ഥ ശൂന്യത അനുഭവപെട്ടു. അയാളുടെ കാര്യങ്ങളും , കാര്യശേഷിയും അറിയുന്ന MD എല്ലാ സപ്പോർട്ടും കൊടുത്തു . പക്ഷെ അയാളുടെ ആത്മാഭിമാനമോ എന്തോ അയാളെ ജോലിയിൽ തുടരുവാൻ അനുവദിച്ചില്ല . വൈകാതെ അയാൾ VRS എടുത്തു നാട്ടിലേക്കു മടങ്ങി.
അയാൾ VRS എടുത്തത് ഇൻഡസ്ട്രിയിൽ വലിയ വാർത്ത ആയിരുന്നു. പല മുന്തിയ കോർപ്പറേറ്റ്കളും ടോപ്ലെവെൽ ഓഫറുകളുമായി അയാളെ സമീപിച്ചു. പക്ഷെ എഴുത്തിലും വായനയിലും ഫോക്കസ് ചെയ്യുവാൻ അയാൾ തീരുമാനിച്ചു . അയാൾക്കത് എന്നും വലിയ താല്പര്യവും ആയിരുന്നു .
ബാങ്കിങ് രംഗത്തെ അയാളുടെ നൂതനമായ പല ആശയങ്ങളും, വളരെ സങ്കീർണമായ അവലോകനങ്ങളും ഏവരുടെയും, പ്രത്യേകിച്ച് അധികാര സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പല ഉന്നതതല കമ്മിറ്റികളിലും അയാൾ അംഗമാക്കപ്പെട്ടു. അതുകൊണ്ടുതന്നെ ചില യാത്രകളും ഒഴിവാക്കാൻ പറ്റാതായി.
അതിനിടയിൽ വലിയ തിരക്കുകളില്ലാതെ വീണു കീട്ടിയ ഒരിടവേള. അപ്പോഴേക്കും അയാൾ VRS എടുത്തിട്ട് ഒരു വർഷത്തോളം പിന്നിട്ടിരുന്നു. തുടർച്ചയായ വായനയുടെയും എഴുത്തിന്റെയും മുഷിപ്പകറ്റാൻ അയാൾ നഗരത്തിലെ പ്രശസ്തമായ ഇറ്റാലിയൻ റെസ്റ്റോറന്റിൽ എത്തി. വീക്കെൻഡ് ആയിരുന്നെങ്കിലും റെസ്റോറന്റിൽ ആൾത്തിരക്കുണ്ടായിരുന്നില്ല. അയാൾക്കു ഇറ്റാലിയൻ ഫുഡിനോട് പ്രത്യേകിച്ച് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ കായലിന് അഭിമുഖമായുള്ള ആ റെസ്റ്റോറന്റിന്റെ ആംബിയൻസ് അയാളെ ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇടക്കിടെ സമയം കിട്ടുമ്പോഴെല്ലാംഅയാൾ അവിടെ പോകാറുണ്ടായിരുന്നു.
മെനു കാർഡ് മറിച്ചുനോക്കുന്നതിനിടയിലാണ് നല്ലപരിചയം തോന്നിച്ച ഒരു ലേഡി റെസ്റ്റോറന്റിലേക്കു കടന്നു വരുന്നത് അയാൾ കണ്ടത്.
ഷേർളി !!!, അതിശയവും അവിശ്വസനീയതയും കൂടിക്കലര്ന്ന ഒരു ശബ്ദം അയാളുടെ ചുണ്ടിൽനിന്നും അയാളറിയാതെ അട്ടർന്നു വീണു.
എന്തൊരു മാറ്റമാണ് ഷേർളിക്ക്, മുൻപ് കണ്ടത്തിൽനിന്നും പത്തു വയസ്സ് കൂടിയതുപോലെ. പക്ഷെ ആ കുലീനത്വത്തിന് ഒരു കുറവും വന്നിട്ടില്ല.
അപ്പോഴേക്കും അവളും അയാളെ കണ്ടിരുന്നു.
അയാളെ കണ്ടതും ഷേർലി അടുത്തെത്തി.
”എനിവൺ വിത്ത് യു ? “
അവിചാരിതമായി കാണുന്ന അതിശയം കാണിക്കാതെ, അയാളുടെ മുന്നിലെ കസേരയിലിരുന്നുകൊണ്ടു ഷേർലി ചോദിച്ചു.
ഇല്ല എന്നയാൾ തലയാട്ടി.
കുറച്ചു സമയം അവർ നിശബ്ദരായി ഇരുന്നു. ഷേർളിയുടെ മനസ്സ് നിറയെ കുറ്റബോധം ആയിരുന്നിരിക്കണം. അയാൾക്ക് ഒരുതരം നിർവികാരതയും.
വിജയ് എന്താണ് ഓർഡർ ചെയ്തത്?” കുറച്ചു സമയം കഴിഞ്ഞപ്പോൾ ഷേർളി ചോദിച്ചു.
“ഒന്നും ചെയ്തിട്ടില്ല “
“എങ്കിൽ ഞാൻ ചെയ്യാം ” അവൾ മെനു കാർഡ് വാങ്ങി കണ്ണോടിച്ചു. എന്നിട്ടു വെയിറ്ററിനെ വിളിച്ചു ഓർഡർ നൽകി. അയാളോട് അഭിപ്രായം ചോദിച്ചെങ്കിലും അയാൾ ഷേർളിയുടെ ചോയ്സിന് വിട്ടു .
“വിജയ് VRS എടുത്തെന്നും ,കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തെന്നുമൊക്കെ മുരളി പറഞ്ഞിരുന്നു. ഈ പാവത്തിനെ ഒന്നറിയിക്കാമായിരുന്നു.”ഷേർലി തെല്ലൊരു പരിഭവത്തോടെ പറഞ്ഞു.
“സത്യം പറഞ്ഞാൽ ഷേർളിയുടെ നമ്പർ അന്ന് ഞാൻ സേവ് ചെയ്യാൻ വിട്ടുപോയി. പിന്നെ VRS ന്റെയും ഷിഫ്റ്റിംഗിന്റെയും തിരക്കായിരുന്നു. ഇങ്ങോട്ടു മാറിയതിനു ശേഷംനമ്പർ കിട്ടാൻ സാധ്യതയില്ലല്ലോ.”
തെല്ലൊരു ജാള്യതയോടെ അയാൾ ന്യായീകരിക്കാൻ ശ്രമിച്ചു.
“മെനകെട്ടില്ലെന്നു പറ “ഷേർലി പറഞ്ഞു. “അല്ല, ആരായാലും അങ്ങിനെയേ ചെയ്യൂ “.
“ആട്ടെ ഷേർലി എങ്ങനെ കൊച്ചിയിലെത്തി?” അയാൾ ചോദിച്ചു
“ഞങ്ങളുടെ കൊച്ചി ഓഫീസിൽ ഒഴിവു വന്നു. ഞാനിങ്ങു പോന്നു. വന്നിട്ട് മൂന്നു മാസമായി. പഴയ സ്ഥലം എനിക്ക് തന്നത് കൂടുതലും നൊമ്പരങ്ങളാണ്. അതുകൊണ്ടു ഒരു ചേഞ്ചിന് വെയിറ്റ് ചെയ്യുകയായിരുന്നു “
വെയ്റ്റർ ഭക്ഷണം വിളമ്പി.”എങ്ങിനെയുണ്ട് ഫുഡ്?
അയാളുടെ താല്പര്യ കുറവ് ശ്രദ്ധിച്ച ഷേർളി ചോദിച്ചു. അവളും ഒന്നുംതന്നെ കഴിക്കുന്നുണ്ടായിരുന്നില്ല.
“നന്നായിരിക്കുന്നു. പിന്നെ ഞാനിവിടെ വരുന്നത് ഇവിടെയിരുന്ന് ഈ അരണ്ട വെളിച്ചത്തിൽ കായലിന്റെ സൗന്ദര്യം നുകരാനാണ്.” അയാൾ പറഞ്ഞു.
ഷേർലി അയാളുടെ മുഖത്തു നോക്കി മന്ദഹസിക്കാൻ ശ്രമിച്ചു.
അവളുടെ ഉള്ളിൽ ദുഖത്തിന്റെ സാഗരം തന്നെ അലയടിക്കുന്നുണ്ടെന്നു അയാൾക്ക് തോന്നി. അവരുടെ ഇടയിൽ ഒരു നീണ്ട നിശ്ശബ്ദത തളം കെട്ടി നിന്നു. ഒരു ഇടവേളയ്ക്കു ശേഷം അയാളുടെ വലതു കൈത്തണ്ടയിൽ തന്റെ ഇരു കൈകളും അമർത്തികൊണ്ട് അവൾ പറഞ്ഞു.
“സുജ ചേച്ചി എന്റെ സ്വന്തം ചേച്ചിയായിരുന്നു. എനിക്കൊന്ന് കാണുവാൻ പോലും സാധിച്ചില്ല. എന്തൊരു വിധിയാണ് എന്റേത്.”
പരിസരം മറന്ന് അവൾ വിതുമ്പി.
“വിജയിനെ നേരിൽകണ്ട് ഇതൊന്നു പറയാൻ ഞാൻ എത്ര നാളായി കാത്തിരിക്കുകയായിരുന്നു.” നിറമിഴിയോടെ ആർദ്രയായി
അവൾ പറഞ്ഞു.
എന്ത് പറയണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എങ്ങിനെ ആശ്വസിപ്പിക്കണം എന്നും.
അയാൾ തുറന്നു കിടന്ന ബാൽക്കണിയിലൂടെ കായലിലേക്ക് നോക്കി.
അസ്തമയ സൂര്യൻ ആകാശത്തു വാരിയെറിഞ്ഞ അരുണിമ പൂർണമായും മാഞ്ഞിട്ടില്ല. ഇളം കറുപ്പ് നിറത്തിലുള്ള മേഘ്ങ്ങൾ ആ ക്യാൻവാസിൽ എന്തെല്ലാമോ ചിത്രങ്ങൾ വരച്ചിട്ടിരിക്കുന്നു. പോകെ പോകെ പഴയ ചിത്രങ്ങൾ മാറി പുതിയ ചിത്രങ്ങൾ വരുന്നതായി അയാൾക്കു തോന്നി. അടുത്ത് തന്നെയുള്ള പാർക്കിലെയും, നടപ്പാതയിലേയും വെളിച്ചത്തിൽ കായലിലെ കുഞ്ഞോളങ്ങൾ വെട്ടി തിളങ്ങി. കരയെ എത്ര തവണ പുണർന്നിട്ടും മതി വരാതെ ആ കൊച്ചുകൊച് തിരകൾ ആവേശത്തോടെ വീണ്ടും വീണ്ടും തീരത്തെ പുണരുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.
അവസാനം അയാൾ ചോദിച്ചു
“വിവേക് ഇപ്പോൾ…”
ചോദ്യം മുഴുമിപ്പിക്കാതെ, ചോദിച്ചത് ശെരിയായോ എന്നറിയാതെ അയാൾ ശങ്കയോടെ അവളുടെ നിറമിഴികളിലേക്ക് നോക്കി.
“ജയിലിൽ തന്നെ….”
മുഴുമിപ്പിക്കാനാകാതെ, ഒരു ഗദ്ഗദം ഷേർളിയുടെ ശബ്ദത്തെ കണ്ഠനാളത്തിൽത്തന്നെ, ഒരു തേങ്ങലായി ഒതുക്കി.
(തുടരും)
Audio Credit – Vikara naukayumai – Movie – Amaram
Leave a Reply