Please play the audio for an enhanced reading experience.
അയാൾ ധൃതിയിൽ ഒരുഗ്ലാസ്സ് വെള്ളം മൈക്രോവേവിൽ ചൂടാക്കി കുടിച്ചു. നടക്കാനിറങ്ങുന്നതിനു മുൻപ് ഒരുഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുക അയാളുടെ ശീലമാണ് .
ലിഫ്റ്റിലൂടെ താഴെയിറങ്ങി ഫ്ലാറ്റിന്റെ മെയിൻ ഗേറ്റിലൂടെ മെയിൻ റോഡിലേക്കിറങ്ങി ,ഇടതുവശത്തുള്ള ഇടവഴിയിലൂടെ ,ആരുടെയോ പ്രേരണയാലെന്നപോലെ അയാൾ അതിവേഗം മുന്നോട്ട് നടന്നു .വയലിന് നടുവിലൂടെയുള്ള ടാറിട്ട റോഡിലൂടെ ഒരു സ്വപ്നത്തിലെന്നപോലെ അയാൾ നടന്നു നീങ്ങി .
വയൽ വരമ്പത്തിരുന്നു കൊക്കുരുമ്മുന്ന വെള്ള കൊക്കുകളെ അയാൾ കണ്ടില്ല .വെള്ളി അരഞ്ഞാണം പോലെയുള്ള വയലിന്റെ നടുവിലെ നീർച്ചാലിൽ കലപില ശബ്ദത്തോടെ താറാവുകളെ അയാൾ കണ്ടില്ല . ജലത്തിലെ ഓളങ്ങളാൽ നിരവധി രൂപഭേദങ്ങൾ വരുന്ന മരങ്ങളുടെ പ്രതിഫലനം നീർച്ചാലിൽ അയാൾ കണ്ടില്ല .കുറച്ചു ദൂരെ നീർച്ചാലിലേക്കു ചൂണ്ടയെറിഞ്ഞു ക്ഷമയോടെ കാത്തിരിക്കുന്ന കുട്ടികളെ അയാൾ കണ്ടില്ല .പച്ചപരവതാനി വിരിച്ചപോലെയുള്ള നെൽവയലുകളുടെ ഭംഗി അയാളുടെ കണ്ണിൽ പെട്ടില്ല . പ്രഭാത സൂര്യൻ അലക്ഷ്യമായി മാനത്തു വാരിയെറിഞ്ഞ ചുമന്ന ചായക്കൂട്ട് അയാൾ കണ്ടതേയില്ല.
അയ്യാളുടെ പതിവ് നടത്തം അങ്ങനെയായിരുന്നില്ല .ചുറ്റുപാടുകൾ ശ്രദ്ധിച്ചു ആസ്വദിച്ചായിരുന്നു എന്നും നടത്തം .എതിരെ വരുന്നവരോട് ഗുഡ് മോർണിംഗ് പറയുവാൻ അയാൾ എന്നും ശ്രദ്ധിച്ചിരുന്നു .
പള്ളിയും, ചായക്കടയും ,തെങ്ങിൻതോപ്പും,വാഴത്തോപ്പും ചിരപരിചിതമായി അയാൾക്കു തോന്നി. അതെല്ലാം കടന്നു് അയാൾ പുഴക്കടവിലെത്തി . ഫ്ലാറ്റിൽ താമസമായിട്ടു ഒരുമാസമായെങ്കിലും എന്തുകൊണ്ട് താനിതുവരെ ഇവിടെയെത്തിയില്ല എന്നയാൾ അതിശയിച്ചു .
കടവിന്റെ ഭാഗത്തെ പുഴയുടെ വീതി അയ്യാളെ അതിശയപ്പെടുത്തി . മറുകര നൂറുമീറ്ററെങ്കിലും ദൂരെയാണെന്നയാൾക്കു തോന്നി .മാറുകരയിലും ഇതേപോലെ കടവ് അയാൾ കണ്ടു. പുഴയുടെ രണ്ടുവശത്തും തെങ്ങുകൾ തലയുയർത്തി നില്കുന്നു അവയുടെ പ്രതിഫലനം പുഴയിലെ വെള്ളത്തിൽ, ആകാശത്തിന്റെ പശ്ചാത്തലത്തിൽ വളരെ മനോഹരമായിരുന്നെകിലും അയാൾക്കതു ആസ്വദിക്കുവാൻ കഴിഞ്ഞില്ല.
അയാളുടെ കണ്ണുകൾ ആരെയോ തിരയുകയായിരുന്നു.
ആ സമയം കടവിലേക്ക് ഒരു യുവാവ് എത്തി .യുവാവ് എന്തൊക്കെയോ കുശലം ചോദിച്ചതിന് അയാൾ യാന്ത്രികമായി മറുപടി നൽകി .
മറുകരയിൽ നിന്നും ഒരു വള്ളം തുഴഞ്ഞുവരുന്നത് അയാളുടെ ദൃഷ്ടിയിൽ പെട്ടു. ചെറിയ വള്ളം . മനോഹരമായ കാഴ്ച .അടുത്തുവന്നപ്പോൾ തുഴച്ചില്കാരൻ തന്നെക്കാൾ വളരെ പ്രായമുള്ള ഒരു വൃദ്ധനാണെന്ന് അയാൾ തിരിച്ചറിഞ്ഞു . വള്ളത്തിൽ ഒരു യാതക്കാരൻ മാത്രം. വള്ളത്തിൽ ഒരു സൈക്കിൾ നിർത്തി വച്ചിരിക്കുന്നു. കൂടാതെ ബക്കറ്റ്‌പോലെ എന്തോ ഒന്നും അയാൾ ദൂരെനിന്നും കണ്ടു. വള്ളം സാവധാനം പടവുകൾക്കു സമാന്തരമായി അടുപ്പിച്ചു . തുഴച്ചിൽക്കാരൻ എത്ര അനായാസമായാണ് വള്ളം തിരിച്ചത് .അയാൾ അതിശയിച്ചു .
യാത്രക്കാരൻ വള്ളത്തിൽ നിന്നും എഴുന്നേറ്റു സിമന്റ് പടവിലേക്കിറങ്ങി .പിന്നെ കുനിഞ്ഞു ഒരു കറുത്ത കന്നാസ് വള്ളത്തിൽ നിന്നെടുത്തു കരയിൽ വച്ചു.
പുതിയതായിട്ടെത്തിയ ചെറുപ്പക്കാരന് യാത്രക്കാരനെ സഹായിക്കാൻ മോഹം .
“ഞാൻ സൈക്കിളെടുത്തു കരയിൽ വച്ചു തരാം .” ചെറുപ്പക്കാരൻ ആത്മാർത്ഥമായി സഹായം വാഗ്ദാനം ചെയ്തു .യാത്രക്കാരൻ,ജീൻസും ടീഷർട്ടുമിട്ടു നിന്ന ചെറുപ്പക്കാരനെ ഒരു മന്ദഹാസത്തോടെ നോക്കി .
“ഇത് നിനക്ക് പറ്റിയ പണിയല്ല . സൈക്കിളെടുക്കാൻ നീ മുന്നിലേക്ക് കുനിയുമ്പോൾ കാലുകൾ പിറകിലേക്ക് ഊന്നും. അപ്പോൾ വള്ളം പുഴയിലേക്ക് നീങ്ങും.നീയും എന്റെ സൈക്കിളും വെള്ളത്തിലേക്ക് വീഴും .പിന്നെ എനിക്കാണ് പണി .അതുകൊണ്ട് വേണ്ട .”
ഇത് പറഞ്ഞിട്ട് അയാൾ അനായാസം സൈക്കിളുയർത്തി കരയിൽ വച്ചു .കന്നാസ് സൈക്കിളിന്റെ കാരൃറിൽ വച്ചു, ഒരു മൂളിപ്പാട്ടും പാടി യാത്രയായി .ഒന്നും മിണ്ടാതെ ചെറുപ്പക്കാരനും നടന്നു നീങ്ങി.
“സുരേഷിനോടാ കളി “വൃദ്ധനായ വള്ളക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് തിരിയെ തുഴയാൻ ഭാവിച്ചു .
“ഇവിടെയൊക്കെ ഇപ്പോഴും കടത്തുണ്ടോ ? പാലമൊന്നുമില്ലേ ?” അയാൾ വള്ളക്കാരനോട് ചോദിച്ചു .
“ഞാൻ ഒരേയൊരു കടത്തുകാരൻ ,സുരേഷ് ഒരേയൊരു യാത്രക്കാരനും.”വള്ളക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു .”എന്റെ അച്ഛൻ ഇവിടുത്തെ കടത്തുകാരനായിരുന്നു .ഞാനും തുടരുന്നു ,ഈ എൺപതാം വയസ്സിലും .ദിവസവും ഒരു തവണ സുരേഷിനായി മാത്രം. സുരേഷ് തിരിച്ചു അപ്പുറത്തുള്ള പാലത്തിലൂടെ സൈക്കിളിൽ പോകും.ഇത് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പ്രഭാതകർമം “
“ചേട്ടന്റെ പേരെന്താണ് ?”അയാൾ ചോദിച്ചു .
“രാജപ്പൻ”
“സുരേഷിനോട് ചോദിച്ചാൽ ഇളവൻ കിട്ടുമോ?”
“നമുക്കോപ്പിക്കാം.ഞാൻ സുരേഷിനോട് പറയാം. ആള് വലിയ പുള്ളിയാണ് .സ്വന്തമായി തെങ്ങിൻ തോപ്പുണ്ട്.തനിയെ ചെത്തി കള്ളെടുത്തു കോൺട്രാക്ടർക്കു കൊടുക്കും.മക്കളൊക്കെ വലിയ നിലയിലാണ്.”
“ഇവിടെ അടുത്ത് അമ്പലമുണ്ടോ? നല്ല കീർത്തനങ്ങൾ കേൾക്കുന്നല്ലോ.” ദൂരെ നിന്നും ഒഴുകിയെത്തുന്ന സംഗീതത്തിന് കാതോർത്തുകൊണ്ടു അയാൾ ചോദിച്ചു .
” ദാ, ആ വഴിയിലൂടെ അര കാതം പോയാൽ അമ്പലമായി “രാജപ്പൻ ചേട്ടൻ വഴി കാണിച്ചിട്ടു തിരികെ മറുകര ലക്ഷ്യമാക്കി വഞ്ചി തുഴഞ്ഞു .
അയാൾ രാജപ്പൻചേട്ടൻ കാണിച്ച വഴിയിലൂടെ നടന്നു, യാന്ത്രികമായി, ഏതോ നിയോഗം പോലെ .
ടാറിടാത്ത റോഡിൻറെ ഇരു വശവും വാഴത്തോപ്പ്.അമ്പലത്തിൽ നിന്നുള്ള ഗാനം ഇപ്പോൾ തൊട്ടടുത്തായി അയാൾക്കു കേൾക്കാം.
പെട്ടെന്നയാൾ ഇടതു ഭാഗത്തേക്ക് നോക്കി.ആശ്രമം പോലെ തോന്നിക്കുന്ന ഒരു പഴയ ഓടിട്ട കെട്ടിടം .പറമ്പിനു ചുറ്റും മുള്ളുവേലി കെട്ടിയിരിക്കുന്നു. പഴക്കം മൂലം പലയിടത്തും മുള്ളുവേലി പൊളിഞ്ഞിരിക്കുന്നു .
നടന്നു കയറുവാൻ ഒരു ഒതുക്കുകല്ല്.സ്വപ്നത്തിലെന്നപോലെ ഒതുക്കുകല്ല് കടന്നു് അയാൾ ആശ്രമത്തിലേക്കു നടന്നു.
ഏതാണ്ട് ഇരുപതു വയസ്സുള്ള ഒരു മെലിഞ്ഞ പെൺകുട്ടി മുറ്റമടിക്കുന്നു.അയാൾ പൂമുഖത്തേക്കു നടന്നു. കണ്ടിട്ട് നല്ല പരിചയമുള്ള ചുറ്റുപാട്.
താൻ രാവിലെ സ്വപ്നത്തിൽ കണ്ടതുപോലെ തന്നെ.
ഒരേയൊരു വ്യത്യാസം. വരാന്തയുടെ ചുമരിൽ ഒരു ഗുരുവിന്റെയും കുലീനയായ ഒരു സ്ത്രീയുടെയും ചിത്രങ്ങളും, അതിനു മുന്നിൽ തിരിയിട്ട കത്തുന്ന വിളക്കും.
ഭിത്തി അലമാരയിൽ ഒഴിഞ്ഞ മൺപാത്രങ്ങൾ.
അയാൾ അതിശയത്തോടെ ആ സ്ത്രീയുടെ മുഖത്തേക്ക് വീണ്ടും വീണ്ടും നോക്കി .ഇത് താൻ രാവിലെ സ്വപ്നത്തിൽ കണ്ട മുഖം തന്നെയല്ലേ? അതോ തന്റെ തോന്നൽ മാത്രമാണോ? അയാൾ ഒരു വിറയലോടെ അരമതിലിൽ ഇരുന്നു
“ഇവിടെയിപ്പോൾ ആരാണ് താമസം?”അയാൾ പെൺകുട്ടിയോട് ചോദിച്ചു.
“ഗുരുജി പത്തു വർഷം മുൻപ് സമാധിയായി .ആയമ്മ അഞ്ചു വർഷം മുൻപും.ആയമ്മ പോകുന്നതുവരെ ഇവിടെയൊക്കെ ആൾപെരുമാറ്റമുണ്ടായായിരുന്നു.ഇപ്പോൾ ആരും വരാറില്ല.ഞാൻ ഗുരുവിന്റെ അകന്ന ബന്ധുവാണ്.രാവിലെ എന്നും മുറ്റം വൃത്തിയാക്കും.വിളക്ക് വക്കും.”പെൺകുട്ടി പറഞ്ഞു.
അയാൾ തിരിഞ്ഞു മെല്ലെ ഒതുക്കുകളിറങ്ങി.
“സാറാരാണ്?എന്തിനാണ് വന്നത്?”പെൺകുട്ടി വിളിച്ചുചോദിച്ചു.
മറുപടി പറയാൻ നില്കാതെ ക്ഷീണിതനായി അയാൾ തിരിച്ചു നടന്നു. .
Audio credits:
Song: Nashtaswargam
Movie: Veenapoovu
Leave a Reply