Please play the audio for an enhanced reading experience.
റിയ കണ്ണുകൾ തുറക്കാതെ കിടക്കയിൽ പരതി മൊബൈൽ കൈയിലെടുത്ത് നോക്കി. സമയം വെളുപ്പിനെ 4.15. റിയക്ക് ഇനിയും ശെരിക്കൊന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല. തലേന്നു മുഴുവൻ വലിയ തിരക്കായിരുന്നു. രാവിലെ തന്നെ ബാങ്കിൽ പോയി ലോക്കറിൽ ബാക്കിയുണ്ടായിരുന്ന ആഭരണങ്ങൾ എടുത്തു വീട്ടിൽവെച്ചു. വൈകിട്ട് മൈലഞ്ചിക്കിടാനുള്ള ഡ്രസ്സ് ഉച്ചക്ക് മാത്രമേ കടയിൽനിന്നും കിട്ടിയുള്ളൂ. ഉച്ചകഴിഞ്ഞുള്ള സമയം മിക്കവാറും ബുട്ടീഷ്യൻ കൊണ്ടുപോയി. ഇതിനിടയിൽ ഒഴിവാക്കാൻ പറ്റാത്ത ഫോൺ കോളുകൾ. വൈകിട്ട് മൈലാഞ്ചി ഫങ്ക്ഷൻ കഴിഞ്ഞു കിടന്നപ്പോൾ നേരം പാതിരാവായി.
ഈ തിരക്കുകൾക്കിടയിലും റിയയുടെ മനസ്സ് ആകുലമായിരുന്നു. പക്ഷെ അതൊരിക്കലും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നില്ല. വിജയ്‌നെ എത്രയോ നാളുകളായി റിയക്ക് അടുത്തറിയാം. വിജയ്നെ മാത്രമല്ലാ, അവന്റെ പേരെന്സിനെയും, അവർക്കു തന്നോടുള്ള ഇഷ്ടത്തെയും.
രാവിലെ സെമിത്തേരിയിൽ പപ്പയുടെ മുമ്പിൽ നിൽക്കുമ്പോൾ, എത്ര ശ്രമിച്ചിട്ടും റിയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അതു കണ്ട അമ്മ സ്നേഹപൂർവ്വം അവളുടെ ചുമലിൽ കൈ വെച്ചു. രണ്ടാളും കാറിൽ വേഗം വീട്ടിലേക്ക് മടങ്ങി.
റിയക്ക് ഓർമ്മയുള്ള കാലം മുതൽ അവളുടെ ഹീറോ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തും സ്വന്തം പപ്പയായിരുന്നു. പപ്പയുടെ ഇഷ്ടപ്പെട്ട ബുക്കുകൾ ഹിസ്റ്ററിയും, ബയോഗ്രഫിയും, ക്ലാസിക്കുകളും ആയിരുന്നു. പപ്പാ പറഞ്ഞുകൊടുത്ത ആ ബുക്കുകളിലെ കഥകൾ റിയയെ ആവേശം കൊള്ളിച്ചു. പാപ്പായുടെ ഏറ്റവും ഇഷ്ട വിനോദം റിയയെയും, അമ്മയെയും കൂട്ടിയുള്ള യാത്രകളായിരുന്നു. റിയക്കും, അമ്മയ്ക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങുന്നതായിരുന്നു പപ്പയുടെ മറ്റൊരു വിനോദം. അതിനുവേണ്ടി എത്ര സ്‌പെൻറ് ചെയ്യാനും പപ്പാ മടിക്കില്ല. ഒരിക്കൽ ‘അമ്മ കളിയാക്കി പപ്പയോടു പറഞ്ഞു,
“വലിയ എക്കൊണോമിസ്റ്റോക്കെയാണ് പക്ഷെ മോൾക്കു വേണ്ടിയെങ്കിലും പൈസ സമ്പാദിക്കാൻ അറിയില്ല”
“ഞാൻ അവളെ മീൻ പിടിക്കാൻ പടിപ്പിച്ചോളാം, ആരും അവൾക്ക് കഴിക്കാൻ മീൻ വാങ്ങിച്ചു കൊടുക്കേണ്ടി വരില്ല”. ചിരിച്ചുകൊണ്ട് പപ്പാ മറുപടി പറഞ്ഞു.
“ശെരി, പക്ഷെ ഇന്നത്തെ കാലത്ത് നല്ല ചൂണ്ട വാങ്ങാൻ പോലും പതിനയ്യായിരം രൂപ എങ്കിലും വേണ്ടിവരും”. അമ്മയുടെ മറുപടി കേട്ട് മൂന്നുപേരും പൊട്ടിച്ചിരിച്ചു.കുഞ്ഞു റിയക്ക് പപ്പയും അമ്മയും പറഞ്ഞത് മുഴുവനായി മനസ്സിലായില്ലെങ്കിലും.
രണ്ടുപേരും പറഞ്ഞത് ശെരിയാണെന്ന് റിയക്ക് ഇന്നറിയാം, കാരണം രണ്ടുപേർക്കും വേണ്ടത് റിയയുടെ നന്മയാണ്. പക്ഷെ,റിയക്കെന്നും കൂടുതൽ ശെരി പപ്പയായിരുന്നു.
പപ്പാ വീട്ടിലുള്ളപ്പോളെല്ലം കുഞ്ഞു റിയക്ക് വീടൊരു വർണ്ണപ്പകിട്ടുള്ള, പ്രകാശം നിറഞ്ഞ, മാന്ത്രിക ലോകമാണെന്നു തോന്നും. പപ്പയുടെ കഥകളിലൂടെ വിടർന്നു വരുന്ന ഒരദ്‌ഭുത ലോകം. അതവളെ സ്വപ്‌നങ്ങൾ കാണുവാൻ പഠിപ്പിച്ചു. പപ്പാ പറഞ്ഞു വരുമ്പോൾ എല്ലാ കഥകളിലെയും ഹീറോ താനാണെന്ന് കുഞ്ഞു റിയക്കു തോന്നും. എത്ര പ്രയാസപ്പെട്ടാണെങ്കിലും എല്ലാ കഥകളിലും അവസാന വിജയം കുഞ്ഞു റിയക്കായിരിക്കും. ഓരോ വിജയത്തിനും ശേഷം പപ്പാ റിയയെ വാരിയെടുത്ത് ഉമ്മവെക്കും. അതവളിൽ വലിയ ആത്മവിശ്വാസം ജനിപ്പിച്ചു. ഇന്ന് റിയ നേടിയതെല്ലാം ആ ആത്മ വിശ്വാസത്തിലൂന്നിയാണെന്ന് റിയക്കറിയാം.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം റിയ പപ്പയോടു ചോദിച്ചു.
“പപ്പക്കെന്നോടുള്ള സ്നേഹം ഹൃദയത്തിലാണോ അതോ ബ്രയിനിലാണോ “
“ഹൃദയത്തിൽ”. പപ്പാ രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി പറഞ്ഞു.
“ഷെയിം, ഷെയിം”, നിഷ്കളങ്കമായ ഒരു ചിരിയോടെ റിയ പറഞ്ഞു,
“ബ്രൈനിൽനിന്നാണ് മനുഷ്യരുടെ ചിന്തകളും ഫീലിങ്ങ്സും എല്ലാം വരുന്നതെന്ന് ടീച്ചർ പറഞ്ഞല്ലോ”
“ഹൃദയത്തിലാണ്”, പപ്പാ തറപ്പിച്ചു പറഞ്ഞു.
“അതെങ്ങിനെ “. ഞങ്ങളുടെ പുസ്ത്തകത്തിലുമുണ്ടല്ലോ എല്ലാം കണ്ട്രോൾ ചെയ്യുന്നത് ബ്രെയിൻ ആണെന്ന്.”
“നിനക്കിപ്പോൾ മനസ്സിലാകാത്ത ചില കാര്യങ്ങളുമുണ്ട്. അത് മോൾക്ക് വലുതാവുമ്പോൾ മനസ്സിലാകും”. പപ്പാ ചിരിച്ചുകൊണ്ട് തുടർന്നു… ” ഉദാഹരണത്തിന്, ഏറ്റവും ഉദാത്തമായ ഒരു പിതൃ – പുത്രി ബന്ധമായിരുന്നു ജനക മഹാരാജാവും സീതയും ആയി ഉണ്ടായിരുന്നത്.”
റിയ അതിശയത്തോടെ പപ്പയുടെ കണ്ണുകളിലേക്കു നോക്കി. അവൾക്കത് പുതിയ അറിവായിരുന്നു. സീതാ രാമ കഥകൾ മാത്രമേ അവൾ കേട്ടിരുന്നുള്ളു. പപ്പാ തുടർന്നു.
“സീത എങ്ങിനെ രാമനെപ്പോലെ പുരുഷോത്തമനായ ഒരു രാജകുമാരന്, ഒത്ത വധുവായി. അതാണ് ജനക മഹാരാജാവിന്റെ വാത്സല്യവും ശിക്ഷണവും സീതയെ ഏറ്റവും ശ്രെഷ്ടയായ രാജകുമാരിയാക്കി മാറ്റിയ കഥ. ജനക രാജവിന്റെയും സുനയന റാങ്ജിയുടെയും സ്വന്തം മകളായിരുന്ന ഉർമിളയെക്കാളും ശ്രേഷ്ഠ. ധൈര്യവും കരുണയും ചേർന്നതാണ് യഥാർത്ഥ ശക്തി. ആത്മാഭിമാനം അഹങ്കാരമല്ല, അത് ഏതു വിഷമ ഘട്ടത്തിലും ഉയർത്തി പിടിക്കാനുള്ളതാണ്. എല്ലാ സ്വാതന്ത്ര്യവും നൽകി സ്വതന്ത്രയായാണ് സീതയെ ജനകൻ വളർത്തിയത്. അവളുടെ സ്വയംവരം ജനക മഹാരാജാവു ആഘോഷമായി നടത്തിയത് പ്രൗഡി കാട്ടാനായിരുന്നില്ല, മറിച്ച് സീതയുടെ നിലക്കൊത്ത വരനെ കണ്ടെത്താനായിരുന്നു. ജീവിതത്തിലെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ വിവേകത്തോടെ, ഭയമില്ലാതെ, സ്വന്തമായെടുക്കാൻ ജനകൻ അവളെ പ്രാപ്തയാക്കി. അത്, ജീവിതത്തിലെ ഏറ്റവും വിഷമ ഘട്ടത്തിൽ ഉചിതമായ, ശക്തമായ, തീരുമാനമെടുക്കാൻ സീതയെ പ്രാപ്തയാക്കി”.
“അച്ഛൻ നൽകുന്ന സമ്പത്തല്ല ഒരു സ്ത്രീയുടെ യഥാർത്ഥ ശക്തി. മറിച്ച് അച്ഛൻ പകർന്നുകൊടുക്കുന്ന ആത്മ ശക്തിയാണ് ഒരു സ്ത്രീയുടെ യഥാർത്ഥ ശക്തി”.
“സ്വയംവരം കഴിഞ്ഞു രാമന്റെകൂടെ യാത്രയായപ്പോൾ ജനകൻ സീതയുടെ ചെവിയിൽ മന്ത്രിച്ചു . ഇത് നിൻെറ വീടാണ്, നിനക്കെപ്പോഴും ഇവിടെ വരാം”.
നിർന്നിമേഷയായി തന്നെ ശ്രവിച്ചുകൊണ്ടിരുന്ന റിയയെ നോക്കി പപ്പാ തുടർന്നു.
“ആകട്ടെ, ഒരു അച്ഛന് ജീവിതത്തിൽ ഏറ്റവും ധന്യവും എന്നാൽ ആംഗ്‌സയിറ്റി നിറഞ്ഞതുമായ കാര്യം എന്താണെന്നു പറയാമോ”?
റിയ അറിയില്ലെന്ന മട്ടിൽ തലയാട്ടി.
” തന്റെ പൊന്നുമോൾക്ക് അനുയോജ്യനായ വരനെ കണ്ടെത്തി മകളെ അയാൾക്ക് കൈപിടിച്ചു കൊടുക്കുന്ന നിമിഷം”.
“അപ്പോൾ പപ്പക്ക് എന്റെ കാര്യത്തിൽ ആംഗ്‌സയിറ്റി ഉണ്ടോ”? പപ്പയുടെ ആംഗ്‌സയിറ്റി കുറക്കാൻ ഒരു കാര്യം ഞാൻ ചെയ്യാം. ഞാൻ തന്നെ എന്റെ ആളെ കണ്ടുപിടിക്കാം. പപ്പാ കൈ പിടിച്ചു തന്നാൽ മാത്രം മതി. ചിരിച്ചുകൊണ്ട് റിയ പറഞ്ഞു.
“പപ്പക്ക് എല്ലാത്തിനും ഒരു പ്ലാൻ ബി കൂടെ ഉള്ളതുകൊണ്ട് ആംഗ്‌സയിറ്റി തീരെയില്ല”. അവരുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന ‘അമ്മ, പപ്പയെ കളിയാക്കികൊണ്ടു പറഞ്ഞു.
പപ്പാക്ക് ആത്‌മ വിശ്വാസമേയുള്ളൂ, അമിത വിശ്വാസമില്ല, പപ്പായും വിട്ടുകൊടുത്തില്ല.
റിയ പ്ലസ് ടൂ പഠിക്കുമ്പോഴാണ് പപ്പക്ക് യുഎസിലേക്ക് പോസ്റ്റിങ് ആയത്. പ്ലസ് ടൂ കഴിഞ്ഞപ്പോഴേക്കും അമ്മയുടെ സബാറ്റിക്കൽ ലീവും സാങ്ക്ഷൻ ആയി. വൈകാതെ രണ്ടുപേരും അമേരിക്കയിലേക്ക് യാത്രയായി. പപ്പയോടൊപ്പം ചേരുന്നത് അവരെ സന്തോഷത്തിൽ ആറാടിച്ചു. റിയ പെട്ടെന്ന് തന്നെ യുഎസിലെ സ്റ്റുഡന്റ് ലൈഫുമായി പൊരുത്തപ്പെട്ടു. എല്ലാ വീക്ക് എൻഡും പപ്പാ ഫ്രീ ആയ്യിരുന്നു. അതുകൊണ്ട് അവർക്ക് യൂഎസ്സിൽ കൂടുതൽ ഫ്രീ ടൈം കിട്ടി. അമ്മക്കാണെങ്കിൽ എന്തോ വലിയ ആശ്വാസം കിട്ടിയതുപോലെ. ഉല്ലാസകരമായ ദിനങ്ങൾ. മിക്കവാറും വാരാന്ത്യങ്ങൾ അവർ യാത്രയിലായിരിക്കും.
അവർ യൂഎസ്സിലെത്തി അഞ്ചാം വർഷത്തിലെ വിന്റർ മാസങ്ങളിലെ ഒരു വീക്കെൻഡ്. പപ്പാ ഒരു ഹൈക്കിങ്ങ് പ്ലാൻ ചെയ്തു. മൂന്നുപേർക്കും ആവേശമായിരുന്നു പോകാൻ.
അവർ ഹിൽസ്റ്റേഷയനിലെത്തി. ഒരു കലണ്ടർ ചിത്രം പോലെ മനോഹരമായ ഹിൽസ്റ്റേഷൻ.
മിക്കവാറും വെണ്മഞ്ഞു മൂടികിടന്നിരുന്ന മലനിരകൾ. അവക്കിടയിൽ മഞ്ഞു വീഴാത്ത ഇടങ്ങൾ തീർക്കുന്ന പല രൂപങ്ങളിലുള്ള കറുത്ത ചിത്രങ്ങൾ. മലനിരകൾക്കു ചുറ്റും, മുകളിലുമായി അപ്പൂപ്പൻ താടിയുടെ കൂട്ടം പോലെ വെളുത്ത മൂടൽ മഞ്ഞിന്റെ ആവരണം. അവക്കും മീതെ തെളിഞ്ഞ നീലാകാശം. അത്തരമൊരു നീലമാനം അവർ നാട്ടിൽ കണ്ടിരുന്നില്ല. ആ നീലാകാശത്തു പൂർണ ചന്ദ്രന്റെ വെന്മയോടെ വെണ്മേഘങ്ങളാൽ പാതി മറഞ്ഞു ഒരു വെങ്കല പ്രതിമപോലെ സൂര്യൻ. അവരെ ചുറ്റിപ്പൊതിഞ്ഞു കുളിർ പകർന്ന് ഇളം തെന്നൽ. താഴ്‌വാരങ്ങളിലും, മലനിരകളിലും പൈൻ മരങ്ങളുടെ നിരകൾ. അവയുടെ ഇലകൾ മിക്കതും വെൺമഞ്ഞിൽ ആവരണം ചെയ്യപ്പെട്ടിരുന്നു. ഇടയ്ക്കിടെ മാത്രം കാണപ്പെട്ടിരുന്ന ഇലകളുടെ പച്ചനിറം. കാറ്റ് വീശുമ്പോൾ ഇലകളിൽ നിന്നും വെള്ള നൂലുകൾ പോലെ അടർന്നു വീണിരുന്ന മഞ്ഞിൻ കണങ്ങൾ. നഗ്നമായിരുന്ന അവരുടെ മുഖത്തേക്കടിച്ച കുളിര്കാറ്റ് അവരെ നോവിച്ചില്ല. തലയിൽ കവർ ചെയ്തിരുന്ന ഹുഡിനിടയിലൂടെ നുഴഞ്ഞു കയറിയ കാറ്റ് അവരുടെ കാതുകളിൽ ദിവ്യാനുഭൂതി പകർന്ന സംഗീതമായി. വാഹനങ്ങളുടെ ഇരമ്പലില്ല, യെന്ത്രങ്ങളുടെ ഭീകര ശബ്ദങ്ങളില്ല, എങ്ങും അലൗകികമായ ശാന്തത മാത്രം. ഒരു മോഹനിദ്രയിലെന്നതു പോലെ ആ മനോഹര ദ്ര്ശ്യം അവർ നോക്കികണ്ടു മതി മറന്നു നിന്നു.
“ആ ഒറ്റയ്ക്ക് നിൽക്കുന്ന പൈൻ മരം കണ്ടോ”? കുറച്ചകലെ ഒരു കുന്നിൻ മുകളിൽ നിന്നിരുന്ന പൈൻ മരം ചൂണ്ടി കാണിച്ചുകൊണ്ട് പപ്പാ പറഞ്ഞു.
“നമുക്കങ്ങോട്ടുപോകാം”. പപ്പാ നടക്കാൻ തുടങ്ങി. തൊട്ടു പിറകെ റിയ.
“ഇത്തിരി പതുക്കെ”. ‘അമ്മ പിന്തുടരുന്നതിനിടയിൽ പറഞ്ഞു.
അവർക്കും പിന്നിൽ നാട്ടുകാരായ മൂന്നാലു വെള്ളക്കാർ.
“ക്യാച്ച് മി ഇഫ് യു ക്യാൻ”. ഉറക്കെ ചിരിച്ചുകൊണ്ട് പപ്പാ നടത്തത്തിന്റെ വേഗത കൂട്ടി.
റിയക്കു പോലും പപ്പയുടെ ഒപ്പമെത്താൻ കഴിഞ്ഞില്ല. പപ്പക്ക് അത് പതിവുള്ളതല്ല . സാധാരണ, അമ്മയുടെ തൊട്ടു മുന്നിലായി റിയയുടെ കൈ പിടിച്ചാണ് പപ്പാ നടക്കാറുള്ളത്.
റിയ തലയുയർത്തി പപ്പയെ നോക്കി. പപ്പാ പൈൻ മരത്തിന്റെ അടുത്തെത്താറായിരിക്കുന്നു.
പപ്പക്കും മുമ്പിൽ ചക്രവാളം മാത്രമെന്ന് തോന്നി. റിയ നടത്തത്തിന്റെ വേഗത കൂട്ടാൻ ശ്രമിച്ചു.
പെട്ടെന്ന് പപ്പയുടെ കരച്ചിലെന്നതുപോലെ ഒരു സ്വരം അവളുടെ കാതിനെ തുളച്ചു കീറി.
റിയാ……..സുജാ………
റിയയും, അമ്മയും, പിറകിലുണ്ടായിരുന്നവരും ഞെട്ടി പപ്പാ നിന്ന ഭാഗത്തേക്കു നോക്കി.
ഓ മൈ ഗോഡ്, ദാറ്റ് ഈസ് എ റെച്ചഡ് പ്ലേസ് . പിറകിലുണ്ടായിരുന്നആരോ വിളിച്ചു പറഞ്ഞു.
( തുടരും… )
Audio credits: Song Sooryanayi thazhuki… from Movie – Sathyam Sivam Sundaram.
Leave a Reply