Please play the audio for  an enhanced reading experience.   

           

                                         

റെസ്‌ക്യു ടീമെത്തി പപ്പയെ   അഗാധമായ താഴ്‌വരയിൽനിന്നും ഉയർത്തി എടുക്കുമ്പോൾ ഏതാണ്ട് മൂന്നു മണിക്കൂർ ആയിരുന്നു. പപ്പക്ക് ബോധമുണ്ടായിരുന്നില്ല. ഉടനെ എയർ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

പപ്പാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന ഏഴു ദിവസങ്ങളിലും റിയ ഒരു പ്രത്യേകമായ മനസ്സികാവസ്‌ഥയിലായിരുന്നു. അവൾ ഏകാകിയായി മുറിയിൽ തന്നെ കഴിച്ചുകൂട്ടി. കണ്ണിമ ചിമ്മുന്ന നേരത്തിലുണ്ടായ ആ സംഭവം, പപ്പാ അവൾക്കു പരിചയിപ്പെടുത്തി കൊടുത്ത പല കഥാ സന്ദർഭങ്ങളെയുംകാൾ  നാടകീയവും അവിശ്വസനീയവും  ആയി റിയ്ക്കു തോന്നി. ജീവിതത്തിലെ ആകസ്മീയതകൾ പലപ്പോഴും കഥകൾക്കും മേലെയാണ്.

റിയ അപ്പോഴേക്കും എഴുത്ത് തന്റെ പ്രൊഫഷൻ ആയി തിരഞ്ഞെടുത്തിരുന്നു. ഒരു ചെറുകഥാ സമാഹാരവും കവിതാ സമാഹാരവും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു. എഴുത്ത് പ്രൊഫഷൻ ആക്കുന്നതിന് പപ്പാ എതിരൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, എപ്പോഴെയുംപോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. റിയക്ക് എഴുത്തിലുള്ള താത്പര്യത്തിന്റെ പ്രധാന കാരണം പപ്പാ പരിചയപ്പെടുത്തിയ കഥകളും അതിലെ കഥാ പത്രങ്ങളുമായിരുന്നു. ഒരേതരത്തിലുള്ള കഥാ സന്ദർഭങ്ങളിലും വിവിധ കഥകളിൽ കഥാപാത്രങ്ങൾ പുലർത്തുന്ന വിവിധ ഭാവങ്ങൾ പപ്പയുമായി ചർച്ച ചെയ്യുന്നത് അവൾക്ക് ഏറെ സന്തോഷം പകർന്നിരുന്നു. അതവളുടെ ഭാവനയെ ഉത്തേജിപ്പിച്ചു.

               ജനക മഹാ രാജാവിന്റെയും സീതയുടെയും പോലെ ഒരു മഹത്തരമായ പിതൃ – പുത്രി ബന്ധമാണ്  ഷേക്സ്പിയറിന്റെ കിങ് ലീയറും പറയുന്നത്.

കിംഗ് ലീയർക്ക് മൂന്ന് പെൺമക്കളായിരുന്നു. മൂന്നു പേരെയും ഗാഡ്ഡമായി  സ്നേഹിച്ചിരുന്ന കിംഗ് ലീയർ പക്ഷെ തന്റെ സ്വത്ത് അവർക്ക് ഭാഗിച്ചു നൽകാൻ വിചിത്രമായ ഒരു മാർഗമാണ് സ്വീകരിച്ചത്. അദ്ദേഹം മക്കളെ ഓരോരുത്തരെയായി വിളിച്ച് അവർക്കു തന്നോടുള്ള സ്നേഹം എത്രയാണെന്ന് വിവരിക്കാൻ ആവശ്യപ്പെട്ടു. സ്വാർത്ഥമതികളും ദുർബുദ്ധികളുമായിരുന്നു,  മൂത്ത രണ്ടു പുത്രിമാരും. അവർ രണ്ടുപേരും അദ്ദേഹത്തെ അഗാധമായി സ്നേഹിക്കുന്നുവെന്നും, അവരുടെ സ്നേഹം എല്ലാത്തിനും മേലെയാണെന്നും, അതിനെ വെല്ലാൻ തക്ക സ്നേഹം വേറെ ആരോടുമില്ലെന്നും, അദ്ദേഹത്തെ ധരിപ്പിച്ചു.

എന്നാൽ മൂന്നാമത്തെ മകളായ കൊർഡിലിയ വളരെ വസ്തുനിഷ്ടമായ ഒരു മറുപടിയാണ് പിതാവിനു നൽകിയത്. താനദ്ദേഹത്തെ പിതൃ തുല്യമായി തന്നെ സ്നേഹിക്കുന്നു, പക്ഷെ അത് ലോകത്തിലേയ്ക്കുംവെച്ച് ഏറ്റവും ശ്രേഷ്ടവും പകരം പകരംവെക്കാനാവാത്തതാണെന്നും  പറയാൻ പറ്റില്ല എന്നവൾ പറഞ്ഞു. അവളുടെ മറുപടി കിങ് ലീയറിൽ വെറുപ്പും മറ്റു രണ്ടു മക്കളോടും അമിത വാത്സല്യവും ജനിപ്പിച്ചു. കോപാക്രാന്തനായ അയാൾ തന്റെ സ്വത്തു മുഴുവനും മൂത്ത രണ്ടു പെൺമക്കൾക്കും മാത്രമായി നൽകി.

കാലക്രമത്തിൽ അച്ഛന്റെ സ്വത്തുമുഴുവൻ തട്ടിയെടുത്ത മൂത്ത രണ്ടു പെൺമക്കൾ അച്ഛനെ തിരിഞ്ഞു നോക്കാതായി. അദ്ദേഹത്തിന്റെ ജീവിതം നരകതുല്യമായി. കോർഡിലിയ ആകട്ടെ നിർദ്ധനയുമായി.  എന്നാൽ അതിനിടയിൽ, സത്യസന്ത്യയും അഭിമാനിയുമായ കോർഡിലിയയുടെ കഥ അറിഞ്ഞ ഫ്രാൻസിലെ രാജകുമാരൻ കോർഡിലിയയെ വിവാഹം ചെയ്യുന്നു. അച്ഛനെ യഥാർത്ഥമായി സ്നേഹിച്ചിരുന്ന കൊർഡിലിയ തന്റെ അച്ഛനെ ദ്രോഹിച്ച സഹോദരിമാരിൽനിന്നും അദ്ദേഹത്തെ രക്ഷിക്കാനെത്തുന്നു. എന്നാൽ കോർഡിലിയ വധിക്കപ്പെടുന്നു. അവളുടെ ജീവനറ്റ ശരീരവും കൈയ്യിലെടുത്ത് കിംഗ് ലീയർ വിലപിക്കുന്നു.

ഈ രണ്ടു കഥകളെയും താരതമ്യം ചെയ്ത് പപ്പാ പറഞ്ഞു. “രണ്ട് അച്ഛന്മാർക്കും മക്കളോട് സ്നേഹമുണ്ടായിരുന്നു. പക്ഷെ സ്വന്തം മഹത്വം മക്കളിലൂടെ  അളക്കാൻ ശ്രമിച്ചതാണ് കിംഗ് ലീയർ ചെയ്ത തെറ്റ്”.

സീതയുടെയും, കോർഡിലിയയുടെയും ദുരന്തപൂർണമായ അന്ധ്യം ഓർമിച്ചുകൊണ്ട് റിയ ചോദിച്ചു.

“എങ്കിൽ എന്തുകൊണ്ടാണ് ശ്രേഷ്ഠകളായ  അവർക്ക് രണ്ടു പേർക്കും ഇത്ര മോശമായ അന്ദ്യം  ഉണ്ടായത്.”

തെല്ലൊന്ന് ആലോചിച്ചിട്ട് പപ്പാ അവളുടെ കുഴക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു.

“മൂല്യങ്ങൾ എപ്പോഴും കഷ്ടതകൾ ഇല്ലാതെ ആക്കണമെന്നില്ല. മറിച്ച് യെഥാർത്ഥത്തിൽ അവ പലപ്പോഴും അതിന്റെ ആഴം കൂട്ടുകയാണ് ചെയ്യുക”.

പപ്പയുടെ മറുപടി റിയയിൽ വലിയ മതിപ്പുളവാക്കി. പപ്പാ ഒരിക്കലും എഴുതുവാൻ ശ്രമിച്ചിരുന്നില്ല. എന്നും ഒരു നല്ല ആസ്വാദകനായിരുന്നു. എഴുതപ്പെടാത്തതാണ് ഏറ്റവും ഉദാത്തമായ  കവിത. എവിടെയോ വായിച്ചത് റിയ ഓർത്തു.

അവസാനമായി പപ്പയെ കണ്ട നിമിഷം റിയയുടെ ഉപബോധ മനസ്സിൽ എത്തി. പപ്പാ അഡ്മിറ്റായി ഏഴു ദിവസമായപ്പോൾ ബ്രെയിൻ ഡെത്ത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് ഡോക്ടർ അമ്മയെ അറിയിച്ചു. വെന്റിലെറ്ററിൽനിന്നും മാറ്റുന്നതിന് മുമ്പായി പപ്പയെ കാണുവാൻ അവരെ അനുവദിച്ചു. റിയ നിർന്നിമേഷയായി പപ്പയുടെ മുഖത്തേക്ക് നോക്കി നിന്നു. പപ്പയുടെ സ്നേഹവും കുസൃതിയും നിറഞ്ഞ പുഞ്ചിരി അപ്പോഴും ആ മുഖത്തുണ്ടെന്ന് അവൾക്കു തോന്നി. പപ്പാ ശാന്തമായി ഉറങ്ങട്ടെ എന്നുമാത്രം ‘അമ്മ പറഞ്ഞു. ചുംബനം നൽകി രണ്ടുപേരും പുറത്തിറങ്ങി. ‘അമ്മ വളരെ ശാന്തയായിരുന്നു. എങ്കിലും പുറത്തേക്കിറങ്ങുമ്പോൾ ‘അമ്മ റിയയുടെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു.

തന്റെ കൈപത്തിയിൽ ആരോ അമർത്തി പിടിക്കുന്നതായി  തോന്നിയിട്ടാണ് റിയ കണ്ണുകൾ തുറന്നത്. നോക്കുമ്പോൾ ‘അമ്മ അവളുടെ  കൈപ്പത്തിയും പിടിച്ചു റിയയെ തന്നെ നോക്കിയിരിക്കുന്നു.

“എനിക്കറിയാം മോളെ, നീ പപ്പയെ സ്വപ്നം കാണുകയായിരുന്നിരിക്കുമെന്ന്. അതുകൊണ്ടാണ് ഞാൻ നിന്നെ ഉണർത്താതിരുന്നത്. ഞാനും പപ്പയും നിന്റെ ഇടം വലം നിന്ന് നിന്റെ കൈപിടിച്ചു നിന്നെ വിവാഹത്തിന് അൾത്താരയിലേക്ക് ആനയിക്കുന്നത് പപ്പയുടെ സ്വപ്നമായിരുന്നു.”

റിയ മറുപടിയൊന്നും പറയാതെ അമ്മയെ നോക്കി, ഉള്ളിലെ വികാരങ്ങൾ പുറത്തു കാണിക്കാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. റിയ ഓർത്തു. പപ്പയുടെ ആകസ്മിക മരണത്തിനു ശേഷം എത്ര സമചിത്തത്തോടെയാണ് ‘അമ്മ കാര്യങ്ങൾ നോക്കിയത്. അതുവരെ പപ്പയുടെ നിഴൽ മാത്രമായിരുന്ന ‘അമ്മ സ്വന്തം കരീയറിലും അതിനുശേഷമാണ് ശ്രദ്ധിച്ചു തുടങ്ങിയത്. പപ്പയുടെ ബോഡിയുമായി നാട്ടിലേക്ക് മടങ്ങുമ്പോഴും ചടങ്ങുകൾ നടക്കുമ്പോഴുമെല്ലാം അമ്മയിൽ ഒരു പ്രത്ത്യേക ശാന്തത റിയ ശ്രദ്ധിച്ചു. അമ്മയിലുണ്ടായ മാറ്റം റിയക്ക് അവിശ്വസനീയമായിരുന്നു.

പിന്നെ അമേരിക്കയിലേക്ക് ഒരു മടങ്ങി പോക്കുണ്ടായില്ല.

റിയ കിടക്കയിൽനിന്നും എണീറ്റ് പ്രഭാത കർമ്മങ്ങൾക്ക് ശേഷം മെല്ലെ വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നു. അപ്പോഴും ഒരു സംശയം മാത്രം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു. അവളുടെ പപ്പാ പൗലോ ക്വയ്‌ലോയുടെ ഒരു വലിയ ആരാധകനായിരുന്നു. പക്ഷെ പപ്പാ എത്ര തീവ്രമായി ആഗ്രഹിച്ചിട്ടും, പ്രയഗ്നിച്ചിട്ടും പപ്പയുടെ കാര്യത്തിൽ എന്തുകൊണ്ട് പ്രപഞ്ച ശക്തികൾ പപ്പയുടെ ആഗ്രഹം നിവർത്തിച്ചു കൊടുത്തില്ല.

പതിയെ പതിയെ സ്വതസിദ്ധമായ പ്രസരിപ്പ് റിയ വീണ്ടെടുത്തു.

വിവാഹ വേഷത്തിൽ അവളൊരു യവന സുന്ദരിയായി. പപ്പയുടെ ശരീര പ്രകൃതിയായായിരുന്നു റിയക്ക്. നല്ല ഉയരം. വടിവൊത്ത  ശരീരം. ആത്മ വിശ്വാസത്താൽ അല്പം ഉയർന്നിരിക്കുന്ന  ശിരസ്സ്. വെളുപ്പിനേക്കാൾ മനോഹരമായ വിളഞ്ഞ ഗോതമ്പിന്റെ നിറം. അതിനു ചേരുന്ന വെഡ്‌ഡിങ് ഗൗൺ ആയിരുന്നു അവൾ ധരിച്ചിരുന്നത്. വിടർന്ന് ഭംഗിയാർന്ന അവളുടെ നയനങ്ങൾ സദാ ധിഷണയുടെ സ്ഫുല്ലിങ്ങ്ങ്ങൾ  പ്രതിഭലിപ്പിച്ചിരുന്നു. ഇന്നവൾ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ്. അവളുടെ ഒരു ബുക്ക് ബുക്കർ പ്രൈസിനായി ഷോർട് ലിസ്റ്റ്  ചെയ്യപ്പെട്ടിരുന്നു.

പതിനൊന്നു മണിക്ക് മുമ്പ് അവർ പള്ളിയിലെത്തി. പള്ളിയുടെ മോണ്ടലത്തിൽ നിൽക്കുമ്പോൾ ‘അമ്മ റിയയുടെ വലതു കയ്യിൽ പിടിച്ചിരുന്നു. അമ്മയുടെ കണ്ണുകൾ ചുറ്റും പരതുന്നതുപോലെ  റിയ്ക്കു തോന്നി.

ജോ അങ്കിൾ അപ്പോൾ അവരുടെ അടുത്തെത്തി. അമ്മയുടെ മൂത്ത സഹോദരനാണ്. കൂടെ അമേരിക്കക്കാരനായ ജാക്സൺ അങ്കിളും.

“‘അമ്മ ജാക്സൺ അങ്കിളിനെ കല്യാണത്തിന് വിളിച്ചിരുന്നോ”? അതിശയത്തോടെ റിയ അമ്മയോട് ചോദിച്ചു.

പപ്പയുടെ സുഹൃത്തായിരുന്ന  ജാക്സൺ അങ്കിളിനെ റിയ്ക്കു അമേരിക്കയിലുള്ളപ്പോഴെ അറിയാം. അങ്കിളൊരു ക്രോണിക് ഹാർട്ട് പേഷ്യൻറ്റാണെന്ന് പപ്പാ പറഞ്ഞിട്ടുണ്ട്. ഹാർട്ട് ട്രാൻസ്പ്ലാന്റിനായി വെയിറ്റ് ചെയ്യുകയായിരുന്നു ആ സമയത്ത്, അനുയോജ്യമായ ഹാർട്ടും കാത്ത്.

‘അമ്മ മറുപടി പറയുന്നതിന് മുൻപുതന്നെ ജാക്സൺ അവരുടെ അരികിലെത്തി.

“ജാക്സൺ അങ്കിൾ”!, അതീവ സന്തോഷത്തോടെ റിയ വിളിച്ചു.

തന്റെ വിവാഹ ദിനത്തിൽ, അവിശ്വസനീയവും അവിചാരിതവുമായ രീതിയിൽ പപ്പയുടെ അടുത്ത സുഹൃത്തിനെ കണ്ടതിലുള്ള ആഹ്ലാദം റിയയുടെ മുഖത്തെ ദീപ്തമാക്കി.പക്ഷെ ജാക്സൺ വളരെ വികാരാധീനനാണെന്നും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നതുമായി റിയ്ക്കു തോന്നി.

ഒന്നും ഉരിയാടാതെ അതീവ സ്നേഹവാത്സല്യങ്ങളോടെ ജാക്സൺ അവളെ ചേർത്തണച്ചു.

“ഐ നോ ഹൗ മച് യുവർ ഫാദർ ലവ്ഡ് യു.”

തെല്ലൊന്ന് നിർത്തിയിട്ട് വികാരാധീനനായി ജാക്സൺ തുടർന്നു.

“യുവർ ഫാദർ  ഈസ് ഹിയർ റിയ, റൈറ്റ് അറ്റ് ദിസ് മോമെന്റ്റ്, ടു ടേക്ക് യൂ ടു ദി ആൾട്ടർ .”

ഒന്നും മനസ്സിലാകാതെ റിയ ജാക്സൺ അങ്കിളിനെയും അമ്മയെയും മാറിമാറി നോക്കി. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അവൾ ശ്രദ്ധിച്ചു.

“ഹി ഹാഡ് കൺസെന്റെഡ് ടു ഡോണെറ്റ് ഹിസ് ഹാർട്ട് ഇഫ് സംതിങ്ങ് ഹാപ്പെൻസ് ടു ഹിം, ആൻഡ് റിയാ ഐ ആം ദാറ്റ് ഫോർച്യുനേറ്റ് റെസിപിയൻറ്. യെസ് റിയ, യുവർ പപ്പാസ് ഹാർട്ട് ഈസ് ബീറ്റിങ് ഇൻസൈഡ് മി, വാച്ചിങ് യു വിത്ത് ഓവർഫ്ലോവിങ് ലൗ. ഹിസ് ഒൺലി കണ്ടീഷൻ വാസ് ദാറ്റ് ദി റെസിപിയൻറ് ഷുഡ് അറ്റൻഡ് ഹിസ് ഡോട്ടേഴ്സ്  മാര്യേജ് ആൻഡ് അക്കമ്പനി ഹെർ ടു ദി ആൾട്ടർ”.

നിറ മിഴികളോടെ റിയ അമ്മയെ നോക്കി. ‘അമ്മ എന്നോട് ഒന്നും പറഞ്ഞിരുന്നില്ലല്ലോ എന്ന് അവളുടെ മിഴികൾ ദയനീയമായി അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു.

“ഇത് സർപ്രൈസ് ആയി വയ്ക്കണമെന്നും, ഇത് പപ്പയുടെ പ്ലാൻ ബി ആണെന്ന് ആവശ്യം വന്നാൽ മാത്രം നിന്നോട് പറയണമെന്നും പപ്പാ എന്നോട് പറഞ്ഞിരുന്നു”. റിയ ചോദിക്കാതെതന്നെ, തേങ്ങലടക്കികൊണ്ട് ‘അമ്മ റിയയുടെ ചെവിയിൽ പറഞ്ഞു.

ആ പള്ളി ഒരു കുന്നിന്റെ മുകളിലായിരുന്നു പണിതിരുന്നത്. വളരെ സ്വച്ഛമായ ഒരു ഗ്രാമത്തിൽ. അവർ നിന്നിരുന്ന മോണ്ടലവും മുറ്റവും കഴിഞ്ഞാൽ താഴേക്ക് പടവുകളായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പടവുകൾ. മോണ്ടലത്തിൽ നിൽക്കുമ്പോൾ വളരെ ദൂരെയായി വിശാലമായ നെൽവയലുകൾ കാണാം. അത് കൊയ്തുകഴിഞ്ഞുള്ള വർഷകാലത്തിന്റെ ആരംഭമായിരുന്നു. നെൽപ്പാടം മുഴുവൻ വെള്ളം മൂടിയിരുന്നു. ഇളം വെയിലിൽ, വെണ്മയാർന്ന മഞ്ഞു മൂടികിടക്കുന്നതു പോലെ ആ വയൽ വെട്ടി തിളങ്ങി. അതിനു മുകളിൽ തൂവെള്ള പഞ്ഞിക്കെട്ടുകൾപോലെ വെണ്മേഘങ്ങളും. ഇളം വെയിലിൽ ആ പള്ളിയും പരിസരവും നിലാവിൽ മുങ്ങി കുളിച്ചു നിൽക്കുന്നതുപോലെ റിയക്കു തോന്നി. ദൂരെ വയലിൽ നിന്നും വന്ന ഒരു കുളിർകാറ്റ് റിയയെ തഴുകി നിന്നു. അവളുടെ ഓർമ്മയിൽ അമേരിക്കയിലെ ഹിൽ സ്റ്റേഷൻ ഓടിയെത്തി. ഈ പ്രപഞ്ചം മുഴുവൻ പപ്പയോടൊപ്പം തനിക്ക് മംഗളം നേരുന്നതായി റിയക്ക് തോന്നി. അവൾ പുളകിത ഗാത്രിയായി തരിച്ചു നിന്നു.

ഒന്നും പറയാതെ റിയ അവളുടെ കൈകൾ നീട്ടി. ജാക്സൺ അവളുടെ ഇടതുകരം ഗ്രഹിച്ചു. ‘അമ്മ വലതുകരവും.

അവർ മൂവരും മന്ദം മന്ദം അൾത്താരയുടെ മുന്നിലേക്ക് നടന്നു, ഒപ്പം റിയയുടെ എല്ലാമായ അവളുടെ പപ്പയും.

( അവസാനിച്ചു )

Audio Credit: Movie Joseph, song Poomuthole….

Posted in

5 responses to “നെഞ്ചിനുള്ളിൽ – II”

  1. Smith Avatar
    Smith

    Lovely👍. The ending and all related stories beautifully connected to one another.

    1. Jarard Thomas Avatar

      Thanks Dear

    2. Jarard Thomas Avatar

      Thanks, dear

  2. Leelujose Avatar
    Leelujose

    കഥ മനോഹരം👍അതിശയകരമായ ending. വായിക്കാൻ സുഖമുണ്ട്… ഇനിയും എഴുതുക.. 🥰

    1. Jarard Thomas Avatar

      Thank you very much, madam

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading