(ഭാഗം ഒന്ന്)

Please play the audio for an enhanced reading experience.

               നാഗ്പൂരിലെ വിജയകരമായ ഓപ്പറേഷന് ഏതാണ്ട് നാലുമാസം  ശേഷമാണ് മനീഷ്  എറണാകുളത്ത് എത്തിയത്.

               അപ്പോഴേക്കും മധു ആലുവായിൽ ഏതാണ്ട് സെറ്റിലായിരുന്നു. വളരെ ആകർഷണീയമായ പെരുമാറ്റം കൊണ്ട് അവൾക്ക് എളുപ്പത്തിൽ ആരുടേയും ശ്രദ്ധ ആകർഷിക്കാൻ കഴിയും. അവളുടെ നിഷ്കളങ്കമെന്ന് തോന്നിക്കുന്ന മുഖത്ത് എപ്പോഴും ഒരു ചെറിയ പുഞ്ചിരി തങ്ങി നിൽക്കും. വിടർന്ന കണ്ണുകളിലെ മിഴിയിണകൾ പരൽ മീനുകളെപ്പോലെ എപ്പോഴും ഓടിക്കളിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ നിശ്ചലമെന്നു തോന്നുന്ന കണ്മിഴികൾ പെട്ടെന്ന് വെട്ടിതിരിയും. അവളുടെ സംസാരവും വളരെ ഹൃദ്യമായിരുന്നു. അവളുടെ സൗന്ദര്യമല്ല, അവളുടെ വ്യക്തിത്വമായിരുന്നു ആളുകളെ അവളിലേക്ക് ആകർഷിക്കുക.

               നാഗ്പൂരിൽനിന്നും മധു എറണാകുളത്തേക്കാണ് പോയത് . അവളുടെ ഒരു സുഹൃത്ത് അവിടെ ബ്യൂട്ടീഷ്യൻ ആയിരുന്നു. കൂട്ടുകാരിയുടെ സഹായത്തോടെ അവൾക്ക് ആലുവായിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി കിട്ടുവാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

               ബ്യൂട്ടി പാർലറിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോളാണ് മധു Dr.വീണയെ പരിചയപ്പെടുന്നത്. വീണ ആഴ്ചയിൽ ഒരിക്കൽ ആ ബ്യൂട്ടി പാർലറിൽ എത്തുമായിരുന്നു. മറ്റ് VIP കസ്റ്റമേഴ്സിനെ എന്നപോലെ പാർലറിന്റെ ഉടമസ്ഥ സാറാ തന്നെയാണ് വീണയെ അറ്റന്റ് ചെയ്യുക. സഹായിക്കാൻ തന്റെ ജോലിക്കാരിൽ മിടുക്കിയായ ഒരു ബ്യൂട്ടീഷ്യനെ കൂട്ടും. മധു പാർലറിലെത്തി രണ്ടു ദിവസത്തിനുള്ളിൽ തന്നെ സാറ അവളുടെ കഴിവുകൾ മനസ്സിലാക്കി. പതിയെ, തന്നെ അസിസ്ററ് ചെയ്യുവാൻ മധുവിനെ മാത്രം വിളിക്കുവാൻ തുടങ്ങി.

               “വെളിയിലൊക്കെ ജോലി ചെയ്ത് നല്ല പരിചയമുള്ള കുട്ടിയാണ്. വളരെ മിടുക്കി.” ആദ്യമായി പരിചയപ്പെടുത്തുമ്പോൾ സാറാ വീണയോടു പറഞ്ഞു.

               ആദ്യ സിറ്റിങ്ങിൽത്തന്നെ വീണക്കും അത് ശെരിയാണെന്നു മനസ്സിലായി. രണ്ടുമൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ മറ്റു ചില VIP കസ്റ്റമേഴ്സിനെപ്പോലെ വീണക്കും മധു അറ്റൻഡ് ചെയ്താൽ മതിയെന്നായി. സാറാക്കും അതു വളരെ ഇഷ്ടമായി. കഷ്ടപ്പാട് ഒഴിവായല്ലോ. കസ്റ്റമേഴ്‌സ് ആണെങ്കിൽ വളരെ ഹാപ്പിയും.

               “ഡൽഹിയിലും ബോംബെയിലുമൊക്കെ നല്ല ശമ്പളം കിട്ടില്ലേ, പിന്നെ നീ എന്തിനാണ് ഇങ്ങോട്ടു പോന്നത്”? ഒരുദിവസം വീണ മധുവിനോട് ചോദിച്ചു.

“ശമ്പളമൊക്കെ കിട്ടും, പക്ഷെ ജോലി പാടാണ് ചേച്ചി. നമ്മളെ കൊണ്ട് എന്തൊക്കെ ചെയ്യിക്കുമെന്ന് അറിയാമോ, ഒന്നിനും ഒരു നാണവുമില്ല”.

മധു ചിരിച്ചുകൊണ്ട് പറഞ്ഞു. മുഖത്തു തേച്ചിരുന്ന ഫേസ് പാക്ക് വലിഞ്ഞു അസ്വസ്ഥത തോന്നിയെങ്കിലും, വീണക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“എനിക്കിതു മാത്രമല്ല ചേച്ചി, കുക്കിങ്ങും, ഹോം ഇന്റീരിയർ ഡിസൈനും ഒക്കെ അറിയാം”.

“അതു കൊള്ളാമല്ലോ, നീ ഇതൊക്കെ എങ്ങിനെ പഠിച്ചു.” വീണ ചോദിച്ചു.

“ഞാൻ ഡൽഹിയിലെ ആന്റിയുടെ കൂടെ നിന്നാണ് ഹോം സയൻസ് പഠിച്ചത്. പിന്നെ ആന്റിയുടെ ബ്യൂട്ടി പാർലറിൽ വർക്ക് ചെയ്തു. പ്കഷെ കുറച്ചു കഴിഞ്ഞപ്പോൾ ആന്റി എന്നെ ഒഴിവാക്കുന്നത് പോലെ തോന്നി. ഞാൻ പിന്നെ ബോംബേക്കു പതിയെ ഷിഫ്റ്റ് ചെയ്തു.”

“എന്റെ അടുത്ത ഫ്ളാറ്റിലെ ആന്റി നിന്നെപ്പോലെ ഒരാളെ ജോലിക്ക് നോക്കുന്നുണ്ട്. പൂത്ത കാശുകാരിയാണ്. പോരാത്തതിന് ലണ്ടനിലെ പഴയ ജോലിയിൽനിന്നുള്ള പെൻഷനും. മക്കളൊക്കെ ലണ്ടനിലാണ്. കുറെ വർഷം അവിടെയായിരുന്നു ആന്റിക്ക് ജോലി. ആളൊരു ലണ്ടൻ സ്റ്റൈലാണ്. പിന്നെന്തോ ഇങ്ങു പൊന്നു. ഇപ്പോൾ മിക്കവാറും ഒറ്റക്കാണ്. ഇടക്ക് വല്ലപ്പോഴും മക്കളാരെങ്കിലും വരും. ഞാൻ നിന്റെ കാര്യം ആന്റിയോട് പറഞ്ഞു. നിന്നോട് ആന്റിയെ വന്നു കാണാൻ പറഞ്ഞിട്ടുണ്ട്”. വീണ പറഞ്ഞു.

പിറ്റേ ശനിയാഴ്ച ഉച്ച കഴിഞ്ഞു മധു വീണയോടൊപ്പം ഫ്ലാറ്റിലേക്ക് തിരിച്ചു. . യു സി കോളേജ് ജംഗ്ഷനിൽനിന്നും മൂന്നു കിലോമീറ്റർ മാറി ആലുവ  പുഴക്കരികിലായിരുന്നു  ഗ്രീൻ മെഡോസ്.

പതിനെട്ടു നിലകൾ വീതമുള്ള ട്വിൻ ടവേഴ്സ്. രണ്ട് ടവേഴ്സും തമ്മിൽ ഏറ്റവും മുകളിലത്തെ നിലകൾ തമ്മിൽ ഒരു പാസ്സേജ് വഴി കണ്ണെക്ട ചെയ്തിരിക്കുന്നു. റോഡിൽനിന്നും ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നതിന് വിശാലമായ ഗേറ്റ്. ഗേറ്റിന് എതിർവശത്തായി റോഡരികിൽ രണ്ടുമൂന്നു കടകൾ. തുറന്നു കിടന്ന ഗേറ്റിലൂടെ വീണയുടെ കാർ അകത്തു കടന്നപ്പോൾ ബാംബു ഗേറ്റ് തനിയെ തുറന്നു.

എക്സിറ്റിലുള്ള ബാംബൂ ഗേറ്റ് തുറന്നാണ് കിടന്നിരുന്നതെന്ന് മധു ശ്രദ്ധിച്ചു. അത് മാനുവൽ ഓപ്പറേഷൻ ആയിരിക്കണം, മധു മനസ്സിൽ പറഞ്ഞു.

മെയിൻ ഗേറ്റ് കടന്ന് ഏതാണ്ട് നൂറ് മീറ്റർ പിന്നിട്ടപ്പോൾ വീണ കാർ വലത്തേക്ക് തിരിച്ചു. ബേസ്‌മെന്റ് പാർക്കിങ്ങിലേക്കുള്ള എൻട്രി ആണെന്ന് മധുവിന് മനസ്സിലായി. കാർ പാർക്ക് ചെയ്തിട്ട് ബേസ്‌മെന്റിൽനിന്നും അവർ ലിഫ്റ്റിൽ പതിനെട്ടാം നിലയിലെത്തി. 1803 ആണ് വീണയുടെ ഫ്ലാറ്റ്. വീണ ഡോർ ഹാൻഡിൽ അമർത്തിയപ്പോൾ തന്നെ വാതിൽ തുറന്നു. ഉടനെ ശക്തിയായ കാറ്റ് മധുവിന്റെ മുഖത്തേയ്ക്കടിച്ചു.

“പൂജക്ക് വാതിൽ ലോക്ക് ചെയ്യുന്ന സ്വാഭാവമൊന്നുമില്ല”, ചിരിച്ചുകൊണ്ട് വീണ പറഞ്ഞു.

മധു കോറിഡോറിൽ നിന്നുകൊണ്ടുതന്നെ വിശാലമായ ജനാലയിലൂടെ വെളിയിലേക്കു നോക്കി. റോഡിന്റെ മറുവശത്ത് കടകളുടെ പിന്നിലായി വിശാലമായ ഒരു വാഴ തോപ്പും, പച്ചക്കറി തോട്ടവും. പച്ചക്കറി തോട്ടത്തിന്റെ ഒരു ഭാഗം മുഴുവൻ പന്തലിട്ടിരിക്കുന്നു. അതിൽ പടർന്നു കയറിയിരിക്കുന്ന ഏതെല്ലാമോ പച്ചക്കറി ചെടികൾ പന്തലിനു താഴെ ഇരുൾ പരത്തിയിരിക്കുന്നു. തോട്ടത്തിന്റെ വേറൊരു ഭാഗത്ത് ഉയർത്തി എടുത്ത തടങ്ങൾ തൂ വെള്ള പോളിത്തീൻ ഷീറ്റുകൾ കൊണ്ട് മൂടിയിരിക്കുന്നു. അവ മധ്യാഹ്നത്തിലെ പോക്കുവെയിലിൽ വെട്ടി തിളങ്ങി. തോട്ടങ്ങൾക്കുമപ്പുറത്ത് പരന്നൊഴുകുന്ന പുഴ. പുഴയിലേക്ക് ചാഞ്ഞു തീരത്ത് തെങ്ങുകൾ. അതിനുമപ്പുറം നെൽവയൽ. വിളയാറായ നെൽ കതിരുകൾ സ്വർണം വാരിയെറിഞ്ഞതുപോലെ തിളങ്ങി.

കറുപ്പും, വെളുപ്പും, പച്ചയും, സ്വർണവർണവും ഇടകലർന്ന ഒരു മനോഹര ചിത്രം. തെളിഞ്ഞ നീലാകാശവും അപ്പൂപ്പൻ താടിപോലെ തത്തി കളിക്കുന്ന വെണ്മേഘങ്ങളും ആ ചിത്രത്തിന് കൂടുതൽ മിഴിവേകി.

മധു ജനാലയുടെ അരികിലേക്ക് നടന്നു. ഇപ്പോൾ ഫ്ലാറ്റിന്റെ മുറ്റവും ഗേറ്റും കാണാം. മുറ്റത്ത് ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ടൈൽസ് വിരിച്ചിരിക്കുന്നു. മുറ്റം മുതൽ ബാംബൂ ഗേറ്റു വരെയുള്ള മധ്യ ഭാഗം ഭംഗിയായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത് പച്ചപ്പുല്ല് വിരിച്ചിരിക്കുന്നു. ഒത്ത നടുവിൽ ക്രോപ് ചെയ്ത ഒരു പൂമരം. ഐലണ്ടിന്റെ ഇരുവശവും ടൈൽ വിരിച്ച റോഡും, അതിന്റെ വശങ്ങളിൽ വീണ്ടും ലോൺ. ബാംബു ഗേറ്റിന്റെ ഒരു വശത്ത് കുട്ടികൾക്കുള്ള ഊഞ്ഞാലും, സ്ലൈഡുകളും.  മറുവശത്തു സെക്യൂരിറ്റി ക്യാബിനും. അതിരുകളിൽ പലവർണങ്ങളിലുള്ള ബൊഗൈൻവില്ലകൾ ക്രോപ് ചെയ്ത്, ഭംഗിയായി പെയിന്റ് ചെയ്ത വലിയ ചെടി ചട്ടികളിൽ, ക്രമമായി വെച്ചിരുന്നു.

ക്യാബിനു മുന്നിൽ സെക്യൂരിറ്റി ഗാർഡ് രണ്ടുമൂന്ന് സ്ത്രീകളോട് സംസാരിച്ചുകൊണ്ട് നിൽക്കുന്നു. അതിനിടയിൽ മൂന്നു ബൈക്കുകളിൽ  വന്നവരെ അലക്ഷ്യമായി ഉള്ളിലേക്ക് കടത്തി വിടുന്നത് മധു ശ്രദ്ധിച്ചു.

“അകത്തേക്ക് വരാം”. വീണ ഉള്ളിൽനിന്നും വിളിച്ചു പറഞ്ഞു.

വീണ കൊടുത്ത ചായ കപ്പുമായി മധു പിറകിലുള്ള ബാൽക്കണിയിൽ നിന്നു. പിറകുവശം കുറേ ദൂരം നെൽവയലുകൾ. അതിന്റെ അതിരിൽ  തെങ്ങുകൾ. വയലിൽനിന്നും വീശുന്ന കാറ്റ്.

“നമുക്ക് നാളെ ആന്റിയെ കാണാം. ശനിയാഴ്ചകളിൽ ആന്റി പുറത്തു പോയാൽ മിക്കവാറും എട്ടുമണി കഴിഞ്ഞേ തിരിച്ചെത്താറുള്ളു”. വീണ പറഞ്ഞു.

പിറ്റേന്ന് പതിനൊന്ന് മണിയായപ്പോൾ അവർ ബീന ആന്റിയുടെ ഫ്ലാറ്റിന്റെ കാളിങ് ബെല്ലടിച്ചു. പെട്ടെന്നു തന്നെ നരച്ച തലമുടി ഭംഗിയായി കഴുത്തറ്റം ക്രോപ് ചെയ്ത, അമ്പത് വയസ്സിനുമേൽ പ്രായം തോന്നുന്ന മെലിഞ്ഞു പ്രൗഡ്ഢയായ ഒരു സ്ത്രീ വാതിൽ തുറന്ന് അവരെ നോക്കി ഭംഗിയായി ചിരിച്ചു.

“ഹായ് വീണ, അകത്തേക്ക് വരൂ”, മനോഹരമായ ഒരു പുഞ്ചിരിയോടെ ബീനാ അവരെ ക്ഷണിച്ചു.

വാതിലിന്റെ കുറ്റി എടുക്കുന്നതോ, ലോക്ക് തുറക്കുകയോ ചെയ്യുന്ന ശബ്ദം കേട്ടില്ലെന്ന് അകത്തേക്ക് കടക്കുന്നതിനിടയിൽ മധു മനസ്സിലോർത്തു.

“ഇതാണ് മധു ” വീണ പരിചയപ്പെടുത്തി.

മധു മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ബീനയെ നോക്കി കൈകൾ കൂപ്പി.

“നിങ്ങൾ സംസാരിക്ക്, പൂജ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടില്ല”. പുറത്തേക്ക് നടന്നുകൊണ്ട് വീണ പറഞ്ഞു.

ബീനാ മധുവിന്റെ വിശേഷങ്ങളൊക്കെ തിരക്കി. മധു വളരെ ക്ലാരിറ്റിയോടെ അവളുടെ ഒരു ലഘു പ്രൊഫൈൽ ബീനക്ക് പറഞ്ഞു കൊടുത്തു. വീണയോടു പറഞ്ഞിട്ടുള്ളതിൽ നിന്നും ഒരു വ്യത്യാസവും വരാതിരിക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധ ചെലുത്തി. ബീന താല്പര്യപൂർവം കേട്ടിരുന്നു. തന്റെ ഓരോ വക്കും ബീന ശ്രദ്ധിക്കുന്നുണ്ടെന്ന് മധു മനസ്സിലാക്കി.

“ഞാൻ രാവിലെ ബെഡ്‌കോഫി കുടിച്ചതേയുള്ളൂ, ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ല. മോൾക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാമോ “? ബീന ചോദിച്ചു.

“ഓക്കേ”, അവൾ ചിരിച്ചുകൊണ്ട് ബീന ചൂണ്ടിക്കാട്ടിയ അടുക്കളയുടെ നേരെ നടന്നു. ഇത് ഇന്റർവ്യൂവിന്റെ ലാസ്റ്റ് പ്രാക്ടിക്കൽ ടെസ്റ്റ് ആണെന്ന് അവൾക്കു മനസ്സിലായി.

ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമ്പോൾ അവളുടെ മനസ്സു നിറയെ ബീന അണിഞ്ഞിരുന്ന ഭംഗിയുള്ള മാലയായിരുന്നു. പ്ലാറ്റിനം ചെയിനിൽ കോർത്തിരുന്ന പെൻഡെന്റ് അഞ്ചു ക്യാറട്ടെങ്കിലും വരുന്ന ഡയമണ്ട് ആണെന്ന് അവൾക്ക് ഉറപ്പായിരുന്നു.

ഒരു നിമിഷം കണ്ണടച്ചുകൊണ്ടവൾ, മനു അത് പ്രേമപൂർവം തന്റെ കഴുത്തിൽ അണിയിക്കുന്ന നിമിഷം സ്വപ്നം കണ്ടു.

മോണിക്ക എന്ന മേരി ആൻഡ്രീയക്ക് ചാൾസ് ശോഭരാജ് എങ്ങിനെയോ അങ്ങിനെയാണ്, മധുമിത എന്ന മധുവിന്, അവൾ സ്നേഹപൂർവ്വം മനു എന്നു വിളിക്കുന്ന മനീഷ്.

ഒരാഴ്ച്ചകഴിഞ്ഞു മധു, ബീനാ ആന്റിയുടെ ഫ്ലാറ്റിൽ പാർട്ട്ടൈം ജോലിയിൽ പ്രവേശിച്ചു. ആഫ്റ്റർനൂൺ ഷിഫ്റ്റിൽ വീണയുടെ ഫ്‌ളാറ്റിലും. ഒരു മെയിഡിനെക്കാളുപരിയായി പൂജയെ സ്നേഹിക്കുന്ന പക്വതയുള്ള ഒരു ആയയെ ആയിരുന്നു വീണ മധുവിൽ കണ്ടത്.

 ബീന അവളെ ബട്ളർ കുട്ടി എന്നാണ് സ്നേഹപൂർവ്വം വിളിച്ചത്. തന്റെ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് സ്കില്ലിന് മധു തന്നോടുതന്നെ നന്ദി പറഞ്ഞു.

തന്റെ വീട്ടിൽ രാത്രി കിടക്കാമെന്നുള്ള വീണയുടെ ഓഫർ അവൾ സ്നേഹപൂർവ്വം നിരസിച്ചു.

അടുത്ത ഒരാഴ്ചയിൽ മധു ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കി. ഇംഗ്ലീഷ്‌കാരനായിരുന്ന ബീനയുടെ ഹസ്ബൻഡ് നാലഞ്ച് വര്ഷം മുൻപ് മരിച്ചു. രണ്ടു പെൺമക്കൾ ലണ്ടനിൽ സെറ്റൽഡ്. ചെങ്ങന്നൂരിനടുത്ത് സ്വന്തം വീടുണ്ടെങ്കിലും അധികം പോകാറില്ല. ഗ്രീൻ മെഡോസിലെ നാല് ബെഡ്‌റൂം ഫ്ലാറ്റ് വാടകക്കെടുത്തതാണ്. അവിടെ ആഭരണങ്ങളുടെ ഒരു നിധി തന്നെയുണ്ടെന്ന് അവൾ ഊഹിച്ചു.

വീണയുടെ ഹസ്ബൻഡ് കുവൈറ്റിൽ ഓയിൽ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. പൂജ ഡിപ്രഷന് ട്രീട്മെൻ് എടുക്കുന്നു. അതുകൊണ്ടാണ് വീണ നാട്ടിലേക്കു കുട്ടിയുമായി പോന്നത്. ആസ്റ്റർ മെഡ്സിറ്റിയിൽ കൺസൾട്ടന്റ് അനെസ്തേറ്റിസ്റ്റ് ആയി വർക്ക് ചെയ്യുന്നു. ഇടക്ക് ഓൺ കോളിൽ അപൊള്ളോയിലും.

ഒരു മാസം കഴിഞ്ഞപ്പോൾ മധുവിന് ഗ്രീൻ മെഡോസിലെ മുക്കും മൂലയും പരിചയമായി. അവിടെ താമസിക്കുന്നവരെക്കുറിച്ചും ജോലിക്കാരെക്കുറിച്ചും നല്ല ഒരു ധാരണ ഉണ്ടാക്കി. അതിനുശേഷമാണ്, അടുത്ത ഓപ്പറേഷനായി ആലുവാക്ക് പോരാനുള്ള സിഗ്നൽ അവൾ മനുവിന് കൊടുത്തത്.

അപ്പോൾ നാഗ്പൂരിലെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഏതാണ്ട് നാലുമാസം കഴിഞ്ഞിരുന്നു.

(തുടരും)

Audio credits: Title song, James Bond Movies.

Posted in

6 responses to “ഗ്രീൻ മെഡോസ്– I”

  1. JOSEPH J POVATTIL Avatar
    JOSEPH J POVATTIL

    Seems to be a crime thriller and bringing out the security lapses in apartments. It may be useful for apartment managing committees to take a leaf out of this story and beef up their security, if there are unseen lapses. Only a good observer can watch and bring out such lapses.

    1. Jarard Thomas Avatar

      Thanks for visiting site. but its not specific to any particular
      apartment building.

  2. LEELU JOSE Avatar
    LEELU JOSE

    നന്നായിട്ടുണ്ട് 👍👍ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു 🥰

    1. Jarard Thomas Avatar

      Thanks for the encouragement.

  3. Smith PS Avatar
    Smith PS

    Those who are staying in Federal Greens could easily pick up the lapses in the security arrangements, and the maids operating. And, at the same time, elaborates the beauty around.

    1. Jarard Thomas Avatar

      Thanks, dear, for the encouragement

Leave a Reply to Jarard ThomasCancel reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading