Please switch on the audio for an enhanced reading experience.
ഗണേശൻ പെയിന്റിംഗ് ബ്രെഷ് താഴെ വെച്ചിട്ട് തന്റെ സ്റ്റുഡിയോ അപാർട്മെന്റിന്റെ ബാൽക്കണിയിൽ ചെന്ന് നിന്ന്, ഒരു സിഗററ്റിന് തീ കൊളുത്തി. സിഗററ്റ് വളരെ ചുരുക്കമായേ അയാൾ കടയിൽനിന്നും വാങ്ങാറുള്ളൂ. സ്വയം തെറുക്കുകയാണ് അയാളുടെ പതിവ്. ആയാൾക്കാവശ്യം, ഏതെങ്കിലും ബ്രാൻഡ് നൽകുന്ന അനുഭൂതിയല്ല, മറിച്ച് അപ്പോഴത്തെ അയാളുടെ മൂഡിന്റെ ഉത്തേജിപ്പിക്കലാണ്. അതുകൊണ്ട് സിഗററ്റ് തെറുക്കാൻ പുകയില ഫ്ലേക്സിനൊപ്പം മറ്റു ചേരുവകളും അയാൾ പല ഡപ്പികളിലായി കരുതിയിരുന്നു.
അയാൾ എത്ര ശ്രമിച്ചിട്ടും ഒട്ടുമുക്കാലും വരച്ചു തീർത്ത ഈ ചിത്രം എന്തുകൊണ്ടോ മുഴുമിക്കാനാകുന്നില്ല.
മുല്ലത്തീവിലെ വട്ടപാലൈ കണ്ണകി അമ്മൻ ക്ഷേത്രത്തിന്റെ തീം ആയിരുന്നു ചിത്രത്തിന്. കടൽ തീരത്ത്, സ്വർണ തളികയിലെന്നപോലെ മാനം മുട്ടേ ഉയർന്നു നിൽക്കുന്ന ക്ഷേത്ര ഗോപുരം, അതിൽ നിറയെ ദ്രാവിഡ ശൈലിയിലുള്ള കൊത്തുപണിയിൽ തീർത്ത കരിങ്കൽ ശില്പങ്ങൾ, അതിന്റെ നടുവിൽ കണ്ണകി അമ്മന്റെ ഏറ്റവും വലിപ്പമേറിയ ശിൽപം, സ്വർണ മണൽ തരികൾ നിറഞ്ഞ വിശാലമായ അങ്കണത്തിനു ചുറ്റും ഉയർന്ന ചുറ്റുമതിൽ, കമാനത്തിലും ചുറ്റു മതിലിന്റെ ഭിത്തിയിലും കടുത്തനിറത്തിലുള്ള ചായക്കൂട്ട്, പ്രവേശന കവാടത്തിലും മൂലകളിലും ദ്വാരപാലക മൂർത്തികൾ,. ചുറ്റു മതിലിന്റെ പിറകിൽ മഹാസമുദ്രത്തിന്റെ അനന്തതതയിലേക്ക് ഊർന്നിറങ്ങുന്ന മാനം. ആ മാനത്തുനിന്നും രണ്ടു കൈകളും വിടർത്തി ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന കണ്ണകി അമ്മന്റെ വലിയ ചിത്രമാണ് അപ്പോൾ ഗണേശൻ വരച്ചുകൊണ്ടിരുന്നത്.
അപ്പാ തങ്ങൾക്ക് പറഞ്ഞു തന്ന ചിലപ്പതികാരത്തിലെ കണ്ണകി അമ്മന്റെ കഥ ഇപ്പോഴും ഗണേശന്റെ ഓർമയിലുണ്ട്.
തന്റെ ഭർത്താവായ കോവലനെ മോഷ്ടാവെന്നു തെറ്റായി മുദ്രകുത്തി പിടിച്ചശേഷം വധിച്ച മധുര രാജാവിനോടുള്ള കണ്ണകിയുടെ കോപാഗ്നിയിൽ മധുരാ നഗരം വെന്തു വെണ്ണീറായി. അതിനുശേഷം കണ്ണകി സമുദ്ര മാർഗം തെക്കോട്ട് തിരിച്ച് ലങ്കയിലെ വട്ടപാലൈലെത്തി. ഒരു വൃദ്ധയുടെ വേഷത്തിലെത്തിയ കണ്ണകി അവിടെ എരുമകളെ മേയിച്ചിരുന്ന ബാലന്മാരോട് വിശപ്പടക്കാൻ ഭക്ഷണം ചോദിച്ചു. പാവങ്ങളായിരുന്ന ആ കുട്ടികൾ ഉച്ച ഭകഷണമായി തങ്ങളുടെ കൈവശമുണ്ടായിരുന്ന പൊങ്കൽ ആ വൃദ്ധക്കു നൽകി. വിശപ്പടങ്ങി സന്തുഷ്ടയായ കണ്ണകി, തന്റെ പൂജക്ക് തെളിക്കുവാനായി ഒരു വിളക്കു കൊണ്ടുവരുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികൾ ഒരു മൺ വിളക്കു കൊണ്ടുവന്നെങ്കിലും നിർദ്ധനരായ അവരുടെ പക്കൽ എണ്ണ ഉണ്ടായിരുന്നില്ല. വിഷണ്ണരായിരുന്ന കുട്ടികളെ ആശ്വസിപ്പിച്ചിട്ട് കണ്ണകി അവരോട് കടലിൽനിന്നും കുറച്ചു വെള്ളം കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ഒന്നു പകച്ചെങ്കിലും കുട്ടികൾ കണ്ണകി പറഞ്ഞതുപോലെ ചെയ്തു. കുട്ടികൾ കടലിൽനിന്നും കൊണ്ടുവന്ന വെള്ളം കണ്ണകി വിളക്കിലേക്കു പകർന്നിട്ട് തിരി കത്തിച്ചു.
അതിശയമെന്നു പറയട്ടെ, വിളക്ക് തെളിഞ്ഞു കത്തി. ഇതുകണ്ട് ഭയന്ന കുട്ടികൾ മുന്നിലുള്ള വൃദ്ധ ദുർമമന്ത്രവാദിയാന്നെന്ന് കരുതി ഭയന്നു വിറച്ചു. വൃദ്ധ കുട്ടികളെ സ്നേഹപൂർവ്വം അരികിൽ വിളിച്ചിട്ട് അവരോടു തന്റെ തലയിലെ മുടിയിഴകൾ വകഞ്ഞു നോക്കുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ അപ്പോൾ കണ്ടത് വൃദ്ധയുടെ തലയിൽ മുടിയിഴകൾക്കിടയിൽ ഒളിഞ്ഞിരുന്ന് തിളങ്ങുന്ന ആയിരം കണ്ണുകളാണ്.
ഇതെല്ലം അറിഞ്ഞു ഗ്രാമവാസികൾ അവിടേക്ക് ഓടിയെത്തി. അപ്പോൾ, വൈകാശി മാസത്തിലെ അതേ നാളിൽ എല്ലാ വർഷവും കണ്ണകിയെ ആ സ്ഥലത്ത് പൂജിക്കാൻ കല്പിച്ചിട്ട്, സ്വന്തം ദേവി രൂപത്തിൽ കണ്ണകി സ്വർഗത്തിലേക്ക് ആരോഹണം ചെയ്തു. പൂജക്കുള്ള വിളക്കുകളിൽ തിരി തെളിക്കുവാൻ കടൽ വെള്ളം മാത്രം ഉപയോഗിക്കുവാനും കണ്ണകി കല്പിച്ചു.
“ഇന്നും, പ്രത്യേക പൂജക്കുശേഷം കടലിൽ നിന്നും പൂജാരി എടുക്കുന്ന വെള്ളമൊഴിച്ചാണ് വൈകാശി വിശാഖം പൊങ്കൽ പൂജക്ക് വിളക്കുകൾ കത്തിക്കുന്നത്”.
അതിശയത്തോടെ ആ കഥ കേട്ടിരുന്ന തങ്ങളോട് അപ്പാ പറഞ്ഞു.
അച്ഛന്ററെ ഓർമ്മ ഗണേശനെ തന്റെ ബാല്യകാല സ്മരണകളിലേക്ക് കൂട്ടികൊണ്ടു പോയി. കൂടുതലും അമ്മ പറഞ്ഞുള്ള അറിവാണ്.
ശ്രീലങ്കൻ തമിഴർ ചതിയനായി കണക്കാക്കിയിരുന്ന ജാഫ്‌ന മേയർ ദുരൈയപ്പയെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്ത് കൊലപ്പെടുത്തിയതിന് ശേഷമാണ് അപ്പാ, കരിങ്കാലൻ എന്ന് വിളിപ്പേരുള്ള വേലുപ്പിള്ള പ്രഭാകരന്റെ ആരധകനായത്. അന്ന് അപ്പാ തീരെ ചെറുപ്പമായിരുന്നു. തുടർന്നുണ്ടായ 1983-ലെ സംഭവങ്ങൾ, – ആയിരക്കണക്കിന് തമിഴരെ സിംഹളർ കൊന്നൊടുക്കിയത്, ഒന്നരലക്ഷത്തിലധികം തമിഴരുടെ വീടുകൾ തകർത്ത് അവരെ തെരുവിലാക്കിയത്, കേണൽ കിട്ടുവടക്കം 52 തടവുകാരെ കൊളോമ്പോയിലെ ജയിലിൽ അധികാരികളുടെ അറിവോടെ കൊന്നൊടുക്കിയത്, – അപ്പായെ മറ്റനേകം തമിഴരെപ്പോലെ ഒരു പൂർണ്ണ LTTE അനുഭാവിയാക്കി. വളരെ വിരളമായി മാത്രമേ കരിങ്കാലൻ പൊതുവേദിയിൽ പ്രത്യക്ഷപെട്ടിട്ടുള്ളു. തലൈവരുമായി പിൽക്കാലത്തു അത്തരത്തിലുണ്ടായ കൂടിക്കാഴ്ച അപ്പായെ അദ്ദേഹത്തിന്റെ ഒരു ആരാധകനാക്കി മാറ്റി.
അപ്പാ ഒരു നല്ല ആർട്ടിസ്റ്റും, ഫോട്ടോഗ്രാഫറും, ഡൂപ്ലികേറ്റ് ഡോക്യൂമെന്റസ് ഉണ്ടാക്കുന്നതിൽ വിദഗ്ധനും ആയിരുന്നു. കൂടാത്തതിന് നല്ല ഒരു മെക്കാനിക്കും. വ്യാജ ഐഡന്റിറ്റികൾ ഉണ്ടാക്കുന്നതിലായിരുന്നു അപ്പാക്ക് ഏറ്റവും വൈദഗ്ദ്യം. പൂർണ തോതിലുള്ള സൈനിക പരിശീലനവും അപ്പാക്ക് ലഭിച്ചിരുന്നു. ഇതെല്ലാം LTTE യുടെ രഹസ്യ കേന്ദ്രങ്ങളിൽ അതി രഹസ്യമായി സേവനം ചെയ്യുവാൻ അപ്പായെ യോഗ്യനാക്കി. ധാരാളം രഹസ്യ രാജ്യാന്തര ഇടപാടുകൾ LTTE ക്ക് ഉണ്ടായിരുന്നതിനാൽ അപ്പാക്ക് എപ്പോഴും തിരക്കായിരുന്നു. കൂടാതെ പല ഐഡന്റിറ്റിയിലുള്ള യാത്രകളും.
ഇത്തരം യാത്രകൾക്കിടയിൽ എപ്പോഴോ ആണ്, അപ്പാ കൊളോമ്പോയിൽ നേഴ്സ് ആയിരുന്ന മലയാളിയായ അമ്മയെ പരിചയപ്പെടുന്നതും, അവർ തമ്മിൽ അടുക്കുന്നതും. കുറെ കഴിഞ്ഞപ്പോൾ അമ്മ ആദ്യം ജാഫ്‌നയിലും പിന്നെ മുല്ലത്തീവിലും എത്തി.
തികച്ചും അശാന്തിയുടെ നാളുകളായിരുന്നു പിന്നീട്.
മുല്ലത്തീവും, കിള്ളിനോച്ചിയും, പുതുക്കുടിയിരിപ്പും, മാങ്കുളവും, എല്ലാം ഉൾപ്പെടുന്ന വടക്കൻ ലങ്കയുടെ വണ്ണി പ്രവിശ്യയിലായിരുന്നു അവരുടെ വീട്. മുല്ലത്തീവിൽ. ഷ്റൈൻ ഓഫ് ഔർ ലേഡി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പരിശുദ്ധ മാതാവിന്റെ പള്ളി, ആ പ്രവിശ്യയിൽ തന്നെയുള്ള മാന്നാർ ജില്ലയിലെ മധു എന്ന ചെറു പട്ടണത്തിലായിരുന്നു. മിലിറ്ററി ആസ്ത്ഥാനം മുല്ലത്തീവ് ആയിരുന്നെങ്കിൽ, തലസ്ത്ഥാനം എന്ന് അറിയപ്പെട്ടിരുന്ന കിള്ളിനോച്ചി ആയിരുന്നു LTTE ആസ്ത്ഥാനം. ഭരണ, നീതിന്യായ സിരാകേന്ദ്രം അവിടെയായിരുന്നു. ഈ പ്രവിശ്യയിൽ തന്നെയുള്ള മറ്റൊരു ശക്തി കേന്ദ്രമായിരുന്നു കടയിരിപ്പ്. LTTE ആർമിയുടെ കവചിത വാഹനങ്ങളും, ജോണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലാൻഡ് മൈനുകളും ആഴക്കടൽ മൈനുകളും എല്ലാം അവിടെയായിരുന്നു നിർമിച്ചിരുന്നത്. പിന്നീട് യുദ്ധത്തിൽ മുറിവേൽക്കുന്ന പുലികളുടെ പ്രധാന ആശുപത്രികളും കടയിരിപ്പിലായി.
അമ്മ പലപ്പോഴും അവിടെ സേവനം ചെയ്തിട്ടുണ്ട്.
യുദ്ധത്തിന്റെ മൂർദ്ധന്യതയിൽ A9 ഹൈവെ പൂർണമായും അടച്ചതോടെ വടക്കുകിഴക്കൻ പ്രവിശ്യകളിലേക്ക് ഒരു ആശ്യവസ്തുവും എത്താതായി. പ്രാദേശികമായി ലഭിക്കുന്നതല്ലാതെ മറ്റൊന്നും- കുട്ടികൾക്ക് ചോക്ലേറ്റോ, ബിസ്കറ്റുകളോ പോലും. കറന്റില്ല, ടാപ്പുകളിൽ വെള്ളമില്ല, ടി വി യോ, റേഡിയോയോ ഇല്ല, – LTTE സ്റേഷനുകളല്ലാതെ. പെട്രോൾ ലഭ്യമല്ലാത്തതിനാൽ സഞ്ചരിക്കുവാൻ സൈക്കിളുകൾ മാത്രം. സ്‌കൂളുകളും, കോളേജുകളും, കോടതിയും, പോലിസ് സ്റ്റേഷനുകളും LTTE നിയന്ത്രണത്തിൽ. നികുതി പിരിക്കുന്നതും അവർ തന്നെ. പക്ഷെ ചില സന്ദർഭങ്ങളിൽ എങ്കിലും കൊളോമ്പോയിലെ ഗവണ്മെന്റിനും നികുതി കൊടുക്കേണ്ടിയിരുന്നു. ആകാശമാർഗം മാത്രമായിരുന്നു കൊളോമ്പോയുടെ നിയന്ത്രണത്തിൽ. മൂളി പറക്കുന്ന അവരുടെ യുദ്ധ വിമാനങ്ങളിൽ നിന്നും രക്ഷപെടുവാൻ താമസം മിക്കവാറും വീടുകളോട് ചേർന്നുള്ള കുടുസ്സായ ബങ്കറുകളിലോ സമീപമുള്ള കൊടും കാടുകളിലോ.
അപ്പായെ വളരെ ദുർലഭമായി മാത്രമേ വീട്ടിൽ കാണാറുള്ളു. അങ്ങിനെയുള്ള ഒരു നിമിഷത്തിൽ, അമ്മ ചോദിച്ചു,
“നിങ്ങൾ എങ്ങിനെയാണ് ഇത്രയും വൈകാരികമായി പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പുലിയായത്. നിങ്ങളുടെ സഹോദരങ്ങളും പുലികൾ. നിലവിലെ LTTE !നിയമമനുസരിച്ചു ഒരു കുടുംബത്തിൽ നിന്നും ഒരാൾ മാത്രം നിർബന്ധമായും പുലിയായാൽ മതിയല്ലോ”.
അപ്പാ ആർദ്രനായി അമ്മയെ നോക്കി. സ്നേഹവും നിസ്സഹായതയും വഴിഞ്ഞൊഴുകുന്ന മുഖത്തോടെ. പിന്നെ അമ്മയെ ചേർത്തു പിടിച്ചുകൊണ്ട് അപ്പാ ചോദിച്ചു,
“തിരുവിതാംകൂറിലെ ഒരു പുരാണ കുടുംബത്തിലെ അംഗമായ നീ എങ്ങിനെയാണ് മോളെ എന്റെ ഭാര്യയായത്? ഏതു ആത്മാർത്ഥ സ്നേഹത്തിനും,- അത് രാജ്യ സ്നേഹമായാലും,- അതിരുകളില്ല. ഞങ്ങളുടെ പോരാട്ടം മനസ്സിലാകണമെങ്കിൽ, അതിന് ലങ്കൻ തമിഴരുടെ ചരിത്രമറിയണം”.
അപ്പാ പറഞ്ഞു.
“കരിങ്കാല ചോളന്റെ പിന്മുറക്കാരാണ് ഞങ്ങൾ. ഞങ്ങളുടെ സിരകളിൽ ഓടുന്നത് ചോള രക്തമാണ്. ലോകത്തെവിടെയാണെങ്കിലും ആത്മാഭിമാനമാണ് ഞങ്ങൾ തമിഴരുടെ ജീവൻ. അത് പണയപ്പെടുത്തി.ഒരു അടിച്ചമർത്തലും ഞങ്ങൾ സമ്മതിക്കില്ല. സിംഹളർക്ക് മുൻഗണന കൊടുക്കുന്ന ഒരു സമൂഹത്തിൽ രണ്ടാംകിട പൗരന്മാരായി ജീവിക്കുന്നതിനേക്കാൾ പൊരുതി മരിക്കാനാണ് ഞങ്ങൾക്കിഷ്ടം.
സ്ത്രീകളോടുള്ള ബഹുമാനം ഞങ്ങളുടെ ജീവിത രീതിയാണ്. ജാതീയമായ വ്യത്യാസങ്ങൾ ഇല്ലാത്ത LTTE യിൽ എല്ലാ പുലികൾക്കും തുല്യ നീതിയാണ്. ജാതി വ്യത്യാസമില്ല, ലിംഗ വ്യത്യസ്തസമില്ല. തലൈവർക്ക് മദ്യമില്ല, മയക്കുമരുന്നില്ല, ആഡംബരമില്ല, തികച്ചും ലക്ഷ്യ ബോധത്തോടെയുള്ള, നിസ്സംഗമായ പ്രവർത്തനം”.
അപ്പാ തുടർന്നു.
“തലൈവരുടെ മാതൃക ആരൊക്കെയാണെന്നറിയാമോ? അത് അക്രമികളോ, കൊള്ളക്കാരോ അല്ല.
നിങ്ങൾ എനിക്ക് ചോര തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ നേതാജിയാണ് തലൈവർക്ക് ഹീറോ. എന്റെ അവസാന തുള്ളി രക്തംവരെ എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നു പറഞ്ഞ നേതാജിയുടെ INAയുടെ മാതൃകയിലും, ഡിസിപ്ലിനിലും ഊന്നിയാണ് തലൈവരും പുലി സേനയെ കെട്ടിപ്പെടുത്തി പോരാടുന്നത്. ഒരിക്കലും പിടികൊടുക്കാതെ അവസാനംവരെ പൊരുതി ഗവെർന്മെന്റിന്റെ പൊട്ടച്ചെവികൾ തുറപ്പിക്കുവാനുള്ള ദൃഢ നിശ്ച്ചയമാണ് സയനൈഡ് കാപ്സൂളുകളുടെ ഉത്ഭവത്തിനു കാരണം.
സൈമൺ കമ്മീഷനെതിരെ സമാധാനപരമായി പോരാടിയ ലാലാ ലാജ്പത് റായിയെ ക്രൂരമായ ലാത്തിച്ചാർജിൽ മരിക്കാനിടയാക്കിയ പോലീസ് മേധാവിയെ വധിച്ച, ദേശസ്നേഹിയായ വീര ഭഗത്‌സിംഗാണ് തലൈവരുടെ മറ്റൊരു ഹീറോ. കുറ്റവാളികളെ പോലെ തൂക്കി കൊല്ലാതെ, പോരാടുന്ന വീരസൈനികനെ പോലെ തന്നെ വെടിവെച്ചു കൊല്ലാൻ മാത്രമേ ദേശഭക്തി ഗാനവും ആലപിച്ചു കഴുമരത്തിലേക്ക് ചുവടുവെച്ച ഭഗത് സിങ് ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടുള്ളു.
പറയൂ, ഇവരിലാരെങ്കിലും നിങ്ങൾക്ക്തീവ്രവാദിയാണോ”?
അമ്മക്ക് മറുപടി ഇല്ലായിരുന്നു. അവരുടെ ഇടയിൽ നിശബ്ദത തളം കെട്ടി നിന്നു.
പക്ഷെ 2001 ലെ 9/11 സംഭവം LTTE യുടെ സാമ്പത്തിക അടിത്തറ ഇളക്കി.
ട്വിൻ ടവറിന്റെ വീഴ്ചയുടെ ആഘാതത്തിൽ പാശ്ചാത്യ ലോകം നടുങ്ങി!.അമേരിക്കയും, ബ്രിട്ടനും, കാനഡയും, യൂറോപ്പുമെല്ലാം തീവ്രവാദത്തിനു പുതിയ നിർവചനം നൽകി. പല രാഷ്ട്രീയ കലാപങ്ങളെയും, ഗവൺമെന്റിനെതിരായ സായുധ പോരാട്ടങ്ങളെയും തീവ്രവാദത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തി. അവർക്കു സാമ്പത്തിക സഹായം നൽകുന്നവരെ തെരഞ്ഞു പിടിച്ചു ശിക്ഷിച്ചു. അവരുടെ ബിസിനെസ്സുകളെ കരിമ്പട്ടികയിൽ പെടുത്തി. അതോടെ മുന്നൂറു കോടി ഡോളർ വാർഷിക വരുമാനമുണ്ടായിരുന്ന LTTEക്ക് വിദേശത്തുനിന്നുമുള്ള പണമൊഴുക്ക് മിക്കവാറും നിലച്ചു. അവരുടെ വൻ കപ്പൽ വ്യൂഹം പാശ്ചാത്യ രാജ്യങ്ങളിൽനിന്നും ലഭിക്കുവാൻ തുടങ്ങിയ കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കൻ നേവിയുടെ ആക്രമണത്തിൽ കടലിൽ മുക്കപ്പെട്ടു. അതോടെ അത്യാധുനിക യുദ്ധ സാമഗ്രികളുടെ ലഭ്യതയും തടസ്സപ്പെട്ടു.
എന്നാൽ അതിലും വലിയ വിപത്ത് വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.
തലൈവരുടെ ഏറ്റവും പ്രധാന ലെഫ്റ്റനന്റും, അംഗരക്ഷകനും എല്ലാ സൈനിക നീക്കങ്ങളുടെയും കേന്ദ്ര ബിന്ദുവുമായിരുന്ന കരുണ എന്ന വിനായക മൂർത്തിയും ആയുള്ള തെറ്റിപിരിയൽ ആയിരുന്നു അത്. പൂർണ സ്വതന്ത്ര തമിഴ് രാജ്യത്തിനു പകരം ഒരു തമിഴ് കോൺഫെഡറേഷൻ പരിഗണിക്കണമെന്നുള്ള ഗവെർന്മെന്റിന്റെ 2004 മാർച്ചിലെ ഓസ്ലോ കരാറിനോടുള്ള അനുഭാവപൂർണമായ കരുണയുടെ പ്രതികരണമാണ് വേർപിരിയലിനുള്ള മൂല കാരണം. ബാട്ടികൊളയും, അമ്പാറയും ഉൾപ്പെടുന്ന ഈസ്റ്റേൺ പ്രൊവിൻസ് പൂർണമായും കരുണയുടെ കീഴിലായിരുന്നു . ജനനിബിഡവും സമ്പന്നവും ആയിരുന്ന ഈസ്റ്റേൺ പ്രൊവിൻസിൽ നിന്നുമായിരുന്നു കൂടുതൽ പുലി പട്ടാളവും, പുതിയ റിക്രൂട്മെന്റും. ഈസ്റ്റേൺ പ്രൊവിൻസ് തെറ്റി പിരിഞ്ഞതോടെ തലൈവർ പക്ഷത്തിന്റെ നടുവൊടിഞ്ഞു. കൂടാതെ വടക്കൻ പ്രൊവിൻസിന്റെ എല്ലാ മിലിട്ടറി രഹസ്യങ്ങളും കൊളമ്പോ ഗവണ്മെന്റിനു ലഭ്യമായിത്തുടങ്ങി.
ഈ സംഭവങ്ങളോടെ, അപ്പാ വീട്ടിലുള്ളപ്പോൾ വളരെ ആകുലനായി കാണപ്പെട്ടു. ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനുള്ള എല്ലാ സാധ്യതകളും ഒന്നൊന്നായി അടയുകയാണെന്നുള്ള തിരിച്ചറിവാകാം അതിനു കാരണം.എല്ലാ തമിഴരെയും പോലെ അപ്പായും ഇമോഷണൽ ആണ്. അപ്പായുടെ വീക്നെസ് കുടുംബത്തോടുള്ള സ്നേഹമാണ്. അമ്മയെ ഒരിക്കലും തന്റെ ജീവിതത്തിലേക്ക് കൂട്ടരുതായിരുന്നെന്ന് അപ്പാ കരുതിയിട്ടുണ്ടാവണം. അപ്പാ, മാതു എന്ന് ലാളിച്ചു വിളിച്ചിരുന്ന മധു അന്ന് തീരെ ചെറിയ കുട്ടിയാണ്.
ഒരു ദിവസം അപ്പാ തിടുക്കത്തിൽ വന്ന്, മുഖാവരയൊന്നും കൂടാതെ പറഞ്ഞു.
“നിങ്ങൾ മൂന്നുപേരും മലേഷ്യക്ക് പോകണം. യാത്രക്ക് വേണ്ട പുതിയ ഡോകുമെന്റ്സ് എല്ലാം ശെരിയാക്കിയിട്ടുണ്ട്. അവിടെനിന്നും പുതിയ ഐഡിയിൽ ആറുമാസത്തിനകം പുതിയ വേറൊരു സെറ്റ് ഡോകുമെന്റിൽ ഡൽഹിയിലേക്കും”.
അമ്മ, അപ്പായെ കെട്ടിപിടിച്ച് കുറെ നേരം കരഞ്ഞു. അപ്പാ ഞങ്ങളെ മൂന്നു പേരെയും ചേർത്തു പിടിച്ചു. പിന്നെ തുരുതുരെ ചുംബിച്ചു. അപ്പായുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിന്നെ അപ്പ ഡോക്യൂമെന്റസ് എല്ലാം അമ്മയെ ഏല്പിച്ചിട്ട് തിരിഞ്ഞു നോക്കാതെ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.
അന്നായിരുന്നു ഗണേശൻ അവസാനമായി അപ്പായെ കണ്ടത്.
ഡൽഹിയിൽ ആന്റിയുടെ വീട്ടിലെത്തി കുറെ മാസങ്ങൾക്കുള്ളിൽ അമ്മ ഒരു ആക്‌സിഡന്റിൽ മരിച്ചു. അമ്മയുടെ മരണം ഇന്നും ഗണേശന് ദുരൂഹമായി തുടരുന്നു.
ഗണേശൻ ചെറുപ്പം മുതലേ നന്നായി ചിത്രങ്ങൾ വരക്കുമായിരുന്നു. JNU യിൽ പൊളിറ്റിക്കൽ സയൻസ് MA ചെയ്യുമ്പോഴും ഗണേശന് താല്പര്യം ചിത്രം വരയായിരുന്നു. അപ്പായിൽനിന്നും സ്വതഃസിദ്ധമായി കിട്ടിയ ആ കഴിവ് ആദ്യമൊക്കെ ഒരു ഹോബി ആയിരുന്നു. ഗണേശൻ വരച്ച രണ്ടുമൂന്നു ചിത്രങ്ങൾ ആന്റി തന്റെ ബോട്ടിക്കിൽ പ്രദർശിപ്പിച്ചു. ആന്റിയുടെ ചില കസ്റ്റമേഴ്സിന് അത് വളരെ ഇഷ്ടമായി. അവർ അത് വിലക്കുവാങ്ങി. കാലക്രമത്തിൽ ഗണേശൻ ഒരു ആർട് സ്റുഡിയോക്ക് ചിത്രങ്ങൾ നൽകാൻ തുടങ്ങി. അതയാൾക്ക് നല്ല ഒരു വരുമാന മാർഗമായി.
JNU ലെ സായാഹ്നങ്ങൾ അതി ചടുലമായിരുന്നു. ബുദ്ധി ജീവികളായ ഒരുകൂട്ടം ചെറുപ്പക്കാർ. ഒന്നിനെയും കൂസാത്തവർ, ഒന്നിനെയും ഭയക്കാത്തവർ. സൂര്യന് കീഴിലുള്ള എന്തിനെയും കുറിച്ച് അവർ ചർച്ച ചെയ്യും, സുവ്യക്തമായ കാഴ്ചപ്പാടോടെ.
സമകാലീന പ്രസ്ത്ഥാനങ്ങളായ ലങ്കയിലെ LTTE യെയും, കൊളമ്പിയയിലെ FARC യെയും കുറിച്ചുള്ള ഒരു അന്തി ചർച്ചക്കിടയിലാണ് ഗണേശൻ മനുവിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. LTTE ലങ്കയിൽ നിന്നും ഒരു ഭാഗം അടർത്തിയെടുത്തു സ്വതന്ത്രമായ തമിഴ് ഏലം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിൽ, FARC എന്ന വിപ്ലവ പ്രസ്ഥാനം കൊളമ്പിയയിൽ അധികാരം പിടിച്ചടക്കാൻ ശ്രമിച്ചു. ഇതൊഴിച്ചാൽ രണ്ട് പ്രസ്ഥാനങ്ങളും തമ്മിൽ വളരെ സാമ്യമുണ്ടായിരുന്നു. രണ്ടു പ്രസ്ഥാങ്ങളുടെയും തുടക്കത്തിൽ ആശയപരമായ കെട്ടുറപ്പുണ്ടായിരുന്നു. LTTE തമിഴ് ജനതയുടെ ഉന്നമനത്തിനും, FARC കർഷക ഉന്നമനത്തിനും. ഗറില്ലാ മുറയിലുള്ള സായുധ സമരമായിരുന്നു രണ്ട് പ്രസ്ഥാനങ്ങളുടെയും മാർഗം. കൊക്കൈൻ വ്യാപാരത്തിലൂടെ FARC വിപ്ലവത്തിനുള്ള പണം കണ്ടെത്തി. ഒരു സമയത്ത് അവർ LTTE യെക്കാൾ ഏറെ വരുമാനം ഉണ്ടാക്കിയിരുന്നു. രണ്ട് പ്രസ്ഥാനങ്ങളും കുട്ടികളെ മുന്നണി ഭടന്മാരാക്കി, ശക്തമായ നേവി കെട്ടിപ്പടുത്തു.
കൊക്കൈൻ വ്യാപാരത്തെയും, ആയുധക്കടത്തിനെയും, ഗറില്ലാ യുദ്ധ മുറയെയും, ശോഭരാജിനെയും എല്ലാം ന്യായീകരിച്ചുള്ള മനുവിന്റെ വാദങ്ങൾ സ്വതവേ അന്തർമുഖനായ ഗണേശനെ ആകർഷിച്ചു. മത തീവ്ര വാദങ്ങളെ മനു എതിർത്തു. വൈകാതെ അവർ അടുത്ത കൂട്ടുകാരായി. മനു JNU സ്റ്റുഡന്റ് ആയിരുന്നില്ല. പക്ഷെ അവിടെ ധാരാളം സുഹൃത്തുക്കൾ മനുവിന് ഉണ്ടായിരുന്നു. ആകർഷണീയമായ ആകാരവും, ചടുലമായ സംഭാഷണവും ആയിരുന്നു മനുവിന്റേത്. പല ഭാഷകളിലും അയാൾ അനായാസം സംസാരിച്ചിരുന്നു. അയാളുടെ ബന്ധങ്ങൾ രാജ്യങ്ങൾ കടന്നുള്ളതായിരുന്നു. അയാളുടെ ബന്ധങ്ങൾ നിഗൂഡ്ഡമായിരുന്നു.
ഗണേശനിലൂടെയാണ് മധുവും മനുവും പരിചയപ്പെടുന്നത്. താമസിയാതെ അവർ തമ്മിൽ അടുത്തു. ആ ബന്ധം ഗണേശന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് വളർന്നതായി അയാൾ താമസിയാതെ മനസ്സിലാക്കി.
അപ്പാ ഗണേശനോട് ആവാശ്യപ്പെട്ടിട്ടുള്ള ഒരേഒരു കാര്യം, എന്തൊക്കെ സംഭവിച്ചലും മധുവിനെ സംരക്ഷിക്കണം എന്നു മാത്രമാണ്. അതയാൾക്ക് വേദ വാക്യമാണ്. മധുവിന്റെ ഇഷ്ടങ്ങൾക്കും, താല്പര്യങ്ങൾക്കും ഒരിക്കലും എതിരു പറയാതെ ഗണേശൻ അവളെ സംരക്ഷിക്കും. അതയാളുടെ ജീവിത വ്രതമാണ്. അതുകൊണ്ടാണ് ഗണേശൻ നാഗ്പൂരിലുമെത്തിയത്.
അയാളുടെ ചിന്തകൾ മധുവിലേക്ക് തിരിഞ്ഞു.
നാഗ്പൂരിൽ നിന്നും മൂന്നു വഴിക്കായി മധുവും, മനുവും, ഗണേശനും പിരിഞ്ഞിട്ട് ഇപ്പോൾ ഏതാണ്ട് നാലു മാസമാകുന്നു. ഇന്ന് രാവിലെയാണ് SIT യുടെ പുതിയ കണ്ടെത്തലും ACP നരേന്ദ്രന്റെ നീക്കവും ഗണേശൻ മധുവിനെ അറിയിച്ചത്.
(തുടരും)
Audio credit: Portishead – All Mine by The Day The music Did Die
Leave a Reply