(ഭാഗം – ഒന്ന്)

Please turn on audio for enhanced reading experience.

ഇൻസ്‌പെക്ടർ സുധീറിന്റെ ഫോൺ സന്ദേശം നരേന്ദറിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

നരേന്ദർ കസേരയിൽ നിന്നും എണീറ്റ് മുറിയിൽ ഉലാത്തുവാൻ തുടങ്ങി. നരേന്ദറിന് പ്രായം മുപ്പത് കടന്നിട്ടില്ല. സിവിൽ സർവീസ് റാങ്കിങ്ങിൽ IAS യോഗ്യത ഉണ്ടായിട്ടും അയാൾ തെരഞ്ഞെടുത്തത് IPS ആയിരുന്നു. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലിസ് അക്കാഡമിയിൽ (SVPNPA) നിന്നും പോലീസ് സയൻസസിൽ ഡയറക്‌ടേഴ്‌സ് പ്രൈസ് നേടിയാണ് നരേന്ദർ IPS ട്രെയിനിംഗ് പൂർത്തിയാക്കിയത്. നാഗ്പൂരിൽ ACP ആയിരുന്നു അപ്പോൾ അയാൾ. നരേന്ദർ ഓഫീസിൽ തന്റെ ചെയറിനു പിറകിൽ ഫ്രയിം ചെയ്ത ആ സർട്ടിഫിക്കറ്റ് തൂക്കിയിട്ടിരുന്നു.

അന്നത്തെ സംഭവങ്ങൾ നരേന്ദറിന്റെ ഓർമയിലേക്കെത്തി.

രാവിലെ പത്തു മണിയോടെയാണ് നരേന്ദറിന് ബാങ്ക് റോബറിയെപ്പറ്റി കമ്മീഷണറുടെ മെസ്സേജ് കിട്ടുന്നത്. നരേന്ദറിനെ ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ  ആയി നിയമിച്ചുവെന്നുള്ള മെസ്സേജും പിറകെയെത്തി. അയാളുടെ ആദ്യത്തെ ഹൈ പ്രൊഫൈൽ കേസ്.

അരമണിക്കൂറിനുള്ളിൽ നരേന്ദർ ക്രൈം സീനിലെത്തി. NPA യിലെ ബാലപാഠങ്ങൾ അയാൾ ഓർത്തു.

ക്രൈം സീൻ മാനേജ്‍മെന്റ് (CSM) പ്രോട്ടോകോൾ കൃത്യമായി പാലിക്കുക, ഒബ്സർവ് ചെയ്ത കാര്യങ്ങളും, തെളിവുകളും ക്ഷമയോടെ വിശകലനം ചെയ്യുക. പോലീസ് ഭാഷയിൽ അതിന് SOCM എന്നു പറയും. സീൻ ഓഫ് ക്രൈം മാനേജ്‍മെന്റ്. S – Secure the Scene – ക്രൈം സീനിനെ രണ്ടു വലയങ്ങളായി നാടകൊണ്ട് വേർതിരിക്കുക. ഇന്നർ സർക്കിളിൽ പ്രവേശനം CIO ക്കും സഹായിക്കും മാത്രം. ഔട്ടർ സർക്കിളിൽ പ്രവേശനം മറ്റു പോലീസ്കാർക്കും CIO അനുവദിക്കുന്നവർക്കും മാത്രം.

O – Observation – CIO യുടെ സൂക്ഷ്മമായ നിരീക്ഷണം. ഈ സമയം ക്രൈം സീനിലെ ഒരു വസ്തുവിലും സ്പർശിക്കരുത്. കുറ്റവാളിയുടെ മോഡസ് ഓപെറേണ്ടി മനസിലാക്കുക.

C – Collection – തെളിവുകൾ പരമാവധി ശേഖരിച്ച് സുതാര്യമായ പൗച്ചുകളിൽ സൂക്ഷിക്കുക. ഈ അവസരത്തിൽ രണ്ടു കാര്യം ശ്രദ്ധിക്കണം. 1.ഒരു തെളിവും അവശേഷിപ്പിക്കാതെ ഒരു കുറ്റവാളിക്കും കുറ്റകൃത്യം ചെയ്യുക പ്രായോഗികമല്ല. അതു കണ്ടെത്താൻ ഇതാണ് ഏറ്റവും നല്ല അവസരം. അതു കണ്ടെത്തുന്നതാണ് CIO യുടെ സാമർത്ഥ്യം. 2.ശേഖരിച്ച തെളിവുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക. ബന്ധ പ്പെട്ടവരല്ലാതെ ആരെങ്കിലും കൈകാര്യം ചെയ്‌താൽ കോടതിയിൽ, തിരിച്ചടി നേരിടാം.

M – Mapping/Management – പഞ്ചനാമയിലെയും കേസ് ഡയറിയിലെയും കൃത്യത.

ഇൻസ്‌പെക്ടർ സുധീർ ആയിരുന്നു നരേന്ദറിന്റെ അസിസ്റ്റന്റ് ആയി നിയോഗിക്കപ്പെട്ടത്. നരേന്ദർ ക്രൈം സീനിൽ എത്തുമ്പോൾ സുധീർ അവിടെ ഉണ്ടായിരുന്നു.

സുധീറിന്റെ സല്യൂട്ടിനെ പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് നരേന്ദർ ചോദിച്ചു.

“എപ്പോഴാണ് സംഭവം റിപ്പോർട്ട് ചെയ്തത്.”?

“രാവിലെ 9.30ന് സ്ട്രോങ്ങ് റൂം തുറന്നപ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥർ അറിഞ്ഞതെന്ന് പറയുന്നു. ഉടനെ സ്റ്റേഷനിൽ വിവരം അറിയിച്ചു”.

നരേന്ദർനെ സ്ട്രോങ്ങ് റൂമിലേക്ക് നയിക്കുന്നതിനിടയിൽ സുധീർ പറഞ്ഞു.

സുധീർ സിഗ്നൽ ചെയ്തപ്പോൾ ബാങ്ക് മാനേജരും ഒപ്പമെത്തി. സ്ട്രോങ്ങ് റൂമിനു മുന്നിൽ അപ്പോൾ പോലീസ് കാവലുണ്ടായിരുന്നു. അവർ മൂന്നു പേരും സ്ട്രോങ്ങ് റൂമിലേക്ക് പ്രവേശിച്ചു. സ്ട്രോങ്ങ് റൂമിനെ രണ്ട് ക്യാബിനുകളായി തിരിച്ചിരുന്നു.

“ഒന്നിലും സ്പർശിക്കരുത്”. സുധീർ മാനേജരോട് പറഞ്ഞു.

“ഷുവർ സാർ. ആദ്യത്തെ ക്യാബിൻ തുറന്നപ്പോഴാണ് സാർ ഞങ്ങൾ കണ്ടത്. രണ്ടാമത്തെ ക്യാബിൻ ഇതുവരെ തുറന്നിട്ടില്ല”. മാനേജർ പറഞ്ഞു.

“രണ്ട് കാബിൻസ് എന്തുകൊണ്ടാണ് “? നരേന്ദർ ചോദിച്ചു.

“രണ്ടാമത്തെ ക്യാബിനിലാണ് കസ്റ്റമേഴ്സിനുള്ള ബാങ്ക് ലോക്കറുകൾ. ലോക്കർ കസ്റ്റമേഴ്സിന്റെ പ്രൈവസിക്കാണ് സെപ്പറേറ് ക്യാബിനുകൾ, കൂടാതെ ആദ്യത്തെ ക്യാബിനിലേക്ക് കസ്റ്റമേഴ്സ് പ്രവേശിക്കാതിരിക്കാനും. അതിലാണ് ക്യാഷ് സേഫും, രണ്ട് ഡോകുമെന്റ് സേഫും, പിന്നെ സേഫ് കസ്റ്റഡി സേഫും”. മാനേജർ പറഞ്ഞു.

നരേന്ദർ ചുറ്റും നോക്കി. മുകളിലെ RCC റൂഫ് തുരന്നാണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത്. RCC അവശിഷ്ടങ്ങൾ മുറിയിലാകെ വിതറിയതുപോലെ കിടക്കുന്നു. ക്യാഷ് സേഫും രണ്ട് ഡോക്യുമെന്റ് സേഫും തുറക്കപ്പെട്ടിട്ടില്ല. സേഫ് കസ്റ്റഡിക്കുള്ള സേഫ് മലർക്കെ തുറന്നു കിടക്കുന്നു. ഉള്ളിൽ പന്ത്രണ്ട് സാമാന്യം വലിയ യൂണിറ്റുകൾ. എല്ലാം തുറന്നു കിടന്നിരുന്നു. സേഫ് കസ്റ്റഡി ഐറ്റംസ് വെച്ചിരുന്ന ബോക്സുകളും കവറുകളും തുറന്നപടി ക്യാബിനിലാകെ ചിതറി കിടക്കുന്നു. പഴം തിന്ന ശേഷം വലിച്ചെറിയപ്പെട്ട പഴ തൊലികൾ പോലെ.

“അടുത്ത ക്യാബിൻ തുറക്ക്”. നരേന്ദർ മാനേജരോട് പറഞ്ഞു.

“സാർ, ജോയിന്റ് കസ്റ്റോഡ്യൻസിനെ വിളിച്ചോട്ടെ”?

നരേന്ദർ അനുവദിക്കുന്ന മട്ടിൽ മൂളിയപ്പോൾ രണ്ട് ഓഫീസർമാർ അകത്തേക്കുവന്ന് രണ്ടാമത്തെ ക്യാബിൻ തുറന്നു.

എല്ലാവരും ആകാംക്ഷയോടെ ഉള്ളിലേക്ക് നോക്കി. മാനേജർ ആശ്വാസപൂർവം നിശ്വസിച്ചു.

ഭാഗ്യം, എല്ലാം സുരക്ഷിതം. നരേന്ദർ അത് പ്രതീക്ഷിച്ചിരുന്നു.

“ആ ക്യാബിൻ പൂട്ടിയിട്ട് എല്ലാവരും മുൻപ് പറഞ്ഞിരുന്ന സ്ഥാനത്തിരിക്കൂ. ആരും പുറത്തു പോകരുത്. സുധീർ, പോലീസിനുവേണ്ട നിദ്ദേശങ്ങൾ കൊടുക്കൂ”.

നരേന്ദർ ആജ്ഞാ സ്വരത്തിൽ പറഞ്ഞു,

“സാർ കസ്റ്റമേഴ്സ്” …. മാനേജർ സംശയത്തോടെ ചോദിച്ചു.

“നിങളുടെ മേലധികാരികളോട് ചോദിക്കൂ, അടുത്തുള്ള ബ്രാഞ്ചിൽ സൗകര്യം ചെയ്തു കൊടുത്തൂടെ”? നരേന്ദർ ചോദിച്ചു.

നരേന്ദറും സുധീറും സൂക്ഷ്മമായ പരിശോധന ആരംഭിച്ചു. നരേന്ദർ മനസ്സിൽ ക്യാബിനെ രണ്ടടി വലിപ്പമുള്ള ചതുരങ്ങളായി വിഭജിച്ചു തറ മുതൽ സിലിങ് വരെ നിരീക്ഷിച്ചു. – പോലീസ് ഭാഷയിൽ ഗ്രിഡ് ആൻഡ് സേർച്ച് സ്കോയർ ബൈ സ്കോയർ – സിലിങ് തറയിൽ നിന്നും ഏതാണ്ട് പതിനൊന്നടി ഉയരത്തിലാണ്. പര സഹായമില്ലാതെ ഒരാൾക്ക് ഒറ്റക്ക് സിലിങ് തുളച്ചു തറയിലേക്ക് ചാടാൻ പറ്റില്ല. ഏത് സേഫ് ആണ് തുറക്കേണ്ടതെന്ന് അവർക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. മറ്റു മൂന്ന് സെഫുകൾ അവർ തൊട്ടിട്ടേയില്ല. ഫിംഗർ പ്രിന്റോ ഷു മാർക്കോ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. നരേന്ദർ മനസ്സിൽ പറഞ്ഞു.

CCTV ക്യാമറയുടെയും സിലിങ്ങിലെ ദ്വാരത്തിന്റെയും സ്ഥാനങ്ങൾ സുധീർ നരേന്ദർന്റെ നിർദ്ദേശത്തിൽ ലേസർ ഡിസ്റ്റൻസ് മെഷറർ ഉപയോഗിച്ചു പ്രത്യേകം നോട്ടു ചെയ്തു. സ്ട്രോങ്ങ് റൂമിലെ ലൈറ്റുകൾ ഓഫ് ചെയ്തിട്ട്, സുധീർ നരേന്ദർ കൊടുത്ത UV ടോർച്ചിലെ ലൈറ്റ് തെളിച്ചു മുറി പരിശോധിച്ചു. ബയോളജിക്കൽ എവിടെൻസസ് ഒന്നും കണ്ടില്ല.

സ്ട്രോങ്ങ് റൂം ക്യാബിനുള്ളിൽ എന്തിനാണ് കമ്പ്യൂട്ടർ സിസ്റ്റം. ഭിത്തിയിലെ റാക്കിലേക്ക് നോക്കി അയാൾ സ്വയം ചോദിച്ചു. അതേ സമയം തന്നെ സുധീറും ശ്രദ്ധിച്ചമട്ടിൽ നരേന്ദറിനെ നോക്കി.

ഈ ക്യാബിനെ പറ്റി അവർക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. നരേന്ദർ മനസ്സിൽ പറഞ്ഞു.

അവർക്കു വേണ്ടത് കറൻസി ആയിരുന്നെങ്കിൽ തീർച്ചയായും ക്യാഷ് സേഫ് തുറക്കുമായിരുന്നു. സ്വർണം ആണെങ്കിൽ അടുത്ത ക്യാബിനിലെ ലോക്കറുകളും  തുറക്കാൻ ശ്രമിക്കുമായിരുന്നു. അപ്പോൾ അവർക്ക് വേണ്ടത്ര വിലപിടിപ്പുള്ള രത്നങ്ങളോ അല്ലെങ്കിൽ അവർക്കു വേണ്ട മറ്റെന്തെങ്കിലുമോ അവർ തുറന്ന ഈ സേഫിൽ തന്നെ ഉണ്ടാവുമെന്ന് അവർക്കറിയാമായിരുന്നു. സേഫ് കസ്റ്റഡി കസ്റ്റമേഴ്‌സ് ആരെല്ലാമെന്ന് അറിഞ്ഞാൽ ഒരുപക്ഷെ ഉത്തരം കിട്ടുമായിരിക്കും. ഒന്നു തീർച്ച ഇതിന്റെ പിറകിൽ ഏതോ സൂത്രധാരന്റെ വലിയ ആസൂത്രണമുണ്ട്.

നരേന്ദറിന്റെ ശക്തി അയാളുടെ ബുദ്ധിയും നിരീക്ഷണ പാടവവുമാണ്. കായിക ശക്തിയേക്കാളുപരിയായി. ഇന്റ്യൂഷൻസിൽ അയാൾക്ക് വിശ്വാസമാണ്.

ഇന്റ്യൂഷൻസിന് തെളിവുകളുടെ സപ്പോർട് വേണം. അക്കാദമിയിലെ പാഠങ്ങൾ അയാളുടെ ഓർമയിലേക്ക് വന്നു.

പെട്ടെന്ന് ഒഴിഞ്ഞ കവറുകൾക്കിടയിൽ പഴയ മോഡൽ വീതികൂടിയ സ്റ്റീലിന്റെ സിഗെരെറ്റ് ലൈറ്റർ പോലെ, എന്നാൽ ഏതാണ്ട് അതിന്റെ ഇരട്ടി വലിപ്പമുള്ള ഒരു വസ്തു അവർ കണ്ടു.

എന്താണത്? രണ്ടുപേരും ഒരേ സമയം ചോദിച്ചു.

“Don’t touch, let the forensic team handle it”. അവർ എത്തിയോ “? നരേന്ദർ ചോദിച്ചു.

” Yes, sir, they are here, already “.

“OK, let them take over. Let’s go to the point of entry.”

നരേന്ദർ ചടുലമായ ചുവടുകളോടെ പുറത്തേക്കു നടന്നു. ഫോറൻസിക് ടീമിന് ക്രൈം സീൻ ഏല്പിച്ചിട്ട് സുധീറും നരേന്ദറിനെ പിന്തുടർന്നു.

സ്ട്രോങ്ങ് റൂമിന്റെ നേരേ മുകളിൽ ഒന്നാം നിലയിൽ ഒരു ഇൻഷുറൻസ് കമ്പനിയുടെ ബാക്കോഫീസ് ആയിരുന്നു. പത്തു സ്റ്റാഫുകളുള്ള ചെറിയ ഒരു ഓഫീസ്.

” ഞാൻ ഒമ്പതരയ്ക്ക് ഓഫീസ് തുറക്കാൻ വന്നപ്പോഴാണ് പൂട്ട് പൊളിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഓടി ഉള്ളിൽ എത്തിയപ്പോഴാണ് തറ തുരന്നിരിക്കുന്നത് കണ്ടത്. അപ്പോഴേക്കും താഴെ ബാങ്കിൽ നിന്നും സ്റ്റാഫ് ഓടി ഇവിടെയെത്തി”.

സുധീറിന്റെ ചോദ്യത്തിന് ഉത്തരമായി ഓഫീസ് മേധാവി വിശദീകരിച്ചു. അയാൾ തുടർന്നു

“ഇന്നലെ ദീപാവലി ആയിരുന്നല്ലോ, അതിനും മുൻപത്തെ രണ്ടു ദിവസം ഞായറും ശനിയും ആയിരുന്നതുകൊണ്ട് മൂന്നു ദിവസം ഓഫീസ് തുറന്നിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം ഓഫീസ് പൂട്ടി ഞങ്ങൾ പോയതാണ്”.

നരേന്ദർ ഓഫീസിന്റെ അകവും പുറവും ശ്രദ്ധാപൂർവം നിരീക്ഷിച്ചു. കെട്ടിടത്തിന്റെ ഏറ്റവും അറ്റത്താണ് ഇൻഷുറൻസ് കമ്പനിയുടെ ബാക്ക്ഓഫീസ്. അതിനപ്പുറം അടുത്ത കെട്ടിടം. രണ്ടിനും ഇടയിൽ വീതി കുറഞ്ഞ ഒരിടനാഴി. അതിൽ ചപ്പുചവറുകൾ. ആ ഇടനാഴിയുടെ മറ്റേ അറ്റത്ത് വീതികുറഞ്ഞ എന്നാൽ കാറുകൾക്കും ചെറിയ വാഹനങ്ങൾക്കും പോകാവുന്ന ഇടവഴി .

അവർ അതുവഴി രക്ഷപ്പെട്ടുകാണും. നരേന്ദർ മനസ്സിൽ പറഞ്ഞു.

“ഒരുവസ്തുവിലും തൊടരുത്. ഫോറൻസിക് ടീം ഇങ്ങോട്ടുവരും. ആരും പുറത്തു പോകരുത്”.

ഓഫീസിലുള്ളവരോടും, പാറാവു നിന്നിരുന്ന പോലീസുകാരോടുമായി സുധീർ കല്പിച്ചു.

നരേന്ദർ ബാങ്കിലേക്ക് നടന്നു. അപ്പോഴേക്കും ബാങ്കിന്റെ മുന്നിൽ TV ചാനലുകാരുടെയും കാഴ്ചക്കാരുടെയും തിരക്കായിരുന്നു. അവരെ ഗൗനിക്കാതെ നരേന്ദർ ഉള്ളിലേക്ക് കടന്നു. മാനേജർസ് കാബിനിൽനിന്നും എല്ലാവരെയും പുറത്താക്കിയിട്ട് നരേന്ദർ അതുവരെയുള്ള ഒരു ബ്രീഫ് കമ്മീഷണർക്ക് കൊടുത്തു.

പിന്നെ മാനേജരെ വിളിപ്പിച്ചു.

“സ്ട്രോങ്ങ് റൂമിനുള്ളിൽ എന്തിനാണ് കംപ്യൂട്ടർ വെച്ചിരിക്കുന്നത്”.

സുധീർ ചോദിച്ചു.

“സ്ട്രോങ്ങ് റൂമിന്റെ ഉള്ളിലെ CCTV, സ്റ്റാൻഡ് എലോൺ ആണ്. സ്ട്രോങ്ങ് റൂം ആയതുകൊണ്ട് നെറ്റ് വർക്കിലില്ല. അതുകൊണ്ടാണ്. കസ്റ്റമർ പ്രൈവസിക്കായി സേഫ് ഡെപ്പോസിറ് ലോക്കർ ക്യാബിനിൽ ക്യാമറയുമില്ല”.

“എന്താണ് സേഫ് കസ്റ്റഡിയും SDL ഉം തമ്മിൽ വ്യത്യാസം”. സുധീർ വീണ്ടും ചോദിച്ചു.

“രണ്ടും RBI ചട്ടപ്പടിയുള്ള സർവീസുകളാണെങ്കിലും രണ്ടിനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്”.

തന്നെ സൂക്ഷിച്ചു വീക്ഷിക്കുന്ന നരേന്ദറിന്റെ നയനങ്ങൾ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും, മാനേജർ തുടർന്നു.

“സാർ, സേഫ് കസ്റ്റഡി ബാങ്ക് ഏറ്റെടുക്കുമ്പോൾ ബാങ്കും കസ്റ്റമറും തമ്മിൽ ബെയ്‌ലി – ബെയ്‌ലർ കോൺട്രാക്ട് ആണ്. കസ്റ്റമർ ബാങ്കിനെ ഏല്പിച്ച വസ്തു ബാങ്കിന്റെ കസ്റ്റഡിയിൽ ആയിരിക്കും. താക്കോലും ബാങ്കിന്റെ കൈവശം ആയിരിക്കും. അതുകൊണ്ടു തന്നെ പൂർണ സുരക്ഷിതത്തിനുള്ള ഉത്തരവാദിത്വവും ബാങ്കിനാണ്. ബാങ്ക് ജീവനക്കാരുടെ ഫ്രോഡ്കൊണ്ടോ സെക്യൂരിറ്റിയിൽ ബാങ്കിന്റെ വീഴ്ച്ചകൊണ്ടോ നഷ്ടം സംഭവിച്ചാൽ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും. അതുകൊണ്ടു തന്നെ കസ്റ്റമറിന് നഷ്ട സാധ്യത കുറക്കാം. പാക്കറ്റിനകത്തുള്ള സാധങ്ങളുടെ ഒരു ലിസ്റ്റും അതിന്റെ മൂല്യവും ഒരു സത്യവാങ്മൂലം വഴി ബാങ്കിനെ അറിയിക്കുന്നു. പക്ഷെ പാക്കറ്റ് തുറന്ന് അത് തിട്ടപ്പെടുത്തേണ്ട ചുമതല നിയമപ്രകാരം ബാങ്കിനില്ല. കസ്റ്റമറിന് വേണമെങ്കിൽ ഏല്പിച്ച സാധനത്തിന് ഇൻഷുറൻസ് എടുക്കാവുന്നതാണ്. അതുകൊണ്ട് ബാങ്കിന്റേതല്ലാത്ത കുറ്റംകൊണ്ട് – ആക്ട് ഓഫ് ഗോഡ്, ഫൊഷ്സ് മജൂര്യൻ തുടങ്ങിയവ -വഴി നഷ്ടം കസ്റ്റമറിന്  സംഭവിച്ചാൽ  നഷ്ട പരിഹാരത്തിന് സാധ്യതയുണ്ട്. എന്നാൽ ബാങ്കിന്റെ പോളിസി പ്രകാരം സ്വീകരിക്കുന്ന വസ്തുക്കളുടെ അളവറും വാല്യൂ ഉം നിജപ്പെടുത്താനുള്ള അവകാശം ബാങ്കിന് ഉണ്ടായിരിക്കും.

എന്നാൽ SDL ന്റെ കാര്യത്തിൽ ബാങ്ക് സെക്യൂർഡ് പ്രമിസിസ് ആണ് കസ്റ്റമറിനു ലീസ് ആൻഡ് സെർവിസിന്റെ അടിസ്ഥാനത്തിൽ നൽകുന്നത്. അതുകൊണ്ട് പോസ്സെഷനും ലോക്കർ ചാവിയും കസ്റ്റമറിന്റെ പക്കലായിരിക്കും. കസ്റ്റമാർക്ക് നഷ്ടം സംഭവിച്ചാൽ നഷ്ടം നികത്താനുള്ള ബാങ്കിന്റെ ഉത്തരവാദിത്വം RBI നിയമപ്രക്രമുള്ള പരിധിക്കുള്ളിലായിരിക്കും”.

അപ്പോൾ ഡിക്ലയർ ചെയ്‌തതിലധികം സാധങ്ങൾ സേഫ് കസ്റഡി ക്ക് ഏല്പിച്ചിട്ട് ഇതുപോലെ നഷ്ടം സംഭവിച്ചാൽ നഷ്ടം കസ്റ്റമറിനായിരിക്കും അല്ലേ ?

സുധീറിന്റെ ചോദ്യത്തിനുള്ള ഉത്തരം മാനേജരുടെ മൗനത്തിലുണ്ടായിരുന്നു.

കസ്റ്റമർ ഡീറ്റയിൽസ് കളക്ട് ചെയ്യുവാനും, CCTV റെക്കോർഡിങ് പരിശോധിക്കാനും, ചുറ്റുപാടുമുള്ള CCTV   പരിശോധിക്കാനും, മഹസ്സർ തയ്യാറാക്കാനും തുടങ്ങി ഒട്ടനവധി നിർദേശങ്ങൾ കൊടുത്തിട്ട് നരേന്ദർ ഓഫീസിലേക്ക് മടങ്ങുമ്പോൾ വൈകുന്നേരമായിരുന്നു.

ഓഫീസിലെത്തി ഭക്ഷണം കഴിഞ്ഞു കേസ് ഡയറി തുറന്ന് എഴുതാൻ ആരംഭിച്ചപ്പോഴേക്കും നരേന്ദറിന്റെ മൊബൈൽ റിംഗ് ചെയ്തു.

ഇൻസ്‌പെക്ടർ സുധീറിന്റെ ഫോൺ സന്ദേശം നരേന്ദറിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

(തുടരും)

Audio Credits: Melam

Posted in

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading