(ഭാഗം – 1)

Please play the audio for an enhanced reading experience

“സാർ CCTV കഴിഞ്ഞ നാല് രാത്രിയും പകലും റെക്കോർഡ് ചെയ്തിട്ടുണ്ട്. പക്ഷെ റെക്കോർഡിങ്ങിൽ സ്ട്രോങ്ങ് റൂമിലെ മോഷണം റെക്കോർഡ് ചെയ്തതായി കാണുന്നില്ല “.

സുധീറിന്റെ മൊബൈലിലെ ശബ്ദം നരേന്ദറിന്റെ ചെവിയിൽ മുഴങ്ങി. അയാൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സമയം അപ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു.

 CCTV ബ്ലാങ്ക് ആയിരിക്കുമെന്നേ നരേന്ദർ കരുതിയിരുന്നുള്ളൂ. പക്ഷെ സുധീർ പറയുന്നത് CCTV നോർമൽ ആയി റെക്കോർഡ് ചെയ്തിരിക്കുന്നു, പക്ഷെ അതിൽ മോഷണ രാത്രിയിലെ ഒരു സംഭവും ഇല്ല എന്നാണ്. അതായത് അങ്ങിനെ ഒരു സംഭവവും നടന്നിട്ടില്ല എന്നാണ് CCTV പറയുന്നത്.

നരേന്ദർ പിറകിലെ ഭിത്തിയിൽ തൂക്കിയിരുന്ന വൈറ്റ് ബോർഡിൽ, – പോലീസ് ഭാഷയിൽ അതിനെ എവിഡൻസ് ബോർഡ് – എന്നു പറയും- മൂന്നാമത്തെ കോളത്തിൽ CCTV എന്നെഴുതി ചുമന്ന മാർക്കർ കൊണ്ട് അതിനു ചുറ്റും വട്ടം വരച്ചിട്ട് അതിനു നേരെ ഒരു കോസ്റ്റിൻ മാർക്കിട്ടു , മൊബൈൽ ഫോൺ ചെവിയിൽ ചേർത്ത് പിടിച്ചുകൊണ്ടു തന്നെ.

നരേന്ദറിന്റെ എവിഡൻസ് ബോർഡിന് മൂന്നു കോളങ്ങൾ ഉണ്ട്. നടുവിലെ കൊളമാണ് THE EVENT . പോയന്റ് ഓഫ് എൻട്രി, സീലിംഗ്, ടാർജറ്റ് ആയ തുറന്ന സേഫ് എന്നിവ അതിൽ മാർക്ക് ചെയ്തിരുന്നു. ഇടത്തെ കോളത്തിൽ (THE PHYSICAL) ഫോറൻസിക് റിപ്പോർട്ട്, ഫിംഗർ പ്രിന്റ്, ഗ്യാസ് കട്ടർ എന്നിങ്ങനെ മാർക്ക് ചെയ്തിരുന്നു. അതിനു താഴെ സിഗററ്റ് ലൈറ്റർ എന്ന് എഴുതിയിരുന്നതിനുനേരെ സിഗ്നൽ ജാമർ എന്ന് എഴുതിയിട്ട് നരേന്ദർ വീണ്ടും ഒരു കോസ്റ്റിൻ മാർക്കിട്ടു. മൂന്നാമത്തെ കോളത്തിൽ (THE DIGITAL)   ഡംപ് ഡേറ്റ ഫ്രം മൊബൈൽ ആൻഡ് ടവർ, CCTV എന്നിങ്ങനെ മാർക്ക് ചെയ്തിരുന്നു.

“സാർ”

നരേന്ദറിന്റെ മറുപടി വൈകിയപ്പോൾ സുധീർ വിളിച്ചു.

“OK, വിശദമായി പറയൂ”.

ചിന്തയിൽ നിന്നുണർന്ന നരേന്ദർ ആവശ്യപ്പെട്ടു.

“കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സ്ട്രോങ്ങ് റൂം പൂട്ടി, ചാവികൾ ജോയിന്റ് കസ്റ്റോഡിയൻസ് രണ്ടു പേരുടെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത്. അതുകൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതലുള്ള റെക്കോർഡിങ് ആണ് ഞങ്ങൾ ഫാസ്റ്റ് ഫോർവേഡ് ചെയ്ത് പരിശോധിച്ചത്. മോഷൻ സെൻസറുള്ള നൈറ്റ് വിഷൻ കാമറ ആണ് സ്ട്രോങ്ങ് റൂമിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. പ്രീലിമിനറി എക്‌സാമിനേഷനിൽ ഇന്നു പുലരെ വരെ റെക്കോർഡിങ്ങിങ്ങിൽ സംശയകരമായി ഒന്നുമില്ല. ഇന്ന് രാവിലെ മുതലുള്ള റെക്കോർഡിങ്‌സ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് സംഭവം നടന്ന ദിവസവും സമയവും ഇതുവരെ എനിക്ക് അനുമാനിക്കാൻ പറ്റുന്നില്ല”.

സുധീർ പറഞ്ഞു നിർത്തി.

“ശെരി നാളെ ഫോറൻസിക് ടീമിനെക്കൂടി ഉൾപ്പെടുത്തി വിശദമായി CCTV റെക്കോർഡിങ്‌സ് പരിശോധിക്കണം “.

ചിന്താമഗ്നനായി കസേരയിൽ ഇരുന്നുകൊണ്ട് നരേന്ദർ നിർദ്ദേശിച്ചു.

നരേന്ദർ തന്റെ കസേരയിലിരുന്ന് തല പുകക്കുമ്പോൾ, നൂറ്റമ്പത് കിലോമീറ്റർ അകലെ ഒരു രഹസ്യ കേന്ദ്രത്തിൽ, മനുവും, മധുവും, ഗണേശനും തങ്ങളുടെ വിജയം ആഘോഷിക്കുക ആയിരുന്നു.

“സ്ട്രോങ്ങ് റൂമിന്റെ കൃത്യമായ വിവരം നമ്മുടെ കൈയിൽ ഉണ്ടായിരുന്നതാണ് നമ്മുടെ ഓപ്പറേഷൻ എളുപ്പവും പൂർണ വിജയവും ആക്കിയത്. അതിന് മധുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഒരു പ്രാവശ്യം പോലും ബാങ്കിൽ പോകാതെയാണ് മധു അത് സാധിച്ചത്.”

മനു വിസ്കി സിപ് ചെയ്തുകൊണ്ട് പറഞ്ഞു.

“ബാങ്കിന്റെ ക്‌ളീനിംഗ് വർക്ക് ഔട്സോഴ്സ് ചെയ്തിരുന്നു. മീന ആണ് അഞ്ചാറു മാസമായി ക്‌ളീനിംഗ് ചെയ്തുകൊണ്ടിരുന്നത്. അവളുടെ സൗഹൃദം നേടാൻ രണ്ടുമൂന്നു മാസമെടുത്തു. ചങ്ങാത്തം ആയി കഴിഞ്ഞപ്പോൾ കാര്യങ്ങൾ എളുപ്പമായി. അവളുടെ യൂണിഫോമിൽ വെച്ച ഒളി ക്യാമറ അവൾ ഒരിക്കലും തിരിച്ചറിഞ്ഞില്ല. കുറച്ചു ദിവസത്തിൽ നമുക്ക് എല്ലാ വിവരവും കിട്ടി. നിന്റെ ക്യാമറയുടെ ക്വളിറ്റി ഭയങ്കരം”.

മധു മനുവിനോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.

“അതിരിക്കട്ടെ, നിന്റെ സഹായികൾ ആരൊക്കെ ആയിരുന്നു.  ഞങ്ങളിതുവരെ അവരെ കണ്ടിട്ടില്ലല്ലോ”. ഗണേശൻ ചോദിച്ചു.

“അത് ഒരിക്കലും നിങ്ങൾ അറിയാതിരിക്കുന്നതാണ് നിങ്ങളുടെ സേഫ്റ്റിക്ക് നല്ലത്. നിങ്ങൾ രണ്ടുപേരും ഇതുവരെ ഒരിക്കലും ബാങ്കിൽ പോയിട്ടില്ലാത്തതുകൊണ്ട് പോലീസിന്റെ സംശയത്തിൽ വരാൻ ഒരു സാധ്യതയുമില്ല”.

മനു പറഞ്ഞു.

 മനുവിൽ തനിക്ക് അറിയാവുന്നതിലും വളരെ അധികം നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഗണേശന് അറിയാമായിരുന്നു. മധുവിന് മനുവിനോടുള്ള അടുപ്പം കൊണ്ടു മാത്രമാണ് ഗണേശൻ നാഗ്പൂരിൽ എത്തിയത്. ഗണേശന് മധുവിനെ ഏതു സാഹചര്യത്തിലും കാത്തുകൊള്ളാമെന്ന് അപ്പാക്കു കൊടുത്ത വാക്ക് പാലിച്ചേ പറ്റൂ.

മധുവിനെയും ഗണേശനെയും മാറി മാറി നോക്കികൊണ്ട് മനു തുടർന്നു.

“പക്ഷെ അത് മാത്രം പോരാ. ഇനിമേൽ നമ്മുടെ ഡിജിറ്റൽ ഗോസ്റ്റിങ് പെർഫെക്റ്റ് ആയിരിക്കണം. യാതൊരു കാരണവശാലും പ്രോട്ടോക്കോൾ തെറ്റിക്കരുത്. അടുത്ത ഓപ്പറേഷന് പുതിയ സിം ഉപയോഗിക്കുക. ഫോണും മാറി ഉപയോഗിക്കുക. അല്ലെങ്കിൽ IMEI പ്രശ്നമാകാം. പരസ്പരം വിളിക്കുമ്പോൾ പരമാവധി പബ്ലിക് ഫോണിൽ നിന്നും വിളിക്കുക.. നിങ്ങൾ 2007ലെ ചേലമ്പ്ര ബാങ്ക് ഹെയ്‌സ്‌റ്റിനെ പറ്റി കേട്ടിട്ടുണ്ടോ. കേരളത്തിൽ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ നടന്നത് ഏതാണ്ട് നമ്മുടെ ഓപ്പറേഷന് സമാനമായിരുന്നു. അന്ന് രണ്ട് മില്യൺ CDR അനലൈസ് ചെയ്താണ് പോലീസ് ആ കേസ് തെളിയിച്ചത്. അതുകൊണ്ട് ഡിജിറ്റൽ ഗോസ്റ്റിങ്ങിൽ അങ്ങേയറ്റം അലേർട്ടായിരിക്കുക”.

രണ്ട് കെട്ട് കറൻസികൾ മധുവിനും ഗണേശനും കൈമാറിക്കൊണ്ട് മനു തുടർന്നു.

” ബാങ്കിൽ നിന്നെടുത്ത സാധനങ്ങൾ ഇപ്പോൾ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവും. അത് ഇനി നിങ്ങൾക്കു മറക്കാം. ഇനി ഗണേശന്റെ പ്രൊട്ടക്ഷൻ മധുവിന് ആവശ്യമില്ല. അതുകൊണ്ട് നമ്മൾ മൂന്നായി പിരിയുന്നു. ഗണേശൻ ഫ്ലാറ്റിലേക്ക് മടങ്ങുക. മധു രണ്ട് ദിവസം കഴിഞ്ഞു കൊച്ചിക്കു പോകും “.

നരേന്ദർ രണ്ടാഴ്ചത്തെ ഫൈൻഡിങ്‌സ് റിവ്യു ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി. അതിൽ പ്രധാനപ്പെട്ടവരെന്ന് ലിസ്റ്റ് ചെയ്തവരെ, ഇന്ററോഗേഷൻ റൂമിലാണ് – പോലീസ് ഭാഷയിൽ ബോക്സ് – ചോദ്യം ചെയ്തത്. ബോക്സ് വളരെ ഇടുങ്ങിയ ഒരു മുറിയാണ്. അതിൽ ഒരു മേശയും അതിന്റെ ഇരു വശത്തുമായി രണ്ട് കസേരകളുമേ സാധാരണയായി ഫർണിച്ചറായി ഉണ്ടാവാറുള്ളൂ. പോലീസ് ഓഫീസറുടെ കസേര മറ്റേതിനേക്കാളും അല്പം ഉയർന്നതായിരിക്കും. ബോക്സിനു ജനലുകളോ ചുമരിൽ ക്ലോക്കോ ഒന്നും ഉണ്ടാവില്ല. നിറം മിക്കവാറും ഓഫ് വൈറ്റ് അല്ലെങ്കിൽ ഗ്രേ ആയിരിക്കും. ഉള്ളിൽ കയറുന്ന ആൾക്ക് വാച്ചും ഫോണും കയ്യിലില്ലാത്തതിനാൽ കുറച്ചുകഴിയുമ്പോൾ സമയത്തെ പറ്റിയുള്ള ധാരണ മിക്കവാറും നഷ്ടപ്പെടും. അയാൾക്ക് ഓഫീസറുടെ തൊട്ടടുത്ത സാമീപ്യത്തിൽ ഒരുതരം നിസ്സഹായത തോന്നും. ഇനി ഓഫീസർ മാത്രമാണ് ആശ്രയം എന്ന് സാധാരണക്കാർക്ക് തോന്നും. അങ്ങിനെയുള്ളവർ ഫൈറ്റും ഫ്‌ളൈറ്റും നടക്കില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കി സത്യം തുറന്നു പറഞ്ഞു എത്രയും പെട്ടെന്ന് പുറത്തിറങ്ങിയാൽ മതിയെന്ന് കരുതും. അല്ലാത്തവരുടെ മേൽ തേർഡ് ഡിഗ്രിയെ ഫലിക്കൂ. CIO ലൈവായി വീഡിയോയിൽ ഇന്ററോഗേഷൻ മറ്റൊരിടത്തുനിന്ന് വീക്ഷിക്കുന്നുണ്ടാവും. ആവശ്യമെങ്കിൽ വേണ്ട നിർദ്ദേശങ്ങൾ ഫോണിൽ അപ്പപ്പോൾ കൊടുക്കും.

പക്ഷെ നിഭാഗ്യവശാൽ ചോദ്യം ചെയ്യലിൽ കാര്യമായ ലീഡുകൾ ഒന്നും തന്നെ നരേന്ദറിന് കിട്ടിയില്ല. ബാങ്കിന്റെ സെക്യൂരിറ്റി ഗാർഡ് ദീപാവലി പടക്കങ്ങളുടെ ശബ്ദത്തിനിടയിൽ മറ്റ് ശബ്ദങ്ങൾ ഒന്നും കേട്ടില്ല. ഇൻഷുറൻസ് ബാക്കോഫിസിൽ സെക്യൂരിറ്റി ഗാർഡ് ഉണ്ടായിരുന്നില്ല. രണ്ടോഫീസിലെയും സ്റ്റാഫിന്റെ ഇന്ററോഗേഷനിലും ബാക്ക്ഗ്രൗണ്ട് പരിശോധനയിലും നിർണ്ണായക വിവരങ്ങൾ ഒന്നും കിട്ടിയില്ല.

സ്ട്രോങ്ങ് റൂമിൽനിന്നും ഫിംഗർ പ്രിന്റോ, സിലിക്കാ ഡസ്റ്റ് ഷൂ പ്രിന്റോ, ബയോളജിക്കൽ എവിഡൻസോ ഒന്നും കണ്ടെടുത്തില്ല. അവിടെനിന്നും കിട്ടിയ എക്യുപ്മെന്റ് നരേന്ദർ പ്രതീക്ഷിച്ചതുപോലെ തന്നെ സിഗരറ്റ് ലൈറ്റർ അല്ലായിരുന്നു. അതൊരു ഇലക്ട്രോണിക് സിഗ്നൽ ജാമർ തന്നെ ആയിരുന്നു. അത് ഫാരഡെ ബാഗിലാക്കി ഫോറൻസിക് എക്‌സാമിനേഷന് അയച്ചു. റിപ്പോർട്ട് വന്നിട്ടില്ല.

പരിസരങ്ങളിലുള്ള CCTV റെക്കോർഡിങ്‌സ് പരിശോധിച്ചു വരുന്നു. നിർണ്ണായക വിവരങ്ങൾ ഇനിയും കിട്ടിയിട്ടില്ല. ഹോട് സോണുകയിലെ റോഡ് ബ്ളോക് ചെയ്തുള്ള വാഹന സെർച്ചും ഫലം ചെയ്തില്ല.

ഫോൺ കോൾ ഡേറ്റ റെക്കോർഡ്,- CDR,- വിശകലനം ചെയ്തു വരുന്നു. അതിന് സമയം എടുക്കും.

സ്‌നിഫർ ഡോഗ് രണ്ടു കെട്ടിടങ്ങുളെയും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴിയിലൂടെ ഓടി റോഡിലെത്തി നിന്നു. മോഷ്ടാക്കൾ അതു വഴി രക്ഷ പെട്ടെന്ന് വ്യക്തം. മിക്കവാറും മോഷ്ടിച്ചെടുത്ത ടൂ വീലറിൽ. നരേന്ദർ ഊഹിച്ചു.

സേഫ് കസ്റ്റഡി കസ്റ്റമേഴ്സിൽ നാലുപേർ ഡയമണ്ട് വ്യാപാരികൾ- സൂറത്തിൽ ബിസിനസ് ഉള്ളവർ. രണ്ടുപേർ പ്രമുഖ കോൺട്രാക്‌ടേഴ്‌സ്, ഒരാൾ പൊളിറ്റീഷ്യൻ, ഒരാൾ പ്രമുഖ ജുവല്ലറി ഉടമ, പിന്നെയുള്ള നാലുപേർ HNIs. ആരും ഇതുവരെ സ്റ്റേറ്റ്മെന്റ് നൽകിയിട്ടില്ല. ബാങ്കിൽ കൊടുത്തിട്ടുള്ള സ്റ്റേറ്റ്മെന്റ് പ്രകാരം ആകെ വാല്യൂ ഡിക്ലെയർ ചെയ്തിരിക്കുന്നത് പന്ത്രണ്ട് കോടി. പക്ഷെ യഥാർത്ഥ മൂല്യം അതിന്റെ പല മടങ്ങായിരിക്കുമെന്ന് നരേന്ദ്രന്റെ ഇന്റ്യൂഷൻ പറഞ്ഞു.

നരേന്ദർ പിറ്റേ ദിവസത്തെ അന്വേഷണത്തിനുള്ള പ്ലാനുകളും ടീമിനുള്ള നിർദ്ദേശങ്ങളും ചാർട്ട് ചെയ്യുവാൻ തുടങ്ങി. അതിൽ ഒരു നിർദ്ദേശം താനെയിൽ പോയി അവിടെ ലീഡിങ് NBFC യിൽ നടന്ന കൊള്ളയുടെ സ്പോട് വിസിറ്റും എല്ലാവിധ ഡീറ്റെയിൽസ് കളക്ഷനും നടത്താൻ സുധീറിനുള്ള നിർദ്ദേശമായിരുന്നു.

അയാളുടെ മനസ്സിലേക്ക് പോലീസ് അക്കാദമിയിലെ രണ്ട് കേസ് സ്റ്റഡികൾ ഓടിയെത്തി.

2007 ചേലമ്പ്ര ബാങ്ക് ഹെയ്‌സ്റ്റ്, Kerala – മോഷ്ടാക്കൾ ബാങ്കിന്റെ തറ താഴെയുള്ള പ്രവർത്തന രഹിതമായിരുന്ന റെസ്റ്റോറന്റിൽ നിന്നും തുരന്ന്, നാഗ്പുർ മോഷണത്തിന് സമാനമായ രീതിയിലാണ് അകത്തു കയറിയത്. പോലീസ് ഓഫീസർ ഒരു കാര്യം ശ്രദ്ധിച്ചു, കള്ളന്മാർ തുരക്കാൻ ഉപയോഗിച്ച ടൂൾ ഒരു പ്രത്യേക തരമാണെന്ന്. അബദ്ധത്തിലായിരിക്കാം ടൂൾ ക്രൈം സീനിൽ തന്നെ വെച്ചിട്ടാണ് മോഷ്ടാക്കൾ പോയത്.  അത് വിൽക്കുന്ന കട പോലീസ് കണ്ടുപിടിച്ചു. ആ ടൂൾ വാങ്ങിച്ചിട്ടുള്ള ആളുകളെ മനസ്സിലാക്കി. മൊബൈൽ ടവർ ഡംപ് ഡേറ്റയിൽ നിന്നും, പ്രത്യേക സമയത്തു മാത്രം ആക്റ്റീവ് ആകുന്ന ഫോൺ നമ്പറുകൾ മനസ്സിലാക്കി. രണ്ട് മില്ലിയൻ കോൾ ഡീറ്റയിൽ റെക്കോർഡുകൾ  വിശകലനം ചെയ്ത് ചില പ്രത്യേക പാറ്റേണിൽ ഉപയോഗിക്കുന്ന ഫോണുകൾ ട്രാക് ചെയ്തു. ഉദാഹരണത്തിന് ഫോൺ രാത്രി മാത്രം ഓൺ ചെയ്യുക, പ്രത്യേക നമ്പറുകളിലേക്ക് മാത്രം വിളിക്കുക, വളരെ ചെറിയ സമയം മാത്രം കോളിന് ദൈർഖ്യമുണ്ടാകുക എന്നിങ്ങനെ. അവസാനം CIO വിജയൻ IPS, ജോസഫ് എന്ന മോഷ്ടാവിനെ കണ്ടെത്തുക തന്നെ ചെയ്തു.  മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ എൺപത് ശതമാനവും വീണ്ടെടുത്തു.

2003ഇൽ ബെൽജിയത്തിലെ ആൻറ്‌വെർപ് ഡയമണ്ട് ഹെയ്‌സ്റ്റ്. – ഇത് വളരെ ശാസ്ത്രീയമായി ചെയ്ത കൊള്ളയായിരുന്നു.  ഇൻഫ്രാ റെഡ് രെശ്മികളേയും , ലൈറ്റ് സെൻസറുകളെയും പോലുള്ള ആധുനിക സെക്യൂരിറ്റി സിസ്റ്റംസ് മറികടന്ന് നടത്തിയ അവിശ്വസനീയമായ കൊള്ള. ക്രൈം സീനിൽ നിന്നും കണ്ടെത്തിയ ഒരു സാൻവിച്ചിന്റെ DNA പരിശോധനയിലൂടെ പോലീസ് ലിയനാർഡോ എന്ന സൂത്രധാരനിലേക്ക് എത്തിച്ചേർന്നു. പക്ഷെ അക്കാലത്തു തന്നെ 100 മില്യൺ ഡോളർ വിലയുണ്ടായിരുന്ന ഡയമൻഡ്‌സ് കണ്ടെത്താൻ കഴിഞ്ഞില്ല.

ഈ രണ്ട് കൊള്ളകളും ലോകാർഡിന്റെ പ്രശസ്തമായ എക്സ്ചേഞ്ജ് പ്രിൻസിപ്പിൾ സെരിവെക്കുന്നു.. every contact leaves a trace.

CCTV റെക്കോർഡിങ് നടന്നിട്ടും മോഷണം കാപ്ച്ചർ ചെയ്തില്ല എന്ന റിപ്പോർട്ട് നരേന്ദറിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. നരേന്ദറിന്റെ മനസ്സ് അത് അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല. എത്ര സമയം നഷ്ടപ്പെട്ടാലും റെക്കോർഡിങ് സ്വയം പരിശോധിക്കാൻ നരേന്ദർ തീരുമാനിച്ചു.

പിറ്റേ ദിവസം തന്നെ നരേന്ദർ CCTV റെക്കോർഡിങ് പരിശോധന തുടങ്ങി.

ഞായറാഴ്ച രാത്രിയിലെ ദൃശ്യങ്ങൾ നോക്കിയപ്പോഴാണ് പാറ്റയെപോലെ തോന്നിക്കുന്ന രണ്ട് ജീവികൾ  ഭിത്തിയിൽ നീങ്ങുന്നത് നരേന്ദർ ശ്രദ്ധിച്ചത്. അയാൾ ശ്രദ്ധയോടെ വീണ്ടും വീണ്ടും റീവൈൻഡ് ചെയ്ത് വീക്ഷിച്ചു. ഇത്പോലെ ഒരു ദൃശ്യം ശനിയാഴ്ച രാത്രിയിലെ റെക്കോർഡിങ്ങിലും കണ്ടത് പെട്ടെന്ന് അയാൾ ഓർത്തു,

നരേന്ദർ ശനിയാഴ്ച രാത്രിയിലെ റെക്കോർഡിങ് വീണ്ടും വീക്ഷിച്ചു. വീണ്ടും വീണ്ടും റീവൈൻഡ് ചെയ്ത് വീക്ഷിച്ചു.

അയാൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല. രണ്ടു ദൃശ്യങ്ങളിലെയും ജീവികളുടെയും പൊസിഷൻ ഒരുപോലെ. റെക്കോർഡ് ചെയ്ത ടൈമും ഒന്ന് തന്നെ. തനിക്ക് അവസാനം ഒരു കച്ചി തുരുമ്പ് കിട്ടിയെന്ന് നരേന്ദറിന് തോന്നി.

(തുടരും )

Posted in

One response to “ഗ്രീൻ മെഡോസ് – V”

  1. Dan Avatar
    Dan

    The story is very engaging and gripping, waiting for the next chapter!

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading