(A True Travel Story)
“സുജേ ഞാൻ അന്ന് ഡൽഹിയിൽ നിന്നും അമൃത്സർലേക്ക് പോകുമ്പോൾ ടേക്ക് ഓഫിന് തൊട്ടു മുൻപ് ATR ഫ്‌ലൈറ്റിന്റെ ചിറകിനടിയിലെ എൻജിനിൽ തീ കണ്ട സംഭവം പറഞ്ഞത് ഓർക്കുന്നുണ്ടോ. ഞാൻ തീ കണ്ട് വിളിച്ചു കൂവിയതും നല്ല വേഗത്തിൽ ഓടിക്കൊണ്ടിരുന്ന പ്ലെയിൻ ഓട്ടോമാറ്റിക് ആയി നിന്നതും ഒരേ സമയത്തായിരുന്നു. അന്ന് അതിനുമുൻപ് മറ്റൊരു സംഭവം കൂടി ഉണ്ടായി. നിന്നോടത് ഞാൻ പറഞ്ഞിരുന്നോ എന്ന് ഓർക്കുന്നില്ല”.
എയർപോർട്ട് ലോഞ്ചിലെ സോഫയിൽ ചാഞ്ഞിരുന്ന്, കണ്ണുകൾ ഗോഗിൾ ഷേപ്പിലുള്ള ഐ മാസ്ക് കൊണ്ട് മൂടി, എസിയുടെ കുളിർമയിൽ, സുജ ഡിന്നർ കഴിഞ്ഞു ഒന്നു മയങ്ങുക ആയിരുന്നു. അപ്പോഴാണ് മൂന്നാമത്തെ ലാർജ് കയ്യിൽ എടുത്ത് വിജയ് തന്റെ പ്രഭാഷണം തുടങ്ങുന്നത്. “ഇത്രയും ശെരിയാണ്, അടുത്തു പറയാൻ പോകുന്നത് പുളുവാണ്”, സുജ മനസ്സിൽ പറഞ്ഞു. എന്നിട്ട് ഒന്നു മൂളുക മാത്രം ചെയ്തു.
വിജയ് തുടർന്നു.
“ഞാൻ സീറ്റ് നമ്പർ നോക്കി എന്റെ സീറ്റിൽ ഇരുന്നു. എന്റെ മുൻപിലെ റോയിലെ വിൻഡോ സീറ്റിൽ ഒരു സർദാർജി ആണ് ഇരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ സുന്ദരിയായ ഒരു യുവതി അതെ സീറ്റിൽ ഇരിക്കുവാൻ അവിടെ എത്തി. അത് അവളുടെ സീറ്റ് ആയിരുന്നു. അവൾ സർദാർജിയോട് എണീക്കാൻ വളരെ സൗമ്യമായി ആവശ്യപ്പെട്ടു. പക്ഷെ സർദാർജി മാറി കൊടുക്കുവാൻ തയ്യാറായില്ല. അപ്പോൾ സുന്ദരിയുടെ ഭാവം മാറി. രണ്ടുപേരും തമ്മിൽ കശപിശയായി. ബഹളം കേട്ട് ഐർഹോസ്റ്റസ് എത്തി. അവൾക്ക് കാര്യം മനസ്സിലായി. സർദാർജിയെ നോക്കി വശ്യമായി ചിരിച്ചിട്ട് അവൾ ചോദിച്ചു.
പാജി എങ്ങോട്ടാണ് പോകുന്നത് ?
അമൃതസറിലേക്ക്, സർദാർജി പറഞ്ഞു.
അയ്യോ പാജി അത് ബോംബേക്ക് പോകുന്ന സീറ്റല്ലേ, അതുകൊണ്ടല്ലേ ഈ കുട്ടി പാജിയോട് ഇപ്പുറത്തെ സീറ്റിൽ ഇരിക്കാൻ പറഞ്ഞത്,
ഐർഹോസ്റ്റസ് പറഞ്ഞു
ആണോ? എന്നാൽ ഈ കുട്ടി അതു പറയണ്ടേ ?
സർദാർജി തിടുക്കത്തിൽ അമൃതസറിലേക്ക് പോകുന്ന തന്റെ സീറ്റിലേക്ക് മാറി ഇരിക്കുന്നതിനിടയിൽ പറഞ്ഞു.
ഒരു കണ്ണിറുക്കി തൊട്ടു പിറകിലിരുന്ന എന്നെ നോക്കി ചിരിച്ചിട്ട് ഐർഹോസ്റ്റസ് തിരിഞ്ഞു നടന്നു”.
സർദാർജി ഫലിതം കേട്ട് ഉള്ളിൽ ചിരിച്ചെങ്കിലും സുജ ഉറങ്ങുകയാണെന്ന മട്ടിൽതന്നെ ഇരുന്നു.
വിജയും സുജയും നെടുമ്പാശ്ശേരിയിൽ നിന്നും സിഡ്‌നിയിലേക്കുള്ള യാത്രയിൽ ആയിരുന്നു, കോലാലംപൂർ വഴി. ഇരുപത് ദിവസത്തെ ഓസ്‌ട്രേലിയൻ യാത്ര. സിഡ്‌നിയിൽ നിന്നും ഗോൾഡ്‌കോസ്റ്റ്, ബ്രിസ്‌ബേൻ. അവിടെനിന്നും മെൽബോൺ. പിന്നെ നെടുമ്പാശ്ശേരിയിലേക്ക് മടക്കം. എല്ലാ വർഷവും ഒരു വിദേശ യാത്ര അവരുടെ പതിവായിരുന്നു. അവർ എപ്പോഴും യാത്ര തനിയെ പ്ലാൻ ചെയ്യും. വിസ ഓൺലൈനിൽ അപ്ലൈ ചെയ്യും. ഇന്റർവ്യൂ ആവശ്യമെങ്കിൽ അറ്റൻഡ് ചെയ്യും. ഹോട്ടൽ ഓൺലൈനിൽ തന്നെ ബുക്ക് ചെയ്യും. പുതിയ രാജ്യത്ത് കാണേണ്ട സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. കഴിയുന്നതും അവിടങ്ങളിലെ എൻട്രി പാസ്സുകളും ഓൺലൈനിൽ ബുക്ക് ചെയ്യും. ആ രാജ്യത്തു ചെന്നാൽ യാത്ര പബ്ലിക് ട്രാൻസ്പോർട്ടിൽ മാത്രം. പറ്റിയാൽ അതിനുള്ള പാസ്സുകളും ഓൺലൈനിൽ തന്നെ ബുക്ക് ചെയ്യും. അല്ലെങ്കിൽ അവിടെ എത്തിയിട്ട് പാസ് എടുക്കും. ടാക്സി കഴിയുന്നതും ഒഴിവാക്കും. അവരുടെ അഭിപ്രായത്തിൽ ഒരു രാജ്യത്തിൻറെ സംസ്കാരത്തെയും ജനങ്ങളെയും അടുത്തറിയണമെങ്കിൽ അവരുമായി ഇടപഴകണം. പ്ലാനിങ്ങിന് അധിക സമയം ചിലവഴിച്ചാലും, അന്യ രാജ്യത്ത് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായാലും, ഇത്തരം യാത്രകളിലെ അനുഭൂതി ഒന്നു വേറെയാണ്.
വിജയ്, ഗ്രൂപ് ടൂറിനെ ഉപമിക്കാറുള്ളത് കൊയ്ത്തു കഴിഞ്ഞ നെൽ പാടത്തു താറാവിൻ കൂട്ടത്തെ തീറ്റക്കായി കൊണ്ടു പോകുന്നതു പോലെയെന്നാണ്.
“ദേ ബോർഡിങ് ഗേറ്റ് ഇപ്പോൾ തുറക്കും”, സുജയെ മെല്ലെ തോണ്ടി വിളിച്ചുകൊണ്ട് വിജയ് പറഞ്ഞു.
“ഇനിയും ഒരുമണിക്കൂറിലധികം സമയമുണ്ട് ” വാച്ചിൽ നോക്കികൊണ്ട് സുജ പറഞ്ഞു.
“ഞാൻ അവറാച്ചനെയും ബീനയെയും നമ്മുടെ കൂടെ വരൻ വിളിച്ചതാണ്, പക്ഷെ ഇനി ഈ ജന്മം വിദേശത്തേക്കില്ലെന്നാ അവറാച്ചൻ പറഞ്ഞത്”.
“എന്തുപറ്റി, കൈയിലുള്ള പൂത്ത കാശ് കുറച്ചു ചിലവാക്കി കൂടെ?
സുജ ചോദിച്ചു.
“ഏയ്, കാശ് ചെലവാക്കുവാൻഉള്ള മടികൊണ്ടൊന്നുമല്ല. കഴിഞ്ഞ വർഷം തോമ്മാച്ചന്റെയും മോളിയുടെയും കൂടെ അവർ പാരീസിൽ പോയില്ലേ, അപ്പോൾ ഒരു അബദ്ധം പറ്റി. അവർ താമസിച്ച ഹോട്ടൽ റൂമിലെ ലൈറ്റിന്റെയും, ഫാനിന്റേയും, ലോക്കിന്റെയും എന്നു വേണ്ട സർവ്വതിന്റെയും കണ്ട്രോൾ ഒരു ടാബ് വഴിയാണ്. ഇതു പ്രവർത്തിപ്പിക്കുന്നത് കാണിച്ചുകൊടുത്തിട്ട് തോമാച്ചനും മോളിയും അവരുടെ റൂമിൽ പോയി. അവറാച്ചൻ ടാബ് പരിശോധിച്ചിട്ട് അറിയാതെ ആദ്യം പ്രസ് ചെയ്ത ബട്ടൺ, ഡോണ്ട് ഡിസ്റ്റർബ്. അതോടെ വെളിയിൽ നിന്നും ഒരു കോണ്ടാക്റ്റും ഇല്ലാതാക്കി. പിന്നത്തെ രണ്ടുമൂന്ന് പ്രെസ്സിൽ റൂം ഒരു ഡാൻസ് ബാർപോലെയായി. ഫ്ലിക്കറിങ് ലൈറ്റുകളും, വലിയ ശബ്ദത്തിൽ പാട്ടുമെല്ലാമായി ആകെ ബഹളം. ബീന ദേഷ്യം കൊണ്ട് വിറച്ചു. അവറാച്ചൻ ടാബ് ബെഡിലേക്കെറിഞ്ഞിട്ട് ബാത്ത് റൂമിലേക്ക് പോയി. ബീന എവിടെയൊക്കെയോ പ്രസ് ചെയ്തു കഴിഞ്ഞപ്പോൾ ബാത്ത് റൂം ഡോർ ലോക്ക് ആയി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ബാത്ത് റൂം തുറന്നില്ല. പാട്ടിന്റെ ബഹളത്തിൽ അവറാച്ചൻ പറഞ്ഞ തെറിയൊന്നും ഭാഗ്യത്തിന് ബീന കേട്ടതുമില്ല. കഷ്ടകാലം അവിടെയും തീർന്നില്ല. ഡോണ്ട് ഡിസ്റ്റർബ് എനേബിൾ ആയിരുന്നതിനാൽ പിറ്റേന്ന് രാവിലെ പതിനൊന്നു മണി വരെ ആരും തിരിഞ്ഞു നോക്കിയില്ല. തോമ്മാച്ചൻ പോലും… പിന്നത്തെ പുകില് പറയാനുണ്ടോ ….”
“എന്നിട്ട് ഇത് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ”. ചിരിയടക്കാൻ പണിപ്പെട്ടുകൊണ്ട് സുജ പറഞ്ഞു.
“ഇന്നലെ വൈകിട്ട് ഞങ്ങളൊന്നു കൂടിയില്ലേ, അപ്പോഴാ എന്നോടും പറഞ്ഞത്. എന്നിട്ടൊരു ഉപദേശവും, നിങ്ങളു രണ്ടുപേരും തന്നെയുള്ള കറക്കമാ, സൂക്ഷിച്ചോടാ മക്കളെയെന്ന്. നമ്മളിതെത്ര കണ്ടതാ, അവറാച്ചാ എന്ന് ഞാനും പറഞ്ഞു”.
കങ്കാരൂ ബാഗ് പോലെ തന്റെ കഴുത്തിൽ തൂക്കി ഇട്ടിരുന്ന ട്രാവൽ ബാഗിൽ താളം പിടിച്ചുകൊണ്ട് വിജയ് പറഞ്ഞു. യാത്ര പോവുമ്പോൾ വിജയിന്റെ സ്വഭാവമാണത്. പാസ്സ്പോർട്ടും, വിസയും, കറൻസിയും എല്ലാം ആ ബാഗിലാക്കി കഴുത്തിൽ തൂക്കിയിടും. ഒരിക്കലും താഴെ വെക്കില്ല. ഉറങ്ങുമ്പോഴും ഒരു കൈ ആ ബാഗിന്മേലായിരിക്കും. മക്കൾ കളിയാക്കി പറയുന്നത്, ആ ബാഗ് താഴെ വെക്കാൻ പേടിയായതുകൊണ്ട് യാത്ര പോവുമ്പോൾ പപ്പാ കുളിക്കില്ലെന്നാണ്.
സിഡ്‌നി എയർപോർട്ടിലെ കസ്റ്റംസ് ഗേറ്റിന് പുറത്തെത്തിയപ്പോൾ, ബാഗുകളുമായി സോഫയിൽ സുജയെ ഇരുത്തിയിട്ട്, വിജയ് ട്രാവൽ ഡെസ്ക് അന്വേഷിച്ചുപോയി. മടങ്ങിയെത്തിയപ്പോൾ വിജയിന്റെ കൈയിൽ അഞ്ചു ദിവസത്തെ ലോക്കൽ ട്രാവലിനുള്ള പാസ്സുകളും, ബ്ലൂ മൗണ്ടൈൻ നാഷണൽ പാർക്കിന്റെ രണ്ട് എൻട്രി ടിക്കറ്റും അങ്ങോട്ടുള്ള ബസ് ടിക്കറ്റും ഉണ്ടായിരുന്നു. ഹോട്ടലിന്റെ ലൊക്കേഷൻ നോക്കി അങ്ങോട്ടുള്ള ബസ് റൂട്ടു കണ്ടുപിടിച്ചു. ടിക്കറ്റ് പഞ്ച് ചെയ്ത് ബസിനുള്ളിൽ കയറി. ഡ്രൈവർ ക്യാബിനു പിറകിൽ ഒരു വശം ലഗേജുകൾ വെക്കാനുള്ള ഇടമാണ്. മറുവശം സീറ്റുകളും. വേണമെങ്കിൽ ഇതിനു നടുവിൽ നിൽക്കാനും സൗകര്യമുണ്ട്. ഹോട്ടൽ ലൊക്കേഷൻന്റെ ഏറ്റവും അടുത്ത സ്റ്റോപ്പിൽ അവർ ഇറങ്ങി. ബസ്റ്റോപ്പിൽ ബാഗുകളുമായി സുജയെ നിർത്തിയിട്ട് വിജയ് ഗൂഗിൾ മാപ്പ് നോക്കി ഹോട്ടൽലേക്ക് നടന്നു. “
“നിന്റെ ബാഗിൽ അഞ്ഞൂറ് ഡോളർ ഉണ്ടല്ലോ അല്ലെ “? നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് വിജയ് വിളിച്ചു ചോദിച്ചു.
“കഷ്ടിച്ചൊരു ഇരുനൂറ് മീറ്റർ മാത്രം”, പത്തു മിനിറ്റിനുള്ളിൽ മടങ്ങി എത്തിയ വിജയ് പറഞ്ഞു. രണ്ടുപേരും ഓരോ ട്രോളി ബാഗും.വലിച്ചുകൊണ്ട് ഹോട്ടലിലേക്ക് നടന്നു.
“എനിക്കീ ലോകത്ത് ഏറ്റവും കടപ്പാട് ട്രോളി ബാഗ് കണ്ടു പിടിച്ച ആളോടാണ്”. സുജ പറഞ്ഞത് കേട്ടില്ലെന്ന മട്ടിൽ വിജയ് മുൻപേ നടന്നു.
ചരിത്രവും, ആധുനികതയും കെട്ടിപ്പുണർന്നു കിടക്കുന്ന സിഡ്നി ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക തുറമുഖ നഗരമാണെന്നു പറയാം. കോബ്ബ്‌ലെ സ്ട്രീറ്റ്‌സിൽ നടക്കുമ്പോൾ അത് പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടൻ വീഥികളെ ഓർമിപ്പിക്കും. ഹാർബർ ബ്രിഡ്‌ജും, ഓപ്പറാ ഹൗസും പിന്നിട്ട് സിറ്റിക്കുള്ളിൽ നടക്കുമ്പോൾ സിഡ്‌നിയെ എന്തുകൊണ്ട് ഓസ്‌ട്രേലിയയുടെ ന്യൂയോർക് എന്നു വിളിക്കുന്നു എന്ന് ബോധ്യമാവും. സർഫിംഗിന് പ്രശസ്തമായ ബോണ്ടി ബീച്ചും, ഐസ്‌ബർഗ് പൂളും അതിമനോഹരം. ബോണ്ടി ബീച്ചിലൂടെ കൂഗീ വരെ കടലിനെ കണ്ടുള്ള നടത്തം നിങ്ങളെ ഒരു സ്വപ്ന ലോകത്തെത്തിക്കും.
“ആ ഉയരമുള്ള ഈൽ സ്റ്റാച്യു കണ്ടോ”, ഗ്രെയ്റ്റർ സിഡ്‌നിയിലെ പ്രശസ്തമായ പറമറ്റ സ്കയറിൽ എത്തിയപ്പോൾ വിജയ് ചോദിച്ചു.
“അത് ഇവിടുത്തെ നാടോടി കഥകളിലെ നബുനം അല്ലെ? എനിക്കറിയാം ആ കഥ. ടിഡാലിക് എന്ന ഭീമൻ തവള ലോകത്തിലെ വെള്ളമെല്ലാം കുടിച്ചു വറ്റിച്ചു. ദാഹിച്ചു വലഞ്ഞ മൃഗങ്ങൾ കുടിവെള്ളത്തിനായി അലഞ്ഞു. ടിഡാലിക് തവള ചിരിച്ചാൽ മാത്രമേ അവന്റെ വയറ്റിലുള്ള ജലം തിരിച്ചു ഭൂമിയിലേക്ക് വരൂ. എല്ലാ മൃഗങ്ങളും അവനെ ചിരിപ്പിക്കാൻ ശ്രമിച്ചു. പല കോമാളിത്തരങ്ങളും കാട്ടി. പക്ഷെ ടിഡാലിക് ചിരിച്ചില്ല. അവസാനം നബുനം തന്റെ നീണ്ട ശരീരം വളച്ചു കുത്തി അവന്റെ മുന്നിൽ ഡാൻസ് ചെയ്തു. അതു കണ്ട ടിഡാലിക് പൊട്ടി ചിരിച്ചു പോയി. അങ്ങിനെ അവന്റെ വയറ്റിൽ ഉണ്ടായിരുന്ന വെള്ളമെല്ലാം തിരികെ ഭൂമിയിലെത്തി പുഴകളും, തൊടുകളുമെല്ലാം ജല സമൃദ്ധമാക്കി”.”.
ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ ആവേശത്തോടെ സുജ പറഞ്ഞു.
“അതെ, ഇവർക്ക് ഈൽ കേവലമൊരു മലമ്പാമ്പല്ല, അവരുടെ ജല സ്ത്രോതസ്സുകൾ സംരക്ഷിച്ച ഗുരുവാണ്. ഇവിടെ ഈൽ ഫെസ്റ്റിവലും അയ്യായിരം വർഷം പഴക്കമുള്ള ഈൽ കേന്ദ്രവും ഉണ്ട്.
സുജക്ക് ബെൻജോ യുടെ ഹൃദയ ഭേദകമായ വോട്സിങ് മെറ്റിൽഡ എന്ന നാടോടി കഥ അറിയാമൊ “?
വിജയ് ചോദിച്ചു.
“നാടോടിയായ ഒരു പാവം തൊഴിലാളി ജോലി ഒന്നും കിട്ടാതെ, അലഞ്ഞു തിരിഞ്ഞു ഒരു പുഴയുടെ തീരത്ത് എത്തിപ്പെട്ടു. അവിടെ അവന് വിശപ്പടക്കാൻ ഒന്നും കിട്ടിയില്ല. അവസാനം, ഗത്യന്തരമില്ലാതെ, അവൻ ഗ്രാമത്തിൽ നിന്നും ഒരു ആടിനെ മോഷ്ടിച്ചു. വിവരമറിഞ്ഞു പോലീസ് പിടിക്കാനെത്തുന്നു. അഭിമാനിയായ ആ പാവം, പിടികൊടുക്കാതെ പുഴയിൽ ചാടി മരിച്ചു. ആ നാടോടിയുടെ ആത്മാവ് ഒരു പാട്ടും പാടി ഇന്നും ആ പുഴയോരത്ത് അലയുകയാണത്രെ”.
‘Once a jolly swagman camped by a billabong,
Under the shade of a coolabah tree’, ………..
ഇത് ഓസ്‌ട്രേലിയയുടെ അനൗദ്യോഗിക ദേശീയ ഗാനമാണ്”.
വിജയ് പറഞ്ഞു നിർത്തി.
അഭൗമികമായിരുന്നു, ബ്ലൂ മൗണ്ടൈൻ നാഷണൽ പാർക്കിലെ കാഴ്ചകൾ. അത് ഓസ്‌ട്രേലിയയിലെ ശീതകാലമായിരുന്നു. നേർത്ത മൂടൽ മഞ്ഞു അന്തരീക്ഷത്തിൽ വെണ്മയാർന്ന നേർത്ത തിരശീല ഇട്ടിരുന്നു. ഒരു കുളിർകാറ്റു വന്ന് തട്ടി ആ തിരശീല ഒന്നിളകിയപ്പോൾ, യൂക്കാലിപ്റ്റ്സ് മരങ്ങളും, സാൻഡ്‌സ്‌റ്റോൺ പാറകളും നിറഞ്ഞ താഴ്‌വാരങ്ങളും മലനിരകളും, ഒരു സ്വപ്നലോകം വിജയിന്റെയും സുജയുടെയും മുന്നിൽ തുറന്നു. യൂക്കാലിപ്റ്റ്സ് മരങ്ങളിലെ എണ്ണ പരന്ന വായുവിൽ തട്ടി പ്രതിഫലിച്ച സൂര്യ കിരണങ്ങൾ, നീല നിറത്തിലുള്ള ഒരു മാന്ത്രിക പ്രഭ അന്തരീക്ഷത്തിനു നൽകി. ഇടക്കിടക്കുണ്ടായിരുന്ന അരുവികളിലെ വെള്ള ചാട്ടങ്ങൾ ബ്ലൂ മൗണ്ടൈനെ ഒരു പറുദീസയാക്കി മാറ്റി.
“നമുക്കൊരു കാപ്പി കുടിച്ചിട്ട് ഇവിടെ കറങ്ങാം അല്ലെ? ലോകത്തിലെ ഏറ്റവും സ്റ്റീപ് ആയ റെയിൽ ഈ നാഷണൽ പാർക്കിനുള്ളിലുള്ള റെയിൽ ആണ്. അല്ലെങ്കിൽ ഗ്ലാസ്സ് ബോട്ടം ഉള്ള കേബിൾ കാറുകൾ ഉണ്ട്. ഏതു വേണം “
മുന്നിൽ കണ്ട കോഫി ബൂത്തിലേക്ക് നടക്കുന്നതിനിടയിൽ വിജയ് ചോദിച്ചു. വിജയ് കോഫി വാങ്ങാൻ പോയപ്പോൾ സുജ ചുറ്റും നോക്കി. ധാരാളം ടൂറിസ്റ്റുകൾ അവിടെ ഉണ്ടായിരുന്നു. കുട്ടികൾ ബിസ്കറ്റ്, ഒരു സ്ട്രോ പോലെ ഉപയിഗിച്ചു കോഫി കുടിക്കുന്നത് കൗതുകത്തോടെ സുജ നോക്കി ഇരുന്നു.
വിജയ് രണ്ടു കോൾഡ് കോഫിയും, ഠിം റ്റാം ബിസ്കറ്റും വാങ്ങിവന്നു .
“ഇതെങ്ങനെയാണ് കഴിക്കുന്നതെന്ന് അറിയാമോ”?,
ഒരു സബ്ജക്ട് എക്സ്പെർട്ടിന്റെ ഗൗരവത്തോടെ വിജയ് ചോദിച്ചു.
ആദ്യം ഈ ബിസ്കറ്റിന്റെ രണ്ടു ഓപ്പസിറ്റ് മൂലകളും കടിക്കണം. എന്നിട്ട് ചുണ്ടിൽ വെച്ച് ഒരു മൂലയിൽ കൂടി അകത്തോട്ടു വലിക്കണം. അപ്പോൾ അതിനുള്ളിലെ ചോക്കലേറ്റ് മുഴുവൻ സക്ക് ആകും. പിന്നെ ആ ബിസ്കറ്റ് കാപ്പിയിൽ മുക്കിയിട്ട് ഒരു സ്ട്രോ പോലെ കാപ്പി വലിച്ചുകുടിക്കാം. ദേ ഇങ്ങിനെ”
വിജയ് ഒരു ഡെമോ നടത്തി. പക്ഷെ നിഭാഗ്യത്തിന് കാപ്പിയിൽ കൂടുതൽ ആഴത്തിൽ മുങ്ങിയ ബിസ്കറ്റിനുള്ളിലെ ചോക്കലേറ്റും കാപ്പിയും എല്ലാം കൂടി വിജയിന്റെ ജാക്കെറ്റിൽ ഒരു ചിത്രപ്പണിയാണ് നടത്തിയത്.
അതു കണ്ട് ചിരിച്ച ഒരു കുട്ടിയെ നോക്കി വിജയ് തമ്പ്സപ് കാണിച്ചു.
“കുഴപ്പമില്ല, അറുപതു കഴിഞ്ഞാൽ പിന്നെ എല്ലാവരും കുട്ടികളാണല്ലോ”. സുജ ആശ്വസിപ്പിച്ചു.
കാപ്പി കുടിച്ചിട്ട് പാർക്കിന്റെ ഒരു മാപ് വാങ്ങി, അതിൽ നോക്കി, അവർ എക്കോ പോയിന്റിലേക്ക് നടന്നു. അവിടെനിന്നാൽ ഉയരമുള്ള മൂന്ന് സാൻഡ് സ്റ്റോൺ റോക്കുകൾ ദൂരെ കാണാം. അന്തരീക്ഷത്തിലെ യൂക്കാലിപ്റ്റസ് ഓയിലിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യ പ്രകാശം അവക്ക് നീല നിറത്തിലുള്ള ഒരു പശ്ചാത്തലം ഒരുക്കുന്നു. ഓസ്‌ട്രേലിക്കാർ ഈ പാറ കെട്ടുകളെ സ്നേഹപൂർവ്വം ‘ത്രി സിസ്റ്റേഴ്സ്’ എന്ന് വിളിക്കുന്നു. അവിടെനിന്നും വെന്റവർത്തു വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങ് ആയാസകരമെങ്കിലും ഏറ്റവും ഹൃദ്യമാണു്. മൂന്ന് തട്ടുകളായി, പതഞ്ഞു പതഞ്ഞു, തൂ വെണ്മയോടെ താഴ്‌വാരത്തിലേക്ക് കുതിക്കുന്ന വെള്ളത്തിന്, ഒരു വന്യ ഭാവമല്ല, മറിച്ച്, പണ്ടെന്നോ കിങ്ഫിഷർ കലണ്ടറിൽ കണ്ടതു പോലെ, ഒരു നിമിഷം ഒന്ന് മന്ദഗതിയിൽ നിന്നിട്ട് നിർന്നിമേഷമായി നമ്മളെ നോക്കുന്നത് പോലെയുള്ള ഒരു സൗമ്യ ഭാവമാണ്.
“സുജ ശ്രദ്ധിച്ചോ, ഓസ്‌ട്രേലിയൻ കാടുകളിൽ സിംഹം, കടുവ, പുലി, എന്നിങ്ങനെയുള്ള വന്യ മൃഗങ്ങളില്ല. കങ്കാരൂ, കോലാ കരടി എന്നിങ്ങനെയുള്ള താരതമ്യേന സൗമ്യ മൃഗങ്ങൾ ആണ് അധികവും. ശരീരത്തിൽ, വലിയ രോമങ്ങളുള്ള മോൺസ്റ്റർ ഹൺഡ്സ്മാൻ സ്പൈഡർ പോലും നിരുപദ്രവകാരികളണ്. ഉൾവനങ്ങളിൽ മാത്രം കാണുന്ന റ്റൈപൻ, ചിലതരം സ്പൈഡേഴ്സ്, ഒക്ടപ്‌സ്സ്, ജെല്ലിഫിഷ് എന്നിവ മാത്രമാണ് അപകടകാരികൾ.ഇവിടുത്തെ കാടുകൾക്ക് നമ്മെ മാടി വിളിച്ച് നമ്മളെ ചേർത്തു പിടിക്കുന്ന ഒരു സ്നേഹ ഭാവമാണ്. ചരിത്രാതീത കാലത്തു ഭൂമിയിലെ മറ്റു വൻകരകളിൽ നിന്നും വേർപെട്ടു പോയി ഓസ്‌ട്രേലിയ. അതുകൊണ്ടു തന്നെ മറ്റു വൻകരകളിലെ ജീവികൾക്കൊന്നും ഇവിടെ എത്തിപ്പെടാനും സാധിച്ചില്ല. ഓസ്ട്രലിയക്കാർ തങ്ങളുടെ സവിശേഷമായ ഈ ജൈവ പ്രകൃതിയെ ഇന്നും നിലനിർത്തുന്നു. മറ്റു വൻകരകളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള വിത്തുകളോ, ചെടിയിയോ, ജീവികളെയോ, എന്തിന് അച്ചാറുകൾ പോലെയുള്ള ഭക്ഷണങ്ങളോ, പഴങ്ങളോ ഒന്നും ഇങ്ങോട്ടു കൊണ്ടുവരുവാൻ പാടില്ല. ഇത് ഫ്‌ലൈറ്റിലെ അന്നൗൺസ്‌മെന്റും, എൻട്രി കാർഡിൽ നമ്മൾ കൊടുക്കേണ്ട വിവരങ്ങളും, ഡിക്ലറേഷനും ശ്രദ്ധിച്ചാലറിയാം. പിടിച്ചാൽ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും. തങ്ങൾ ധരിച്ചിരുന്ന ഷൂസിനടിയിൽ ഉണ്ടായിരുന്ന ചെളിമണ്ണ് വൃത്തിയാക്കിയതിനു ശേഷം വെളിയിൽ പോകാൻ അനുവദിച്ച സാഹചര്യം പോലും ടൂറിസ്റ്റുകൾക്ക് ഉണ്ടായിട്ടുണ്ട്”.
പാർക്കിലെ ട്രെയിനിന്റെ ബോർഡിങ് പോയിന്റിലേക്ക് നടക്കുന്നതിനിടയിൽ വിജയ് പറഞ്ഞു.
“ഞാൻ ശ്രദ്ധിച്ച കാര്യം പറയട്ടെ”, സുജ ചോദിച്ചു.
ഇവിടുത്തെ ആൾക്കാർക്ക് പൊതുവെ ഒരു നോ വറീസ് സ്റ്റൈൽ ആണ്. ആരും തിരക്ക് അഭിനയിക്കുന്നില്ല, മറ്റുള്ളവരെ സഹായിക്കാൻ സമയമുണ്ട്, പിന്നെ പൊതുവെ സൗമ്യ ശീലരും. ജാഡകൾ അധികമില്ലാത്തതുകൊണ്ട് അവർ ഒറ്റക്കു പോകുമ്പോൾ മിക്കവാറും ടാക്സിയിൽ ഡ്രൈവർക്കൊപ്പം ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നു. ചെരിപ്പിടാതെ നടക്കുന്ന ആളുകളെ ഞാൻ മാളിൽ കണ്ടു. സാർ എന്നുള്ള വിളി ഇവിടത്തുകാർ പ്രതീക്ഷിക്കുന്നില്ല. ഹോട്ടലിൽ ടിപ്പ് പ്രതീക്ഷിക്കുന്നില്ല. എനിക്കേറ്റവും ഇഷ്ടപെട്ടത് ഇവരുടെ ഷോർട്‌ഫോമിലുള്ള സംസാരമാണ്.
ഞാൻ കണ്ട ഒരു ബോർഡ് രസമാണ്.
ഗോ ടു ദി സെർവോ ഫോർ യുവർ റീഗോ ഇൻ ദി ആർവോ
ഇതെന്താണെന്നു പറയാമോ, വിജയിന്”
സെർവോ – സെർവിസ് സ്റ്റേഷൻ
റീഗോ – രെജിസ്ട്രേഷൻ
ആർവോ – ആഫ്‌റ്റർനൂൺ
ബ്രേക്കി – ബ്രെക്ഫാസ്റ്റ്
രസകരമായിരുന്നു വിശാലമായ പാർക്കിലെ വൈവിധ്യമാർന്ന പ്രകൃതി സൗന്ദര്യം നുകർന്നുള്ള കീഴ്ക്കാം തൂക്കായ റെയിലിലുള്ള ട്രെയിൻ യാത്ര. വെളിയിൽ ഇറങ്ങുമ്പോൾ സുജ പറഞ്ഞു.
“ഞാൻ കാത്തിരിക്കുന്നത് മെൽബണിലെ പഫിങ് ബില്ലി റെയിൽ യാത്രക്കാണ്.
സ്ടീമെൻജിനിൽ ഓടുന്ന, തികച്ചും പരമ്പരാഗതമായ, ഏറ്റവും എക്സോട്ടിക് ലൊക്കേഷനിലൂടെയുള്ള, റോയൽ യാത്ര”.
“ഞാൻ കാത്തിരിക്കുന്നത് അപ്പസ്‌തോലന്മാരെ കണ്ടുകൊണ്ട് റെൻറ്റ് എ കാറിലുള്ള എന്റെ ഗ്രേറ്റ് ഓഷ്യൻ റോഡ് ഡ്രൈവും”. തന്റെ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസെൻസ് കാണിച്ചുകൊണ്ട് വിജയ് പറഞ്ഞു.
പിറ്റേന്നായിരുന്നു ഗോൾഡ്‌കോസ്റ്റിലേക്കുള്ള അവരുടെ ഫ്‌ലൈറ്റ്. അന്ന് 2024
ജൂൺ 24 ആയിരുന്നു. അവിടെ അവരെ കാത്തിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള ഒരു പ്രിമോനിഷനും അപ്പോൾ അവർക്ക് ഉണ്ടായില്ല.
(തുടരും )
Leave a Reply