(A true travel story)
“ഇവിടെ ലോക്കൽ ട്രാവൽനുള്ള പാസ്സിന് ഗോ എക്‌സ്‌പ്ലോർ കാർഡ് എന്നാണ് പേര്. ഈ പാസ്സ് കൊണ്ട് ട്രാമിലും ബസ്സിലും യാത്ര ചെയ്യാം”.
ഗോൾഡ് കോസ്റ്റ് എയർപോർട്ടിലെ ഔട്ലെറ്റിൽ നിന്നും വാങ്ങിയ ഗോൾഡ് കോസ്റ്റ് സിറ്റിയിൽ കറങ്ങാനുള്ള രണ്ടു പാസുകൾ സുജയെ കാണിച്ചുകൊണ്ട് വിജയ് പറഞ്ഞു.
“ഇനി ബ്രിസ്ബെന് പോകാനുള്ള ട്രെയിൻ ടിക്കറ്റ് മാത്രം എടുത്താൽ മതി. അത് പോകുമ്പോൾ സ്റ്റേഷനിൽ നിന്നും എടുക്കാം “.
ഒരു സാദാ എയർ പോർട്ടായിരുന്നു. ഗോൾഡ് കോസ്റ്റിലേത്. അല്ലെങ്കിലും, മുൻപ് അവർ പോയിട്ടുള്ള യൂറോപ്പിലെയും, ലെണ്ടനിലെയും, അമേരിക്കയിലെയും, ഇപ്പോൾ ഓസ്‌ട്രേലിയയിലും എയർ പോർട്ടുകൾക്കൊന്നും നമ്മുടെ ഡൽഹി, മുംബൈ, ബാംഗ്ലൂർ തുടങ്ങിയ പല എയർ പോർട്ടുകളുടെയും ഒരു പ്രൗഢി അവർക്കു തോന്നിയിട്ടില്ല.
“ഇതിനൊന്നും ഏഷ്യൻ എയർപോർട്ടുകളുടെ ഒരു ലുക്കില്ലാത്തത്, ഒരു പക്ഷെ ഇതെല്ലം പഴയ എയർ പോർട്ടുകൾ ആയതുകൊണ്ടാവും”, സുജ പറഞ്ഞു.
“അതു മാത്രമല്ല, കാറ്റ് ദിശ മാറി വീശുന്നതിന്റെ സൂചനയാണിത്”. വിജയ് പറഞ്ഞു.
ഗോൾഡ് കോസ്റ്റിന്റെ കടലിനു സമാന്തരമായി നെടുനീളത്തിൽ ട്രാമിന്റെ ട്രാക്ക് ആണ്. സർഫേർസ് പാരഡൈസ് പോലെ അതി മനോഹരങ്ങളായ അനവധി ബീച്ചുകളുടെ ഒരു നീണ്ട നിര. മന്ദ ഗതിയാണ് ട്രാമിന്. ഓരോ ബീച്ചിലും ട്രാം നിർത്തും. അതിൽനിന്നിറങ്ങി ബീച്ചിലേക്ക് നോക്കിയാൽ സാഗരത്തിനോ അതോ അതിനും മേലെ അംബരത്തിനോ കൂടുതൽ നീലിമ എന്നു ശങ്കിച്ച് നിന്നു പോകും. ബീച്ചിലേക്കുള്ള വഴിയിൽ റെസ്റ്റോറെന്റുകളും, കടകളും. മജിഷ്യൻസിന്റെയും, അഭിയാസ പ്രകടനക്കാരുടെയും മുന്നിൽ ആർത്തു ചിരിക്കുന്ന കുട്ടികളും, മുതിർന്നവരും. പാതയോരത്ത് ചാരുബെഞ്ചിൽ അലസമായിരുന്ന് ബീയർ നുകരുന്നവർ. കൈകൾ കോർത്ത് ബീച്ചിലേക്ക് നടക്കുന്ന മിഥുനങ്ങൾ. സർഫിങ് ബോർഡുമായി തിടുക്കത്തിൽ സർഫിങ്ങിന് കുതിക്കുന്നവർ…
ട്രാക്കിന്റെ മറുവശത്ത് അംബര ചുംബികളായ കെട്ടിടങ്ങൾ.
മദർ മേരിയുടെ മുപ്പതിലധികം ഗ്രോട്ടോകൾ ഉള്ള മരിയൻ വാലി കുന്നിന്റെ മുകളിലേക്കുള യാത്രക്കിടയിൽ ഒരു വ്യൂ പോയിന്റിൽ അവരുടെ ബസ് നിർത്തി. മനോഹരമായിരുന്നു, അവിടെനിന്നുള്ള കടലിന്റെ കാഴ്ച്ച. കനാലുകൾ നിറഞ്ഞതാണ് താഴ്‌വാരം. വലിയ കെട്ടിടങ്ങളെ ചുറ്റിയാണ് കനാലുകൾ ഒഴുകുന്നത്. പൂർണമായും മനുഷ്യ നിർമ്മിതമായ, അറുനൂറു കിലോമീറ്റെർ നീളമുള്ള ഈ കനാലുകൾ പൂർത്തിയായിട്ട് നൂറു വർഷം പോലും ആയിട്ടില്ല. കനാലിന്റെ മൊത്തം നീളം സാക്ഷാൽ വെനീസിലേതിലും അധികം.
നമ്മുടെ സ്വന്തം ആലപ്പുഴ കിഴക്കിന്റെ വെനീസ് ആണെങ്കിൽ ഗോൾഡ് കോസ്റ്റ് തെക്കിന്റെ വെനീസ് ആണ്.
” ഇതിൽ ആരാണ് കൂടുതൽ സുന്ദരി ”?
തിരികെ റൂമിലെത്തി രണ്ട് ലാർജ് അകത്തു ചെന്നപ്പോൾ വിജയ് വാചാലനായി.
“ആലപ്പുഴയുടെ വശ്യ മോഹനമായ കായൽ സൗന്ദര്യം ഇവിടെയുണ്ടോ?
മാനം മുട്ടെ തല ഉയർത്തി നിൽക്കുന്ന തെങ്ങുകൾ ഇവിടെയുണ്ടോ?
ആ തെങ്ങുകളുടെ കറുത്ത നിഴലുകളെ ആകാശത്തിന്റെ വെണ്മയാർന്ന പശ്ചാത്തലത്തിൽ എണ്ണ ഛായാ ചിത്രത്തിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന തോടുകൾ ഇവിടെയുണ്ടോ ?
ആ തോടുകളിൽ എന്തോ തിരക്കിട്ടു തിരയുന്ന താറാ കൂട്ടങ്ങൾ ഇവിടെയുണ്ടോ ?
ആ തോട്ടിൻ കരയിൽ പ്രൗഢമായി തല ഉയർത്തി നിൽക്കുന്ന പള്ളികളും, കാവുകളും ഇവിടെയുണ്ടോ ?
അവയിൽ നിന്നും ഒഴുകിയെത്തുന്ന മണി മുഴക്കങ്ങളും, ശംഖൊലികളും ഇവിടെയുണ്ടോ ?
പച്ച പരവതാനി വിരിച്ചതുപോലെയുള്ള നെൽവയലുകൾ ഇവിടെയുണ്ടോ ? “
പിന്നെന്തിനാണ് കൂടും കുടുക്കയും എടുത്ത് ഇങ്ങോട്ടു പോന്നത് എന്നു ചോദിക്കാൻ തോന്നിയെങ്കിലും, സുജ മറുപടിയൊന്നും പറയാതെ വാട്സ് ആപ്പ് മെസ്സേജുകൾ വായിച്ചു കൊണ്ടിരുന്നു.
പിന്നെ വിജയിന്റെ സാഹിത്യം നിർഗളിക്കുവാൻ തുടങ്ങി.
“നീലക്കടൽ തിരമാലകൾ ചുംബിക്കും
നിർമ്മല തീര ഭൂഭാഗങ്ങളിൽ,
പച്ച പട്ടുടുത്ത തെങ്ങിൻ തോപ്പുകൾ
പാലൊളി തൂകും കായൽ പരപ്പുകൾ …”
” വള്ളത്തോളിനെയൊക്കെ ഇന്നാർക്കു വേണം”
ഒരു ബുജിയുടെ മട്ടിൽ സഹതാപത്തോടെ സുജയെ നോക്കിയിട്ട്, മൂന്നാമത്തെ ലാർജ് ഒഴിച്ചുകൊണ്ട് വിജയ് സ്വയം ചോദിച്ചു.
“എന്നാലൊരു വയലാർ പുത്രന്റെ പാട്ട് ആയാലോ” ?
“കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴയുമ്പോൾ
പാട്ടൊന്നു പാടഡി കാക്ക കറുമ്പി
അന്തി കുടം കമഴ്ത്തി ഞാൻ ….”
മമ്മൂട്ടിയും മനോജ് k ജയനും ചേർന്ന് മനോഹരമാക്കിയ, ‘കാഴ്ചയിലെ’ ശരത് ചന്ദ്ര വർമ്മയുടെ ഗാനം വിജയ് പാടാൻ തുടങ്ങി. സുജ അറിയാതെ താളം പിടിച്ചു.
“ഈ തിമിംഗലങ്ങൾ അന്റാർട്ടിക്കയിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ നീന്തിയാണ് കുഞ്ഞുങ്ങളെ പ്രസവിക്കാൻ ഇവിടെ എത്തുന്നത്. ഗർഭ ധാരണത്തോടെ അവിടെ നിന്നും ഇങ്ങോട്ട് യാത്ര ആരംഭിക്കും, കുഞ്ഞിന്റെ രക്ഷക്ക് വേണ്ടി”.
തങ്ങളുടെ കപ്പലിനോട് ചേർന്ന് നീന്തുകയായിരുന്ന ഭീമാകാരമുള്ള ഒരു വെയിലിനെ ചൂണ്ടി കാണിച്ചുകൊണ്ട് ക്യാപ്റ്റൻ മൈക്കിലൂടെ പറഞ്ഞു.
വിജയും, സുജയും ഒരു ഇടത്തരം കപ്പലിൽ വെയിൽ വാച്ചിങ്ങിനായി ഉൾ കടലിൽ എത്തിയതാണ്. തലേ ദിവസം അവർ ബ്രിസ്‌ബൈനിൽ ആയിരുന്നു. മനോഹരരാമായ നദീതട നഗരം. രാത്രി വൈകി ട്രെയിനിൽ തന്നെ ഗോൾഡ് കോസ്റ്റിൽ മടങ്ങിയെത്തി.
അവരെ കൂടാതെ ഏതാണ്ട് നൂറ്റമ്പത് ആളുകൾ എങ്കിലും ആ ഡെക്കിൽ ഉണ്ടായിരുന്നു. പല രാജ്യക്കാർ, ഭാഷക്കാർ, വേഷക്കാർ…കപ്പൽ തിരമാലയിൽ ആടി ഉലയുന്നുണ്ടായിരുന്നു. വീഴാതിരിക്കാൻ പലരും ബദ്ധ പെടുന്നുണ്ടായിരുന്നു. ചിലർ കടൽ ചൊരുക്കിൽ തിടുക്കത്തിൽ ബാഗിലേക്ക് വോമിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
“ആ വലിയ വെയിലിന്റെ പാർശ്വത്തിലുള്ള കുട്ടി വെയിലിനെ കണ്ടോ?
അത് അമ്മയും കുഞ്ഞുമാണ്. അവറ്റകളെ ശ്രദ്ധിച്ചുകൊണ്ട് അപ്പുറത്തു നീന്തുന്ന ആ ഭീമനെ കണ്ടോ ? അത് അച്ഛൻ വെയിലാണ്.”
ക്യാപ്റ്റൻന്റെ ശബ്ദം സ്പീക്കറിലൂടെ അലയടിച്ചു.
“അമ്മ വെയിലിന്റെ വലിപ്പത്തിലും, ഭാരത്തിലും ഉണ്ടാവുന്ന വലിയ ഡ്രിഫ്റ്റിൽ അമ്മയോട് പറ്റിച്ചേർന്നു നീന്തുന്ന കുഞ്ഞു വെയിലിന് ആയാസമില്ലാതെ മുന്നോട്ടു നീങ്ങാൻ പറ്റും. അങ്ങിനെ സാവധാനം കുഞ്ഞു വെയിൽ പറക്ക മുറ്റുമ്പോൾ, കുടുംബം ഒന്നായി അന്റാർട്ടിക്കാക്കു മടങ്ങും.”
പ്രകൃതിയുടെ നിയമങ്ങളെയും കരുതലിനെയും കുറിച്ചുള്ള ക്യാപ്റ്റൻന്റെ വാക്കുകൾക്ക് തെല്ലൊരു അതിശയത്തോടെ സുജ കാതോർത്തു.
രാത്രി എട്ടു മണിയോടെ ഡിന്നറും കഴിച്ചിട്ട്, ബസ്സിൽ അവർ താമസിച്ചിരുന്ന മെർകുർ റിസോർട്ടിൽ മടങ്ങി എത്തി. ബസ് സ്റ്റോപ്പിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്ററിൽ അധികം ദൂരമുണ്ട് റിസോർട്ടിലേക്ക്.
കഴിഞ്ഞ ഒരാഴ്ചയായി എന്നും രാവിലെ റിസോർട്ടിന് മുന്നിലുള്ള ഗോൾഫ്‌കോഴ്സിന്റെ സൈഡിലൂടെ നടന്ന് അവർ ബസ് സ്റ്റോപ്പിലെത്തും. എല്ലാ മണിക്കൂറിലും ഒരു ബസ് എത്തും. അവിടെ നിന്നും ബസിൽ ബ്രോഡ് ബീച്ച് സൗത്തിലുള്ള ട്രാം സ്റേറഷനിൽ എത്തും. പിന്നെ ട്രാമിൽ ആയിരിക്കും മിക്കവാറും യാത്ര, അല്ലെങ്കിൽ ബസിൽ. വൈകിട്ട് തിരിച്ചും ഇതേ പോലെ. എപ്പോഴും കങ്കാരൂ ബാഗ് ശരീരത്തിലെ ഒരു അവയവമായി വിജയിന്റെ കഴുത്തിൽ ഉണ്ടാവും.
“രാത്രി എട്ടു മണിക്കാണ് നമ്മുടെ മെൽബൺ ഫ്ലൈറ്റ്. വൈകുന്നേരം ആറു മണിക്ക് എയർ പോർട്ടിൽ എത്തണം. ബ്രോഡ് ബീച്ച് സൗത്തിൽ ഒരു ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഉണ്ട്. പസിഫിക് സെന്റർ എന്നാണ് അതിന്റെ പേര്. നമുക്ക് പത്തു മണിക്ക് മുൻപു തന്നെ ചെക്ക് ഔട്ട് ചെയ്തിട്ട് ബസിൽ പസിഫിക് സെന്റർലേക്ക് പോകാം. അവിടെ ബാഗുകൾ വെച്ചിട്ട് ഒന്നു കൂടെ സിറ്റിയിലോ ബീച്ചിലോ കറങ്ങാം. തിരികെ വന്ന് പസിഫിക് സെന്ററിൽ നിന്നും ബാഗുകൾ എടുത്തിട്ട് ബസിൽ ആറു മണിക്ക് എയർപോർട്ടിൽ എത്താം.”
വിജയ് പ്ലാൻ വിശദീകരിച്ചു.
“എന്നാലും ഒരു ടാക്സി വിളിക്കരുത് “
നീരസത്തോടെ സുജ പറഞ്ഞു.
യാത്രയിൽ, രാവിലെ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഹെവി ആയി ബ്രേക്ക് ഫാസ്റ്റ് കഴിക്കും. വിജയ് രണ്ട് ആപ്പിളും ഹോട്ടലിൽ നിന്നെടുക്കും. ലഞ്ചിന് ഹോട്ടലിൽ നിന്നെടുത്ത ആപ്പിളും പിന്നെ ലൈറ്റ് ആയിട്ട് എന്തെങ്കിലും. വൈകിട്ട് പിസാ അല്ലെങ്കിൽ സ്ട്രീറ്റിൽ നിന്നും ബ്രെഡ് കോംബോ. ഇതാണ് സ്ഥിരം മെനു.
ബ്രെക് ഫാസ്റ്റ് കഴിഞ്ഞു അവർ ചെക്ക് ഔട്ടിന് മെർക്ക്യൂറിന്റെ റിസപ്ഷൻ കൗണ്ടറിൽ എത്തി. രണ്ട് കൗണ്ടർ ആണുള്ളത്. ഇന്റർനാഷണൽ ചെയിൻ ആയതുകൊണ്ട് മിക്കവാറും തിരക്കായിരിക്കും. ആദ്യ കൗണ്ടറിലെ ലേഡി ചെക്ക് ഇൻ ചെയ്തപ്പോൾ മുതലേ ഒട്ടും ഫ്രണ്ട്‌ലി ആയിരുന്നില്ല. പിന്നെ ഒരിക്കലും സുജ അവരുടെ അടുത്ത് പോയിട്ടില്ല. രണ്ടാമത്തെ കൗണ്ടറിലെ ലേഡി വളരെ ഫ്രണ്ട്‌ലി ആയിരുന്നു. കാതറിൻ. സുജ അവരുമായി പെട്ടെന്ന് ചങ്ങാത്തത്തിൽ ആയി.
അവർ എത്തുമ്പോൾ കാതറിൻ ബുസി ആയിരുന്നു. അവർ സോഫയിൽ വെയിറ്റ് ചെയ്തു. കാതറിൻ ഫ്രീ ആയപ്പോൾ സുജ അവരെ സമീപിച്ചു. രണ്ടു പേരും ചിരകാല സുഹൃത്തുക്കളെ പോലെ സംസാരിക്കുന്നത് വിജയ് കാതുകത്തോടെ നോക്കി ഇരുന്നു.
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വലിയ സന്തോഷത്തോടെ സുജ വിജയിന്റെ അടുത്തെത്തി പറഞ്ഞു.
“ഇവിടെനിന്നും പതിനൊന്നരക്ക് പെസിഫിക് സെന്ററിലേക്ക് ഒരു ഡ്രോപ്പ് ഓഫ് സർവിസ് ഉണ്ട്. നമുക്കതിൽ പോകാം. ബസ് സ്റ്റോപ്പിലേക്ക് ബാഗുമായി നടക്കേണ്ട. ബാഗ് ഇവിടെ വെക്കാൻ കാതറിൻ സമ്മതിച്ചു. നമുക്കതിനിടയിൽ ഗോൾഫ് കോഴ്സിൽ ഒന്നു കറങ്ങിയിട്ടു വരാം”.
പതിനൊന്നരക്ക് തന്നെ അവർ മടങ്ങി എത്തി, റിസപ്‌ഷനിലെ സോഫയിൽ വെയ്റ്റ് ചെയ്തു. കാതറീനെ സീറ്റിൽ കണ്ടില്ല.
ഇടക്കിടക്ക് ഓരോ ഊബർ ടാക്സികൾ ഗെസ്റ്റുകളെ റിസോർട്ടിൽ ഡ്രോപ്പ് ചെയ്തുകൊണ്ടിരുന്നു. പിന്നീട് വന്നത്, സൈഡിൽ നമ്പർ തേർട്ടീൻ എന്ന് എഴുതിയിരുന്ന ഒരു ടാക്സി കാറാണ്.
സമയം മുന്നോട്ടു പൊക്കോണ്ടിരുന്നു.
“എന്തായാലും ആ പൂതനയോടു തന്നെ ചോദിക്കാം. കാതറീനെ ഇനിയും കാണുന്നില്ലല്ലോ.”
ഫസ്റ്റ് കൗണ്ടെറിലേക്ക് നടന്നുകൊണ്ട് സുജ പറഞ്ഞു.
തിരക്കിലായിരുന്ന അവർ സംസാരിക്കാൻ തന്നെ അഞ്ചു മിനിറ്റെടുത്തു. സുജ അസ്വസ്ഥയാകുന്നത് അക്ഷമയോടെ വിജയ് നോക്കി ഇരുന്നു.
കുറച്ചു കഴിഞ്ഞു ഒട്ടൊരു ദേഷ്യത്തോടെ മടങ്ങി എത്തിയ സുജ പറഞ്ഞു.
“ഡ്രോപ്പ് ഓഫ് സർവിസ് നടത്തുന്നത് റിസോർട്ടല്ല, ഏതോ തേർഡ് പാർട്ടി ആണത്രേ. അവർക്കതിനെ കുറിച്ഛ് ഒന്നും അറിയില്ലെന്നാണ് ആ സ്ത്രീ പറയുന്നത്”.
സമയം പന്ത്രണ്ടര ആകുന്നു. അവർ വിഷണ്ണരായി.
അപ്പോൾ കാതറിൻ തന്റെ സീറ്റിലേക്ക് വന്നു. ആശ്വാസത്തോടെ സുജ അവരുടെ നേരെ ഓടിച്ചെന്ന് കാര്യം പറഞ്ഞു.
അപ്പോൾ മറ്റൊരു ടാക്സി അങ്ങോട്ടെത്തിയത് വിജയ് ശ്രദ്ധിച്ചു. നാലു ചെറുപ്പക്കാരായ യാത്രക്കാർ പിന്നിൽ നിന്നും പുറത്തിറങ്ങി. സ്പോർട്സ് വേഷമാണ് അവർ ധരിച്ചിരിക്കുന്നതെന്ന് വിജയിന് തോന്നി. അവരുടെ കൈയിൽ ബാക് പാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു ലഗേജുകൾ ഉണ്ടായിരുന്നില്ല. അവർ റിസെപ്ഷൻന്റെ നേരെ നടന്നു.
ആ ടാക്സിയുടെ സൈഡിലും എന്തൊഎഴുതിയിരുന്നു. അതിനു താഴെ സാമാന്യം വലിയ അക്കത്തിൽ ഒരു നമ്പറും. വിജയ് അലക്ഷ്യമായി അതു വായിക്കുമോഴേക്കും ഡ്രൈവർ കാറിൽ നിന്നും പുറത്തിറങ്ങി, വിജയിന്റെ അടുത്തുകൂടി റിസപ്‌ഷനിലെ റസ്റ്റ് റൂമിനു നേരെ നടന്നു പോയി. പോകുമ്പോൾ വിജയിനെ നോക്കി ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.
അതൊരു ലേഡി ഡ്രൈവർ ആണെന്ന് വിജയ് ശ്രദ്ധിച്ചു. വെള്ള ഫുൾ സ്ലീവ് ഷർട്ട് ടക്ക് ചെയ്തിരിക്കുന്നു. ഷർട്ടിന് പൈലറ്റിനെ പോലെ ഷോൾഡർ ബാഡ്ജ്. വെളുപ്പിനേക്കാൾ മഞ്ഞ കലർന്ന നിറം. അധികം ഉയരമില്ല, പ്രസന്ന ഭാവം. അവൾ ഒരു ചൈനക്കാരിയാണെന്ന് വിജയിനു തോന്നി.
വിജയ് അക്ഷമയോടെ വാച്ചിലേക്ക് നോക്കി. മണി ഒന്നര ആകുന്നു.
കാതറിൻ ആർക്കൊക്കെയോ ഫോൺ ചെയ്യുന്നത് സുജ ആകാംഷയോടെ നോക്കി നിൽക്കുന്നത് വിജയ് കണ്ടു.
അൽപ സമയം കഴിഞ്ഞു വളരെ നിരാശ ഭാവത്തിൽ സുജ വിജയിനടുത്തെത്തി പറഞ്ഞു.
” ഡ്രൈവർക്ക് സുഖമില്ലാത്തതിനാൽ ഇന്ന് ഡ്രോപ്പ് ഓഫ് സർവിസ് മുടക്കമാണത്രെ. എന്നും കൃത്യമായി നടന്നിരുന്ന സർവിസ് ആയിരുന്നെന്നാണ് കാതറിൻ പറയുന്നത്. തേർഡ് പാർട്ടി സർവിസ് ആയതുകൊണ്ട് അവൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലത്രേ. പാവം അവൾക്കും വിഷമമായി.”
അപ്പോൾ ടാക്സി ഡ്രൈവർ ലേഡി അവരുടെ അടുത്തേക്ക് എത്തി. തന്റെ കാറിലേക്ക് കയറുന്നതിനു മുൻപ് അവരുടെ ലെഗ്ഗേജിലേക്ക് നോക്കികൊണ്ട് പ്ര സന്നമായ സ്വരത്തിൽഅവൾ ചോദിച്ചു.
Are you guys waiting for a taxi?
No, we are waiting for the bus to drop us off at the Pacific Centre.
വിജയ് മറുപടി പറഞ്ഞു.
waiting for a bus ?, Here ?
അതിശയത്തോടെ അവൾ ചോദിച്ചു .
Do you want me to drop you off there?
വിജയ് ഒന്നു സംശയിച്ചു നിന്നു. വിദേശ യാത്രക്കിടയിൽ ഇതുവരെ ടാക്സി ഡ്രൈവർ സവാരി പോകണമോ എന്ന് ഇങ്ങോട്ടു ചോദിച്ച അനുഭവം ഉണ്ടായിട്ടില്ല.
പെട്ടെന്ന് സുജ അവളോട് പറഞ്ഞു,
“Yes , Please drop us at Pacific Centre , Broad beach South”
“OK” , ചിരിച്ചുകൊണ്ട് ചൈനക്കാരി കാറിന്റെ ഡോർ തുറന്നു കൊടുത്തു.
നമ്മുടെ wagon-R നേക്കാൾ കുറച്ചികൂടി നീളമുള്ള, എന്നാൽ അത്രതന്നെ വീതിയുള്ള ഒരു കാർ ആയിരുന്നു ചൈനക്കാരിയുടേത്. വലതു വശത്തു നീളത്തിൽ ബെഞ്ച് ടൈപ്പ് സീറ്റ്. ഇടതു വശത്തു മൂന്ന് ചെറിയ ബക്കറ്റ് സീറ്റുകൾ. നടുവിൽ കഷ്ടിച്ച് മൂവ് ചെയ്യാനുള്ള സ്ഥലം മാത്രം .
How much do you charge?
സുജ ചോദിച്ചു .
30 Dollars, if you pay 50 more, I can drop you off at the airport.
ചൈനക്കാരിയുടെ കിളിനാദം.
No, no … We are going to the airport by bus
വിജയ് പെട്ടെന്ന് 30 ഡോളർ ചൈനക്കാരിക്ക് കൊടുത്തിട്ട് പറഞ്ഞു.
വിജയ് അവരുടെ പെട്ടികൾ ബെഞ്ച് സീറ്റിലും, സീറ്റിനും പിൻവാതിലിനും ഇടയിലുള്ള ഡിക്കിയിലുമായി എടുത്തു വെച്ചു. സൈഡിലെ സ്ലൈഡിങ് റോഡിലൂടെ അവർ കാറിൽ കയറി.
ചൈനക്കാരി ഡോറുകൾ അടച്ചു.
“Here we goooooo, please wear your seat belts.”
കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പ്രസന്നമായ സ്വരത്തിൽ ചൈനക്കാരി അവരോടു വിളിച്ചു പറഞ്ഞു.
സുജ മുന്നിലെ ബക്കറ്റ് സീറ്റിലിരുന്നു വേഗം സീറ്റ് ബെൽറ്റിട്ടു.
വിജയ് അതിനു പിന്നിലെ നടുവിലുള്ള ബക്കറ്റ് സീറ്റിലും ഇരുന്നു. സീറ്റ് വളരെ ചെറുതായിരുന്നു. വിജയിന്റെ കഴുത്തിൽ തൂങ്ങിയിരുന്ന കങ്കാരൂ ബാഗ് സീറ്റ് ബെൽറ്റിടാൻ തടസ്സമായി. വിജയ് ബാഗ് ഇടത്തെ തോളിലേക്ക് മാറ്റിയിട്ട് സീറ്റ് ബെൽറ്റ് ഒരുവിധം ഇട്ടു. ബാഗ് സീറ്റ് ബെൽറ്റിന് മുകളിലൂടെ ഇടതുകാലിനും കാറിന്റെ സൈഡിനും ഇടയിൽ തൂങ്ങി കിടന്നു.
പാസഞ്ചർ ക്യാബിനും ഡ്രൈവർ ക്യാബിനും തമ്മിൽ വേർതിരിക്കാൻ ഒരു സ്ലൈഡിങ് വിൻഡോ ഉണ്ടായിരുന്നു. അത് കുറച്ചു തുറന്നാണ് ഇരുന്നത്.
Are you guys from India?
ഗ്ലാസിന്റെ വിടവിലൂടെ ഒരു നിമിഷം തിരിഞ്ഞു നോക്കികൊണ്ട് ചൈനക്കാരി ചോദിച്ചു.
Yes, We are from South India , Kerala സുജ പറഞ്ഞു.
I know, I visited India once with my husband. At that time, I also visited Kochi.
അതോടെ അവർ തമ്മിൽ സൗഹൃദമായി .
What is your name ? സുജ ചോദിച്ചു
“Rong”,
ചൈനക്കാരിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി
“WRONG”?
ചെറിയ സീറ്റിന്റെ ഇടതു വശത്തെ വിൻഡോ യിലേക്ക് അമർന്ന് ഇരുന്നുകൊണ്ട് വിജയ് അതിശയത്തോടെ ചോദിച്ചു.
No , R – O – N – G
മൃദുവായി ചിരിച്ചുകൊണ്ട് റോങ് പറഞ്ഞു.
Everyone asked this question , while I was in Kerala
വിൻഡോയിലേക്ക് അമർന്നിരുന്നു ഒന്നു മയങ്ങുമ്പോൾ സുജയും റോങ്ങും സംസാരിക്കുന്നത് വിജയ് അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.
“നമ്മൾ പസിഫിക് സെന്ററിൽ എത്തി”
സുജയുടെ മൃദുവായ സ്പർശം വിജയിനെ മയക്കത്തിൽ നിന്നുണത്തി. വാച്ചിൽ നോക്കി. മണി രണ്ടര കഴിഞ്ഞിരിക്കുന്നു. ഒന്നു ചുറ്റി വരാനും ചെറിയ ഷോപ്പിങ്ങിനും സമയമുണ്ട്.
റോങ് കാറിന്റെ പിറകിലെയും, സൈഡിലേയും വാതിലുകൾ സ്വത സിദ്ധമായ പ്രസരിപ്പോടെ തുറന്നു. കാർ നിർത്തിയിരുന്നത് ഏതാണ്ട് അൻപതടി മുന്നിലെ പാർക്കിംഗ് ബേയിൽ ആയിരുന്നു. ബാഗുകൾ ബാഗിൽ നിന്നെടുത്തു റിസപ്‌ഷനിലേക്കു കൊണ്ടുപോകാൻ റോങ്ങും സഹായിച്ചു. പിന്നെ ഹൃദ്യമായി ചിരിച്ചു യാത്ര പറഞ്ഞിട്ട് റോങ് ഒരു പാട്ടും മൂളി കാർ ഓടിച്ചുപോയി.
അധികം തിരക്കുണ്ടായിരുന്നില്ല, അവരുടെ മുന്നിലെ കുവിൽ രണ്ടു പേർ മാത്രം. അതുപോലെ ഒരു ക്യു അവരുടെ ഇടതു വശത്തും.
തങ്ങളുടെ ഊഴം എത്തിയപ്പോൾ റിസപ്‌ഷനിലെ സുന്ദരി കുട്ടി അവരെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് വരവേറ്റു . ലഗേജുകൾ വാങ്ങി അതിൽ ടാഗുകൾ ഇടുവാൻ സഹായിച്ചു. പിന്നെ റെസിപ്റ്റ് കൊടുത്തിട്ട് , അവരെ ക്ലോക്ക് റൂമിലേക്ക് കൂട്ടികൊണ്ടുപോയി ലഗേജുകൾ വെക്കേണ്ട ഇടം കാട്ടി കൊടുത്തു.
വിജയ് മുന്നിലും സുജ പിന്നിലുമായി അവർ ഗ്ലാസ് ഡോറിലൂടെ പുറത്തേക്കിറങ്ങി.
“ഇപ്പോഴാ ഒരു ആശ്വാസമായത്. ഇനിയെങ്കിലും വിജയ് അത്യാവശ്യത്തിനെങ്കിലും ടാക്സി വിളിക്കണം. എന്തിനാണ് ഈ ടെൻഷൻ എടുക്കുന്നത്.?
ആശ്വാസവും അമർഷവും കലർന്ന സ്വരത്തിൽ സുജ ചോദിച്ചു.
പെട്ടെന്ന് വിജയ് ഞെട്ടി തിരിഞ്ഞു നിന്നു.
എന്റെ ട്രാവൽ ബാഗ് എവിടെ , ഒരു വിലാപത്തിന്റെ വക്കോളമെത്തിയ സ്വരത്തിൽ വിജയ് സുജയോട് ചോദിച്ചു.
“വിഷമിക്കാതെ, മറ്റു ബാഗുകളുടെ കൂടെ ക്ലോക്ക് റൂമിൽ ഉണ്ടാകും. സുജ ആശ്വസിപ്പിച്ചു .
അവർ ഓടി റിസപ്‌ഷനിലെ പെൺകുട്ടിയുടെ അടുത്തെത്തി, ക്ലോക്ക് റൂം തുറന്ന് തങ്ങളുടെ ബാഗുകൾ പരിശോധിച്ചു. പക്ഷെ അവിടെ വിജയിന്റെ കങ്കാരൂ ബാഗ് ഉണ്ടായിരുന്നില്ല.
വിജയ് റിസപ്‌ഷനിലെ സോഫയിൽ ഇരുന്നു. ദീർഘ ശ്വാസമെടുത്തു. റോങിന്റെ കാറിൽ കയറിയത് മുതലുള്ള ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു. ചെറിയ കാർ സീറ്റിൽ ഇരുന്നിരുന്ന വിജയിന്റെ ഇടതു വശത്തു ഡോർ ഹാന്റിൽ തള്ളി നിന്നിരുന്നു. വിജയ് ധരിച്ചിരുന്ന സീറ്റ് ബെൽറ്റിന് മുകളിലൂടെ ബാഗിന്റെ സ്ട്രാപ്പ്. അതിലെ S ഹൂക്കിൽ തൂങ്ങി ഇടതു കാലിനും കാറിനും ഇടയിൽ ബാഗ്. S ഹൂക്ക് ഹാൻഡിലിൽ അമർന്ന് തുറന്ന് ബാഗ് താഴെ സീറ്റിനടിയിലേക്ക് വീണത് മയക്കത്തിൽ താനറിഞ്ഞില്ല.
വിജയിന്റെ വാലെറ്റിൽ ഉള്ളത് 30 ഡോളർ. സുജയുടെ ബാഗിൽ എത്ര ഉണ്ടെന്ന് അറിയില്ല. തീർച്ചയായും ബാക്കി അധികം ഉണ്ടാവില്ല, ട്രാവൽ കാർഡും , കറൻസിയും , പാസ്സ്പോർട്ടുകളും, വിസയും അടങ്ങിയ ബാഗ് റോങ് പോലും അറിയാതെ അവളുടെ കാറിൽ.
റോങ് പോയിട്ട് അപ്പോൾ അര മണിക്കൂർ കഴിഞ്ഞിരുന്നു.
(തുടരും)
Leave a Reply