(A true travel story)

പകച്ചുപോയ നിമിഷങ്ങൾ.

വിജയ് അഞ്ചു മിനിറ്റ് കണ്ണുകളടച്ചു പസിഫിക് സെന്ററിലെ സോഫയിൽ അതേ ഇരിപ്പ് ഇരുന്നു. ഈ സിറ്റുവേഷൻ ഉണ്ടാക്കിയത് താൻ തന്നെ ആണ്. ആ ബാഗ് സൂക്ഷിക്കാൻ ഒരിക്കലും സുജയെ ഏല്പിച്ചിട്ടില്ല.  അതൊരു സീനിയർ സിറ്റിസണിന്റെ പിടിവാശി ആയിരുന്നോ, അതോ തനിക്കു മാത്രമേ അതു സുരക്ഷിതമായി വെക്കുവാൻ പറ്റൂ എന്ന ഒരു ഈഗൊ ആയിരുന്നോ . അല്ല, വിജയ് മനസ്സിൽ പറഞ്ഞു. താൻ ആ ഉത്തരവാദിത്വം ബോധപൂർവം ഏറ്റെടുത്തതാണ്. സുജയുടെ സ്വസ്ഥതക്ക്. എങ്കിൽ എന്തുകൊണ്ട് കാറിൽ നിന്നറങ്ങിയപ്പോൾ ചെക്ക് ചെയ്തില്ല. വിജയ് സ്വയം പഴിച്ചു. ആദ്യമായാണ് ഇത്രയും വർഷത്തെ യാത്രകൾക്കിടയിൽ എന്തെങ്കിലും വിപത്ത് സംഭവിക്കുന്നത്. ആ ബാഗ്, യാത്രകളിൽ തന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു. ആരെങ്കിലും കാറിൽ നിന്നിറങ്ങുമ്പോൾ തന്റെ കൈകൾ തോളിൽ തന്നെയുണ്ടോ, ചെവികൾ അവിടെത്തന്നെയുണ്ടോ എന്നൊക്കെ നോക്കാറുണ്ടോ? .അതുപോലെ തന്നെയിതും. വിജയ് സ്വയം വിശ്വസിപ്പിച്ചു.

ഇനി എന്തു ചെയ്യണം.

വിജയിന് ഒഫീഷ്യൽ പ്രോസസ്സ്നെ പറ്റി ഏകദേശ ധാരണയുണ്ട്. വർഷങ്ങളായി രണ്ടുപേരും തനിയെ യാത്ര ചെയ്യുന്നതുകൊണ്ട് ഉണ്ടാക്കിയെടുത്ത ശീലം.

മോഷണം വഴി നഷ്ടപ്പെട്ടാലും, ശ്രദ്ധക്കുറവുകൊണ്ടു ഡോക്യൂമെന്റ്സ് നഷ്ടപെട്ടാലും ചെയ്യണ്ടത് ഒന്നുതന്നെ. ഇവിടെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. പൊലീസിന് നഷ്ടപെട്ട വസ്തുക്കളുടെ കൃത്യമായ വിവരം നൽകണം. ലോക്കൽ പോലിസ് ഒരു റിപ്പോർട്ട് ക്യുൻസ്‌ലാൻഡ് പൊലീസിന് ലോഗ് ചെയ്യും. പിന്നെ അവരു തരുന്ന പോലീസ് റിപ്പോർട്ടുമായി ഇന്ത്യൻ കോൺസുലേറ്റിൽ പോകണം. അത് ബ്രിസ്‌ബൈനിലാണ്, ഗോൾഡ്‌കോസ്റ്റിലില്ല. പാസ്പോർട്ട് റീ ഇഷ്യൂ ചെയ്യാനാണെകിൽ അതിനു സമയം എടുക്കും. ഉടനെ നടക്കില്ല. വിസക്ക് മൂന്നു മാസം കാലാവധി ഉണ്ടെങ്കിലും, പാസ്പോര്ട്ട് റീ ഇഷ്യൂ പ്രായോഗികമല്ല. പിന്നെ ചെയ്യാവുന്നത് കോൺസുലേറ്റിൽ നിന്നും എമർജൻസി സെർട്ടിഫിക്കറ് വാങ്ങുക എന്നുള്ളതാണ്. അത് ഒറ്റ തവണ മാത്രം നാട്ടിലേക്ക് യാത്ര ചെയ്യുവാൻ വേണ്ടിയുള്ള യാത്രാ രേഖയാണ്. കുറച്ചു ഫോർമാലിറ്റീസ് ഉണ്ടെങ്കിലും അതു മിക്കവാറും രണ്ടു മൂന്നു വർക്കിംഗ് ഡേയ്‌സിൽ കിട്ടും.

അതിലും വലിയ കടമ്പ വരാനിരിക്കുന്നതേയുള്ളൂ, വിസ.

ഓസ്‌ട്രേലിയയിൽ ഡിജിറ്റൽ വിസ സിസ്റ്റം ആണ്. പാസ്സ്പോർട്ടിൽ, വിസ സ്റ്റാമ്പ് ചെയ്യില്ല. വിസ തങ്ങളുടെ നഷ്ടപ്പെട്ട പാസ്സ്പോർട്ടുമായി എലെക്ട്രോണിക്കലി ലിങ്ക്ഡ് ആണ്. അതുകൊണ്ട് ഇന്ത്യൻ കോൺസുലേറ്റ് പുതുതായി ഇഷ്യൂ ചെയ്യുന്ന എമർജൻസി സെര്ടിഫിക്കറ്റുമായി വിസ ലിങ്ക് ചെയ്യണം. അതിന് ഓസ്‌ട്രേലിയൻ എമിഗ്രെഷൻ ഓഫീസിൽ പോകണം. അതെവിടെയാണെന്നോ, മറ്റ് ഫോര്മാലിറ്റീസ് ഉണ്ടോ എന്നൊന്നും അറിയില്ല.

ഇന്ത്യൻ കോൺസുലേറ്റിൽ അന്വേഷിക്കണം.

ഇതു രണ്ടും പരിഹരിച്ചാലും പിന്നെയും ഒരു വലിയ പ്രശ്നമുണ്ട്.

റിട്ടേൺ ഫ്ലൈറ്റ് മെൽബോണിൽ നിന്നും ആണല്ലോ. പാസ്സ്പോർട്ടും വിസയും വൈകുന്നേരത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ ഇന്നങ്ങോട്ടു പോകാൻ പറ്റില്ല. ഇവിടെ തന്നെ നിന്ന് ഡ്യൂപ്ലിക്കേറ്റ് ശെരിയക്കണം. എവിടെ താമസിക്കും. ഇന്നു രാത്രി തുടങ്ങി, അടുത്ത  നാലു ദിവസത്തെ താമസം മെൽബോണിലാണ് ബുക്ക് ചെയ്തിരിക്കുന്നത്. അഞ്ചാമത്തെ ദിവസം മടക്കം. മൂന്നു നാലു ദിവസത്തിനുള്ളിൽ പാസ്സ്പോര്ട്ടും വിസയും ശെരിയായില്ലെങ്കിൽ പുതിയ റിട്ടേൺ ടിക്കറ്റ് എടുക്കേണ്ടി വരും. പുതിയ വിസക്ക് തത്കാലം മൊബൈലിലുള്ള റിട്ടേൺ ടിക്കറ്റ് കാണിക്കാമെന്നു വെച്ചാലും, ഇതിനെല്ലാം പണംവേണം . രണ്ടുപേരുടെയും കൂടി കൈയിൽ ഇനിയുള്ള കറൻസി 147 ഡോളർ ആണ്. നഷ്ടപെട്ട ബാഗിലുള്ളത് തോമസ് കുക്കിന്റെ ട്രാവൽ കാർഡ് ആണ്. അതിൽ ബാലൻസ് ഉണ്ട്. പക്ഷെ ഇന്നു തന്നെ ബാഗ് തിരിച്ചു കിട്ടിയില്ലെങ്കിൽ ,  അവരെക്കൊണ്ട് കാർഡ് ബ്ലോക്ക് ചെയ്യിക്കണം. അവരു ചിലപ്പോൾ എമർജൻസി ഹെൽപ് വല്ലതും ചെയ്യുമായിരിക്കും.

എങ്ങിനെയും റോങിനെ കണ്ടെത്തി, അവളുടെ കാറിൽഉണ്ടെന്ന് അവൾക്ക് പോലും  അറിയില്ലാത്ത ബാഗ് വീണ്ടെടുക്കണം. അതു മാത്രമാണ് വഴി. അതിന്  രണ്ടു മണിക്കൂർ സമയമുണ്ട്.

അതിനുള്ളിൽ കാറിൽ കയറുന്ന മറ്റുവല്ല യാത്രക്കാരും ബാഗെടുത്താൽ …

വിജയ് കണ്ണുകൾ തുറന്നു ചുറ്റും നോക്കി.

സുജ കൗണ്ടറിൽ റിസെപ്ഷനിസ്റ്റുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നു. വിജയ് അങ്ങോട്ട് ചെന്നു.

“ഇത് സണ്ണി , ഇവിടുത്തെ റിസപ്ഷനിസ്റ്റ് , നമ്മളെ സഹായിക്കാൻ ശ്രമിക്കുകയാണ് “

സുജയുടെ സംസാരം കേട്ട് തലയുയർത്തി സണ്ണി വിജയിനെ നോക്കി പുഞ്ചിരിച്ചു.

“സണ്ണി, അവളുടെ ലോക്കൽ ഹെഡ് ഓഫീസിലെ സീനിയർസ്‌മായി ഫോണിൽ സംസാരിച്ചു. പക്ഷെ ആർക്കും എന്തു ചെയ്യണമെന്ന് അറിയില്ല. നമുക്ക് പോലീസിന്റെ സഹായം നോക്കണോ “?

സുജയുടെ സംസാരം വളരെ ശാന്തമായിരുന്നു.

“അതുശരിയാണ്, പക്ഷെ നമ്മൾ ടാക്സി എടുത്ത് സൗത്ത് പോർട്ട് പോലീസ് സ്റ്റേഷനിലെത്തി അവിടുത്തെ ഫോർമാലിറ്റീസ് പൂർത്തിയാക്കുമ്പോൾ സമയം എത്രയാകും. അവർ, നമ്മൾ പറയുന്നത് അങ്ങിനെ തന്നെ ഉടനെ വിശ്വസിക്കണമെന്നുമില്ല. എങ്ങനെയായാലും ഫ്ലൈറ്റ് മിസ് ആകും, ഉറപ്പാണ്. അതുകൊണ്ട് അത് ലാസ്റ്റ് ചോയ്സ് ആക്കാം “.

വിജയിന്റെ സംസാരത്തിൽ ഉത്കണ്ഠ നിറഞ്ഞിരുന്നു. പിന്നെ വാലറ്റ് തുറന്ന് അതിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് ഉറപ്പു വരുത്തി. മുൻപൊരിക്കലും ഉപയോഗം വന്നിട്ടില്ലാത്തതുകൊണ്ട് വേണ്ടെന്ന് ആദ്യം കരുതിയതാണെങ്കിലും, സുജ പറഞ്ഞപ്പോൾ അവസാന നിമിഷം ക്രെഡിറ്റ് കാർഡ് എടുക്കാൻ തീരുമാനിക്കുക ആയിരുന്നു. അതുകൊണ്ടാണ് അത് കങ്കാരൂ ബാഗിൽ വെക്കാതിരുന്നത്.

“അടുത്ത ക്യാബിനിൽ ഇവരുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ ഉണ്ടെന്ന് സണ്ണി പറഞ്ഞു. ഒന്നു പോയി കാണൂ. നമ്മൾ കാറിൽ നിന്നും ഇറങ്ങിയത് അതിന്റെ അടുത്താണ്. ഒരുപക്ഷെ അദ്ദേഹം നമ്മുടെ കാർ കണ്ടിരുന്നെങ്കിലോ “

സുജ പറഞ്ഞു.

വിജയ് വേഗം അങ്ങോട്ടു നടന്നു. സെക്യൂരിറ്റി ഓഫീസർ വളരെ സഹൃദത്തോടെ പെരുമാറി. പക്ഷെ അദ്ദേഹം കാർ ശ്രദ്ധിച്ചിരുന്നില്ല. എത്രയോ കാറുകൾ അവിടെ വരുന്നു. എങ്കിലും അദ്ദേഹം വിജയിന്റെ കൂടെ സണ്ണിയുടെ അടുത്തേക്കു വന്ന് വിവരം തിരക്കി.

“സണ്ണി പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്, അതിൽ കൂടുതൽ എനിക്കൊന്നും ചെയ്യാൻ ഇല്ല “

സോറി എന്നു കൂടി പറഞ്ഞിട്ട് അയാൾ തന്റെ ഓഫീസിലേക്ക് പോയി.

വിജയ് ടോയ്‌ലെറ്റിലേക്ക് നടന്നു.

“നിങ്ങൾ വന്ന കാറിന്റെ ഡീറ്റെയിൽസ് എന്തെങ്കിലും അറിയാമോ, കാർ കമ്പനിയുടെ പേര്, കാറിന്റെ നമ്പർ, അങ്ങിനെ എന്തെങ്കിലും”.

സണ്ണി ചോദിച്ചു.

“ഡ്രൈവറുടെ പേര് റോങ് എന്നാണ്. അത് ഊബർ അല്ല. മറ്റൊന്നും അറിയില്ല. പിന്നെ 13 എന്നോ മറ്റോ അതിൽ എഴുതിയിരുന്നു”. സുജ പറഞ്ഞു.

“എങ്കിൽ അത് നമ്പർ തേർട്ടീൻ കാർ കമ്പനി ആയിരിക്കും”. സന്തോഷത്തോടെ സണ്ണി പറഞ്ഞു. സണ്ണി വേഗത്തിൽ കാർ കമ്പനിയുടെ നമ്പർ തെരഞ്ഞു പിടിച്ചു. സുജ അവർ പുറപ്പെട്ട സമയവും, ഡ്രൈവറുടെ പേരുമെല്ലാം പറഞ്ഞു കൊടുത്തു. സണ്ണി നമ്പർ ഡയൽ ചെയ്യ്തു. ആരും ഫോൺ എടുക്കുക്കുന്നില്ല. സണ്ണി വീണ്ടും ഡയൽ ചെയ്തു. ഇത്തവണ ആദ്യത്തെ റിങ്ങിനു തന്നെ മറു തലക്കൽ ഫോൺ എടുത്തു. സണ്ണി എല്ലാ വിവരങ്ങളും കൊടുത്തിട്ട് മറുപടിക്കായി വെയ്റ്റ് ചെയ്തു.

കടന്നു പോകുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങളായി സുജക്കു തോന്നി.

കുറച്ചു കഴിഞ്ഞപ്പോൾ സണ്ണി യുടെ മുഖം മ്ലാനമാകുന്നത് സുജ കണ്ടു.

“ആ സമയത്ത് അവരുടെ കാറുകളൊന്നും മെർക്യുറിൽ നിന്നും പിക്ക് അപ്പ് നടത്തിയിട്ടില്ല”.

അപ്പോളെത്തിയ പുതിയ കസ്റ്റമറെ അറ്റൻഡ് ചെയ്യുന്നതിനിടയിൽ വിഷമത്തോടെ സണ്ണി പറഞ്ഞു.

പാവം സണ്ണി മറ്റു കസ്റ്റമേഴ്‌സിനെ അറ്റൻഡ് ചെയ്യുന്നതിനിടയിലാണ് ഈ സഹായമെല്ലാം ചെയ്യുന്നത്. അടുത്ത കൗണ്ടറിലെ കുട്ടി എല്ലാം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒരു നിസ്സംഗ ഭാവത്തിൽ നിൽക്കുകയാണ്.

ടോയ്‌ലെറ്റിൽ നിന്നും വന്ന വിജയ് നോട് സുജ വിവരങ്ങൾ പറഞ്ഞു.

“നമ്മൾ വന്നത് നമ്പർ തേർട്ടീന് ശേഷം വന്ന കാറിലാണ്. അതിലും ഒരു നമ്പർ എഴുതിയിരുന്നു. അത് , അത്, അത്,….വിജയ് തല പുകഞ്ഞാലോചിച്ചു. അത് 1333222”

ആവേശത്തിൽ വിജയ് കുറച്ച് ഉച്ചത്തിലാണത് പറഞ്ഞത്.

“അത് ബ്ലാക്ക് ആൻഡ് വൈറ്റ് കാർ കമ്പനിയാണ്”. സണ്ണി പറഞ്ഞതും കുറച്ച് ഉച്ചത്തിലായി പോയി. സണ്ണിക്കാണ് കൂടുതൽ സന്തോഷമെന്ന് സുജക്കു തോന്നി.

ഇത്തവണ തീർച്ചയായും ഡീറ്റെയിൽസ് കിട്ടും. സുജക്ക് ഉറപ്പായിരുന്നു. ഫോണും പിടിച്ചു മറുതലയിൽ നിന്നും മറുപടിക്കായി വെയിറ്റ് ചെയ്യുന്ന സണ്ണിയെ നിർന്നിമേഷയായി അവൾ നോക്കി നിന്നു.

വർദ്ധിച്ച നെഞ്ചിടിപ്പോടെ.

“നിങ്ങൾ എങ്ങിനെയാണ് പെയ്‌മെന്റ് കൊടുത്തത്’ ? സണ്ണി ചോദിച്ചു.

“കറൻസി”

സുജ പറഞ്ഞത് സണ്ണി ഫോണിലേക്ക് റിപീറ്റ് ചെയ്തു. പെട്ടെന്ന് സണ്ണിയുടെ മുഖം മ്ലാനമായി.

“കാർഡ് പേയ്മെന്റ് ആയിരുന്നെങ്കിൽ അവരുടെ സിസ്റ്റത്തിൽ ഉടൻ എൻട്രി ആകുമായിരുന്നു. ക്യാഷ് പേയ്മെന്റ് 48 മണിക്കൂറിനുള്ളിൽ ഡ്രൈവർ റിപ്പോർട്ട് ചെയ്തു കഴിഞ്ഞേ സിസ്റ്റത്തിൽ അപ്‌ഡേറ്റ് ആകൂ. ആയിരം കാറുകളെങ്കിലും ഉള്ള വലിയ കമ്പനി ആണ്. അവർക്ക് ഉടനെ ട്രാക്ക് ചെയ്യാൻ പറ്റില്ല”.

സുജക്ക് തൻെറ തലയിൽ ആരോ കൂടം കൊണ്ട് അടിച്ച പോലെ വേദന തോന്നി.

അവളും വിജയിന്റെ സമീപം സോഫയിൽ ഇരുന്നു.

സമയം ചിറകടിച്ചു പറന്നു പോകുന്നു. അത് ആർക്കു വേണ്ടിയും വെയ്റ്റ് ചെയ്യില്ലല്ലോ.

അപ്പോൾ ഗ്ലാസ് ഡോർ തുറന്ന് സ്യൂട്ട് ധരിച്ച ഒരു മധ്യ വയസ്കൻ അവിടെ എത്തി. അദ്ദേഹം സണ്ണിയോട് സംസാരിച്ചു. പിന്നെ വിജയിന്റെ അടുത്തു വന്ന് കാര്യങ്ങൾ തിരക്കി. വിജയ് മൊബൈലിൽ പകർത്തിയിരുന്ന ഡിജിറ്റൽ ഡോക്യൂമെൻറ്സ് എല്ലാം കാണിച്ചു കൊടുത്തു.

“സണ്ണി പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്, പോലീസിൽ റിപ്പോർട്ട് ചെയ്യൂ” എന്നു പറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്ക് പോയി.

“സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ട് ചെയ്തതു കൊണ്ട് വന്നതാണ്”. അയാൾ പോയി കഴിഞ്ഞപ്പോൾ സണ്ണി പറഞ്ഞു.

അധികം വൈകിയാൽ പോലിസ് തന്നെ ഇങ്ങോട്ട് എത്തുമെന്ന് വിജയ് നു തോന്നി.

രണ്ടു മിനുട്ട് കഴിഞ്ഞു വിജയിന്റെ അടുത്തേക്ക് മ്ലാനമായ മുഖത്തോടെ സുജ എത്തി.

“സണ്ണിയുടെ ഡ്യൂട്ടി ടൈം കഴിഞ്ഞു. അവൾക്ക് ഇപ്പോൾ പോയേ പറ്റൂ. മറ്റേ കുട്ടിയുടെ പേര് സതേൺ എന്നാണ്. ഇനി അവൾ ഹെൽപ് ചെയ്യുമത്രേ”.

ആ കുട്ടിയുടെ പ്രസൻസ് തന്നെ ഒരു ആശ്വാസമായിരുന്നു. വിജയ് ഒട്ടൊരു വിഷമത്തോടെ ഓർത്തു.

വിജയ് ന്റെ മറുപടിക്കു കാത്തു നിൽക്കാതെ സുജ സതേൺ ന്റെ അടുത്തേക്കു നടന്നു.

സുജയുടെ പ്രതീക്ഷക്കു വിപരീതമായി സതേൺ പറഞ്ഞു.

“എനിക്കു നിങ്ങളുടെ വിഷമം അറിയാം. എനിക്കു പറ്റുന്ന ഹെൽപ് ഞാൻ ചെയ്യാം. പറഞ്ഞോളൂ”.

ഇനി കഷ്ടിച്ച് ഒരു മണിക്കൂർ കൂടിയേ സമയമുള്ളൂ. തങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കുകയാണെന്നു വിജയ് നു തോന്നി.

എങ്കിലും പ്രതീക്ഷ കൈ വിടാതെ വിജയ് സതേൺ ന്റെ അടുത്തേക്കു നടന്നു.

“നമുക്ക് മെർക്യുറിലേക്ക് വിളിക്കാം, ഒരുപക്ഷെ റോങിന്റെ കാറിൽ വന്നിറങ്ങിയ കുട്ടികൾക്ക് എന്തെങ്കിലും വിവരം തരാൻ പറ്റും”.

വിജയ് പറഞ്ഞു.

ഉടനെ സതേൺ ഫോൺ ഡയൽ ചെയ്തു. റിങ് കേട്ടപ്പോൾ ഫോൺ സുജ ക്കു കൊടുത്തു.

ഹലോ കേട്ടപ്പോൾ തന്നെ സുജയുടെ മുഖം പ്രകാശിച്ചു . അവൾ കാതറിൻ നോട് കാര്യങ്ങൾ പറഞ്ഞു.

“ദയവായി ഫോൺ വെച്ചോളൂ , ഞാൻ അന്വേഷിച്ചിട്ട് തിരിച്ചു വിളിക്കാം” .

വിജയ് മുറിയിൽ ഉലാത്തി. ഈ പ്രതീക്ഷയും കൂടി കൈ വിട്ടാൽ എന്തു ചെയ്യും. വിജയ് ന് ഒരു പിടിയും കിട്ടിയില്ല. പോലീസ് തന്നെ ശരണം. വിജയ് മനസ്സിൽ പറഞ്ഞു.

അഞ്ചു മിനിറ്റിൽ തന്നെ കാതറിൻ തിരിച്ചു വിളിച്ചു.

“ആ കുട്ടികൾ ലഞ്ച് കഴിഞ്ഞു പോയി. എന്തോ ടൂർണമെന്റിന് വന്ന കുട്ടികളാണ്”.

കാതറിൻ ന്റെ സംസാരത്തിലും ഒരു വിഷമം ഉണ്ടായിരുന്നു.

വിജയ് യും സുജയും സോഫയിൽ ഇരുന്നു. പുതിയ ഐഡിയ ഒന്നും മനസ്സിൽ തോന്നുന്നില്ല.

പെട്ടെന്ന് വിജയ് പറഞ്ഞു.

“നമുക്ക് ഒന്നുകൂടി കാതറിൻ നെ വിളിക്കാം. അവരുടെ സിസി ടീവി യിൽ നിന്നും കാറിന്റെ എന്തെങ്കിലും വിവരം കിട്ടുമോ എന്നു ചോദിക്കാം. കാതറിൻ സഹായിക്കാതിരിക്കില്ല “.

സുജക്കും അത് നല്ല ഐഡിയ ആണെന്നു തോന്നി.

“ഇവിടുത്തെ എല്ലാ ക്യാമെറകളും ഒരു നെറ്റ് വർക്കിലാണ്. അതിൽ മാനേജ്മെന്റിന് മാത്രമേ പഴയ വിഷ്വൽസിലേക്ക് ആക്സസ് ഉള്ളൂ. കസ്റ്റമേഴ്സിന്റെ കോൺഫിഡൻഷിയാലിറ്റി യുടെ ഇഷ്യൂ ആയതുകൊണ്ട്”.

കാതറിൻ ന്റെ മറുപടി അവരെ നിരാശയിലാക്കി. അത് തങ്ങൾ ചോദിക്കേണ്ടായിരുന്നു എന്ന് അവർക്കു തോന്നി. പിന്നെ, നിവൃത്തികേടു കൊണ്ടാണല്ലോ വിളിച്ചത്, കാതറിൻ നു അതു മനസ്സിലാകും എന്ന് സ്വയം ആശ്വസിച്ചു.

ഇനി ഒന്നും ചെയ്യാനില്ല. പോലീസ് സ്റ്റേഷൻ തന്നെ ശരണം. അതിന്റെ അഡ്രസ്സും ഫോൺ നമ്പറും വാങ്ങാൻ സുജയോട് പറഞ്ഞിട്ട്, വിജയ് ഗ്ലാസ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി വെറുതെ നടന്നു.

സെക്യൂരിറ്റി ഓഫീസർ ന്റെ ഓഫീസ് കഴിഞ്ഞപ്പോൾ തിരിച്ചു നടന്നു. അപ്പോഴാണ് വിജയ് അത് കണ്ടത്. സെക്യൂരിറ്റി ഓഫീസറുടെ മുറിയുടെ വെളിയിലെ ഭിത്തിയിൽ മുൻ വശത്തേക്ക് ഫേസ് ചെയ്ത് ഒരു CC TV കാമറ. വിജയ് ഓടി സെക്യൂരിറ്റി ഓഫീസറുടെ മുറിയിലേക്ക് കയറി.

ഓഫീസർ അന്തിച്ചു വിജയിനെ നോക്കി.

“സർ, ആ ക്യാമറയിലെ ഇമേജ് ഒന്നു കാണിക്കാമോ. അതിൽ ഉറപ്പായും ഞങ്ങൾ വന്ന കാറിന്റെ ഇമേജ് ഉണ്ടാവും. പ്ളീസ് “

വിജയ് ചോദിച്ചു.

അയാൾ മറുപടി ഒന്നും പറയാതെ ഫോൺ എടുത്ത് ആരോടോ സംസാരിച്ചു.

വർദ്ധിച്ച നെഞ്ചിടിപ്പോടെ വിജയ് അയാളെ നോക്കി ഇരുന്നു.

” കുറച്ചു മുൻപിവിടെ വന്ന ഓഫീസർ ആണ് അതിന്റെ ഇൻചാർജ്, നിങ്ങളുടെ വിഷമം നേരിട്ട്കണ്ടിട്ടോ എന്തോ അദ്ദേഹം സമ്മതിച്ചു”.

വിജയ് ഉള്ളിൽ ഓടി ചെന്ന് തന്റെ മൊബൈലിൽ പകർത്തിയ ഇമേജ് സുജയെ കാണിച്ചു. അതിൽ കാറിന്റെ രെജിസ്ട്രേഷൻ നമ്പർ വ്യക്തമായിരുന്നു.

പതിനഞ്ചു മിനിറ്റിനകം കാർ കമ്പനി യുടെ നിർദ്ദേശ പ്രകാരം ലഞ്ച് കഴിഞ്ഞു എയർ പോർട്ടിന് സമീപം വിശ്രമിക്കുക ആയിരുന്ന റോങിന്റെ കോൾ സതേൺ ന്റെ ഫോണിൽ എത്തി.

അവൾ ഫോൺ സുജക്കു കൊടുത്തു. വിവരമെല്ലാം പറഞ്ഞപ്പോൾ റോങ് തന്റെ കാർ ചെക്ക് ചെയ്തു. സീറ്റിനടിയിൽ ഭദ്രമായി ബാഗ് ഉണ്ടായിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ റോങ് എത്തി. അതെ കാറിൽ അവർ എയർപോർട്ടിലേക്ക് യാത്രയായി.

മടക്ക യാത്രയിൽ റോങ് അവളുടെ കഥ പറഞ്ഞു.

“ഹസ്ബൻഡ് അമേരിക്കകാരനായിരുന്നു. പത്തു വർഷം മുൻപ് അവർ രണ്ടു പേരും ഇന്ത്യ കാണുവാനെത്തി. ടെറാ ഡൂണിൽ വെച്ച് പെട്ടെന്ന് അസുഖം പിടിപെട്ട ഹസ്ബന്റിന് എമർജൻസി ഓപ്പറേഷൻ വേണ്ടി വന്നു. ആ ഹോസ്പിറ്റലിലെ ഒരു മലയാളി നേഴ്സ് , മേഴ്‌സി , അവർക്ക് എല്ലാ സഹായവും നൽകി. സ്വന്തം സഹോദരിയെപ്പോലെ. അങ്ങിനെയാണ് അവർ മേഴ്‌സിക്കൊപ്പം കൊച്ചിയിലും എത്തിയത്. അവർ മടങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോൾ ചൈനയിൽ വെച്ചു ഭർത്താവു മരിച്ചു. പിന്നെ വിവാഹം കഴിച്ചില്ല, സഹോദരിക്കൊപ്പം ഓസ്‌ട്രേലിയയിലായി ജീവിതം”.

അവൾ തുടർന്നു.

“ഇന്നു രാത്രി കാർ ക്ലീൻ ചെയ്യുമ്പോൾ ഞാൻ ബാഗ് കാണുമായിരുന്നു. നിങ്ങൾക്ക് രാത്രി തന്നെ ബാഗ് തിരിച്ചു കിട്ടുമായിരുന്നു. പക്ഷെ നിങ്ങളുടെ യാത്ര സ്‌പോയിൽ ആകുമായിരുന്നു”.

എയർ പോർട്ടിൽ വിജയ് നൂറ് ഡോളർ ടിപ്പ് ചേർത്ത് നൂറ്റമ്പത് ഡോളർ പേ ചെയ്യാനൊരുങ്ങി.

പക്ഷെ റോങ് സ്നേഹപൂർവ്വം ടിപ്പ് നിരസിച്ചുകൊണ്ട് , പറഞ്ഞു. “നിങ്ങൾ മേഴ്‌സിയുടെ നാട്ടുകാരാണ്, ടിപ്പ് വാങ്ങാൻ പറ്റില്ല.”

പിന്നെ അവൾ ചോദിച്ചു,

“ശെരിക്കും നിങ്ങൾ ബാങ്കിൽ തന്നെ ആയിരുന്നോ ജോലി ചെയ്തിരുന്നത്, പോലീസിന് പോലും രണ്ടു മണിക്കൂറിൽ ഇത്ര വലിയ സിറ്റിയിൽ നിങ്ങൾ ചെയ്ത കാര്യം ചെയ്യാൻ പറ്റില്ല”.

“ബോർഡിങ്ങിന് വെയിറ്റ് ചെയ്യുമ്പോൾ വിജയ് ചോദിച്ചു. ഗ്രൂപ്പ് ടൂർ വന്നിരുന്നെങ്കിൽ ഇങ്ങിനെ ഒരു അനുഭവം കിട്ടുമായിരുന്നോ” ?

“ഇത്തരം അനുഭവം ഇനി വേണ്ട, ആ ബാഗ് ഇങ്ങു തന്നേക്ക് ഞാൻ പിടിച്ചോളാം “

ചിരിച്ചുകൊണ്ട് സുജ കൈ നീട്ടി.

(ശുഭം)

Posted in

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading