(ഭാഗം -1)
“ചേച്ചി എങ്ങിനെയാണ് ഡെൽഹിക്കാരനായ വിജയ് സാറിനെ കണ്ടുമുട്ടി കല്യാണം കഴിച്ചത് “?
പിറ്റേ ദിവസം വീണയുടെ ഫ്ലാറ്റിൽ എത്തിയപ്പോൾ മധു വീണയോടു ചോദിച്ചു.
വീണ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പകരം അവളോട് പറഞ്ഞു
“ബീനാ ആന്റിക്ക് നീ ഇന്നലെ ഉണ്ടാക്കിയ ഡിന്നറിനെപ്പറ്റി ഭയങ്കര അഭിപ്രായം ആണല്ലോ കുട്ടാ. ഇന്നലെ തന്നെ നിന്റെ ക്രീമി ഗാർലിക് ഹെർബ് ചിക്കൻ ആന്റി ഞങ്ങൾക്കും കൊണ്ടുവന്നു തന്നു. ശെരിക്കും സൂപ്പർ ആയിരുന്നു കേട്ടോ”
വീണ ആത്മാർത്ഥമായിട്ട് മധുവിനെ അഭിനന്ദിച്ചു.
“വിജയിന്റെ പേരെന്റ്സ് അടുത്ത മാസം വരുമ്പോൾ നിന്റെ നോർത്ത് ഇന്ത്യൻ ഡിഷ് സ്കിൽ നമുക്കൊന്നു പരീക്ഷിക്കണം”.
വീണ പറഞ്ഞു.
“ആയിക്കോട്ടെ പക്ഷെ അവരു പിന്നെ ഇവിടെനിന്നും ഡൽഹിക്ക് മടങ്ങി പോകില്ല. ചേച്ചിയുടെ ജീവിതം പിന്നെ കട്ടപ്പൊക “.
മധുവിന്റെ മറുപടി കേട്ട് വീണ പൊട്ടി ചിരിച്ചു.
“ചേച്ചി വിഷയം മാറ്റാതെ ഞാൻ വിജയ് സാറിനെപ്പറ്റി ചോദിച്ചതിന് മറുപടി പറയൂ”.
മധു വിടുന്ന മട്ടില്ല.
“അത് ഞാൻ പിജി കഴിഞ്ഞു ലേക് ഷോർ ഹോസ്പിറ്റലിൽ വേർക് ചെയ്യുന്ന സമയത്താണ്, അതി കഠിനമായ വയറു വേദനയുമായി വിജയ് ഞങ്ങളുടെ ഹോസ്പിറ്റലിൽ എത്തുന്നത്. അപ്പെന്റിസൈറ്റിസ് ആണെന്ന് ഡയഗ്നോസിസ് ചെയ്തു. എമർജൻസി ഓപ്പറേഷൻ വേണമായിരുന്നു. അനസ്തേഷ്യ കൊടുത്തത് ഞാനായിരുന്നു. വിജയ് അന്ന് IOCL ഇൽ ആയിരുന്നു വേർക് ചെയ്തിരുന്നത്. അനസ്തേഷ്യക്ക് മുൻപ് അമ്മയെ കാണണമെന്ന് വിജയ് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു. എന്റെ മുഖ ഭാവം കണ്ടിയിട്ടായിരിക്കണം നാണം പൊതിഞ്ഞ ഒരു ചിരിയോടെ വിജയ് എന്റെ കണ്ണുകളിലേക്ക് നോക്കി.
ഓപ്പറേഷൻ കഴിഞ്ഞു ഞാൻ ചെന്ന് പരിശോധിക്കുമ്പോഴും വിജയിന്റെ മുഖത്ത് മയക്കത്തിലും ആ ചിരി ഉണ്ടെന്ന് എനിക്ക് തോന്നി.
രണ്ടു ദിവസം കഴിഞ്ഞു വേദന എങ്ങിനെ ഉണ്ടെന്ന് ഞാൻ ചോദിച്ചപ്പോൾ വിജയ് പറഞ്ഞ മറുപടി എന്നെ പൊട്ടി ചിരിപ്പിച്ചു.
കോൺസാ അസ്പത്താൽ ഹേ ആപ്കാ , പെട്ട് സെ ദർദ്ദ് നികൽ ഗെയാ മഗർ ദിൽ മേ ശുരു ഹുവാ, എന്നാണ് വിജയ് ഗൗരവത്തിൽ പറഞ്ഞത്”.
വീണയുടെ സംസാരം കേട്ട് മധുവും പൊട്ടി ചിരിച്ചു പോയി.
“എന്നിട്ട്, എന്നിട്ട് ” മധു പ്രോത്സാഹിപ്പിച്ചു.
“എന്നിട്ട് കുന്തം, വി ഗോട്ട് മാരീഡ് ആൻഡ് ലീവ്ഡ് ഹാപ്പിലി എവർ ആഫ്റ്റർ”
വീണ കൃത്രിമമായ ഗൗരവത്തോടെ പറഞ്ഞു.
“സോറി ചേച്ചി, പ്ലീസ്, പറയൂ”, മധു കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു.
“കല്യാണം കഴിഞ്ഞു കുറച്ചു വർഷം കഴിഞ്ഞപ്പോൾ വിജയിന് കുവൈറ്റ് ഓയിൽ കമ്പനിയിൽ നല്ല ഓഫ്ഫർ കിട്ടി ഞങ്ങൾ അങ്ങോട്ടു പോയി”.
മധു പറഞ്ഞു നിർത്തി.
“പിന്നെ എന്തിനാണ് ചേച്ചിയും പൂജ മോളും ഇങ്ങോട്ടു പോന്നത്”.
മധുവിന്റെ ചോദ്യം വീണയുടെ മുഖത്ത് വിഷാദം പടർത്തി. അവൾ ബാൽക്കണിക്കപ്പുറത്തെ വിശാലമായ പാടത്തേക്ക് നോക്കി. അത് കൊയ്ത്തു കഴിഞ്ഞു വരണ്ടു കിടന്നിരുന്നു.
കാലം തെറ്റിയുള്ള ഒരു മഴക്കെന്നപോലെ ആകാശത്തു കാർമേഘങ്ങൾ ഉരുണ്ട് കൂടിയിരുന്നു. അന്തരീക്ഷത്തിൽ ഒരു കൊള്ളിയാൻ മിന്നി, ശബ്ദമില്ലാതെ.
വീണ വിദൂരതയിലേക്ക് മിഴികൾ ഊന്നിക്കൊണ്ട് പറഞ്ഞു.
“ഏതാണ്ട് രണ്ടു വർഷം മുൻപാണ് ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം മുഴുവൻ കളഞ്ഞുകൊണ്ട് ആ ആക്സിഡന്റ് പൂജക്കുണ്ടായത്”.
” പൂജ മോൾക്ക് എന്തു പറ്റി ചേച്ചി ” ഉത്കണ്ഠയോടെ മധുചോദിച്ചു.
ഡൈനിങ്ങ് റൂമിലെ കസേരയിൽ ഇരുന്നുകൊണ്ട് വീണ തുടർന്നു.
പൂജ അന്ന് ബ്രിട്ടീഷ് സ്കൂൾ ഓഫ് കുവൈറ്റിൽ ഇയർ 8 ആണ്. അതായത് ഇവിടുത്തെ എട്ടാം ക്ലാസ്. ഒരു ദിവസം സ്കൂളിൽ നിന്നും പൂജ പിക്നിക്കിന് പോയി. അൽ ഖിറാൻ ബീച്ചിൽ.അതൊരു റിസോർട്ടിനോട് ചേർന്നുള്ള പ്രൈവറ്റ് ബീച്ചാണ്. അതുകൊണ്ടു തന്നെ മുൻകൂട്ടി അനുവാദം വാങ്ങി മാത്രമേ ബീച്ചിൽ പ്രവേശിക്കാൻ പറ്റുകയുള്ളൂ. ലൈഫ് ഗാർഡും, എക്സ്പ്പേർട്ട് സ്വിമ്മേഴ്സും, ധാരാളം സെക്യൂരിറ്റി ഗാർഡ്സും എല്ലാമുള്ള മനോഹരവും സുരക്ഷിതവുമായ ഒരു ബീച്ച്. ഒരു മണിക്കൂറായിരുന്നു കുട്ടികൾക്ക് ബീച്ചിൽ സമയം അനുവദിച്ചിരുന്നത്. അഞ്ചു മണിക്ക് റിസോർട്ടിൽ നിന്നും മടങ്ങുന്ന രീതിയിലായിരുന്നു പിക്നിക് ഷെഡ്യൂൾ ചെയ്തിരുന്നത്.
പൂജയും കൂട്ടുകാരികൾക്കൊപ്പം ബീച്ചിൽ ഓടി കളിച്ചു. ഇടയ്ക്ക് വെള്ളത്തിലേക്കിറങ്ങി കാൽപാദങ്ങൾ നനച്ചു. ചെറിയ തിരകൾ കടലിലേക്കു് പിൻവാങ്ങുമ്പോൾ നനുത്ത വെള്ള കുമിളകൾ നനഞ്ഞ മണലിൽ സോപ്പ് കുമിളകൾ പോലെ പൊട്ടുന്നത് അവർ നോക്കി നിന്നു.അപ്പോഴുണ്ടാകുന്ന ചെറിയ സുഷിരങ്ങളിലേക്കു ചെറിയ ഞണ്ടുകൾ ഊർന്നിറങ്ങുന്നത് അവർ ഇമ വെട്ടാതെ നോക്കി നിന്നു.
കുട്ടികളുടെ നിഷ്കളങ്കമായ ആഹ്ലാദത്തിൽ സന്തോഷിച്ച കടലമ്മ അവർക്കായി ഓരോ തിരയോടുമൊപ്പം വെണ്മയാർന്ന ചിപ്പികളും, കക്കകളും വാത്സല്യ പൂർവം അവരുടെ നേരെ എറിഞ്ഞു കൊണ്ടിരുന്നു. കുട്ടികൾ അതുകണ്ട് ആർത്തു ചിരിച്ചുകൊണ്ട് അതെടുക്കുവാൻ മത്സരിച്ചോടി. കുട്ടികൾ വളരെ ഉല്ലാസത്തിലായിരുന്നു. മുട്ടറ്റം വെള്ളത്തിൽ ചെറിയ തിരകൾ അവരുടെ കാലുകളെ തഴുകിയപ്പോൾ ഇക്കിളിയെടുത്തിട്ടെന്നപോലെ കുട്ടികൾ ആർത്തു ചിരിച്ചു.
പെട്ടെന്നായിരുന്നു അതു സംഭവിച്ചത്.
“ഭംഗിയുള്ള ഒരു ചിപ്പി എടുക്കുവാൻ പൂജ കുറച്ചു മുന്നോട്ട് കടലിന്റെ നേരെ എന്തോ വെളിപാട് പെട്ടെന്ന് ഉണ്ടായതുപോലെ ഓടി. അകലെയല്ലാതെ നിന്നിരുന്ന ലൈഫ് ഗാർഡിന് അവളെ തടയാൻ കഴിഞ്ഞില്ല.
ഉൾവലിഞ്ഞ കടൽ കൂടുതൽ ശക്തിയോടെ തിരിച്ചു വരുമെന്ന് അയാൾക്കറിയാം.
പെട്ടെന്ന് ഒരു തിര കയറിവന്ന് അവളെ അരയോളം മുക്കി. പൂജ തിരിഞ്ഞോടുവാൻ ശ്രമിച്ചപ്പോൾ അവളുടെ പാദങ്ങളുടെ അടിയിലെ മണൽ മുഴുവൻ ഒലിച്ചു പോയി. ബാലൻസ് തെറ്റി അവൾ വീണു പോയി. അപ്പോൾ കയറി വന്ന മറ്റൊരു തിര ഒരു തളികയിലെന്നപോലെ അവളെ ഒട്ടുമേ വേദനിപ്പിക്കാതെ തങ്ങളുടെ കൈകളിൽ കോരിയെടുത്തു കൂടുതൽ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോയി.
ഒരു നിമിഷം കൊണ്ട് അവളുടെ വായിൽ ഉപ്പുവെള്ളം നിറഞ്ഞു. കണ്ണുകളിലേക്ക് ഉപ്പുവെള്ളം കയറി, നീറി. അതോടൊപ്പം കണ്ണുകളിലേക്ക് ഇരുട്ട് കയറി. ചെവികളിൽ അതി ഭയങ്കരമായ സമ്മർദ്ദം അനുഭവപ്പെട്ടു. ആരോ പെരുമ്പറ കൊട്ടുന്നതുപോലെ.
ചെറുപ്പത്തിലമ്മമ്മയോടൊപ്പം അമ്പലത്തിൽ കണ്ട ചാമുണ്ഡി തെയ്യം ചുമന്ന നാക്കുകൾ നീട്ടി, കയ്യിൽ ശൂലവും പിടിച്ചു, കടുത്ത വർണ്ണങ്ങളിലുള്ള ആട ആഭരണങ്ങളുമണിഞ്ഞു, തീ പന്തങ്ങളുടെ പ്രഭയിൽ , അതിവിസ്തൃതമായ ശിരോമണ്ഡലവുമണിഞ്ഞു തന്റെ മുന്നിൽ ചടുലമായ കാൽവെപ്പുകളോടെ ആടുന്നതായി അവൾക്കു തോന്നി. അവൾ അമ്മെ എന്ന് ഉറക്കെ വിളിക്കുവാൻ ശ്രമിച്ചു. അപ്പോൾ കൂടുതൽ ഉപ്പുവെള്ളം വായിലേക്കു കയറി, ശ്വാസം അവളുടെ തൊണ്ടയിൽ കുടുങ്ങി.
നിസ്സഹായതയോടെ ആഴങ്ങളിലേക്ക് മുങ്ങുവാൻ തുടങ്ങുമ്പോൾ അവളുടെ കണ്മുന്നിൽ അവളുടെ പ്രിയപ്പെട്ട ചാച്ചാജി യുടെ മുഖം തെളിഞ്ഞു വന്നു. തന്നെ ക്രിക്കെറ്റ് കളി കാണുവാൻ എപ്പോഴും സ്റ്റേഡിയത്തിലേക്ക് കൂട്ടികൊണ്ടു പോവുന്ന ചാച്ചാജി.ഗാലറിയിൽ രണ്ടു കയ്യും ആകാശത്തേക്കുയർത്തി മുഷ്ടി ചുരുട്ടി ആർത്തു വിളിക്കുന്ന ചാച്ചാജി, ചുരുട്ടിയ മുഷ്ട്ടികൾ മുകളിലേക്ക് ഉയർത്തുന്നതിനിടയിൽ ഗണപതി പപ്പാ മോറിയ എന്ന് ആർത്തുവിളിക്കുന്ന ചാച്ചാജി, പക്ഷെ ഇപ്പോൾ അവളോട് അലറി വിളിച്ചു പറഞ്ഞതായി അവൾ കേട്ടത് ഹോൾഡ് ഓൺ പൂജ എന്നായിരുന്നു . ഒരു നിമിഷം അവളുടെ കൈകൾ മുകളിലേക്കുയർന്നു. അവളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ നേരെ.
തീരത്തിന്റെ സുരക്ഷയിൽ ഉച്ചത്തിൽ കരയുന്ന കുട്ടികളിൽനിന്നും ഒഴിഞ്ഞു സൂഷ്മമായി തിരകളിലേക്കു വീക്ഷിച്ചു കൊണ്ടു വെള്ളത്തിൽ ഇറങ്ങി തയ്യാറായി നിന്നിരുന്ന പരിചയ സമ്പന്നനായ ലൈഫ് ഗാർഡിന് ആ ഒരു നിമിഷത്തെ കാഴ്ച ധാരാളമായിരുന്നു. അയാൾ തിരകളിലേക്ക് ഊളിയിട്ടു. പൂജയെ ആഴങ്ങളിൽ നിന്നും കോരിയെടുത്തു തീരത്തെത്തിച്ചു.
CPR
Oxygen
Ambulance
എല്ലാം കൃത്യമായി നടന്നു. ഭാഗ്യം, ഞങ്ങൾ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും പൂജക്ക് ബോധം വന്നിരുന്നു”.
ഒരു ഭീകര സ്വപനത്തിൽ നിന്നും ഞെട്ടി ഉണർന്നിട്ടെന്നതുപോലെ വീണയുടെ മുഖം വിവർണമായിരുന്നു. അവൾ വീട്ടിലെ ഗണപതി വിഗ്രഹത്തിലേക്കു നോക്കി കണ്ണുകളടച്ചു കൈ കൂപ്പി വിഗ്നേശ്വരന് നന്ദി പറഞ്ഞു.
അന്നത്തെ ആക്സിഡന്റ് പൂജക്ക് ശരീരത്തെക്കാൾ മനസ്സിലാണ് കൂടുതൽ ആഘാതം ഉണ്ടാക്കിയത് . കടലിലേക്ക് ആണ്ടു പോകുന്ന ഭീതിദമായ ഓർമ്മ മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി. അതവളുടെ ഉറക്കം ഇല്ലാതാക്കി. കടുത്ത ഡിപ്രഷൻ മൂലം അവൾ എപ്പോഴും ഒറ്റക്ക് ഇരിക്കുവാൻ താല്പര്യപ്പെട്ടു. സ്വന്തം മുറിയുടെ ഏകാന്തതയിലേക്ക് അവൾ ഒതുങ്ങി. തുറന്ന സ്ഥലങ്ങളെ അവൾ ഭയപ്പെട്ടു.
ഫൈനൽ എക്സാം കഴിഞ്ഞു IAS ഇന്റർവ്യുവിന് ഡൽഹിയിൽ തയ്യാറായി കൊണ്ടിരുന്ന അവളുടെ ചാച്ചാജി കുവൈറ്റിലേക്ക് പറന്നുവന്ന്, ഒരുമാസത്തോളം അവളുടെ കൂടെയിരുന്നു. അതവളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. കുറച്ചു മാസങ്ങൾ കഴിഞ്ഞു ഡോക്ടർസിന്റെ ഉപദേശം അനുസരിച്ചു ഞങ്ങൾ തത്കാലത്തേക്ക് നാട്ടിലേക്ക് പൊന്നു”.
“ചാച്ചാജിയുടെ IAS ന്റെ കാര്യം എന്തായി”മധുവിന്റെ ചോദ്യം കേൾക്കാഞ്ഞിട്ടോ എന്തോ മറുപടി ഒന്നും പറയാതെ വീണ പൂജയുടെ മുറിയിലേക്ക് പോയി.
x x x
മനു, ഭയ്യയുടെ ഗെസ്റ്റ് ഹൗസിലെത്തിവാതിൽ തുറന്നു. വാതിലിൽ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ലോക്കിന്റെ പാസ്വേർഡ് ഭയ്യയുടെ ഓഫീസിൽനിന്നും മനുവിന് ലഭിച്ചിരുന്നു. വളരെ ആഡംബര പൂർണമായിരുന്നു ഗെസ്റ്റ് ഹൗസ് ഒരുക്കിയിരുന്നത്. എല്ലാ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞത്.
മനു ഭയ്യക്കും മധുവിനും വാട്സ് ആപ് മെസ്സേജസ് അയച്ചു.
അടുത്ത തിങ്കളാഴ്ച പാണ്ഡേയും ധീരജമെത്തുമെന്ന് ഭയ്യാ മനുവിനെ അറിയിച്ചു. അവർക്കവിടെ വേറെ എന്തൊക്കെയോ ജോലികൾ ഉണ്ടത്രേ.
മധു ഞായറാഴ്ച മനു താമസിക്കുന്ന ഗെസ്റ്റ് ഹൗസിലെത്തി. ഗോശ്രീ പാലങ്ങൾക്കടുത്തുള്ള ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നിൽ പതിനാലാം നിലയിലായിരുന്നു അത്. ഹൃദ്യമായ ചിരിയോടെ മനു വാതിൽ തുറന്നു.
ടോം ഫോർഡ് ഔട്ട് വുഡിന്റെ ആത്മവിശ്വാസവും പൗരുഷവും വിളിച്ചോതുന്ന അവന്റെ ഹൃദ്യമായ പെർഫ്യൂമിന്റെ സുഗന്ധം അവൾ ആസ്വദിച്ചു. അവന്റെ മാറിടത്തിലെയും , കൈകാലുകളിലെയും ദൃഢമായ പേശികൾ വെളിവാക്കുന്ന ഡൽസ് & ഗബ്ബാന ഡാർക്ക് ഷോർട്സും മെറൂൺ കളറിലുള്ള കൈയില്ലാത്ത അർമാനി ടി ഷർട്ടുമായിരുന്നു അവൻ ധരിച്ചിരുന്നത്. ആ വേഷത്തിൽ അവനൊരു ഗ്രീക്ക് ദേവനെ പോലെ തിളങ്ങി.
ബർബെറി ട്രെഞ്ച് സ്റ്റൈൽ ഓവർ കോട്ട് ഊരി സോഫയിൽ ഇട്ടിട്ട് മധു മനുവിന്റെ നീട്ടി പിടിച്ച കരങ്ങളിലേക്ക് വീണു. അവളുടെ ശരീര വടിവുകൾ എത്രയും അഴകോടെ എടുത്തു കാണിക്കുന്ന എമറാൾഡ് ഗ്രീൻ സിൽക്ക് ഡ്രെസ് അവൾക്ക് വളരെ ചേരുന്നുണ്ടായിരുന്നു.
അവളുടെ മുഖം ഇരു കൈകളിലും സ്നേഹപൂർവ്വം ചേർത്തെടുത്തുകൊണ്ട് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. മുൻപിലെ അറബിക്കടലിനേക്കാൾ ആഴവും നീലിമയും അവക്കുണ്ടെന്ന് അവനു തോന്നി. അവൾ അവനെ ചേർത്തണച്ചു അവന്റെ അധരങ്ങളിൽ ദീർഘമായി ചുംബിച്ചു. പിന്നെ അവന്റെ മുഖം, ഒരു നേരീയ കാർടെയിൻ ചെയിൻ അണിഞ്ഞിരുന്ന അവളുടെ നഗ്നമായ കഴുത്തിലേക്ക് ചേർത്ത് പിടിച്ചുവച്ചു. അവൻ മൃദുവായി അവളുടെ പിൻകഴുത്തിൽ ചുംബിച്ചു. അവൾക്കേറ്റവും ഉത്തേജനം പ്രദാനം ചെയ്യുന്ന ചുംബനം. അവളുടെ ചാനൽ കോകോ മദമൊയ്സെല്ലേ പെർഫ്യൂം അവനെ ഉന്മത്തനാക്കി.
അവരുടെ മൃദുവായ ചുംബനങ്ങൾ ക്രമേണ തീവ്രമായ അഭിലഷങ്ങളുടെ വികാര പാരമ്യത്തിലേക്ക് എത്തി. ശ്വാസം അതി വേഗത്തിലായി. സിരകളിൽ അഗ്നി പടർന്ന് ആളി കത്തി. അവരുടെ വികാരങ്ങളുടെ തീഷ്ണ കിരണങ്ങളേറ്റിട്ടെന്ന പോലെ അസ്തമയ സൂര്യന്റെ മുഖം ചുമന്നു തുടുത്തു. ബെഡ് റൂമിന്റെ ബാൽക്കണിയിലൂടെ എത്തിയ ആ കിരങ്ങൾ ഭിത്തിയിൽ കെട്ടുപിണഞ്ഞ നിഴൽ പാടുകൾ ഉണ്ടാക്കി.
മനു എണീറ്റ് ഇറ്റാലിയൻ മോഡൽ സ്ലീക് ഡ്രിങ്ക്സ് കാബിനറ്റിൽ നിന്നും 18 വർഷം എന്ന് രേഖ പ്പെടുത്തിയിരുന്ന മക്കാലാൻസ്കോച് വിസ്കി പുറത്തെടുത്തു. രണ്ട് ക്രിസ്റ്റൽ ഗ്ലാസ്സുകളിൽ വിസ്കി പകർന്നിട്ട് അതിൽ ഐസ് കുബുകൾ നിക്ഷേപിച്ചു. ഒന്ന് മധുവിന് നൽകി.
രണ്ടുപേരും കട്ടിലിൽ ചാരി ഇരുന്നുകൊണ്ട് വിസ്കി നുകർന്നു.
മനു സൈഡ് ടേബിൾ തുറന്ന്, ലൂയിസ് വ്യ്റ്റൺ ലോഗോ രേഖപ്പെടുത്തിയിരുന്ന ഒരു ബോക്സ് പുറത്തെടുത്തു മധുവിന്റെ കൈയിൽ കൊടുത്തു. അവൾ അതു തുറന്ന് മനോഹരമായ ഒരു പെൻഡന്റ്റ് പുറത്തെടുത്തു. അവൻ അവളുടെ കാർടെയിൻ ചെയിൻ അഴിച്ചെടുത്തു അതിൽ പെൻഡന്റ്റ് കോർത്തിട്ട് വീണ്ടും അവളുടെ കഴുത്തിൽ അണിയിച്ചു. അവൾ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവന്റെ അധരങ്ങളിൽ മൃദുവായി ചുംബിച്ചു.
“നിന്റെ ഹീറോ ആയ ചാൾസ് ശോഭരാജിനെക്കാൾ സുന്ദരനാണ് നീ”.അവന്റെ ചെവിയിൽ അവൾ മന്ത്രിച്ചു.
“നിന്റെ ഫ്ളാറ്റിലെ മറ്റു വിശേഷങ്ങൾ എന്തൊക്കെയാണ് , പറയൂ”. മനു ചോദിച്ചു.
അവിടെ എല്ലാ ഫ്ളാറ്റുകൾക്കും ഇലക്ട്രോണിക് ലോക്കാണ് ഉപയോഗിക്കുന്നത്. നിന്റെ ഈ ഗെസ്റ്റ് ഹൗസ് പോലെ. പക്ഷെ രെസമെന്താണെന്നു വെച്ചാൽ കമ്പനി ലോക്കുകൾ ഇൻസ്റ്റാൾ ചെയ്തപ്പോൾ കൊടുത്ത പാസ്സ്വേർഡ് തന്നെയാണ് പല ഫ്ലാറ്റുകളും ഇപ്പോഴും ഉപയോഗിക്കുന്നത്. ബീനയും വീണയും ഉൾപ്പടെ. പലർക്കും പരസ്പരം അറിയില്ലെന്ന് മാത്രം. അതായത് കമ്പനി കൊടുത്ത പാസ്വേർഡ് ഗ്രീൻ@…. അതാത് ഫ്ലാറ്റ് നമ്പർ. ഉടമസ്ഥർ പൊസഷൻ എടുക്കുമ്പോൾ പാസ്സ്വേർഡ് മാറ്റിക്കൊള്ളണമെന്നാണ് നിർദ്ദേശം. പക്ഷെ വളരെ കുറച്ചാളുകളെ പാസ്സ്വേർഡ് മാറ്റിയിട്ടുള്ളൂ. ആരും അതത്ര കാര്യമാക്കിയിട്ടില്ല അല്ലെങ്കിൽ പലർക്കും ഒരു മടി”.
“ഇത് ആർക്കൊക്കെ അറിയാം”. മനു ചോദിച്ചു.
“അന്നുണ്ടായിരുന്ന ജോലിക്കാർക്കും പിന്നെ ഫ്ലാറ്റ് ഉടമക്കൾക്കും വാടകക്കാർക്കും തീർച്ചയായും അറിയാം. പിന്നെ താല്പര്യമുള്ള ആർക്കും, അവരിൽ നിന്നുമറിയാൻ സാധിക്കുമല്ലോ. ഇതെല്ലാവരും ഇപ്പോൾ മറന്ന മട്ടാണ്”. അതൊരു തുറന്ന ബുക്കാണ് . ഫ്ളാറ്റുകളിലേക്ക് ആക്സസ് കണ്ട്രോൾ ലോക്കില്ല, പല ഫ്ലാറ്റുയ്കളുടെയും ലോക്ക് അക്സെസബ്ൾ ആണ്, സെക്യൂരിറ്റി കോൺട്രോളില്ല എന്നിങ്ങനെ “. മധു ചിരിച്ചുകൊണ്ട് പറഞ്ഞു.
“നീ എന്നാണ് അങ്ങോട്ട് വരുന്നത്, ആ ഡയമണ്ടുകൾ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു മനു”. മധു ചോദിച്ചു .
“ഞാൻ ചൊവ്വാഴ്ച വരാം. എന്നിട്ട് ഫൈനൽ പ്ലാൻ ചെയ്യാം. ഡീറ്റയിൽസ് അറിയിക്കണമെന്ന് ഭയ്യാ കട്ടായം പറഞ്ഞിട്ടുണ്ട്. ഇത് പുള്ളിക്ക് ഒട്ടും താല്പര്യമില്ല. എന്തെങ്കിലും പാളിച്ചപറ്റിയാൽ നാഗ്പൂരിലേക്ക് അന്വേഷണം എത്തുമോയെന്ന പേടി. ഭയ്യായുടെ നീക്കങ്ങൾ പക്കാ ആണ്. SIT യുടെ നീക്കങ്ങൾ പോലും അപ്പപ്പോൾ അറിയാനുള്ള സോഴ്സ് ഭയ്യയ്ക്കുണ്ട്”. മനു പറഞ്ഞു.
“സെകുരിറ്റി ഗാർഡ് എന്തെങ്കിലും ചോദിച്ചാൽ ഞാനീപ്പറഞ്ഞ ഫ്ളാറ്റിലേക്കാണെന്ന് പറഞ്ഞാൽ മതി. അവിടെ താമസിക്കുന്നത് ഒരു കൺസൽട്ടൻറ് ആണ്. ധാരാളം വിസിറ്റേഴ്സ് ഉണ്ടാവും. അതുകൊണ്ട് സെകുരിറ്റിയുമായി വളരെ അടുപ്പത്തിലാണ്”. മധു ഊബറിൽ മടങ്ങുന്നതിന് മുമ്പ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ മനു ഫ്ലാറ്റിലേക്ക് പോകാൻ ഇറങ്ങി. ഗെസ്റ്റ് ഹൗസിൽ ഭയ്യായുടെ ഒരു കാറും സ്പോർട്സ് ബൈക്കും ഉണ്ടായിരുന്നു. മനു ബൈക്ക് തിരഞ്ഞെടുത്തു. തന്റെ കയ്യിലുണ്ടായിരുന്ന പല നമ്പർ പ്ളേറ്റുകളിൽ നിന്നുമൊരു നമ്പർ സ്റ്റിക്കർ ബൈക്കിലൊട്ടിച്ചു.
മനു ഗ്രീൻ മെഡോസിലേക്കു യാത്രയായി.
(തുടരും )
Leave a Reply